Headlines

വിനായകന്‍: കാലം കാത്തുവച്ച കാവ്യനീതി

Jess Varkey Thuruthel 

എടാ വിനായകാ എന്നലറി വിളിച്ച് തല്ലാനായി ആഞ്ഞടുത്തവര്‍ ഇന്ന് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നു, വിനായകന്റെ അഭിമുഖത്തിനായി! ഇത് കാലം കാത്തു വച്ച കാവ്യനീതി. മമ്മൂക്ക, ലാലേട്ടന്‍, എന്നെല്ലാം ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന, അവര്‍ക്കു മുന്നില്‍ നട്ടെല്ലു വളച്ചൊടിച്ചു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിനായകനു മുന്നിലെത്തിയാല്‍ ഹാലിളകും. വിളി പിന്നെ നീയെന്നും എടാ എന്നുമാകും. നിന്റെ കൂടെയൊക്കെ കിടക്കാനും പെണ്ണുങ്ങളുണ്ടോ എന്ന പുച്ഛച്ചോദ്യവുമാവും.

അന്നൊരിക്കല്‍, വിനായകനു നേരെ മാധ്യമ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു, കൊലവിളികളും അധിക്ഷേപ വാക്കുകളും കൊണ്ട് ആ മനുഷ്യനെ പൊതിഞ്ഞു. ഇന്നിപ്പോള്‍, നാണംകെട്ട ആ വര്‍ഗ്ഗം വിനായകനു വേണ്ടി കാത്തിരിക്കുന്നു, ഒരു അഭിമുഖത്തിനായി!

അന്ന് വിനായകന്‍ ചെയ്‌തെന്നു പറയുന്ന തെറ്റ് എന്താണ്? ‘ആരോടെങ്കിലും ലൈംഗികത തോന്നിയാല്‍, അവരുടെ മുഖത്തു നോക്കി ഞാനതു ചോദിക്കും, എന്റെ കൂടെ കിടക്കാന്‍ ഒരുക്കമാണോ എന്ന്. അല്ലാതെ, കയറിപ്പിടിക്കുന്നത് മനുഷ്യത്വമല്ല.’ പിന്നീട്, മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളെ ചൂണ്ടിക്കാട്ടി, ‘ഇവരോടെനിക്കു താല്‍പര്യമുണ്ടെങ്കില്‍ ഞാനതു ചോദിക്കും. അപ്പോള്‍ അവള്‍ പറയും പറ്റില്ല എന്ന്. അതോടെ ഞാനും അത് അവസാനിപ്പിക്കും,’ എന്നാണ് അന്നു വിനായകന്‍ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു വിനായകനു നേരെ അവര്‍ അലറിയടുത്തത്. സ്ത്രീകളെ അതിക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്ത സിനിമാതാരങ്ങളുണ്ട്.

ആഗ്രഹം തോന്നിയാല്‍ കയറിപ്പിടിക്കാതെ മാന്യമായി ചോദിക്കും. പറ്റില്ല എന്നു പറഞ്ഞാല്‍, ആ മറുപടിയെ മാനിക്കും. പറ്റുമെന്നു പറഞ്ഞാല്‍ അവളുമൊത്തു ലൈംഗികതയില്‍ ഏര്‍പ്പെടും എന്നു വ്യക്തമായി പറഞ്ഞ വിനായകന്‍ ചെയ്ത തെറ്റ് എന്താണ് എന്ന് അന്നും ഇന്നും മനസിലാകുന്നില്ല.

മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ദേവാസുരമെന്ന സിനിമ അതുവരെയുള്ള തിരക്കഥയുടെ വഴികളെത്തന്നെ തിരുത്തിക്കുറിച്ചു. ആറാം തമ്പുരാനും നരസിംഹവും രാവണപ്രഭുവുമെല്ലാം സൃഷ്ടിച്ചവന്‍.

ആക്ഷേപഹാസ്യമെന്ന പ്രചാരം നല്‍കി രഞ്ജിത്ത് നിര്‍മ്മിച്ചു സംവിധാനം ചെയ്ത സിനിമയാണ് ലീല. ഇതുപോലൊരു സിനിമയില്‍ വിജയരാഘവനും ഇന്ദ്രന്‍സും ബിജു മേനോനും ജഗദീഷുമെല്ലാം എന്തിന് അഭിനയിച്ചു എന്ന ചോദ്യം മനസിലുണ്ടായിരുന്നു. മലയാളത്തിന് എന്തിനാണ് ഇതുപോലൊരു സിനിമ എന്നും. ഒടുവില്‍ ആ സിനിമയെത്തന്നെ മറക്കാന്‍ ശ്രമിച്ചു, അപ്പോഴാണ് വിനായകന്റെ വെടിപൊട്ടിക്കല്‍. ലീല എന്ന സിനിമ എടുത്തവന്റെ മനസിലെ വൈകൃതങ്ങളെയത്രയും പുറത്തിട്ട് ഒരു പ്രസ്ഥാവന. അവനെയെല്ലാം ഞാനെന്നേ തൂത്തു കളഞ്ഞതാണ് എന്ന്! പേരും പ്രശസ്തിയും സമ്പത്തും അധികാരവുമുള്ളവര്‍ അമേദ്യം നല്‍കിയാലും അമൃതെന്ന പോലെ ഭക്ഷിക്കുന്ന ചില ആളുകള്‍ക്ക് ലീല ഉത്തമ സൃഷ്ടിയായിരിക്കും. അതു സംവിധാനം ചെയ്തയാള്‍ അസാമാന്യ ധിഷണയുള്ള ആളാണെന്ന ചിന്തയുമുണ്ടായേക്കാം. പക്ഷേ, ഇത്രയും വലിയൊരു ലൈംഗിക വൈകൃതം സിനിമയാക്കണമെങ്കില്‍ ആ മനുഷ്യന്റെ മനസും അത്രയേറെ വൈകൃതം നിറഞ്ഞതായിരിക്കും.

ലൈവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലേക്കു ക്ഷണിക്കവേ, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ എന്നു കൃത്യമായി പറഞ്ഞില്ല എന്ന കാരണത്താല്‍, സ്റ്റേജില്‍ പോലും കയറാതെ പ്രതിഷേധിച്ച ആളാണ് രഞ്ജിത്ത്. സ്ഥാനപ്പേര് കൃത്യമായി പറയുകയും തെറ്റി വിളിച്ചതിന് അവതാരകന്‍ ക്ഷമ പറയുകയും ചെയ്ത ശേഷം മാത്രമാണ് രഞ്ജിത്ത് വേദിയിലേക്കു കയറിയത്.

ആ സംവിധായകന്റെ, ചലച്ചിത്രകാരന്റെ, അക്കാഡമി ചെയര്‍മാന്റെ സിനിമയായ ലീല അശ്ലീലബുക്കായ മുത്തുച്ചിപ്പിയെക്കാള്‍ മ്ലേച്ഛം എന്നാണ് വിനായകന്‍ വിശേഷിപ്പിച്ചത്. അതു പറയുവാനുള്ള കരളുറപ്പ് വിനായകന്‍ കാണിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റുള്ളവര്‍ രഞ്ജിത്തിനു മുന്നില്‍ ഭയഭക്തി ബഹുമാനങ്ങളോടെ ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍, ഇത്ര നിശിതമായി വിമര്‍ശിക്കണമെങ്കില്‍ വിനായകന്റെ നിലപാടുകള്‍ അത്രയേറെ കൃത്യവും ശക്തവുമാണെന്നു തന്നെയാണ് അര്‍ത്ഥം.

താനും തന്റെ ജാതിയില്‍പ്പെട്ടവര്‍ ചാവുകയും മറ്റുള്ളവര്‍ മരിക്കുകയും ചെയ്യുന്ന വരേണ്യവര്‍ഗ്ഗ നീതിശാസ്ത്രത്തിനെതിരെയും അതിശക്തമായ നിലപാടുമായി വിനായകന്‍ രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവനറ്റ ശരീരവുമായി രാഷ്ട്രീയ നാടകം കളിച്ച കോമരങ്ങള്‍ക്കെതിരെയായിരുന്നു ആ പ്രതിഷേധം. എന്തോ വലിയ കാരുണ്യപ്രവര്‍ത്തി ചെയ്യുന്നു എന്ന രീതിയില്‍ വിനായകനെതിരെ പരാതിയോ കേസോ ഇല്ലെന്നും തന്റെ അപ്പനുണ്ടായിരുന്നുവെങ്കിലും ഈ നിലപാടു തന്നെ സ്വീകരിക്കുമായിരുന്നുവെന്നും പറഞ്ഞ ചാണ്ടി ഉമ്മനോട് വിനായകന്‍ പറഞ്ഞു, കേസു പിന്‍വലിക്കാന്‍ എനിക്കു സമ്മതമല്ല, അത് മുന്നോട്ടു പോകട്ടെ എന്ന്!

1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ മാന്ത്രികത്തില്‍ ചെറിയ റോളിലാണ് വിനായകന്‍ ആദ്യമായി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ചെറിയ ചെറിയ റോളുകളില്‍ അഭിനയിച്ച്, കമ്മട്ടിപ്പാടത്തില്‍ (2016) വിനായകന്‍ ചലച്ചിത്ര രംഗത്ത് ശക്തമായ വേരോട്ടം നടത്തിക്കഴിഞ്ഞിരുന്നു. ജയിലര്‍ എന്ന സിനിമയില്‍ പ്രേക്ഷകര്‍ക്കു കാണാനാകുന്നതാകട്ടെ, വിനായകനിലെ അതുല്യ കലാകാരനെത്തന്നെയാണ്.

ജയിലറിലെ അനിതര സാധാരണമായ അഭിനയശേഷിക്ക് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ വിനായകന്റെ അഭിമുഖത്തിനായി കാത്തിരിക്കുന്നു, ഒരിക്കല്‍ ‘എടാ വിനായകാ’ എന്നു വിളിച്ച മാധ്യമ സംഘം! ഇത് കാലം കാത്തു വച്ച കാവ്യനീതിയല്ലാതെ മറ്റെന്താണ്? പണമില്ലാത്ത, പദവിയില്ലാത്ത, അധികാരമില്ലാത്ത, നിറമില്ലാത്ത ഒരാള്‍ സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവരുമ്പോള്‍, അതേകഴിവു കൊണ്ട് അവരെ കീഴടക്കാന്‍ കഴിയില്ലെന്ന ബോധ്യമുള്ളപ്പോള്‍, മാനസികമായി തകര്‍ത്തെറിഞ്ഞു കീഴടക്കുക എന്ന കുതന്ത്രത്തെ നേരിടുന്ന ആദ്യത്തെ ആളല്ല വിനായകന്‍. പക്ഷേ, പലരും ജീവിതമുപേക്ഷിച്ചിടത്ത് വിനാകയന്‍ തന്റേടത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു