Headlines

ലോണ്‍ ആത്മഹത്യ: ഇതല്ലേ അതിലും വലിയ നാണക്കേട്?

Thamasoma News Desk

ആത്മഹത്യ ചെയ്തവര്‍ക്കു വേണ്ടിയല്ല, ഇനി ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്കു വേണ്ടിയാണിത്. ജീവിതപ്രതിസന്ധിയില്‍ നിന്നും കരകയറാനായി ലോണ്‍ എടുത്ത്, സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോള്‍, തിരിച്ചടവ് മുടങ്ങി, ‘നാണക്കേടു ഭയന്ന്’ മരണം തെരഞ്ഞെടുത്തവര്‍. പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയവര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത തമാശയായി കേട്ട തട്ടിപ്പ് ലോണ്‍ ആപ്പിനു പിന്നിലുള്ളവര്‍. ഇത്തരം ലോണുകളില്‍ കുടുങ്ങി ജീവിതം പ്രതിസന്ധിയിലായവര്‍.

നഗ്ന ചിത്രങ്ങള്‍ നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാലുള്ള നാണക്കേട് സഹിക്കാനാവാതെയാണ് കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തത്. ഇതേകാരണത്താല്‍ തന്നെയാണ് വയനാട്ടില്‍ അജയ് രാജ് മരിച്ചതും.

നാണക്കേടു ഭയന്ന് ആത്മഹത്യ ചെയ്തവരും ഇനി ചെയ്യാന്‍ കാത്തിരിക്കുന്നവരും മറന്നു പോകുന്ന ഒരു സത്യമുണ്ട്. നിങ്ങള്‍ മരിച്ചതു കൊണ്ട് ആ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കാതിരുന്നില്ല. ഭീഷണി സന്ദേശങ്ങള്‍ എത്താതിരുന്നില്ല. എന്നു മാത്രമല്ല, ലോണ്‍ കമ്പനികള്‍ക്ക് ഈ ആത്മഹത്യകള്‍ വെറും തമാശ് മാത്രമായിരുന്നു. അപ്പോള്‍, ജീവന്‍ ത്യജിച്ചവര്‍ നേടിയതെന്താണ്? ആത്മഹത്യ ചെയ്താല്‍, ഉള്ള നാണക്കേടിനൊപ്പം ഭീരു എന്ന പേരു കൂടി ചാര്‍ത്തപ്പെടും. അല്ലെങ്കില്‍ കാല്‍ക്കാശിനു വിലയില്ലാത്ത സഹതാപവും. മക്കളെപ്പോലും കൊന്ന് ആത്മഹത്യ ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കാതെ പോകുന്നതെന്ത്?

മാനക്കേടു ഭയന്ന് ആത്മഹത്യ ചെയ്യുന്നവര്‍ ചിന്തിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. മരിക്കാതിരുന്നെങ്കില്‍ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമറിയുമായിരുന്ന ഒരു സംഭവം മരിക്കുന്നതോടു കൂടി നാടു മുഴുവനും അറിയുമെന്ന്! വ്യാജ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് യാതൊന്നും സംഭവിക്കുന്നില്ല എന്ന്!! പുതിയ ഇരകളെത്തേടി അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന്! അതേസമയം, പെട്ടുപോയ ചതിയെക്കുറിച്ച് പോലീസില്‍ അറിയിക്കുകയോ മറ്റു നിയമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നെങ്കില്‍, ഈ ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താമായിരുന്നു. ലോണെടുത്തവരുടെ ജീവന് യാതൊന്നും സംഭവിക്കില്ലായിരുന്നു, മാനത്തിനും! ഏതു കുതന്ത്രങ്ങള്‍ ഉപയോഗിച്ചും പണമുണ്ടാക്കാന്‍ ആര്‍ത്തിപിടിച്ചു നടക്കുന്ന ലവലേശം മനസാക്ഷിയില്ലാത്ത ക്രിമിനലുകളെ നിലയ്ക്കു നിറുത്താന്‍ പോലീസിനു കഴിയുമായിരുന്നു. ആ മാര്‍ഗ്ഗത്തെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ, പിഞ്ചു കുഞ്ഞുങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്യുന്നവര്‍ എന്തു കാരുണ്യമാണ് അര്‍ഹിക്കുന്നത്? ആരുടേയും സഹായമോ കാരുണ്യമോ ഒന്നും മരണശേഷം ആര്‍ക്കും ആവശ്യമില്ല. എങ്കിലും, ഇനി മരിക്കാന്‍ കച്ചകെട്ടിയിരിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ചേ മതിയാകൂ.

ചെറിയൊരു തുക വായ്പ നല്‍കിയ ശേഷം മുതലും പലിശയുമായി ലക്ഷങ്ങള്‍ തിരിച്ചു വാങ്ങുകയും അതിനു കഴിയാതെ വരുന്നവരുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും മാനംകെടുത്തുകയും അപഹസിക്കുകയും ചെയ്യുന്നവര്‍ക്ക് തഴച്ചു വളരാനുള്ള അവസരമൊരുക്കുകയാണ് ആത്മഹത്യ ചെയ്യുന്നവര്‍. വായ്പ തട്ടിപ്പു സംഘത്തിന്റെ പിടിയില്‍ പെട്ടു പോയവരെ സഹായിക്കാനായി കേരള പോലീസും ഉചിതമായ നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. വായ്പാ തട്ടിപ്പില്‍ പെട്ടു പോയിട്ടുണ്ടെങ്കില്‍, എത്രയും പെട്ടന്ന് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയോ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കുകയോ ചെയ്യണം. http://www.cybercrime.gov.in എന്ന പോര്‍ട്ടലില്‍ പരാതി രേഖപ്പെടുത്തുകയും ചെയ്യാം.

തങ്ങളെ ചതിച്ചവര്‍ക്കെതിരെ യാതൊന്നും ചെയ്യാതെ ജീവിതം അവസാനിപ്പിക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ നാണക്കേട്. അല്ലാതെ, വ്യാജ നഗ്ന ചിത്രങ്ങള്‍ നാലാള്‍ കണ്ടു എന്നതല്ല. അതു വ്യാജമാണെന്ന് ഉറപ്പുള്ളിടത്തോളം കാലം ചങ്കൂറ്റത്തോടെ ആ ക്രിമിനലുകള്‍ക്കെതിരെ പോരാടുകയാണ് വേണ്ടത്. അതിനു പോലീസിന്റെ സഹായവും തേടണം. അതിനു മുതിരാതെ ആത്മഹത്യ ചെയ്താല്‍, ക്രിമിനലുകളായിരുന്നു ശരി എന്ന് മൗനമായി സമ്മതിക്കുകയാണ്. എന്തിനിങ്ങനെ താഴ്ത്തിപ്പിടിച്ച ശിരസുമായി, കുറ്റവാളിയെപ്പോലെ ഈ ലോകം വിട്ടു പോകണം?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു