ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് പോലീസേ…!

Jess Varkey Thuruthel

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുടെ പേര് കുറിക്കപ്പെട്ടിട്ടുണ്ട്. അതു മറ്റാരുമല്ല, നമ്മള്‍ ഇന്ത്യക്കാര്‍ എന്നാണത്. ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപിതാവു പോലും ഇവിടെയുള്ള ഏറ്റവും സാധാരണ മനുഷ്യന്റെ പോലും സേവകനാണ് എന്ന് ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. അതായത്, പരമാധികാരം ജനങ്ങള്‍ക്കാണ്, അല്ലാതെ ഭരിക്കുന്ന മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അല്ലെന്നു സാരം.

ഈ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നിയമിക്കപ്പെട്ടിരിക്കുന്നത് ജനങ്ങളെ സേവിക്കാനാണ്. അല്ലാതെ, അവരെ പരമാവധി ദ്രോഹിച്ച്, കഷ്ടപ്പെടുത്തി, അവരുടെ ജീവിതം ദുസ്സഹമാക്കാനല്ല. ‘അതു ചോദിക്കാന്‍ നീയാര്’ എന്ന ചോദ്യത്തിന് ‘ഞാന്‍ ഈ നാടിന്റെ പരമാധികാരി’ എന്നാണ് മറുപടി. അതായത്, ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്ന പരമാധികാരമുപയോഗിച്ച്, കണ്‍മുന്നില്‍ നടക്കുന്ന അനീതിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ ഓരോ പൗരനും, ഭിക്ഷയാചിക്കുന്ന ആളായാല്‍പ്പോലും അവകാശവും അധികാരവുമുണ്ടെന്നു സാരം. എന്നാല്‍, ഭരണകര്‍ത്താക്കളോ ഉദ്യോഗസ്ഥരോ ആയാല്‍പ്പിന്നെ തങ്ങളുടെ സ്ഥാനം പൊതുജനത്തിന്റെ മുകളിലാണെന്നു വിശ്വസിച്ച് അധികാര ഗര്‍വ്വു കാട്ടുന്ന ഭരണകര്‍ത്താക്കളോടും പോലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരോടും പറയാനുള്ളത് ഇതാണ്, ആരെയും ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, മറക്കരുത്!

റോഡില്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ലിമിറ്റ് ഉണ്ട്. എന്നാല്‍, മന്ത്രിമാരോ അകമ്പടി സേവകരോ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് വേഗപരിധിയില്ല. ഇരുചക്ര യാത്രികര്‍ ഹെല്‍മറ്റും ഫോര്‍ വീലര്‍ യാത്രികര്‍ സീറ്റ് ബല്‍റ്റും ധരിക്കണമെന്നാണ് നിയമം. പക്ഷേ, അധികാരവും പണവുമുള്ളവര്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ല. ഇതിനെ ചോദ്യം ചെയ്ത ഒരു സാധാരണ പൗരനെതിരെ കേസുമായി മുന്നോട്ടു പോകുകയാണ് ജനങ്ങളെ സേവിക്കേണ്ട പോലീസ്.

കണ്ണൂരില്‍ സനൂപ് എന്നയാള്‍ക്കെതിരെയാണ് എസ് ഐയും സംഘവും കേസ് എടുത്തിരിക്കുന്നത്. മുക്കില്‍പ്പീടികയില്‍, സുഹൃത്തുായ പ്രയാഗിനൊപ്പം ചായ കുടിക്കുന്നതിനിടയില്‍, പോലീസ് എത്തി ഹെല്‍മറ്റ് ഇല്ലാത്തതിന് പിഴ ഈടാക്കുകയായിരുന്നു എന്നാണ് സനൂപ് പറയുന്നത്. നിര്‍ത്തിയിട്ട വാഹനത്തിന് ഫൈന്‍ അടിക്കേണ്ടതുണ്ടോയെന്ന ചോദ്യത്തില്‍ പ്രകോപിതനായിട്ടാണ് പിഴ ഇട്ടത്.

പിന്നീട് പോലീസ് ഇവിടെ നിന്നും പോയി. അല്‍പ്പ സമയത്തിനു ശേഷം ചായക്കടയ്ക്കു സമീപമെത്തിയപ്പോള്‍ പോലീസ് വാഹനത്തിലുണ്ടായിരുന്നവര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നില്ല. ഇതു ചോദ്യം ചെയ്തതിനാണ് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് സനൂപിനെതിരെ കേസെടുത്തിരിക്കുന്നത്. ഞങ്ങളെ ചോദ്യം ചെയ്യാന്‍ നീ ആരാണ് എന്ന ചോദ്യവും പോലീസുകാരിലൊരാള്‍ ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരം, സകലതിനും അധികാരിയും അവകാശിയുമായ പൗരന്‍ എന്നാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു