അതു ചെയ്തതു ഞാന്‍ തന്നെ, വിനോദ്; ക്ഷമിക്കാനാവില്ല ഈ ക്രൂരത, മൃഗസ്‌നേഹികള്‍

Jess Varkey Thuruthel

‘ഇതുപോലെ നീയും ആത്മഹത്യ ചെയ്യും,’ എന്ന് ബന്ധുവായ അജിക്കു മുന്നറിയിപ്പു നല്‍കി, സ്വന്തം വളര്‍ത്തു നായയെ കെട്ടിത്തൂക്കി കൊന്ന വിനോദ് കെ പി എന്ന കുചേലന്‍ വിനോദ് ഗാന്ധിജിക്കെതിരെ രോഷമിരമ്പുകയാണ് (Cruelty to animals). അഹിംസയുടെ ഉപജ്ഞാതാവായ ഗാന്ധിജിയുടെ വേഷം കെട്ടിയാണ് ഇയാള്‍ ഈ കൊടുംപാതകം ചെയ്തത്. കഴുത്തില്‍ മാരകമായ മുറിവുണ്ടായി മരിക്കാന്‍ വേണ്ടിയാവണം, കസവുമുണ്ടിന്റെ കരയുള്ള ഭാഗം കീറിയെടുത്ത് നായയെ കെട്ടിത്തൂക്കിയത്.

വീട്ടില്‍ വളര്‍ത്തുന്ന രണ്ടു നായ്ക്കളില്‍ ഒന്നിനെയാണ് വിനോദ് കെട്ടിത്തൂക്കി കൊന്നത്. ഇതിനെതിരെ ഇയാളുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് മൃഗസ്‌നേഹികള്‍. ആറന്മുള പോലീലിസില്‍ വിനോദിനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. വീട്ടിലും നാട്ടിലും ഒട്ടനവധി പ്രശ്‌നങ്ങളാണ് ഇയാള്‍ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ലോട്ടറി ഏജന്റായ ഇയാള്‍, പത്തനംതിട്ടയിലെ ലോട്ടറി ഓഫീസ് തല്ലിത്തകര്‍ത്ത കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

തെറ്റുപറ്റിപ്പോയി, ക്ഷമിക്കണം; വിനോദ്

‘നായയെ ഞാന്‍ കൊന്നതാണ്, കെട്ടിത്തൂക്കിയല്ല, അടിച്ചു കൊല്ലുകയായിരുന്നു. വണ്ടിയിടിച്ചു വഴിയില്‍ കിടന്ന രണ്ടു നായ്ക്കുട്ടികളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് ആഹാരം നല്‍കി ഇക്കാലമത്രയും സംരക്ഷിച്ചതു ഞാനാണ്. ആ ആക്‌സിഡന്റില്‍ നായ്ക്കുട്ടികളില്‍ ഒന്നിന്റെ കാലിന് പരിക്കു പറ്റിയിരുന്നു. ആ നായയെയാണ് ഞാന്‍ കൊന്നുകളഞ്ഞത്. എനിക്കതില്‍ സങ്കടമുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ എന്നെക്കൊണ്ടു ചെയ്യിച്ചതാണ്. വെറുതെയൊന്ന് അടിച്ചതേയുള്ളു, അതു ചത്തുപോയി,’ വിനോദ് പറയുന്നു.

വെറുതെയൊന്നു കൈകൊണ്ടു തല്ലിയാല്‍ കൊല്ലാനാവില്ല നായ്ക്കളെ. അതിശക്തമായി അടിയേറ്റെങ്കിലേ അവ മരിക്കുകയുള്ളു. അതിനാല്‍ത്തന്നെ വിനോദ് പറയുന്നതില്‍ കള്ളത്തരമുണ്ടെന്നു വേണം അനുമാനിക്കാന്‍.

ജോലി നഷ്ടപ്പെടുംവരെ വിനോദ് പ്രശ്‌നക്കാരനായിരുന്നില്ല എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കൊറോണക്കാലത്താണ് ഗള്‍ഫിലെ ജോലി വിനോദിനു നഷ്ടമായത്. നാട്ടിലെത്തി ചെറിയൊരു ഹോട്ടല്‍ നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ലോട്ടറി കച്ചവടത്തിലേക്കു തിരിഞ്ഞത്. കാര്യമായ ഭാഗ്യമൊന്നും ഇയാള്‍ വിറ്റ ടിക്കറ്റിലൂടെ ആരെയും തേടി വന്നില്ല. അതോടെ ലോട്ടറി വകുപ്പ് ഭരിക്കുന്നതു കള്ളന്മാരാണെന്ന ആരോപണവുമായി ഓഫീസിലെത്തി അതിക്രമം കാണിക്കുകയായിരുന്നു.

‘എന്റെ ഭാര്യയും മക്കളും എന്നെ വിട്ടു പോയി, എനിക്കെന്റെ ജോലി നഷ്ടമായി. വീടാണെങ്കില്‍ ജപ്തിയുടെ വക്കിലുമാണ്. ലോട്ടറി ഓഫീസില്‍ അതിക്രമം കാണിച്ച കേസില്‍ പൂജപ്പുര ജയിലിലായിരുന്നു ഞാന്‍. പുറത്തു വന്നിട്ട് അധികമായില്ല. മനസിനെ നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞില്ല. പറ്റിപ്പോയി, ക്ഷമിക്കണം,’ വിനോദ് പറയുന്നു.

സഹായിച്ചു കൂടെ നിന്ന അമ്മയെയും സഹോദരിയെയും പോലും അതികഠിനമായി ദ്രോഹിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ഇയാളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ നാരങ്ങാനത്ത് ആരും തയ്യാറല്ല. ആരെല്ലാം സഹായവുമായി കൂടെ നിന്നിട്ടുണ്ടോ, അവരെയെല്ലാം ഇയാള്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ, ഇനി ഇയാള്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ തയ്യാറല്ലെന്നാണ് ബന്ധുക്കളുടെ തീരുമാനം. സര്‍ജ്ജറി കഴിഞ്ഞെത്തിയ സഹോദരിയെപ്പോലും സമാധാനായി വിശ്രമിക്കാന്‍ ഇയാള്‍ അനുവദിച്ചിട്ടില്ല. അതു ചോദിക്കാനെത്തിയ അജിയെ പ്രതീകാത്മകമായി കെട്ടിത്തൂക്കുകയും ചെയ്തിരിക്കുന്നു!

അന്ന്, ഏപ്രില്‍ 9 ന് രണ്ടു നായ്ക്കള്‍ക്കും താന്‍ ഭക്ഷണം നല്‍കിയെന്നും എന്നാല്‍, ബന്ധുവായ അജിയോടുള്ള ദേഷ്യത്തിനു താന്‍ നായ്ക്കളിലൊന്നിനെ അടിച്ചു കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നുമാണ് കുചേലന്‍ വിനോദ് പറയുന്നത്. എന്നാല്‍, ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. കൂടുല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.

മൃഗങ്ങളോട് ചില മനുഷ്യര്‍ ചെയ്യുന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണ്. തിരിച്ചൊരക്ഷരം മിണ്ടാന്‍ ശേഷിയില്ലാത്ത ആ പാവങ്ങള്‍ സകലതും സഹിക്കുന്നു. എത്ര ക്രൂരതകള്‍ ചെയ്താലും പല മനുഷ്യരും ശിക്ഷിക്കപ്പെടുന്നില്ല. മൃഗമല്ലേ, അവയ്ക്കു വേണ്ടി എന്തിനു വാദിക്കുന്നു എന്നതാണ് പലരുടേയും നിലപാട്. മനുഷ്യരെ മാത്രം സ്‌നേഹിക്കുന്ന മനുഷ്യരെ വിളിക്കേണ്ടത് വര്‍ഗ്ഗ സ്‌നേഹികള്‍ എന്നാണ്. സംരക്ഷിക്കപ്പെടേണ്ട ജീവജാലങ്ങളെയെല്ലാം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ് ഓരോ മനുഷ്യരും. തങ്ങളുടെ രോക്ഷം തീര്‍ക്കാനുള്ള ഉപകരണങ്ങളല്ല മൃഗങ്ങളും എതിരിടാന്‍ ശേഷിയില്ലാത്തവരും. ഇന്ന് ഇയാള്‍ ഈ ക്രൂരത കാണിച്ചത് മിണ്ടാപ്രാണിയായ ഒരു നായയോടാണ്. നാളെ, മനുഷ്യരെ ഇയാള്‍ ഇതേവിധം കൊല്ലില്ല എന്നു പറയാനാവില്ല.

സമൂഹത്തിനു മുന്നില്‍ ഇയാള്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടി പിച്ചിച്ചീന്തപ്പെടണം. അപരമുഖത്തില്‍ ഇയാള്‍ ഒളിപ്പിച്ച ക്രൗര്യം വെളിച്ചത്തുവരിക തന്നെ വേണം. അതിന് തക്കതായ ശിക്ഷ ഇയാള്‍ക്കു ലഭിക്കണം. ഇയാളെടുത്ത തെറ്റായ തീരുമാനങ്ങളുടെ ദുരന്തഫലമനുഭവിക്കേണ്ടത് നിസ്സഹായരായ മനുഷ്യരല്ല. മൃഗങ്ങളോടു ക്രൂരത കാണിക്കാനും ആര്‍ക്കും അവകാശമില്ല. അതിനാല്‍, കുചേലന്‍ വിനോദ് ഗാന്ധിജി എന്ന ഈ വ്യക്തിക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടായേ തീരൂ.

പേര് വിനോദ് കുചേലന്‍, ഗാന്ധിജിയുടെ വേഷം, പൊറുതിമുട്ടി ജനം

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

3 thoughts on “അതു ചെയ്തതു ഞാന്‍ തന്നെ, വിനോദ്; ക്ഷമിക്കാനാവില്ല ഈ ക്രൂരത, മൃഗസ്‌നേഹികള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു