വ്യാജ ഡോക്ടര്‍ മുരുകേശ്വരി പിടിയില്‍

 

തമസോമ ന്യൂസ് ഡസ്‌ക്

കോതമംഗലം: കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വ്യാജ ‘ഡോക്ടറായ’ മുരുകേശ്വരി പിടിയിലായതായി കോതമംഗലം പോലീസ്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെത്തുടര്‍ന്ന് ഒളിവിലായിരുന്നു മുരുകേശ്വരി. കോതമംഗലം നിവാസിയായ മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറുപയോഗിച്ചാണ് മുരുകേശ്വരി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. ഉക്രൈനില്‍ മെഡിക്കല്‍ പഠനത്തിനു പോയ മുരുകേശ്വരിയെ ആ രാജ്യത്തു നിന്നും പുറത്താക്കുകയായിരുന്നു എന്നാണ് തമസോമയുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. പ്ലസ് ടു മാത്രമാണ് മുരുകേശ്വരിയുടെ വിദ്യാഭ്യാസം എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ അറിയുന്നത്.

തമിഴ്‌നാട് തിരുന്നെല്‍വേലി സ്വദേശിയായ തിരുവനന്തപുരം ചിറയിന്‍കീഴ് വടശ്ശേരിക്കോണം എം.എസ് ബില്‍ഡിംഗില്‍ മുരുകേശ്വരിയെ (29) യാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. തിരുന്നെല്‍വേലിയില്‍ നിന്നാണ് മുരുകേശ്വരിയെ പിടികൂടിയത്.

കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ പി.ടി ബിജോയ്, എസ്.ഐമാരായ ആതിര പവിത്രന്‍, ആല്‍ബിന്‍ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐ കെ.എം സലീം, സിപിഓ-മാരായ സനല്‍കുമാര്‍, എസ്.എം ബഷീറ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുരുകേശ്വരിയെപ്പോലെ നിരവധി പേരാണ് വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകുന്നത്. പലരും പാതി വഴിയില്‍ പഠനം ഉപേക്ഷിക്കുകയും തിരികെ നാട്ടിലെത്തി ഇതുപോലെ ചെറുതും വലുതുമായ പല ആശുപത്രികളിലും വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റുള്ളവരുടെ രജിസ്‌ട്രേഷന്‍ രേഖകളുമുപയോഗിച്ച് ജോലി ചെയ്യുന്നുണ്ടാവാം. അതിനൊക്കെ അതാത് ആശുപത്രി മാനേജ്‌മെന്റുകള്‍ ഒത്താശകളും ചെയ്തു കൊടുക്കുന്നുണ്ടാവും. ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത് ജനങ്ങളുടെ മെച്ചപ്പെട്ട ചികിത്സ എന്ന അവകാശത്തെക്കൂടിയാണ്. അതിനാല്‍, സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിനു പോകുന്നവരുടെ ഡാറ്റ ബേസ് ഉണ്ടാക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് ഇന്ത്യയിലെത്തുന്നവര്‍ മെഡിക്കല്‍ പ്രാക്ടീസ് ഇന്ത്യയില്‍ നടത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന തുല്യത പരീക്ഷ പാസായവരുടെ വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്യണം.

മുരുകേശ്വരിയെപ്പോലെ അനേകം പേരുണ്ടാകാം. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ചിലരെയെങ്കിലും നിത്യരോഗികളാക്കുന്ന ഇത്തരം വ്യാജ ചികിത്സകരെ കണ്ടെത്തേണ്ടതും മാതൃകാപരമായ ശിക്ഷ കൊടുക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കാര്യക്ഷമമായ ഒരു വിദ്യാഭ്യാസ ഓഡിറ്റ് എല്ലാ ആശുപത്രികളിലും നടത്തി വ്യാജന്മാരെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മതിയായ യോഗ്യതയില്ലാതെ ഫാര്‍മസിയിലും നഴ്‌സിംഗ് മേഖലയിലും അതുപോലെ തന്നെ മെഡിക്കല്‍ ലാബുകളിലും ജോലി ചെയ്യുന്നവരെ കണ്ടെത്താനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതും അത്യാവശ്യമാണ്.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു