Headlines

മുരുകേശ്വരിയുടെ ചികിത്സാ ഫയലുകള്‍ കൂടി പരിശോധിക്കപ്പെടട്ടെ

Jess Varkey Thuruthel

കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ മുരുകേശ്വരി എന്ന വ്യാജ ഡോക്ടര്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉള്‍പ്പടെ ചികിത്സിച്ചു മരുന്നു നല്‍കിയത് മൂന്നുവര്‍ഷക്കാലമാണ്! മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറും ഉക്രൈനില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റുമാണ് രോഗികളെ ചികിത്സിക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. തിരുനല്‍വേലിയില്‍ നിന്നും കോതമംഗലം പോലീസ് പിടികൂടിയ മുരുകേശ്വരി ഇപ്പോള്‍ കാക്കനാട് സബ് ജയിലില്‍ റിമാന്റിലാണ്.

ഉക്രൈനില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടി എന്നവകാശപ്പെടുന്ന വ്യക്തിക്ക് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള വ്യക്തിയുടെ അറിവുപോലുമില്ലെങ്കില്‍, വിശ്വസിക്കേണ്ടത് അവരുടെ സര്‍ട്ടിഫിക്കറ്റിനെയല്ല, മറിച്ച് അവര്‍ പഠിച്ചു എന്ന അവകാശവാദം പച്ചക്കള്ളമാണ് എന്നാണ്. ആരെങ്കിലും മരണപ്പെട്ടാല്‍ അതു സര്‍ട്ടിഫൈ ചെയ്യേണ്ടത് ഒരു ഡോക്ടറാണ്. അങ്ങനെ എഴുതുന്ന സര്‍ട്ടിഫിക്കറ്റില്‍ മുഴുവന്‍ അക്ഷരത്തെറ്റാണെങ്കില്‍ ഉറപ്പിക്കാം, അവരുടെ എം ബി ബി എസ് ബിരുദം വ്യാജമാണ് എന്ന്!

ചികിത്സ തേടി എത്തുന്ന ഓരോ രോഗികളെയും പരിശോധിച്ച് കൃത്യമായ രോഗനിര്‍ണ്ണയം നടത്തി, രോഗത്തിനു തക്ക മരുന്നു നല്‍കി രോഗം ഭേദമാക്കാന്‍ ചുമതലപ്പെട്ടവരാണ് ഓരോ ഡോക്ടര്‍മാരും. അവര്‍ നടത്തുന്ന രോഗനിര്‍ണ്ണയം മുഴുവന്‍ തെറ്റാണെങ്കിലോ? കുറിച്ചുകൊടുക്കുന്ന മരുന്നുകളുടെ പേരുകള്‍ പോലും സര്‍വ്വാബദ്ധമാണെങ്കിലോ? അപ്പോഴുമുറപ്പിക്കാം, ചികിത്സിക്കുന്നത് വ്യാജ ഡോക്ടര്‍ തന്നെയെന്ന്. അങ്ങനെയെങ്കില്‍, ലൈഫ് കെയറില്‍ ഡോക്ടറായി ജോലി നോക്കവേ, മുരുകേശ്വരി ചികിത്സിച്ച രോഗികളുടെ ചികിത്സാ രേഖകള്‍ വിദഗ്ധരായ മെഡിക്കല്‍ ടീമിനെ വച്ച് പരിശോധിച്ചാല്‍ സത്യം തെളിയിക്കാനാവും.

കോതമംഗലം മെഡിക്കല്‍ സൂപ്രണ്ട് നല്‍കുന്ന വിവരമനുസരിച്ച്, പോലീസിന് മുരുകേശ്വരി നല്‍കിയ വിദേശ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്ന വിധത്തിലാണ് കേസ് മുന്നോട്ടു പോകുന്നത്. ഇന്ത്യയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനുള്ള തത്തുല്യ പരീക്ഷ പാസായില്ല എന്ന കാരണമാണ് പോലീസ് പറയുന്നത്. പക്ഷേ, അവര്‍ നടത്തിയ ചികിത്സയിലും മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ എഴുതിക്കൊടുത്ത രേഖകളിലും സര്‍വ്വാബദ്ധമാണ്.

വിദേശ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന ഓരോ വ്യക്തിയും എഫ് എം ജി (Foreign Medical Graduate Exam) പരീക്ഷ പാസായെങ്കില്‍ മാത്രമേ ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ കഴിയുകയുള്ളു. മുരുകേശ്വരി ഇന്ത്യയിലെ തത്തുല്യ പരീക്ഷ പാസായില്ല എന്ന കാരണമാണ് കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ പി ടി ബിജോയ് പറയുന്നത്.

മുരുകേശ്വരിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണോ ഒറിജിനല്‍ ആണോ എന്നറിയണമെങ്കില്‍ ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടണം. എന്നാല്‍, മുരുകേശ്വരി ചികിത്സിച്ച രോഗികളുടെ ചികിത്സാ വിവരങ്ങള്‍ ലൈഫ് കെയര്‍ ആശുപത്രിയിലെ ഫയലിലുണ്ട്. ഇവ പരിശോധിച്ചാല്‍, മുരുകേശ്വരിയുടെ യോഗ്യതകള്‍ വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

രോഗത്തില്‍ നിന്നും അതുമൂലമുള്ള ദുരിത ജീവിതത്തില്‍ നിന്നും എത്രയും വേഗം മുക്തി നേടുക എന്ന ലക്ഷ്യത്തോടെയാണ് ഓരോരുത്തരും ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. എത്രയും വേഗം ആരോഗ്യത്തിലേക്കു മടങ്ങി വരണമെന്നതാണ് എല്ലാവരുടേയും ആഗ്രഹം. ചില ഡോക്ടര്‍മാരുടെ മരുന്നുകള്‍ കഴിക്കുമ്പോള്‍ പിടിച്ചു കെട്ടിയതു പോലെ രോഗം ശമിക്കുന്നു, ഓടി നടക്കാനും ജോലി ചെയ്യാനും കഴിയുന്നു. ഈ ഡോക്ടര്‍മാരില്‍ ചിലര്‍ ചികിത്സാ രംഗത്ത് അസാമാന്യ കഴിവുകളുള്ളവരാണ്. പക്ഷേ, അപൂര്‍വ്വം ചിലര്‍ മുരുകേശ്വരിയെപ്പോലുള്ള വ്യാജന്മാരുമാണ്. രോഗങ്ങള്‍ക്ക് അവര്‍ വീര്യമേറിയ മരുന്നുകള്‍ നല്‍കുന്നു. വൈദ്യശാസ്ത്രത്തിലെങ്ങുമില്ലാത്ത പേരുകളും നല്‍കുന്നു. രോഗങ്ങളെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ അതിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ചോ അറിയാത്ത മനുഷ്യര്‍ ഡോക്ടറുടെ കൈപ്പുണ്യത്തില്‍ വിശ്വസിക്കുന്നു. പക്ഷേ, തങ്ങളുടെ ആന്തരീകാവയവങ്ങളെ പാടെ നശിപ്പിച്ച്, തങ്ങളെ നിത്യ രോഗികളാക്കി മാറ്റുന്ന മരുന്നുകള്‍ നല്‍കി തങ്ങളുടെ പണം അടിച്ചു മാറ്റുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന രക്തരക്ഷസുകളാണ് ഇത്തരം വ്യാജ ചികിത്സകരെന്നും ലാഭം മാത്രം മുന്നില്‍ കണ്ട് ആശുപത്രികള്‍ നടത്തുന്നവരുമെന്ന സത്യം ജനങ്ങള്‍ മനസിലാക്കുന്നില്ല. ഇതിനെല്ലാം തടയിട്ട് ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട അധികാരികളാകട്ടെ, പണത്തിനു വേണ്ടി കൊടിയ തെറ്റുകള്‍ക്കു നേരെ പോലും കണ്ണടയ്ക്കുന്നു. ഈ പ്രവണതയ്ക്കു തടയിട്ടേ മതിയാകൂ. അതിന് മുരുകേശ്വരിയ്ക്കും കൂട്ടു പ്രതികള്‍ക്കും തക്ക ശിക്ഷ നല്‍കിയേ മതിയാകൂ.



മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു