Headlines

എവിടെപ്പോയി പോലീസിന്റെ വിവേചന ബുദ്ധി?

Jess Varkey Thuruthel

ഒരു ക്രൈം ഉണ്ടായ ശേഷം അന്വേഷണം നടത്തി പ്രതികളെ പിടിക്കുക എന്നതല്ല പോലീസിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. ഒരു ക്രൈം ഉണ്ടാകുന്നതിനു മുന്‍പേ, അതു തടയുക എന്നതാണ് അവരുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ക്രൈം ഡിറ്റാച്ച്‌മെന്റ് എന്ന് പോലീസ് അറിയപ്പെടാന്‍ കാരണവും അതുതന്നെ. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നവരാകണം അവര്‍. മുംബൈ പോലീസ് കഴിഞ്ഞാല്‍, വിവേചന ബുദ്ധിയില്‍ ലോകത്തെ വെല്ലുന്ന പോലീസ് സേനയാണ് കേരളത്തിന് ഉണ്ടായിരുന്നത്. എന്നാണോ പോലീസില്‍ രാഷ്ട്രീയം കലര്‍ന്നത്, അന്നവസാനിച്ചു പോലീസിന്റെ മനുഷ്യമുഖവും വിവേചന ബുദ്ധിയും. ഇന്ന് കേരളത്തിലെ പോലീസ് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണകര്‍ത്താക്കളുടേയും അധികാരി വര്‍ഗ്ഗത്തിന്റെയും പിണിയാളുകളാണ്. അവര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്നവര്‍.

യാതൊരു അതിക്രമവും കാണിക്കാത്ത തൊപ്പി എന്ന യൂ ട്യൂബറെ പോലീസ് പിടികൂടിയത് മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചായിരുന്നു, അതും പാതിരാത്രിയില്‍! പക്ഷേ, കൊച്ചിയില്‍, മകന്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണെന്ന വിവരം ലഭിച്ചിട്ടും അച്ചാമ്മ എന്ന 77 കാരിയെ രക്ഷിക്കാന്‍ പോലീസ് വലിയ ഉത്സാഹമൊന്നും കാണിച്ചില്ല. എന്നുമാത്രമല്ല, ഈ വിവരം നേരത്തെ ലഭിച്ചിട്ടും വൈകിയാണ് സംഭവ സ്ഥലത്ത് പോലീസ് എത്തിയത്. ഇവിടെ യാതൊരു പ്രശ്‌നവുമില്ല എന്ന മകന്റെ വാക്കും വിശ്വസിച്ചു പോലീസ് മടങ്ങിപ്പോയി!!

തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ളാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രഹാമിനെ (77) മകന്‍ വിനോദ് ഏബ്രഹാം (52) വെട്ടിക്കൊല്ലുകയായിരുന്നു. തന്നെ മകന്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് വ്യാഴാഴ്ച രാവിലെ അച്ചാമ്മ അയല്‍വാസിയെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. ഈ സംഭവം അയല്‍വാസി ഡിവിഷന്‍ കൗണ്‍സിലറെ വിളിച്ച് അറിയിച്ചിരുനനു. കൗണ്‍സിലറാണ് പോലീസില്‍ വിവരമറിയിച്ചത്. പക്ഷേ, പോലീസ് എത്തിയപ്പോഴേക്കും ഉച്ചയായി. ഫ്‌ളാറ്റിന്റെ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു അപ്പോള്‍. പോലീസ് ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാതിരുന്നിട്ടുകൂടി അതില്‍ അസ്വോഭാവികതയൊന്നും കാണാന്‍ പോലീസിനു കഴിഞ്ഞില്ലത്രെ! ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് മകന്‍ പോലീസിനെ അറിയിച്ചു. ഈ വാക്കു കേട്ട് പോലീസ് മടങ്ങിപ്പോയി!

വൈകിട്ട് ആയപ്പോഴേക്കും വീടിനുള്ളില്‍ നിന്നും കരച്ചിലും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ശബ്ദവും കേട്ടു തുടങ്ങി. കൗണ്‍സിലര്‍ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടും എത്തി. വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി ജനല്‍ തകര്‍ത്തപ്പോള്‍ കൈയില്‍ വെട്ടുകത്തിയുമായി നില്‍ക്കുന്ന വിനോദിനെ കണ്ടപ്പോള്‍ അടുക്കാന്‍ പോലീസിനു ഭയമായി. ഇതിനിടയില്‍ ഇയാള്‍ അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടു. പോലീസിനു നേരെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഒടുവില്‍ പരിസരത്തുള്ള ഒരാള്‍ ഓടിക്കയറി വിനോദിനെ പിടിക്കുകയായിരുന്നു. ഇതോടെ പോലീസും കുതിച്ചെത്തി ഇയാളെ കീഴടക്കി. അപ്പോഴാണ് മുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന അച്ചാമ്മയെ കണ്ടത്. മുഖവും രഹസ്യഭാഗങ്ങളും വെട്ടി വികൃതമാക്കിയിരുന്നു.

ഫ്ളാറ്റില്‍ നിന്നും ബഹളം കേട്ടെന്ന് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് രണ്ടാമതും എത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്തു കയറാന്‍ കൂട്ടാക്കിയില്ല. ആരെങ്കിലും എഴുതി നല്‍കിയാല്‍ മാത്രമേ വീടു തുറക്കുകയുള്ളു എന്നതായിരുന്നു പോലീസിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കത്തു നല്‍കിയതിനു ശേഷമാണ് വാതില്‍ തുറക്കാനുള്ള ശ്രമം തുടങ്ങിയത്.

യാതൊരു പ്രകോപനമോ അക്രമമോ കാണിക്കാത്ത, വീടിനുള്ളില്‍ നിന്നും പുറത്തു പോകാത്ത തൊപ്പി എന്ന യു ട്യൂബറെ പിടിച്ചത് വാതില്‍ വെട്ടിപ്പൊളിച്ചായിരുന്നു. ഇവിടെ, കാരണമുണ്ടായിട്ടും വാതില്‍ തകര്‍ക്കാന്‍ പോലീസ് തയ്യാറായതില്ല.

ഏതെങ്കലുമൊരു രാഷ്ട്രീയക്കാരനോ ഭരണകര്‍ത്താവിനോ അധികാരമുള്ളവനോ ഉന്നത ഉദ്യോഗസ്ഥനോ ഒരു മനുഷ്യനോടു വിരോധം തോന്നിയാല്‍ ഏതു വിധത്തിലും ആ മനുഷ്യനെതിരെ കള്ളക്കേസുണ്ടാക്കാനും തെളിവുകളുണ്ടാക്കാനും ഉള്ള തെളിവുകള്‍ നശിപ്പിക്കാനും തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് അനുകൂലമായ രീതിയില്‍ കേസ് ഫ്രെയിം ചെയ്യാനും പോലീസിനു കഴിയും. ഭരണകര്‍ത്താക്കളുടെ കൈയിലെ കളിപ്പാവ മാത്രമാണിന്നു പോലീസ്. ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമാണിത്. തങ്ങള്‍ക്കെതിരെ ചൂണ്ടുന്ന വിരലുകളെയെല്ലാം നിശബ്ദമാക്കാന്‍ സര്‍ക്കാരും അധികാരി വര്‍ഗ്ഗവും ഉപയോഗിക്കുന്ന ആയുധമാണിന്ന് പോലീസ്. മാവോയിസ്റ്റുകളോ നക്‌സലുകളോ പോലും തെറ്റു ചെയ്യുന്നവരെ മാത്രമേ ആക്രമിക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തിരുന്നുള്ളു. എന്നാല്‍, പോലീസിനെ ഉപയോഗിച്ച് ഭരണകൂടം ചെയ്യുന്നത് തങ്ങളെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുന്നതിനാണ്.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു