വിദ്യമോള്‍ പ്രമാദം അഥവാ വേടനെ അമ്പെയ്തു വീഴ്ത്തിയ പെണ്‍പക്ഷി


ഏകാകിയായ പക്ഷിയാണു താനെന്നവള്‍ സ്വയം വിശേഷിപ്പിക്കുന്നു…. അനന്തനീലാകാശത്തില്‍, അഭിമാനത്തോടെ, അന്തസോടെ, ചങ്കൂറ്റത്തോടെ ഒറ്റയ്ക്കുനിന്നു പോരാടിയ കരുത്തയായ പെണ്‍പക്ഷിയെന്ന് തമസോമയും….. പതുങ്ങി, അവസരം കാത്തിരുന്ന് തന്റെ ശരീരത്തെ ആക്രമിച്ച വേടനെ അമ്പെയ്തു വീഴ്ത്തിയ പെണ്‍പക്ഷിയാണവള്‍….! തലയില്‍ തുണിയിട്ട്, പേരില്ലാതെ, രൂപമില്ലാതെ, ബലാത്സംഗികള്‍ക്കെതിരെ പരാതികൊടുക്കുന്ന നട്ടെല്ലില്ലാത്ത സ്ത്രീകള്‍ക്കിടയില്‍ അവള്‍ നക്ഷത്രശോഭയോടെ മിന്നിത്തിളങ്ങുന്നു. കാരണം, പ്രശസ്തനായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെന്ന ബലാത്സംഗിയെ സ്വന്തം പേരും രൂപവും വ്യക്തിത്വവും വിളിച്ചു പറഞ്ഞുകൊണ്ടാണവള്‍ പോരാടിത്തോല്‍പ്പിച്ചത്. പുരുഷാധികാര സംസ്‌കൃതിയുടെ മൂടുതാങ്ങികളത്രയും ഇളകി വന്നിട്ടും പതറാതെ ഭയക്കാതെ പോരാടിയ അവളെ പെണ്‍പുലിയെന്നല്ലാതെ മറ്റെന്തു പേരിട്ടാണ് വിളിക്കേണ്ടത്….??


വിമന്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് (Women Against Sexual Harrassment – WASH) എന്ന ഫേയ്‌സ് ബുക്ക് പേജില്‍ 2021 ജൂണ്‍ 2 നാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ആദ്യമായി പീഡന പരാതി ഉയര്‍ന്നത്. അതിനു ശേഷം നിരവധി സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതിപറയാന്‍ തയ്യാറായി മുന്നോട്ടു വന്നത്. പക്ഷേ, അവരെയെല്ലാം പൊതുജനമധ്യത്തില്‍ വീണ്ടും വീണ്ടും തുണിയുരിക്കുകയായിരുന്നു അന്ന് ഹിരണ്‍ദാസ്. ദളിതനായതിനാല്‍ താന്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന ജാതിക്കാര്‍ഡിറക്കി കളിക്കാനും അയാള്‍ മടികാണിച്ചില്ല.

സ്വന്തം ലൈംഗികത താല്‍പര്യത്തിനു വേണ്ടി പലരീതിയിലാണ് അയാള്‍ സ്ത്രീകളെ സമീപിച്ചിരുന്നത്.



സാധാരണ സംഭാഷണങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ പരിചയപ്പെട്ടു കഴിഞ്ഞാലുടനെയോ ‘സ്‌ക്വര്‍ട്ട് ചെയ്ത് തരട്ടെ?’ എന്നുള്ള ചോദ്യങ്ങള്‍ ഇയാള്‍ ചോദിക്കുന്നു എന്ന് പരാതിക്കാര്‍ പറഞ്ഞു.

മദ്യപാനത്തിനിടയില്‍ ലൈംഗികതയ്ക്കു വേണ്ടി സമീപിക്കുക, ഇഷ്ടമില്ലെന്നു പറഞ്ഞാലും വീണ്ടും വീണ്ടും നിര്‍ബന്ധിക്കുക, പരിചയപ്പെടുന്ന സ്ത്രീകളുമായി സെക്‌സ് നടന്നു എന്ന് കൂട്ടുകാരോടു കള്ളം പറയുക, അതിനെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു നടക്കുക, ഏതെങ്കിലുമൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വേദനിക്കുന്നെന്നു പറഞ്ഞാലും കൂടുതല്‍ വേദനിപ്പിക്കുക തുടങ്ങി നിരവധി പരാതികളായിരുന്നു അന്ന് ഇയാള്‍ക്കെതിരെ ഉന്നയിച്ചിരുന്നത്.

വിദ്യമോള്‍ പറയുന്നു, ‘ഒരു കുടുബത്തിലെ പുരുഷനും സ്ത്രീയും പറയുന്ന രാഷ്ട്രീയം സ്വീകരിക്കപ്പെടുന്നത് ഒരേ രീതിയിലായിരിക്കില്ല. ഒരുവള്‍ അവളുടെ രാഷ്ട്രീയം, കുടുബത്തിലെ ലിംഗവിവേചനത്തിനെക്കുറിച്ച് പറഞ്ഞായിരിക്കും തുടങ്ങുക. സ്വഭാവികമായും അത് ആണ്‍ബോധത്തിനുമപ്പുറം സ്വന്തം അച്ഛനും/സഹോദരനും/ഭര്‍ത്താവിനും എതിരെ പറയുന്നു എന്നാവും അടയാളപ്പെടുക. അതായത് ഒരു സ്ത്രീ, രാഷ്ട്രീയം പറഞ്ഞ് തുടങ്ങുമ്പോള്‍ സാങ്കേതികമായി അവള്‍ കുടുബത്തിനകത്തായിരിക്കുമ്പോഴും അവള്‍ വെളിയിലാക്കപ്പെടുന്നുണ്ട്. കാരണം കുടുബത്തിന്റെ ഘടനയുടെ / സ്വസ്ഥതയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു എന്നത് തന്നെ. ഇങ്ങനെ വെളിയിലാക്കപ്പെടുന്നതിന്റെ കുഴപ്പം അവര്‍ക്ക് പറ്റുന്ന ചതിയും / ആക്രമണവും /അനീതിയും ഒക്കെ അവരുടെ തന്നെ തലയില്‍ അധികഭാരമായ് വരും. അവരുടെ പ്രവൃത്തിയുടെ / കൈയ്യിലിരിപ്പിന്റെ ഫലമാണെന്ന വ്യഖ്യാനമുണ്ടാകും. സ്വന്തം ഇഷ്ടപ്രകാരം ഒരുവനെ കല്യാണം കഴിക്കുമ്പോഴുണ്ടാകുന്ന ചതിയോ, ദുരന്തമോ അവളുടെ ജീവിതത്തെ സ്വയം തിരഞ്ഞെടുത്തതിന്റെ ഫലം മാത്രമാണ് എന്ന് പറയും പോലെ. സ്വയം തിരഞ്ഞെടുക്കുക എന്നത് സ്ത്രിയെ സംബന്ധിച്ചോളം ഒരു കുറ്റമാണ് അത് രാഷ്ട്രീയമായാലും. ഈ വഴിയിലൂടെ നടന്ന് കൊണ്ടാണ് ഈ ഇടങ്ങളിലെ ലൈംഗീകചൂഷണത്തെ നമ്മള്‍ കാണാന്‍ ശ്രമിക്കേണ്ടതെന്ന് തോന്നുന്നു.’



സ്ത്രീകളെ അതിക്രൂരമായ രീതിയില്‍ ലൈംഗികമായി ഉപയോഗിച്ച് അവരുടെ മനസിനെയും ശരീരത്തെയും ആഴത്തില്‍ മുറിവേല്‍പ്പിച്ച പുരുഷന്മാരില്‍ ഒരാള്‍ പോലും ആ സ്ത്രീകളോടു മാപ്പു പറയാന്‍ നാളിതു വരെ തയ്യാറായിട്ടില്ല. പകരം, അഭിസാരികയെന്നാക്ഷേപിച്ച് ആ സ്ത്രീകളെ വീണ്ടും വീണ്ടും അപമാനിക്കുകയാണ് പുരുഷന്‍ ചെയ്തിട്ടുള്ളത്. എന്തോ മഹാക്കാര്യം ചെയ്യുന്നതു പോലെ പൊതു ജനമധ്യത്തിലേക്ക് അവളുടെ പേരും രൂപവും വെളിപ്പെടുത്തി പിന്നെയും അതിക്രൂരമായി ആക്രമിക്കുന്നു. ഇവിടെ സ്ത്രീ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. തനിക്കെതിരെ പരാതി പറഞ്ഞ സ്ത്രീകളെയെല്ലാം തേജോവധം ചെയ്യുകയും അപമാനിക്കുകയും ചെയ്ത വേടന് ഒടുവില്‍ മാപ്പു പറയേണ്ടി വന്നു. അതിനു കാരണം, മുഖം മറയ്ക്കാതെ പേരു മറയ്ക്കാതെ തലയില്‍ തുണിയിടാതെ വിദ്യമോളെന്ന ഒറ്റപ്പക്ഷി നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്.

വേടന്റെ മാപ്പപേക്ഷിയിലെ അവസാന ഭാഗം ഇങ്ങനെയായിരുന്നു.

‘പുരുഷമേധാവിത്തപരമായ മനോഭാവങ്ങള്‍ എത്രമാത്രം അപകടകരമായ രോഗമാണെന്നന് മനസിലാക്കുന്നു. അതിനെ എന്നില്‍ത്തന്നെ നിരന്തരം ചോദ്യം ചെയ്തും വിമര്‍ശനത്തെ ഉള്‍ക്കൊണ്ടും മാത്രമേ ഇനി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു. പശ്ചാത്തപിക്കാനും സ്വയം തിരുത്തി ജീവിതം തുടരാനും കല ചെയ്യാനും കഴിയണമെന്നും ഈ കടന്നു പോകുന്ന നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്നു. തുറന്നു പറയുന്ന സ്ത്രീയ്ക്ക്, അതേത്തുടര്‍ന്നുണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെ തിരിച്ചറിയാതെ ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പു ചോദിക്കുന്നു. എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം.’

‘വന്നിടത്തേക്കു തന്നെ മടങ്ങുമായിരിക്കാം… അറിയില്ല, സ്ത്രീകളോടും ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ടു ജീവിക്കാന്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്. മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’



ഈ മാപ്പപേക്ഷ കൊണ്ടു തീരുന്നതല്ല അയാള്‍ സ്ത്രീകളോടു ചെയ്ത കൊടിയ ക്രൂരതകള്‍. യാതൊരു ദയയുമില്ലാതെ സ്ത്രീശരീരത്തെ ഭോഗിച്ച വേടന്‍ മലപോലെ ആരോപണങ്ങള്‍ വന്നിട്ടും സ്വയം ന്യായീകരിക്കാനും ആരോപണം ഉന്നയിച്ച സ്ത്രീകളെ കടന്നാക്രമിക്കാനുമാണ് ശ്രമിച്ചത്. ഒടുവില്‍ മാപ്പു പറഞ്ഞത് മറ്റു യാതൊരു വഴികളും മുന്നിലില്ലാതെ വന്നപ്പോഴായിരുന്നു. അയാളുടെ മാപ്പിന് Lone Bird നല്‍കി മറുപടി ഇങ്ങനെ ആയിരുന്നു.

‘അയാളുടെ ഒറ്റ മാപ്പ് പോസ്റ്റ് കണ്ട ഉടനെ ‘അച്ചോടാ പാവം ചുച്ചുടു ദാ പിടിച്ചോ മാപ്പ്’ എന്ന് പറഞ്ഞു ഓട്ടമാണ് പല പുരോഗമന/ഫെമിനിസ്റ്റ് സിംഹങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍. നാളെ മുതല്‍ ഇയാള്‍ വിശുദ്ധനായി ഉയര്‍ത്തപ്പെടാനും ചാന്‍സ് ഉണ്ട് ?? ഒട്ടും പ്രിയമില്ലാത്ത മനുഷ്യരെ നിങ്ങള്‍ ആരാണ് അയാള്‍ക്ക് മാപ്പ് കൊടുക്കാന്‍….?? അയാള്‍ക്ക് മാപ്പ് കൊടുക്കണമോ ഇല്ലയോ എന്നത് survivors ന്റെ discretion ആണ്. ഇനി അവര്‍ മാപ്പ് കൊടുത്തു എന്ന് തന്നെ ഇരിക്കട്ടെ, അപ്പോഴും അയാള്‍ ചെയ്ത ക്രൈം മാഞ്ഞു പോകുന്നില്ല. അപ്പോഴും അത് judiciary യുടെ മുന്നില്‍ ക്രൈം ആയി നിലനില്‍ക്കുന്നു.’


ഓരോ ബലാത്സംഗിക്കെതിരെയും ശക്തമായി പ്രതികരിക്കുന്നതു വരെയും ആ ക്രൈം അയാള്‍ തുടരുകയാണ് ചെയ്യുന്നത്. അയായത്, ആരോപണം ഉന്നയിക്കുന്ന നിമിഷം വരെയും തുടര്‍ന്നുവരുന്ന ഒരു കൊടുംക്രൂരത. അതിനു ശേഷമാണ് ഇരകള്‍ക്കെതിരെയുള്ള വ്യക്തിഹത്യകളും അവര്‍ സ്വയം കിടന്നു തന്നതാണ് എന്ന ആരോപണങ്ങളും അതിനെ ബലപ്പെടുത്തുന്ന തരത്തിലുള്ള തെളിവുകളും നിരത്തുന്നത്.


ലൈംഗികതയെന്നാല്‍, ഒരു മനുഷ്യന്റെ ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും മഹത്തരമായൊരനുഭൂതിയാണ്. ഒരു മനുഷ്യനെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഹോര്‍മ്മോണുകളാണ് ഡോപ്പമൈന്‍ (Dopamine), സെറോടോണിന്‍ (Serotonin), എന്‍ഡോര്‍ഫിന്‍സ് (Endorphins), ഓക്‌സിറ്റോസിന്‍ (Oxytocin) എന്നിവ. ഈ ഹോര്‍മ്മോണുകള്‍ മനുഷ്യശരീരത്തില്‍ റിലീസ് ആകുന്ന ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം ‘ആരോഗ്യകരമായ’ ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോഴാണ്. ലൈംഗികത ആരോഗ്യകരമാകുക എന്നതിന്റെ അര്‍ത്ഥം അവിടെ വേദനകള്‍ക്കു സ്ഥാനമില്ല എന്നു തന്നെയാണ്. അതിനാല്‍ത്തന്നെ, വേദനാജനകമായ ഒന്നിനെ ലൈംഗികത എന്നു പറയാനാവില്ല. വേദനാജനകമായതൊന്നും ലൈംഗികതയുമല്ല.

ഏതെങ്കിലുമൊരു സ്ത്രീ ലൈംഗികതയ്ക്കു തയ്യാറായാല്‍ അവരുടെ ശരീരം പിച്ചിച്ചീന്തി ഭോഗിക്കുന്നത് ലൈംഗികതയല്ല, ആസുരകതയാണ്. അവിടെ റിലീസാകുന്നത് സന്തോഷത്തിന്റെ ഹോര്‍മോണുകളുമല്ല, മറിച്ച്, പൈശാചിക ഹോര്‍മോണുകളാണ്. ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ അതിനര്‍ത്ഥം അവളുടെ ശരീരം പിച്ചിച്ചീന്താനുള്ള അനുമതിയാണ് ലഭിച്ചത് എന്നല്ല. അനുവാദത്തോടെയോ അല്ലാതെയോ ഒരാള്‍ മറ്റൊരാളുടെ ശരീരം പിച്ചിച്ചീന്തുന്നുവെങ്കില്‍, അത് ക്രിമിനല്‍ കുറ്റമാണ്. ആദ്യം ചെയ്തപ്പോള്‍ നിനക്കു സുഖിച്ചതല്ലേ, ഇപ്പോഴാണോ വേദന എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എത്രതവണ സുഖം ലഭിച്ചു എന്നതല്ല, ഒരിക്കലെങ്കിലും അതു വേദനാജനകമായിരുന്നോ എന്നതു തന്നെയാണ് പ്രധാനം. അത്തരത്തില്‍ വേദനസഹിച്ചും ചെയ്യേണ്ട ഒന്നല്ല ലൈംഗികത. പങ്കാളി ഭര്‍ത്താവായാലും കാമുകനായാലും പണത്തിനു വേണ്ടിയോ അല്ലാതെയോ വഴങ്ങിയതായാലും പങ്കാളിയെ വേദനിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. അഥവാ അങ്ങനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു കുറ്റകരമാണ്. ശിക്ഷാര്‍ഹവും. ഒരു മാപ്പുകൊണ്ടു തീര്‍ക്കാവുന്നത്ര ലളിതമല്ല അയാള്‍ ചെയ്ത കുറ്റകൃത്യമെന്നു സാരം.

പുരുഷമേധാവിത്വത്തിന്റെ ഏറ്റവും ഭീബത്സമായ പ്രവൃത്തിയാണ് തന്നില്‍ നിന്നും ഉണ്ടായതെന്ന തിരിച്ചറിവിലേക്ക് വേടനെ എത്തിക്കാനുള്ള പ്രഥമ കാരണം തന്നെ മറഞ്ഞിരിക്കാതെ Lone bird നടത്തിയ പോരാട്ടങ്ങളാണ്. ആക്രമണത്തിന് ഇരയാകുന്ന ഓരോ സ്ത്രീയില്‍ നിന്നും ഉണ്ടാകേണ്ടതും ഇതേ ധൈര്യമാണ്. ആക്രമണത്തിന് ഇരയായവളെ പൊതുജനമധ്യത്തില്‍ പിച്ചിക്കീറുന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ലഹരിയെന്നു കരുതുന്ന ആണഹന്തയ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിതന്നെയാണ് സ്വന്തം പേരും രൂപവും വെളിപ്പെടുത്തിക്കൊണ്ട, ഒരു സ്ത്രീ കൊടുക്കുന്നത്. അപ്പോള്‍ മാത്രമേ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ വിജയിക്കുകയുള്ളു. ശിക്ഷ വാങ്ങിക്കൊടുക്കുമ്പോള്‍ മാത്രമല്ല ആ പോരാട്ടം പൂര്‍ണ്ണമാകുന്നത്, ബലാത്സംഗം ചെയ്യുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമെന്നും അല്ലാതെ അതിന് ഇരയാകുന്നതല്ല എന്നും ഈ സമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കണം. അല്ലാത്തിടത്തോളം കാലം ബലാത്സംഗങ്ങള്‍ മഹത്വീകരിക്കപ്പെടുകയും ബലാത്സംഗികള്‍ വാഴ്ത്തപ്പെടുകയും ചെയ്യും. മറഞ്ഞിരിക്കുന്ന കാലത്തോളം കുറ്റകൃത്യത്തിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ തന്നെ ആയിരിക്കും. അതിനാല്‍, ആക്രമണങ്ങള്‍ക്ക് വിധേയരായവര്‍ തന്നെ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ പോരാടിയേ തീരൂ. മുഖം മറച്ചുള്ള പോരാട്ടങ്ങള്‍ ബലാത്സംഗങ്ങളുടെ തീവ്രത കൂട്ടാന്‍ മാത്രമേ ഉപകരിക്കുകയുള്ളു എന്ന സത്യം ഈ സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ.

…………………………………………………………………………..
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ



മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു