അതിക്രൂരമായി സിദ്ധാര്‍ത്ഥ് കൊല്ലപ്പെടണമെന്നത് ആരുടെ അജണ്ടയായിരുന്നു?

Jess Varkey Thuruthel & Zachariah

മരണവും മൃതശരീരവുമുപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ കഴിയുമോ? കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച്, ജനവികാരത്തെ ഇളക്കി മറിച്ച് ഏതു രീതിയില്‍ വിജയം നേടാമെന്ന് കോണ്‍ഗ്രസിനെക്കാള്‍ നന്നായി അറിയുന്ന പാര്‍ട്ടി ഏതാണുള്ളത്? പുതുപ്പള്ളിയില്‍, ഉമ്മന്‍ ചാണ്ടിയെ വിശുദ്ധ പുണ്യാളനായി നേരിട്ടിറക്കിയാണ് മകന്‍ ചാണ്ടി ഉമ്മന്റെ വിജയമവര്‍ സാധിച്ചെടുത്തത്. അതുവരെ, ലോട്ടറി അടിച്ചും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചു കൊടുത്തും ജനങ്ങള്‍ക്കിടയില്‍ ആക്ടീവായിരുന്ന ചാണ്ടി പുണ്യാളന്‍ മകന്റെ വിജയത്തോടെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗം പൂകി. ഇനി തെരഞ്ഞെടുപ്പു സമയത്ത് പുതുപ്പള്ളിയില്‍ നിന്നുള്ള ഓരോരോ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി കൃത്യം കൃത്യം സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും എന്ന അരുളപ്പാടോടു കൂടിയ മടങ്ങിപ്പോകല്‍.

പി ടി തോമസ് മരിച്ചപ്പോള്‍ കേരള ജനതയുടെ കണ്ണില്‍ നിന്നും കണ്ണീരൊഴുക്കിയാണ് ഭാര്യ ഉമ തോമസിനെ അവിടെ ജയിപ്പിച്ചത്. മുറ്റത്ത് കരിഞ്ഞുണങ്ങിയ റോസയെ കരുത്തോടെ ഊര്‍ജ്ജസ്വലതയോടെ നിറുത്താന്‍ പി ടി ഇപ്പോഴും അവിടെ എത്തുന്നുണ്ടോ എന്തോ? പി ടിയ്്ക്കായി ഒരു പ്ലേറ്റ് ആഹാരം മാറ്റി വയ്ക്കുന്ന പതിവ് ഉമ തോമസിന് ഇപ്പോഴും ഉണ്ടോ എന്തോ? അറിയില്ല.

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര എന്ന സ്ത്രീയുടെ ഇന്‍ക്വസ്റ്റ് പോലും നടത്താന്‍ അനുവദിക്കാതെ മൃതദേഹം ബലമായി പിടിച്ചു വാങ്ങി തെരുവില്‍ പൊറാട്ടു നാടകം നടത്തി, എം എല്‍ എ മാത്യു കുഴല്‍നാടനും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും. രണ്ടുപേരെയും അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. കാട്ടുമൃഗശല്യത്തില്‍ നിന്നും പരിഹാരം ഉണ്ടാക്കുന്നതിനുള്ള തീരുമാനം അധികാരികള്‍ സ്വീകരിക്കാതിരിക്കാനാവും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോലുമവര്‍ തയ്യാറായില്ല. അല്ലെങ്കിലും മനുഷ്യര്‍ മരിച്ചു വീഴുന്നതല്ലല്ലോ ആ മൃതദേഹം ഉപയോഗിച്ചു രാഷ്ട്രീയ ലാഭമുണ്ടാക്കലല്ലേ എല്ലാ പാര്‍ട്ടികളുടേയും മുഖ്യ അജണ്ട.

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആ കേസില്‍ ആകെ 15 പ്രതികള്‍ ഉള്ളതായിട്ടാണ് പോലീസ് പറയുന്നത്. ഇവരില്‍ നാലു പേര്‍ മാത്രമാണ് എസ് എഫ് ഐ. എങ്കില്‍, മറ്റു 11 പേരുടെ രാഷ്ട്രീയം എന്താണ്? ഈ സംഭവം അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചവരുടെ രാഷ്ട്രീയം എന്താണ്?

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് നാളിതുവരെ ആയിട്ടും നല്ലൊരു സ്ഥാനാര്‍ത്ഥിയെ വയനാട്ടില്‍ നിറുത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സിദ്ധാര്‍ത്ഥിന്റെ രക്തം കൊണ്ടു മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണിത് എന്നതില്‍ സംശയമില്ല.

കേരളത്തിലെ ക്യാമ്പസുകളില്‍ ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും മൃഗീയമായ ഒരു കൊലപാതകമായിരുന്നു സിദ്ധാര്‍ത്ഥിന്റെത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ കൊന്നുതള്ളിയത് റാഗിംഗിന്റെ ഭാഗമായിട്ടല്ല. പാര്‍ട്ടി വൈരാഗ്യമല്ല, കാരണം സിദ്ധാര്‍ത്ഥ് എസ് എഫ് ഐയുടെ റെപ്പ് ആയിരുന്നു. അപ്പോള്‍പ്പിന്നെ ഇത്രയും മൃഗീയമായി സിദ്ധാര്‍ത്ഥിനെ അവര്‍ എന്തിനു കൊന്നുതള്ളി? ആരെല്ലാമാണ് ഇതിനു പിന്നിലുള്ളത്? എന്തായിരുന്നു കാരണം? മയക്കു മരുന്നിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ മരണത്തില്‍ എന്തു പങ്കാണ് ഉള്ളത്? എസ് എഫ് ഐയിലെ നാലു പിശാച്ചുക്കള്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ മതിയോ? ബാക്കിയുള്ളവര്‍ എവിടെ?

ഈ പ്രശ്‌നം രാഷ്ട്രീയ പരമായി നേരിട്ട് എസ് എഫ് ഐയുടെ തൊഴുത്തില്‍ മാത്രം കെട്ടി രക്ഷപ്പെടുകയാണ് കോണ്‍ഗ്രസും ബി ജെ പിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും. അതിനാല്‍ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ അവരുടെ കൈയില്‍ പറ്റിയ ചോരക്കറ അവര്‍ സമര്‍ത്ഥമായി കഴുകിയിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും തെരഞ്ഞെടുപ്പു വിജയം നേടണമെങ്കില്‍ ഇതുപോലുള്ള മൃഗീയ കൊലപാതകങ്ങള്‍ അരങ്ങേറണം. എങ്കില്‍ മാത്രമേ അതു സാധിക്കുകയുള്ളു. രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യേണ്ടിടത്ത് അവ ചര്‍ച്ച ചെയ്യുക തന്നെ വേണം.

മാധ്യമങ്ങളെന്തേ സത്യത്തെ വളച്ചൊടിക്കുന്നു? കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയാണ് മാധ്യമങ്ങള്‍. പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ നിന്നും ഇതിനു മുന്‍പ് ഒരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ ഇങ്ങനെയുണ്ടാകാന്‍ കാരണമെന്ത്? ഈ സംഭവങ്ങള്‍ക്കു പിന്നിലെന്ത്? യഥാര്‍ത്ഥ വസ്തുത വെളിവാക്കുന്ന അരുണ്‍കുമാറിന്റെ വീഡിയോ സൈബര്‍ ഇടത്തു നിന്നും നീക്കം ചെയ്യപ്പെട്ടത് എങ്ങനെ?

കേരളത്തില്‍ ആരു വേണമെങ്കിലും കൊല്ലപ്പെടാം. ആ മൃതദേഹങ്ങള്‍ കൊണ്ടു പൊറാട്ടു നാടകങ്ങള്‍ പലതും കാണേണ്ടി വരും. മുതലെടുപ്പു രാഷ്ട്രീയക്കാര്‍ ആ മൃതദേഹത്തിനായി കടിപിടി കൂടും. എല്ലാം രാഷ്ട്രീയവത്കരിക്കപ്പെടും. പ്രതികള്‍ രക്ഷപ്പെടും. രക്ഷപ്പെടുത്തിയെടുക്കും. അത്ര തന്നെ. അതിക്രൂരമായി സിദ്ധാര്‍ത്ഥ് കൊല്ലപ്പെടണമെന്നത് ആരുടെ അജണ്ടയായിരുന്നു? ചോദ്യങ്ങള്‍ ബാക്കിയാണ്. ഉത്തരങ്ങള്‍ കണ്ടെത്തിയേ തീരൂ.

…………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--
....................................................................................

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു