‘മഹാകാളികായാഗം’ എന്ന മഹാ തട്ടിപ്പിന് ‘ശാസ്ത്രജ്ഞന്‍’ മുന്നിട്ടിറങ്ങുന്നതെന്തിന് ?

ഷാജി കിഴക്കേടത്ത്


കേരളകൗമുദി വാരാന്ത്യപതിപ്പില്‍ [2022 ഏപ്രില്‍ 24 ഞായര്‍ ] ISRO മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ഉല്ലാസ് ശ്രീധറിനു നല്‍കിയ അഭിമുഖം ഏറെ വിചിത്രമാണ്. കോമണ്‍സെന്‍സ് ഉള്ളവര്‍ക്ക് വായിച്ച് ചിരിക്കുകയുമാവാം.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിന് സമീപം ചാവടിനടയിലുള്ള പൗര്‍ണമിക്കാവില്‍ മെയ് 6 മുതല്‍ 16 വരെ നടക്കുന്ന ‘മഹാകാളികായാഗ’ത്തെക്കുറിച്ചാണ് ശാസ്ത്രജ്ഞനെന്ന് പൊതുസമൂഹം കരുതുന്ന മുന്‍ ISRO ചെയര്‍മാന്‍ പറയുന്നത്.

വിരല്‍ത്തുമ്പില്‍ വിജ്ഞാന വിസ്ഫോടനം നടക്കുന്ന ഈ കാലഘട്ടത്തില്‍ യുക്തിബോധത്തിന്റെ കണിക പോലുമില്ലാത്ത ദുരാചാരങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പരിവേഷം നല്‍കി ഹിന്ദുത്വബോധമുണര്‍ത്തുക എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് ‘മഹാകാളികായാഗം’ എന്ന മഹാതട്ടിപ്പും കേരളത്തില്‍ നടത്താന്‍ പോകുന്നത്. ആ തിരിച്ചറിവ് പൊതുസമൂഹത്തിനു പകര്‍ന്നു നല്‍കാന്‍ പുരോഗമനവാദികള്‍ തയ്യാറാകണം.

ISRO എന്ന ശാസ്ത്രസ്ഥാപനത്തിന്റെ ചെയര്‍മാന്‍ പദവി അലങ്കരിച്ചിരുന്ന ഒരാള്‍ ഇത്തരം യാഗങ്ങള്‍ക്ക് ന്യായീകരണവാദങ്ങള്‍ നിരത്തുമ്പോള്‍, സാധാരണ ജനങ്ങള്‍ കരുതുക മഹാകാളികായാഗം നല്ലതാണെന്നും യാഗം കൊണ്ട് നേട്ടങ്ങളുണ്ടാകുമെന്നുമാണ്. വിദ്യാഭ്യാസമുള്ളവര്‍ പോലും സംശയാലുക്കളായി ഇതിനു പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതുന്ന സാമൂഹ്യ സാഹചര്യങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്.

മഹാകാളികായാഗത്തിലൂടെ പ്രകൃതിയെ ശുദ്ധീകരിച്ച് ജീവജാലങ്ങളെ രക്ഷിക്കാന്‍ കഴിയും പോലും! പ്രകൃതിയിലെ ഏറ്റവും ബുദ്ധിമാന്‍മാരും പ്രകൃതിയെ മാറ്റിമറിച്ച് പുരോഗതി കൈവരിക്കാന്‍ ശേഷിയുമുളള മനുഷ്യസമൂഹത്തെ മന്ത്രോച്ചാരണങ്ങളും ആയുര്‍വേദ ഔഷധങ്ങള്‍ നിറച്ച ഹോമകുണ്ഡങ്ങളിലെ പുക കൊണ്ട് ശുദ്ധീകരിക്കാനുമാണ് ‘മഹാകാളികായാഗം’ എന്നു വിശദീകരിക്കുകയാണ് അഭിമുഖത്തില്‍!

2019 അവസാനത്തില്‍ ലോകമൊട്ടാകെ പടര്‍ന്നു പിടിച്ച കോവിഡ്- 19 (SARS – COVR 2) ആയിരങ്ങളെ മരണത്തിലേക്കും കോവിഡാനന്തര രോഗങ്ങളിലേക്കും നയിച്ച ഘട്ടത്തിലൊന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കാന്‍ ഈ യാഗവാദികളെ കണ്ടതേയില്ല.

2022 ഫെബ്രുവരി വരെയുള്ള കണക്കുപകാരം കേരളത്തില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവര്‍ 68819 എന്നു ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാകട്ടെ 40 ലക്ഷം പേര്‍ മരിച്ചതായി ലോകാരോഗ്യസംഘടന (WHO) പറയുന്നു. ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചു കണ്ടതുമില്ല. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം മരണനിരക്ക് കുറയ്ക്കുകയും കൃത്യമായ ഡാറ്റകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ലല്ലോ. യാഗങ്ങളും മന്ത്രവാദങ്ങളുമൊക്കെ നടത്തി മനുഷ്യരെ രക്ഷിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച കാലത്ത് ഈ യാഗവാദികള്‍ എവിടെയായിരുന്നു?


കേരളത്തില്‍ 2019 ലും 2020 ലും മഹാപേമാരിയുടെ ഫലമായി പ്രളയമുണ്ടായപ്പോഴും മുന്‍പും പിന്‍പും അതില്‍ നിന്നും ജനങ്ങളെയും ജന്തുജീവജാലങ്ങളെയും രക്ഷിക്കാന്‍ ‘മഹാകാളികായാഗ’ വാദികളൊന്നും അവതരിച്ചു കണ്ടില്ല! ഹോമകുണ്ഠങ്ങളൊരുക്കിയും മന്ത്രോച്ചാരണങ്ങള്‍ നടത്തിയും മരണക്കയത്തില്‍പ്പെട്ട മനുഷ്യരെ രക്ഷിക്കാന്‍ വേദയാഗ ഉരുപ്പടികളുമായി യാഗവാദികളാരും പ്രളയകാലത്ത് വന്നതുമില്ല. കര്‍മ്മനിരതരായ മനുഷ്യസ്നേഹികളാണ് മഹാപേമാരിയുടെയും വൈറസ് താണ്ഡവമാടിയ മഹാമാരിയുടെയും കാലത്തും സയന്‍സിന്റയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളെ ഉപയോഗിച്ചു കൊണ്ട് ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ചത്.

പത്തുദിവസം ഹോമകുണ്ഠത്തില്‍ ആയുര്‍വേദ ഔഷധങ്ങളും ഹോമദ്രവ്യങ്ങളും നിക്ഷേപിച്ച് പുകച്ചാല്‍ അന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും പോലും. ഈ വാദത്തിനു എന്തു ശാസ്ത്രീയ അടിത്തറയാണ് ഉള്ളത് ? ആധുനിക സയന്‍സിന്റെ മെത്തഡോളജി ഉപയോഗിച്ച് പരിശോധനകള്‍ നടത്തി തെളിവുകളുടെ പിന്‍ബലത്തിലാണോ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് ? ഒരിയ്ക്കലുമല്ല. ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പിന്‍ബലം മാത്രമാണ് യാഗവാദികളുടെ അഭിപ്രായങ്ങള്‍ക്ക് ഉള്ളൂ.

ഹോമകുണ്ഠത്തില്‍ നിക്ഷേപിക്കാന്‍ പോകുന്ന ആയുര്‍വേദ ഔഷധങ്ങളുടെയും ഹോമദ്രവ്യങ്ങളുടെയും ശാസ്ത്രീയത പരിശോധിക്കപ്പെടുമോ? മുന്‍കാലങ്ങളില്‍ നടത്തിയ യാഗങ്ങളിലൂടെ അന്തരീക്ഷത്തില്‍ ഉണ്ടായ മാറ്റങ്ങളെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടോ? വ്യവസായവല്‍ക്കരണത്തിന്റെയും വാഹന പെരുപ്പത്തിന്റെയും ഫലമായി അന്തരീക്ഷത്തില്‍ വ്യാപകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും നൈട്രസ് ഓക്സൈഡിന്റെയും മീഥേന്റെയും അളവിനെ ലഘൂകരിക്കാനോ ഇല്ലായ്മ ചെയ്യാനോ ഹോമകുണ്ഠത്തിലെ ആയുര്‍വേദ ഔഷധങ്ങള്‍ക്കോ ഹോമദ്രവ്യങ്ങള്‍ക്കോ കഴിയുമോ? ശാസ്ത്രീയപഠനങ്ങളുടെയോ ഗവേഷണങ്ങളുടെയോ പിന്‍ബലമില്ലാതെ കാട്ടികൂട്ടാന്‍ പോകുന്ന കോപ്രായങ്ങള്‍ക്ക് സയന്‍സിന്റെ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിമാത്രമാണ്. ആര്‍ഷഭാരതഹിന്ദുത്വ ആശയങ്ങള്‍ക്ക് സയന്‍സിന്റെ അടിത്തറ ഉണ്ടെന്ന് സ്ഥാഥാപിക്കാനുള്ള വ്യാജ പ്രചരണങ്ങളുടെ ഭാഗമാണ് ഇത്തരം യാഗങ്ങളും.

ഒരു ശാസ്ത്രസ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള്‍ ആധുനിക ശാസ്ത്രത്തിന്റെ മെത്തഡോളജിക്ക് നിരക്കാത്തതും യുക്തിസഹമല്ലാത്തതുമായ ‘മഹാകാളികായാഗ’മെന്ന തട്ടിപ്പിനു ശാസ്ത്രത്തിന്റെ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത് ഒന്നുകില്‍ ശാസ്ത്ര ബോധമില്ലാത്തതു കൊണ്ടാകാം. ശാസ്ത്രവിവരവും സാങ്കേതിക അറിവും ഉള്ളവര്‍ക്ക് ശാസ്ത്രബോധമുണ്ടാകണമെന്നില്ല. ആധുനിക സയന്‍സ് നിരര്‍ത്ഥകമെന്ന് തെളിയിച്ചിട്ടുള്ള യാഗഹോമങ്ങള്‍ക്ക് ശാസ്ത്ര പരിവേഷം നല്‍കി അവതരിപ്പിക്കാനുള്ള ശ്രമത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീട്രീയത്തിന്റെ ചതിക്കുഴികളാണ്. സാധാരണക്കാരുടെയും അഭ്യസ്തവിദ്യരെന്ന് മേനി നടിക്കുന്നവരുടെയും മതബോധത്തെയും യുക്തിരാഹിത്യങ്ങളെയും ജ്വലിപ്പിച്ചെടുത്ത് രാഷ്ട്രീയ മേല്‍കൈ നേടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ‘മഹാകാളികായാഗം’!

പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന യുക്തിരാഹിത്യങ്ങളെ ചൂഷണം ചെയ്ത് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഗൂഢമായ ശ്രമങ്ങളെ പുരോഗമനവാദികള്‍ തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ ആശയപ്രചാരണം നടത്തേണ്ടതുണ്ട്.

‘മഹാകാളികായാഗങ്ങള്‍’ കൊണ്ടു മനുഷ്യന്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. മതേതരവും ശാസ്ത്രീയവുമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മാനവസമൂഹം നേരിടുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ കഴിയൂ. അതിനുവേണ്ടത് സയന്‍സ് മുന്നോട്ട് വയ്ക്കുന്ന പഠന – ഗവേഷണങ്ങളാണ് ആധുനിക സമൂഹം സ്വീകരിക്കേണ്ടത്.

6 thoughts on “‘മഹാകാളികായാഗം’ എന്ന മഹാ തട്ടിപ്പിന് ‘ശാസ്ത്രജ്ഞന്‍’ മുന്നിട്ടിറങ്ങുന്നതെന്തിന് ?

  1. പന്തീരാണ്ടുകാലം കുഴലിൽ ആയിരുന്നു എന്നതു കൊണ്ട് ജന്മനാലേ സിദ്ധിച്ച വളവ് നേരെയാകി ല്ലെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്ത് ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു