സംഘിയാട്ടക്കാരി സത്യഭാമയെ ഇടതു ചേരിയില്‍ കെട്ടുന്നതെന്തിന്?

Jess Varkey Thuruthel & Zachariah

കലയില്‍പ്പോലും വെറുപ്പും വിദ്വേഷവും നിറച്ച സത്യഭാമയെന്ന നര്‍ത്തകിക്ക് കലാമണ്ഡലത്തിലേക്കു പ്രവേശനം ലഭിച്ചതിനു കാരണം ഇടതുപക്ഷമാണെന്ന പ്രചാരണം ബി ജെ പിയും സംഘപരിവാറും ആരംഭിച്ചു കഴിഞ്ഞു. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ നിന്നും അതിശക്തമായ എതിര്‍പ്പാണ് സത്യഭാമ (Sathyabhama) നേരിട്ടുകൊണ്ടിരിക്കുന്നത്.

അധ:സ്ഥിതരുടെ അന്തസുയര്‍ത്തിയ ഇടതുപക്ഷം

തെരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത്, സത്യഭാമ നടത്തിയ ദുര്‍ഭാഷണം തങ്ങളെ തിരിച്ചടിക്കുമെന്നു ഭയന്ന ബി ജെ പിയും സംഘപരിവാറും ഇത് ഇടതു പക്ഷത്തിന്റെ തലയില്‍ വച്ചു കെട്ടാനുള്ള തീവ്ര ശ്രമങ്ങളാണ് നടത്തുന്നത്. ഹിന്ദുത്വ സിദ്ധാന്തങ്ങളുമായി വോട്ടുപിടിക്കാനിറങ്ങുന്ന ബി ജെ പിയ്ക്കും സംഘപരിവാറിനുമറിയാം, മനുഷ്യരെ ഇത്തരത്തില്‍ വെറുത്തകറ്റുന്നത് അത്യന്തം നീചമായ കാര്യമാണെന്ന്. വര്‍ഗ്ഗീയത മഹത്തരമാണെന്ന ചിന്ത ബി ജെ പിയ്ക്ക് ഉണ്ടായിരുന്നുവെങ്കില്‍ സത്യഭാമയെ അവര്‍ തോളില്‍ ചുമന്നു നടന്നേനെ. ഇടതുപക്ഷത്തിന്റെ ചുമലില്‍ അവരെ കെട്ടിവയ്ക്കില്ലായിരുന്നു.

കേരളത്തിനെ അടിമുടി വരിഞ്ഞുമുറുക്കിയ ജാതീയതയെ തകര്‍ത്തെറിയാനും അധ:സ്ഥിതന്റെ ജീവിത നിലവാരമുയര്‍ത്താനും മുഖ്യധാരയിലേക്ക് അവരെക്കൂടി കൈപിടിച്ചു കയറ്റാനും അക്ഷീണ് പ്രയത്‌നിച്ച പാര്‍ട്ടിയാണ് കേരളത്തില്‍ ഇടതു പക്ഷം. പണിയെടുക്കുന്നവന്, അധ്വാനിക്കുന്നവന് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പോരാടിയ പാര്‍ട്ടിയാണത്.

സ്ത്രീകളാരും മുലമറയ്ക്കാന്‍ പാടില്ലെന്നതായിരുന്നു അന്നത്തെ നിയമം. ഏതെങ്കിലുമൊരു അധ:സ്ഥിതന്‍ വിവാഹം കഴിച്ചാല്‍, അവളും അവനും ഒരുമിച്ചു താമസിക്കും മുമ്പേ അവളെ മേലാളന് കാഴ്ചവയ്ക്കണമായിരുന്നു. ഒടുവില്‍ ജീവച്ഛവമായി അവള്‍ വലിച്ചെറിയപ്പെടുന്നു. ജീവനോടെ ശേഷിച്ചാല്‍ അവന് അവളോടൊപ്പം ജീവിക്കാം. ഇതുകൂടാതെ, ഓരോ വീട്ടിലും വരേണ്യവര്‍ഗ്ഗത്തിന്റെ രാത്രി സഞ്ചാരമുണ്ടായിരുന്നു. മുലവരുന്ന പ്രായം മുതല്‍ പെണ്ണിനെ പ്രാപിക്കാനുള്ള അവകാശം മേലാളനാണ്. പകലന്തിയോളം ജന്മിമാരുടെ പാടത്തും പറമ്പിലും പണി ചെയ്താലും വയറു നിറയെ ആഹാരം പോലും അവര്‍ക്കു ലഭിച്ചിരുന്നില്ല. കൂലി കൊടുക്കുന്ന പതിവ് പണ്ടേ ഇല്ലല്ലോ. പറമ്പില്‍ കുഴികുത്തി, അതിലൊരു ഇലയിട്ട് വളിച്ചതും പുളിച്ചതും പഴയതുമായ ആഹാരവും കഞ്ഞിവെള്ളവുമൊഴിച്ചു വിളമ്പിയിരുന്നതിലേക്കു കൂടി ആര്‍ത്തിയോടെ നോക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞത് കടുത്ത സംഘിയും നടനുമായ കൃഷ്ണകുമാറായിരുന്നു.

അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്‌മണനായി ജനിക്കണമെന്നും അയ്യനെ തൊഴണമെന്നും പറഞ്ഞത് സംഘിയായ സുരേഷ് ഗോപിയാണ്. ആര്‍ത്തവമുള്ള പെണ്ണിനെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ് ഇവിടെ കലാപത്തിന് പോക്കുകൂട്ടിയത് ബി ജെ പിയും സംഘപരിവാറുമായിരുന്നു. അടിച്ചു മൂലയ്ക്കിരുത്തിയ ബ്രാഹ്‌മണ്യത്തെയും ജാതീയതയെയും ഇവിടെ തിരികെ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി ജെ പിയും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ അത്യന്തം മതസൗഹാര്‍ദ്ദത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിക്കുന്നതില്‍ ആധിപൂണ്ടവരാണ് ഇവിടെയുള്ള തീവ്രമതസംഘടനകള്‍. ഈ മതസൗഹാര്‍ദ്ദത്തെ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ തങ്ങള്‍ക്കിവിടെ നിലനില്‍പ്പുള്ളുവെന്ന് വര്‍ഗ്ഗീയ ശക്തികള്‍ക്കു നന്നായി അറിയാം. ബാബറി മസ്ജിദ് പൊളിച്ച് തത്സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിച്ചതിലൂടെ ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ തൊട്ടാല്‍ ചെടികള്‍ കരിഞ്ഞു പോകുമെന്നത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ടെന്ന് പുലമ്പിയത് പണ്ട് ഈ നാടു ഭരിച്ചിരുന്ന രാജകുടുംബത്തിലെ തമ്പുരാട്ടിയാണ്.

ജാതിയുടേയും നിറത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആദ്യം ജനങ്ങളെ ഭിന്നിപ്പിച്ചത് വരേണ്യവര്‍ഗ്ഗം തന്നെ. എന്നിട്ടിപ്പോള്‍, ഈ വര്‍ണ്ണവിവേചനത്തെ എതിര്‍ത്തു തോല്‍പ്പിച്ചവരുടെ തലയിലേക്ക് അതിന്റെ ഉത്തരവാദിത്വം അവര്‍ ഇട്ടുകൊടുത്തിരിക്കുന്നു. ബി ജെ പിക്ക് നല്ലപോലെ അറിയാം, കേരളത്തില്‍ അവരുടെ വിത്ത് മുളയ്ക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ഇടതു പക്ഷ രാഷ്ട്രീയമാണെന്ന്. അതിനാല്‍ത്തന്നെ, സംഘപരിവാറും ബി ജെ പിയും എല്ലാക്കാലത്തും കടന്നാക്രമിക്കുന്നതും ഇടതുപക്ഷത്തെ തന്നെ.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ വിഷം ചീറ്റിയ ബി ജെ പിയ്ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയത് ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു. വിശ്വാസികളുടെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ടു വന്നതോടെ ബി ജെ പി യുടെ വര്‍ഗ്ഗീയ ചിന്തയ്ക്ക് ശക്തി പ്രാപിച്ചിരുന്നു. എന്നാല്‍, വര്‍ഗ്ഗീയ അജണ്ടകള്‍ക്കു കീഴടങ്ങാന്‍ മനസില്ലാത്ത ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ കുതന്ത്രങ്ങളെ പൊളിച്ചടുക്കി. പിന്നീട് പല രീതിയില്‍ കേരളീയ മനസുകളില്‍ വര്‍ഗ്ഗീയ വിഷം കലര്‍ത്താന്‍ ബി ജെ പി ശ്രമിച്ചിട്ടും കഴിയാതെ പോയി.

ഇടതുപക്ഷത്തോടുള്ള ബി ജെ പിയുടെ കടുത്ത എതിര്‍പ്പിന്റെ കാരണവും ഇതുതന്നെ. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞാല്‍ മാത്രമേ തങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന് ബി ജെ പിയ്ക്ക് നന്നായി അറിയാം. അതിനാല്‍ത്തന്നെ പല രീതികളിലും അവരതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നു. സത്യഭാമയെപ്പോലുള്ള നിരവധി മനുഷ്യരുടെ മനസുകളെ വര്‍ഗ്ഗീയത കൊണ്ടു നിറയ്ക്കാന്‍ ബി ജെ പിയ്ക്കായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇവരെപ്പോലെ വര്‍ഗ്ഗീയമായി ചിന്തിക്കുന്നവരാണ് ഈ പാര്‍ട്ടിയില്‍ ഏറെയുള്ളതും. അതിനാല്‍ത്തന്നെ വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഏറ്റവും വലിയ പ്രതിബന്ധവും സി പി എം തന്നെ. ഇടതുപക്ഷത്തിന്റെ ഭരണത്തോടും ജനങ്ങളുടെ പ്രശ്‌നങ്ങളോടുള്ള പ്രതികരണത്തിലും എതിര്‍പ്പുള്ളവര്‍ ധാരാളമുണ്ട്. ഗുണ്ടകള്‍ക്കു സമം പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുമുണ്ട്. എതിര്‍ക്കുന്നവരെ മ്ലേച്ഛഭാഷയില്‍ അധിക്ഷേപിക്കുന്നതും കണക്കിലെടുത്തേ തീരൂ. പക്ഷേ, വര്‍ഗ്ഗീയതയെ ചെറുക്കുവാന്‍ അവര്‍ സ്വീകരിക്കുന്ന ആര്‍ജ്ജവം അഭിനന്ദിച്ചേ തീരൂ. കാരണം, സി പി എമ്മിനു മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങളെല്ലാം ചെയ്യുന്നവര്‍ തന്നെയാണ് മറ്റുപാര്‍ട്ടി പ്രവര്‍ത്തകരും. പക്ഷേ, വര്‍ഗ്ഗീയതയുടെ കാര്യമെത്തുമ്പോള്‍ വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാടില്‍ ഇടതുപക്ഷമൊഴിച്ചുള്ള എല്ലാ പാര്‍ട്ടികളുമൊന്നിക്കുന്നു. അതുതന്നെയാണ് ഇടതുപക്ഷ വിരോധത്തിന്റെ കാരണവും.

മനസിന്റെ ഉള്ളറകളില്‍ വെളുപ്പിനെ പ്രണയിക്കുന്നവരും വെളുക്കാന്‍ ആഗ്രഹിക്കുന്നവരും നിരവധിയുണ്ടായിരിക്കാം. എങ്കിലും, ഇത്രയും നീചമായ തരത്തില്‍ അവഹേളിക്കപ്പെട്ട മനുഷ്യര്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറായി എന്നതാണ് ഏറ്റവും മഹത്തരമായ കാര്യം. വെളുപ്പിക്കല്‍ ക്രീമുകളും അവയുടെ പരസ്യങ്ങളും അരങ്ങുവാഴുന്നുണ്ട്. ഇവ വാങ്ങിക്കൂട്ടാനായി ആളുകള്‍ തിരക്കിടുന്നുമുണ്ട്. വിവാഹ കമ്പോളത്തില്‍പ്പോലും ഏറ്റവുമധികം ആവശ്യക്കാരുള്ളത് വെളുത്ത ചര്‍മ്മത്തിനാണ്. പക്ഷേ, വെളുപ്പിന് അടിപ്പെട്ടുപോയ മാനസികാവസ്ഥയില്‍ നിന്നും കരകയറാന്‍ മലയാളി അതിയായി ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് സത്യഭാമയ്ക്കു കിട്ടിക്കൊണ്ടിരിക്കുന്ന പൊങ്കാലകള്‍ വ്യക്തമാക്കുന്നത്.

…………………………………………………………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു