Headlines

ധിഷണാശാലിയായ, ആര്‍ജ്ജവമുള്ള പോരാളി; പ്രിയ കുഞ്ഞാമന്‍, വിട…!

 










Written by: സഖറിയ

കഴിഞ്ഞ കുറെ മാസങ്ങളായി നടത്തുന്ന യാത്രകളെല്ലാം ആദിവാസി ഊരുകളിലേക്കും ദളിത ജീവിതങ്ങളിലേക്കുമായിരുന്നു. അതിനാല്‍ത്തന്നെ, ആ യാത്രകളെല്ലാം ചില സത്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍ നിന്നും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വിജയം നേടിയവര്‍ സ്വന്തം ജാതീയത ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്. അതേസമയംതന്നെ, സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമായി യാതൊന്നും ചെയ്യുന്നില്ല. എന്നുമാത്രമല്ല, സമൂഹത്തിന്റെ അവഗണനയ്ക്കും ചൂഷണത്തിനും പാത്രമാകുന്ന സ്വന്തം ആളുകളെ സംരക്ഷിക്കാനും അവര്‍ തയ്യാറാകുന്നില്ല. തങ്ങള്‍ പിറവി കൊണ്ട ജാതിക്ക് എന്തോ പ്രശ്‌നമുണ്ടെന്നും അതിനാല്‍ മുഖ്യധാരയുടെ ഭാഗമാകണമെന്നും കരുതുന്നു ഇവര്‍.

ഈ പൊതുധാരയില്‍ നിന്നും വിരുദ്ധമായി ജീവിതത്തിന്റെ അവസാന നിമിഷം വരെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ച്ചയ്ക്കായി, അന്തസിനായി, ആത്മാഭിമാനത്തിനായി പോരാടിയ അസാമാന്യ പോരാളിയായിരുന്നു ഡോ എം കുഞ്ഞാമന്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

അവഗണനയുടേയും അടിത്തമര്‍ത്തലിന്റെയും അപമാനത്തിന്റെയും കൊടിയ ചൂഷണങ്ങളുടെയും തീച്ചൂളയിലാണ്  ദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എതിര്: ചെറോണയുടെയും അയ്യപ്പന്റേയും മകന്റെ ജീവിത സമരം’ എന്ന പുസ്തകം മനസാക്ഷിയുള്ള ഏതൊരുവന്റെയും ഉള്ളുപൊള്ളിക്കുക തന്നെ ചെയ്യും. അസാമാന്യ പോരാളിയായ ആ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. വരേണ്യവര്‍ഗ്ഗത്തിന് ജന്മം കൊണ്ടു ലഭിക്കുന്ന സൗകര്യങ്ങളില്‍ ഒരു ശതമാനമെങ്കിലും ഈ മനുഷ്യനു ലഭിച്ചിരുന്നെങ്കില്‍, അദ്ദേഹമിവിടെ ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.

എതിരില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടു, ”ഇരുട്ട് നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നല്‍കിയിരുന്ന സമുദായം. ജാതി പാണന്‍. അച്ഛന്‍ അയ്യപ്പന്‍. അമ്മ ചെറോണ. അവര്‍ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടി വളര്‍ത്തി.”

‘ജന്മിമാരുടെ വീട്ടില്‍ തൊടിയില്‍ മണ്ണ് കുഴിച്ചു ഇലയിട്ട് അതില്‍ തരുന്ന കഞ്ഞി കുടിച്ചും സദ്യ കഴിഞ്ഞു വരുന്ന എച്ചില്‍ തിന്നുമാണ് വളര്‍ന്നത്. തലച്ചോറല്ല, വയറാണ് ശരീരത്തിലെ പ്രധാന അവയവം. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല.”

സ്‌നേഹാദരങ്ങളോടെ കണ്ട ഡോ. കെ എന്‍ രാജിനോട് കുഞ്ഞാമന്‍ മാഷ് ഒരിക്കല്‍ പറഞ്ഞു, ”താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നു എങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്ത് ആയിരുന്നെങ്കില്‍ ഒരു നോബല്‍ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്.”

ജാതീയത കൊടികുത്തി വാണ ആ കെട്ട കാലത്തിനു മാറ്റമുണ്ടായിട്ടുണ്ട്. പക്ഷേ, ഇന്നും മികവുറ്റവരുടെ, കഴിവുറ്റവരുടെ ജാതിയും മതവും കുലവും നോക്കി മാത്രമാണ് അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നല്‍കുന്നത്. ജാതീയതയും വര്‍ഗ്ഗീയതയും ഊട്ടിവളര്‍ത്തുന്നവര്‍ കുഞ്ഞാമന്മാരുടെ കഴിവുകളെ അംഗീകരിക്കുന്നതെങ്ങനെ? രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പിന്‍ബലമില്ലാത്ത മഹാപ്രതിഭകളുടെ മഹാപ്രതിഭകളുടെ ചുടലപ്പറമ്പാണ് കേരളം.



Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#Kunhaman #Dalitactivist #theoppressed #Drkunhaman 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു