നവീകരിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറല്ലെങ്കില്‍…

Written by: സഖറിയ

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി ജെ പി തന്നെ ജയിക്കുമെന്ന് ഉറപ്പായി. വര്‍ഗ്ഗീയതയും മതങ്ങളുടെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുകയും മനുഷ്യമനസുകള്‍ക്കിടയില്‍ വെറുപ്പു പടര്‍ത്തുകയും ചെയ്ത് പിടിച്ചടക്കി വച്ചിരിക്കുന്ന അധികാരത്തില്‍ നിന്നും ബി ജെ പിയെ ഇറക്കിവിടാന്‍ ഉടനെയൊന്നും ഇന്ത്യയ്ക്കു സാധിക്കില്ല എന്നര്‍ത്ഥം. വിജയിക്കുമെന്നു കരുതിയ തെരഞ്ഞെടുപ്പു സഖ്യകക്ഷികളും പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വര്‍ഗ്ഗീയതയും വെറുപ്പും വിദ്വേഷവും മതവും പറഞ്ഞ് വോട്ടു പിടിക്കുന്ന ബി ജെ പിയെ ഏതു തരത്തില്‍ തോല്‍പ്പിക്കണമെന്നു പോലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ സഖ്യത്തിന് അറിയില്ല. അവര്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയതയെ തോല്‍പ്പിക്കാന്‍ വര്‍ഗ്ഗീയതയുടെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ബി ജെ പിയുടെ ബി ടീമിനെയല്ല, മറിച്ച് ഈ ക്ഷുദ്രശക്തികളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ പ്രാപ്തിയുള്ള ഇന്ത്യന്‍ ഭരണഘടനയില്‍ അടിയുറച്ചു കൊണ്ട് പോരാടുന്ന പാര്‍ട്ടിയെയും പ്രവര്‍ത്തകരെയുമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് ഇവരോട് ഇനി ആരു പറഞ്ഞുകൊടുക്കും?

കോണ്‍ഗ്രസിന്റെ ശക്തി ഗാന്ധി നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമാണ്. ഈ പാര്‍ട്ടിയുടെ ദൗര്‍ബല്യവും അതു തന്നെ. തമ്മിലടിക്കുന്ന അനേകം സംസ്ഥാന ഘടകങ്ങളെയും ഗ്രൂപ്പുകളെയും ഒരുമിച്ചു നിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം ഈ കുടുംബമാണ്. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് മുന്‍പ് പലതവണ നെഹ്‌റു ഗാന്ധി കുടുംബം പിന്നോട്ടു പോയിട്ടുണ്ട്. ബി ജെ പി അതിശക്തരായ എതിരാളികള്‍ അല്ലാതിരുന്ന കാലത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴെല്ലാം പാര്‍ട്ടിക്കുണ്ടായിട്ടുള്ളത് വിനാശമായിരുന്നു എന്നതാണ് സത്യം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന പ്രശ്‌നം രാജാവും പ്രജകളും എന്ന രീതിയാണ്. സ്വയം നവീകരിക്കാന്‍ കെല്‍പ്പില്ലാത്തൊരു നേതാവാണ് രാഹുല്‍ ഗാന്ധി. സത്യത്തില്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ യാതൊരു താല്‍പര്യവുമില്ലെന്നു തന്നെവേണം കരുതാന്‍. ആരോ അദ്ദേഹത്തിന്റെ ശിരസില്‍ കയറ്റിവച്ച മുള്‍മുടി കഷ്ടപ്പെട്ടു ചുമക്കുന്നു എന്നു തോന്നും. ബി ജെ പിയ്‌ക്കെതിരെ അദ്ദേഹം ആദ്യമുയര്‍ത്തിയ മുദ്രാവാക്യം ചൗക്കിദാര്‍ ചോര്‍ ഹെ എന്നതായിരുന്നു. അത് ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ഇന്ത്യയ്ക്ക് എന്താണ് ആവശ്യമെന്ന്, ജനങ്ങള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വിലയിരുത്തേണ്ടിയിരിക്കുന്നു. സത്യത്തില്‍, പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താനായി കനയ്യ, തേജസ്വി, സച്ചിന്‍ പൈലറ്റ് എന്നിവരൊക്കെ കാണിക്കുന്നതിന്റെ പകുതി പരിശ്രമമെങ്കിലും രാഹുല്‍ ഗാന്ധി ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിയുടെ നില ഇതിനെക്കാള്‍ മെച്ചപ്പെട്ടേനെ. മേല്‍ത്തട്ടിലെ ഉപജാപക വൃന്ദങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനു കഴിയണം.

കോണ്‍ഗ്രസ് പാര്‍ട്ടി എന്തിനായിരുന്നു വളര്‍ന്നു വന്ന സംസ്ഥാന നേതാക്കളെയെല്ലാം വെട്ടിനിരത്തിയത്? അങ്ങനെ തഴയപ്പെട്ടവരുടെ കഴിവുകള്‍ തിരിച്ചറിയാന്‍ ഇന്ദിരയ്‌ക്കോ രാജീവിനോ സോണിയയ്്‌ക്കോ കഴിഞ്ഞില്ല. കോണ്‍ഗ്രസില്‍ നിന്നും തഴയപ്പെട്ടവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. മുഖ്യ മന്ത്രിമാരായിരുന്ന ശരദ് പവാര്‍, ലാലു, മമത, ജഗന്‍മോഹന്‍ റെഡ്ഡി, ചന്ദ്രശേഖര റാവു, ഷിബു സോറന്‍ എന്നിവരെല്ലാം കേന്ദ്ര നേതൃത്വവുമായി തെറ്റി പിരിഞ്ഞ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളാണ്. ഈ മാറ്റം ഏറ്റവും പ്രകടമായത് ആന്ധ്രയിലാണ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ ശക്തമായിരുന്ന കോണ്‍ഗ്രസിന് ഇന്ന് ഒരു എം എല്‍ എ പോലുമില്ല. കോണ്‍ഗ്രസിന്റെ മുഴുവന്‍ ശക്തിയും അദ്ദേഹത്തിന്റെ പേരിലുള്ള പുതിയ പാര്‍ട്ടിയിലാണ്.

ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് തുടങ്ങിയ യുവ നേതാക്കള്‍ക്ക് അവര്‍ അര്‍ഹിച്ച സ്ഥാനങ്ങള്‍ നല്‍കിയില്ല എന്നു വേണം കരുതാന്‍. ഈ യുവാക്കള്‍ വലിയ പോരാട്ടം നടത്തി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമ്പോള്‍, അവരുടെ തലയ്ക്കു മുകളിലായി ഹൈക്കമാന്റ് പഴയ നേതാക്കളായ ലെഘോട്ട്, കമല്‍ നാഥ് എന്നിവരെ പ്രതിഷ്ഠിക്കുന്നു. ആ നേതാക്കള്‍ അവരുടെ മക്കളെയും അടുപ്പക്കാരേയും രാഷ്ട്രീയത്തിലും ബിസിനസിലും ഉള്‍പ്പെടുത്തുന്നു. വിനാശത്തിന്റെ പടുകുഴിയിലാണ് ഇന്നു കോണ്‍ഗ്രസ് നില്‍ക്കുന്നത്. പക്ഷേ, അപ്പോഴും ഇത്തരം പാഴ്മരങ്ങള്‍ക്കു സര്‍വ്വ പിന്തുണയും സ്ഥാനമാനങ്ങളും നല്‍കി കൂടെ നിര്‍ത്തുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

ജാതിയും മതവും ആയുധമാക്കാത്ത ഒരു പാര്‍ട്ടിയും ഇന്ത്യയില്‍ ഇല്ല. ന്യൂനപക്ഷത്തെ മാത്രമല്ല, ഭൂരിപക്ഷത്തെയും കോണ്‍ഗ്രസ് പ്രീണിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍, മത-ജാതി വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസിനെക്കാള്‍ നന്നായി അറിയുന്നവരാണ് ബിജെപിയും സഖ്യകക്ഷികളും. അതിനാല്‍, കോണ്‍ഗ്രസിന്റെ പ്രീണനങ്ങള്‍ ചീറ്റിപ്പോകുന്നു.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ കൈയില്‍ ആവശ്യത്തിലധികം പണമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യം അങ്ങനെയല്ല. പൊന്‍മുട്ടയിടുന്ന താറാവായ കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന്റെ നേതാക്കള്‍ തന്നെ കൊന്നു എന്നര്‍ത്ഥം. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കാന്‍ കാരണം അഴിമതി മാത്രമല്ല, അണ്ണാ ഹസാരെയുടെ ആന്ദോളനും മുന്‍പേ ആ നാശം ആരംഭിച്ചിരുന്നു എന്നു വേണം കരുതാന്‍. അതിനൊപ്പം രാഷ്ട്രീയ മണ്ടത്തരങ്ങള്‍ കൂടിയായപ്പോള്‍ നാശത്തിലേക്കുള്ള വേഗതയ്ക്കു ശക്തികൂടി എന്നു മാത്രം. പഞ്ചാബില്‍ തെരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചത് അടുപ്പക്കാരനായ കമല്‍നാഥിനെയാണ്. പക്ഷേ, സിഖ് കലാപത്തില്‍ കുറ്റാരോപിതനായ കമല്‍നാഥിനോട് പഞ്ചാബിലെ കോണ്‍ഗ്രസിനു പോലും എതിര്‍പ്പായിരുന്നു എന്ന കാര്യം കേന്ദ്ര നേതൃത്വം ചിന്തിച്ചില്ല.

രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച് അഹോരാത്രം പണിയെടുത്ത് സമരങ്ങള്‍ നയിച്ച് നേതാവായവരല്ല കോണ്‍ഗ്രസിലുള്ളത്. മറിച്ച്, അധികാരം തന്നാല്‍, ജനങ്ങളെ സേവിക്കുക എന്ന കഠോര ജോലി ഏറ്റെടുക്കാമെന്ന മട്ടില്‍ രാഷ്ട്രീയത്തിലേക്ക് എത്തിയവരാണ് ഇവരിലേറെയും. അതിനാല്‍ത്തന്നെ, അധികകാലം പ്രതിപക്ഷത്തിരിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. അധികാരവും പണവും ഇല്ലായെങ്കില്‍ ഈ പാര്‍ട്ടിയുടെ കൂടെ ആരും നില്‍ക്കുകയുമില്ല. കോണ്‍ഗ്രസിന് അധികാരമുള്ള ഇടങ്ങളിലെല്ലാം അതിന്റെ അവിഹിതം പറ്റാന്‍ നേതാക്കളുടെ തിക്കും തിരക്കുമാണ്. ഇന്ന് കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്കു പോയവര്‍, നാളെ ആ പാര്‍ട്ടി തകരുമ്പോള്‍ അവിടെ നിന്നും ആദ്യം രക്ഷപ്പെടുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ല, മറിച്ച്, ആശയപരമായി അനവധി വ്യത്യാസങ്ങള്‍ ഉള്ള പല ഗ്രൂപ്പുകളുടെ ഒരു കൂട്ടം മാത്രമാണ്. പാര്‍ട്ടികളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആശയപരമായ സ്ഥിരതയില്ലായ്മയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം. സാമ്രാജ്യങ്ങളുടെ തകര്‍ച്ച പോലെ തന്നെ. കുറെ വളര്‍ന്നതോടെ നാശവുമാരംഭിച്ചു.

എങ്കിലും ഇനിയും കോണ്‍ഗ്രസിന് പുനരുജ്ജീവിക്കാനാവും. അതിന്, ജനങ്ങളുടെ പള്‍സ് കൃത്യമായി അറിയുന്ന നേതാക്കന്മാര്‍ ദേശീയ നേതൃത്വത്തില്‍ ഉണ്ടാകണം. പഴയ കാല നേതാക്കളെയെല്ലാം ഒഴിവാക്കണം. പകരം, ആ സ്ഥാനത്ത് യുവതുര്‍ക്കികളെ നിയമിക്കണം. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതെ നോക്കണം. ദീര്‍ഘ കാലത്തേക്ക് പരിപാടികള്‍ ആസൂത്രണം ചെയ്യണം. താഴേക്കിടയിലെ ഘടകങ്ങളെ ശക്തിപ്പെടുത്തണം. അഞ്ച് എം എല്‍ എ മാര്‍ ഉള്ളിടത് കാക്കത്തൊള്ളായിരം ഭാരവാഹികളെ നിയമിക്കുന്നത് നിര്‍ത്തണം.

ഒരു രാഷ്ട്രീയപാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിന്റെ മൂല്യമാണ് ആ പാര്‍ട്ടിയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിനുള്ളില്‍ മുഴങ്ങിക്കേള്‍ക്കുന്നത് ബി ജെ പിയുടെ ആശയങ്ങളും ചിന്തകളുമാണ്. ബി ജെ പി എന്ന പാര്‍ട്ടിയെയും ആ പാര്‍ട്ടിയുടെ നയങ്ങളെയും എതിര്‍ക്കുന്നതിനു പകരം വ്യക്തികളെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ചൗക്കിദാര്‍ ചോര്‍ ഹെ എന്നു പറയുമ്പോള്‍, മോദി കള്ളനാണ് എന്നതു മാത്രമാണ് അര്‍ത്ഥം. അതായത്, ബി ജെ പിയില്‍ പ്രശ്‌നമായിട്ടുള്ള ഒരേയൊരാള്‍ മോദിയാണെന്നും മറ്റൊന്നും യാതൊരു പ്രശ്‌നവുമല്ല എന്നും വരുന്നു.

സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെയും കഴിവുറ്റ നേതാക്കളെയും യോജിപ്പിച്ചു കൊണ്ടുപോകാനും കോണ്‍ഗ്രസിനു കഴിയുന്നില്ല. കേരളത്തില്‍, കോണ്‍ഗ്രസിന്റെ മുഖ്യശത്രു സി പി എമ്മാണ്. അതായത്, ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ബി ജെ പിയുമായിപ്പോലും യോജിച്ചു പ്രവര്‍ത്തിക്കാം എന്ന ആശയമാണ് ഇത് ജനങ്ങളിലുണ്ടാക്കുന്നത്.

രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി സ്ഥിരതയോടെ ഇടപെടണം. പല പ്രശ്‌നങ്ങളിലും രാഹുല്‍ പ്രിയങ്ക എന്നിവര്‍ ഇടപെടുന്നുണ്ടെങ്കിലും സ്ഥിരത കുറവാണ്. പക്ഷേ, ബി ജെ പി എന്താണ് എന്ന് കോണ്‍ഗ്രസ് ഇനിയും മനസിലാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൃദു ഹിന്ദുത്വവും മറ്റും പരീക്ഷിച്ച് സ്വയം അപഹാസ്യരാകുകയാണ് കോണ്‍ഗ്രസ്. സത്യത്തില്‍ ബി ജെ പി നിശ്ചയിക്കുന്ന അജണ്ടയില്‍ ചെന്നു വീഴുകയാണ് ഈ പാര്‍ട്ടി. സ്വന്തം കഴിവുകളില്‍ ശ്രദ്ധയൂന്നി, കഴിവുറ്റവരെ നേതൃനിരയിലേക്കു കൊണ്ടുവന്ന്, വര്‍ഗ്ഗീയത വിളമ്പുന്നവരെ വെട്ടിനിരത്തി, സ്വയം ശക്തിപ്രാപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അല്ലാതെ, ബി ജെ പി ചെയ്യുന്നതെല്ലാം അന്ധമായി അനുകരിക്കുകയല്ല വേണ്ടത്.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#Congress #BJP #RahulGandhi #Narendramodi #Election

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു