Headlines

മാധ്യമപ്രവര്‍ത്തകരാകാന്‍ വേണ്ടത് കൂട്ടിക്കൊടുപ്പിലെ പരിജ്ഞാനമല്ല

 
Jess Varkey Thuruthel & D P Skariah

കേരളത്തില്‍ വിയര്‍പ്പിന്റെ അസുഖമുള്ളവരുടെ എണ്ണം അനിയന്ത്രിതമാംവിധം കൂടി വരികയാണ്. പണ്ടുകാലം മുതലേ ഇതുണ്ടായിരുന്നു. പക്ഷേ, അങ്ങനെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കുറവായതിനാല്‍ അധികം പരീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നിപ്പോള്‍ കാലം മാറി, കഥ മാറി……

വെയിലിനെ, മഴയെ, പ്രതികൂല കാലാവസ്ഥകളെ വകവയ്ക്കാതെ അത്യധ്വാനം ചെയ്തു ജീവിച്ചിരുന്ന വളരെ വലിയൊരു വിഭാഗം മനുഷ്യരുടെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ, അധ്വാനിക്കുക എന്നത് വിലകുറഞ്ഞ ഏര്‍പ്പാടായി കണ്ട മനുഷ്യരേറെയുണ്ടായിരുന്നു അന്നും. അതിനാല്‍, അധ്വാനിക്കുന്നവരെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്താനായി ജാതീയതയെന്ന വൈകൃതത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു മലയാളികള്‍. അതിന്റെ അടിസ്ഥാനത്തില്‍, പണിയെടുക്കാതെ തിന്നാനുള്ള വക കണ്ടെത്തിയിരുന്ന പൂജാരികളും മറ്റും ദൈവത്തിന്റെ പ്രിയമക്കളെന്ന് അടയാളപ്പെടുത്തി. അധ്വാനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നടന്നിട്ടുള്ള സാമൂഹിക തരംതിരിക്കലുകളായിരുന്നു ഇവയെല്ലാം.

ലോകം വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയതോടെ സാധ്യതകളുടെ അനന്തസാധ്യതകളും മലയാളികള്‍ക്കു മുന്നില്‍ തുറന്നിട്ടു. കഠിനാധ്വാനം ചെയ്യുന്നതും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നതും മ്ലേച്ഛമാണെന്ന ചിന്ത പണ്ടേയുള്ള മനുഷ്യരാണ്. അവര്‍ക്കിടയിലേക്കാണ് അതിവേഗ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒഴുകിയെത്തിയത്. അതോടെ, പണം കിട്ടുമെങ്കില്‍ എന്തും വില്‍പ്പനച്ചരക്ക് ആക്കാമെന്ന ചിന്തയിലേക്ക് ഇത്തരക്കാര്‍ എത്തിപ്പെട്ടു.

ഇന്ത്യയിലെ ഓരോ പൗരനും വിശുദ്ധഗ്രന്ഥമായി കൊണ്ടുനടക്കേണ്ടതും പാലിക്കേണ്ടതുമാണ് ഇന്ത്യയുടെ ഭരണഘടന. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യം നല്‍കുന്ന അവകാശമാണ് സ്വകാര്യത അഥവാ Right to privacy. ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യതയുണ്ട്, തീരുമാനങ്ങളുണ്ട്, ചിന്തകളുണ്ട്, നിശ്ചയങ്ങളുണ്ട്. അവയെല്ലാം ആ വ്യക്തിയുടെ സ്വന്തമാണ്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തെയോ അവകാശത്തെയോ ഹനിക്കാത്ത പക്ഷം, സമൂഹത്തിലെ ഒരു വ്യക്തിക്കു പോലും ദോഷകരമായി ബാധിക്കാത്ത പക്ഷം അവ സ്വകാര്യമായി തന്നെ സൂക്ഷിക്കുവാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. നമ്മുടെ ഭരണഘടന നമുക്കാ അവകാശം തരുന്നുമുണ്ട്.

ഓരോ വ്യക്തിക്കും അവരവരുടേതു മാത്രമായ ചിന്തകളുണ്ട്. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില അപൂര്‍വ്വ നിമിഷങ്ങളുണ്ട്. ഒരുപക്ഷേ പുറത്തറിഞ്ഞാല്‍ സ്വന്തം നിലനില്‍പ്പിനെ ബാധിച്ചേക്കാവുന്ന ചില ജീവിത നിമിഷങ്ങളുമുണ്ട്. സദാചാര സമൂഹത്തിന് ഇഷ്ടപ്പെടാത്ത ചില ജീവിതാനുഭവങ്ങളുമുണ്ടായേക്കാം. ഇവയെല്ലാം അവരവരുടെ സ്വകാര്യ സമ്പാദ്യമായി സൂക്ഷിക്കാനുള്ള അവകാശം ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യം നല്‍കുന്നുണ്ട്.

പിറന്നു വീഴുന്ന നിമിഷം മുതല്‍ ശരീരത്തിലെ അവസാനത്തെ ശ്വാസം നിലയ്ക്കും വരെ മാത്രമല്ല, മരണശേഷം ആ മൃതദേഹത്തിനു പോലും അവകാശങ്ങളുണ്ട്.

കേരളത്തിലെ ചില മനുഷ്യരുടെ മനസിനെ ബാധിച്ചിരിക്കുന്ന ഒരു മാരക രോഗമുണ്ട്. മറ്റെല്ലാ രോഗത്തിനും ചികിത്സയുണ്ട്, പക്ഷേ, ഈ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല. പകല്‍ മാന്യത എന്നാണ് ആ രോഗത്തിന്റെ പേര്. അമിത ഭക്തിയും കപട ലൈംഗിക അച്ചടക്കവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും മാത്രമല്ല, ഏതൊരു വ്യക്തിക്കും കൂട്ടമായോ ഒറ്റയ്‌ക്കോ യാത്ര ചെയ്യാനോ ഒരുമിച്ചിരിക്കാനോ ഒരുമിച്ചുറങ്ങാനോ അവകാശമുള്ളൊരു നാടാണിത്. പക്ഷേ, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കണ്ണും നട്ടിരിക്കുന്ന ഇത്തരക്കാര്‍ക്കതു ബാധകമല്ല…..

ഏതെങ്കിലുമൊരു സ്ത്രീ അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാല്‍ ക്യാമറ കണ്ണുകള്‍ പിന്തുടരും….. ഇതാ ആകാശം ഇടിഞ്ഞു വീഴുന്നു, കേരളക്കരയുടെ മാനം തകരുന്നു എന്ന നിലവിളികളുമായി. ഇത്തരക്കാരെ തൃപ്തിപ്പെടുത്താനായി മാത്രം വ്രതമെടുത്തിരിക്കുന്ന നവമാധ്യമ ജേര്‍ണലിസ്റ്റുകളുണ്ട്.

ഏതെങ്കിലുമൊരു സെലിബ്രിറ്റി, അത് ആണോ പെണ്ണോ ആകട്ടെ, എത്ര വിവാഹം കഴിച്ചാലും എത്ര പേരോടൊത്തു ശയിച്ചാലും കേരളത്തിന്റെ മുകളില്‍ നിലകൊള്ളുന്ന ആകാശത്തിന് ഒരിളക്കവും സംഭവിക്കുകയില്ല. ഉപയോഗിച്ചു വലിച്ചെറിയുന്ന സ്വഭാവമുള്ളവന്റെ കൂടെ ഇറങ്ങിത്തിരിച്ചവര്‍ക്ക് ഉണ്ടാകുന്ന മാനസികാഘാതത്തിന് ഇവിടുള്ളവര്‍ ഉത്തരവാദികളുമല്ല. എങ്കിലും മലയാളികള്‍ പൊളിയാണ്….. അവരുടെ കിടപ്പറ രഹസ്യങ്ങളും സ്വകാര്യനിമിഷങ്ങളും അറിഞ്ഞെങ്കില്‍ മാത്രമേ മലയാളിക്കു തൃപ്തിയാവുകയുള്ളു. ഇത്തരത്തില്‍ എത്തിനോട്ടം നടത്തുന്നവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലേക്കും യു ട്യൂബ് വീഡിയോകളിലേക്കും ഒഴുകിയെത്തുമ്പോള്‍ അധ്വാനിക്കാതെ, ദേഹമനങ്ങാതെ അവരുടെ അക്കൗണ്ടിലേക്കു പണമൊഴുകിയെത്തുന്നു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു പ്രസിദ്ധി നേടുന്നവര്‍, കാണാത്തവരെക്കൂടി അവ കാണിച്ചു പണമുണ്ടാക്കുന്ന നവമാധ്യമങ്ങള്‍…..! സ്വന്തം ലൈംഗികത, പ്രസവ വിശേഷങ്ങള്‍, കിടപ്പറ, തുടങ്ങി സമൂഹത്തിനു മുന്നില്‍ എല്ലാം തുറന്നു കാട്ടുന്നവരും കാണിക്കുന്നതില്‍ ഒന്നുപോലും വിടാതെ അവയെല്ലാം ഒപ്പിയെടുത്തു വിളമ്പുന്ന ചില മാധ്യമങ്ങളും….. ട്രോഫിക്കോടു ട്രാഫിക്ക്…. ലൈക്കോടു ലൈക്ക്…..

ലൈംഗികതയെ അടിച്ചമര്‍ത്തി വയ്ക്കുന്നവരെല്ലാം ആത്മനിര്‍വൃതിയടയുന്നത് ഇത്തരം ഇക്കിളി വാര്‍ത്തകളിലൂടെയും വിശേഷങ്ങളിലൂടെയുമാണ്. അവനവന്റെ വേണ്ടപ്പെട്ടവര്‍ക്ക് എന്തു സംഭവിച്ചാലും ഇളകാതെ നില്‍ക്കുന്നവര്‍ ഇത്തരം നടന്മാര്‍ക്കോ നടിമാര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ കൂട്ടക്കരച്ചിലുമായി ഓടിയെത്തും. പിന്നെ പ്രാര്‍ത്ഥനയായി, വഴിപാടായി, നേര്‍ച്ചയായി, സര്‍വ്വം ബഹളമയം……

പണവും അധികാരവും സ്വാധീനവുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നു വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന കുറെ മനുഷ്യര്‍. അത്തരക്കാരുടെ പിന്നാലെ നടക്കുന്ന മറ്റൊരു കൂട്ടര്‍. ഇവര്‍ക്കെല്ലാവര്‍ക്കും ആവശ്യാനുസരണം വിളമ്പിക്കൊടുക്കുന്ന ചില മാധ്യമ വേശ്യകള്‍……

വെബ്‌സൈറ്റുകളിലേക്കും ചാനലുകളിലേക്കുമുള്ള ട്രാഫിക്കുകള്‍ കൂടുന്നതിനനുസരിച്ച് പണവും ഒഴുകിയെത്തും. അതിനാല്‍ത്തന്നെ, ഇക്കിളിപ്പെടുത്തിയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയും പച്ചക്കള്ളങ്ങള്‍ പടച്ചു വിട്ടും ട്രാഫിക്ക് കൂട്ടുന്ന, നീതിശാസ്ത്രം തൊണ്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ ഒരു പട തന്നെയുണ്ടിവിടെ……

ഇങ്ങനെ ചില വാര്‍ത്തകളിലൂടെ നിങ്ങളും അനുദിനം കടന്നുപോയിട്ടുണ്ടാവും…… ചില സാമ്പിളുകള്‍ മാത്രമാണിവ….

ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് ഭാര്യ ചെയ്തതു കണ്ടാല്‍ നിങ്ങള്‍ ഞെട്ടും…..

കേരളത്തിനു വെളിയില്‍ പഠിക്കാന്‍ പോയ മകള്‍ ചെയ്തതു കണ്ടോ….

പൊന്നുപോലെ വളര്‍ത്തിയ അച്ഛനോട് മകള്‍ ചെയ്തതു കണ്ടോ….

ഇതെല്ലാം സാമ്പിള്‍ മാത്രം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ ഒളിഞ്ഞു നോക്കി വാര്‍ത്ത പടച്ചു വിടുന്നവരെ നിയമം മൂലം നിരോധിച്ചേ തീരൂ.

നീതി നിഷേധിക്കപ്പെട്ടവരുടെ, അധ്വാനിക്കുന്നവരുടെ, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ കണ്ണും കാതും നാവുമാകണം മാധ്യമപ്രവര്‍ത്തകര്‍. കൂട്ടിക്കൊടുപ്പില്‍ പരിജ്ഞാനമുള്ളവരെ ഈ തൊഴിലില്‍ നിന്നും മാറ്റിനിറുത്തിയേ തീരൂ.




മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു