Headlines

ഹര്‍ത്താല്‍: ഹൈക്കോടതി നടപടിയ്ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍…..!

Jess Varkey Thuruthel & D P Skariah

കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ വാക്കു നിരോധിച്ചു എന്ന രീതിയിലേക്കു മാത്രമായി ആ ബന്ദു നിരോധനം ഒതുങ്ങിപ്പോയി.

ബന്ദിലോ ഹര്‍ത്താലിലോ ജനങ്ങള്‍ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ച് ഭീഷണിപ്പെടുത്തി, ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച്, ഭയപ്പെടുത്തി ജനങ്ങളെ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് ചെയ്തത്.

ഏതെങ്കിലുമൊരു ഈര്‍ക്കില്‍ പാര്‍ട്ടി വിചാരിച്ചാലും ഏതു നിമിഷവും കേരളത്തില്‍ ഹര്‍ത്താല്‍ നടത്താമെന്നും കോടതി വിധികള്‍ക്കു പോലും ജനങ്ങളുടെ ആ ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ കഴിയില്ലെന്നും വന്നതോടെ ഇതും തങ്ങള്‍ സഹിക്കണമെന്ന നിലയിലേക്ക് ജനങ്ങള്‍ മാനസികമായി പൊരുത്തപ്പെട്ടു.

ഹര്‍ത്താലും ബന്ദും പണിമുടക്കും പോലുള്ള സമര മുറകളാണ് നമുക്കു സ്വാതന്ത്ര്യം നേടിത്തന്നതെന്നും ഇവയെ എതിര്‍ക്കുന്നവര്‍ അരാഷ്ട്രീയ വാദികളാണെന്നും നാടിനോടു കൂറില്ലാത്തവരാണെന്നുമുള്ള നിരവധി ആരോപണങ്ങളുമുണ്ടായി. പക്ഷേ, മുന്നറിയിപ്പില്ലാതെ നടത്തുന്ന ഹര്‍ത്താലുകളും ബന്ദുകളും കൊണ്ട് ഈ മനുഷ്യര്‍ക്കുണ്ടാകുന്ന തീരാദുരിതങ്ങള്‍ എത്രയാണെന്നു ചിന്തിക്കാന്‍ പോലും വിവരമില്ലാത്തവരായിപ്പോയി ഹര്‍ത്താലുകള്‍ നടത്തുന്നവരും അവരെ പിന്തുണയ്ക്കുന്നവരും.

നിങ്ങള്‍ക്കു കൂടി വേണ്ടിയാണ് ഞങ്ങള്‍ കഷ്ടപ്പെടുന്നതെന്നും അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സുഖം തേടുകയാണെന്നുമുള്ള നിരവധി പഴികളും ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ കേട്ടു. എന്നാല്‍, എന്തു കാര്യത്തിനു വേണ്ടിയാണോ നാളിതുവരെ ഇവര്‍ ഹര്‍ത്താല്‍ നടത്തിയത്, അതു നേടിയെടുത്തതിന്റെ പേരിലല്ല, മറിച്ച് കടകള്‍ പൂര്‍ണ്ണമായും അടച്ചതിന്റെയും വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചതിന്റെയും പുറത്തിറങ്ങിയ മനുഷ്യരെ ഭയപ്പെടുത്തിയും എറിഞ്ഞും ഓടിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അവയുടെ ജയവിജയങ്ങള്‍ പാര്‍ട്ടികള്‍ തീരുമാനിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന ഒരു പൗരനു നല്‍കുന്ന പ്രാഥമിക അവകാശങ്ങളില്‍ ഒന്നാണ് ഇന്ത്യയിലെവിടെയുമുള്ള സഞ്ചാര സ്വാതന്ത്ര്യം. പക്ഷേ, അതിപ്പോള്‍ ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ കീശയിലാണെന്നു മാത്രം. ഭരണം കൈയ്യാളുമ്പോള്‍ ഹര്‍ത്താലുകളെ അപലപിക്കുകയും ഭരണം നഷ്ടപ്പെടുമ്പോള്‍ ഹര്‍ത്താലുകളെ അനുകൂലിക്കുകയും ചെയ്യുന്നവരാണ് ഇവിടെയുള്ള ഇടതുപക്ഷ വലതുപക്ഷ പാര്‍ട്ടികള്‍.

കൊറോണ മൂലം ഒരു വര്‍ഷത്തിലേറെ നമ്മുടെ രാജ്യം അടച്ചിടപ്പെട്ടു. പിന്നീട് പതിയെ തുറന്നപ്പോള്‍ ഭാരത് ബന്ദ് നടത്തി ആഘോഷിച്ചവരാണ് ഇടതുപക്ഷം. ഇതിന്റെ പേരില്‍ കേരളത്തിലുടനീളം അക്രമങ്ങള്‍ അരങ്ങേറി. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ആക്രമിക്കുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു. ആശുപത്രിയിലേക്കു പോയവരെപ്പോലും വെറുതെ വിട്ടില്ല. ഇതിനെ ചോദ്യം ചെയ്തവരോട് ഇടതു പക്ഷ നേതാക്കളുടെ മറുപടി ‘ഹര്‍ത്താലാണെന്ന് നേരത്തെ അറിയാമായിരുന്നിട്ടും എന്തിനു പുറത്തിറങ്ങി’ എന്നായിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച സുപ്രീം കോടതി വിധിക്കെതിരെ ബി ജെ പി, സംഘപരിവാര്‍ അക്രമികള്‍ കേരളത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഈ പ്രശ്‌നത്തിന്റെ പേരില്‍ ഹര്‍ത്താലുകള്‍ നടത്തി. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. നിരത്തിലിറങ്ങിയവരെ കടന്നാക്രമിച്ചു. നാശനഷ്ടങ്ങള്‍ നിരവധിയുണ്ടാക്കി.

സേ നോ ടു ഹര്‍ത്താല്‍ (Say No to Harthal) എന്ന പേരില്‍ കേരളത്തില്‍ ഹര്‍ത്താലിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അമരക്കാരന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പക്ഷേ, അവകാശങ്ങള്‍ നേടിയെടുക്കാനെന്ന പേരില്‍ ഈ പാര്‍ട്ടി നടത്തിയിട്ടുള്ള ഹര്‍ത്താലുകളും അതുമൂലം പൊതുജനത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ദുരിതങ്ങളും അനവധിയാണ്.

ഐ എന്‍ എ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ സത്താറിനെതിരെയുള്ള ഹൈക്കോടതി വിധിയില്‍ കേരള ജനത എന്നെന്നും കോടതിയോടു കടപ്പെട്ടിരിക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ 5.20 കോടി രൂപ കെട്ടിവയ്ക്കണമെന്നും ചെയ്യാത്ത പക്ഷം സ്വത്തു വകകള്‍ കണ്ടുകെട്ടണമെന്നും ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്കു പണം നല്‍കാന്‍ ക്രെയിംസ് കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ. ഇക്കാര്യത്തില്‍ എല്ലാ മജിസ്‌ട്രേട്ട് കോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഷ്ടം ഇതിലധികമാണെങ്കില്‍ ആ തുകയും ക്ലെയിംസ് കമ്മീഷണര്‍ക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഹര്‍ത്താലെന്ന സമരാഭാസം ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്ന സകലര്‍ക്കുമുള്ള കനത്ത അടിയാണിത്. പൊതുമുതല്‍ നശിപ്പിക്കുന്ന ഓരോ വ്യക്തിക്കുമെതിരെയും ഈ വിധി നടപ്പാക്കണം. നഷ്ടപരിഹാരം ആ വ്യക്തിയില്‍ നിന്നു തന്നെ ഈടാക്കി അര്‍ഹതയുള്ളവര്‍ക്കു കൊടുക്കണം. എങ്കില്‍ മാത്രമേ ഇതുപോലുള്ള സമരാഭാസങ്ങളും ജനങ്ങളുടെ സ്വസ്ഥജീവിതത്തിനു നേരെയുള്ള കൈയ്യേറ്റങ്ങളും അവസാനിക്കുകയുള്ളു. കേരളത്തില്‍ ഇതുവരെ ഹര്‍ത്താല്‍ നടത്തിയിട്ടുള്ള സകല പാര്‍ട്ടികളുടേയും നേതാക്കളില്‍ നിന്നും ഇതുപോലെ നഷ്ടപരിഹാരം ഈടാക്കണം. അതോടെ തീരും, നേതാക്കളുടെ ഈ സമരാഭാസം.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു