ലൈംഗിക വൈജാത്യത്തെ മാനിച്ചേ തീരൂ

ആദില നസ്രിനും നൂറ ഫാത്തിമയും. എല്ലാ എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നായവര്‍. അധ്വാനിച്ച്, സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മുന്നോട്ടു പോയിട്ടും ഇന്നും ഈ സമൂഹം ഇവരെ വേട്ടയാടുന്നു. കാരണം, സമൂഹത്തിന്റെ തലച്ചോറില്‍ ആഴത്തില്‍ പതിഞ്ഞ ആണ്‍-പെണ്‍ ലൈംഗികതയ്ക്കു വെളിയില്‍ നില്‍ക്കുന്നവരാണവര്‍. മാനസിക രോഗികളെന്നും പ്രപഞ്ചത്തിന്റെ നാശത്തിനു കാരണമെന്നും മുദ്രകുത്തി കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇവരെ ഇന്നും നേരിടുന്നു ചിലര്‍ (sexual orientation).

ആണും പെണ്ണുമല്ലാത്തൊരു ലൈംഗികത സാധ്യമല്ലെന്നും അല്ലാതുള്ളതെല്ലാം പ്രകൃതി വിരുദ്ധമെന്നും പറഞ്ഞു പഠിച്ച, അങ്ങനെ തന്നെ പഠിപ്പിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ച ഉടന്‍ തന്നെ ജനനേന്ദ്രിയം നോക്കി ആണോ പെണ്ണോ എന്നു തീരുമാനിക്കുന്നു നമ്മള്‍. ഒരു മനുഷ്യന്റെ ശരീരത്തിനു തൃപ്തിയേകുന്നത് എന്തു തരം പ്രവര്‍ത്തിയാണ് എന്നും ഏതു തരം ഇണയാണ് എന്നും തീരുമാനിക്കാന്‍ കഴിയുന്നത് ആ വ്യക്തിക്കു മാത്രമാണ്. അതിന് നമ്മള്‍ നമ്മുടെ വികാരങ്ങളെ മനസിലാക്കാനും അപഗ്രഥിക്കാനും പഠിക്കണം. ആണിനും പെണ്ണിനും ഉപരിയായി ഓരോ വ്യക്തിയും സ്വന്തം ലൈംഗികത എന്താണെന്നു കണ്ടെത്തിയേ തീരൂ.

പേടിയും മടിയും കൂടാതെ സ്വന്തം ലൈംഗികതയെക്കുറിച്ചു സംസാരിക്കാന്‍ ധൈര്യമുള്ള എത്ര പേരുണ്ട് നമുക്കിടയില്‍? എന്താണ് സ്വന്തം ലൈംഗികതയെന്നു ചിന്തിക്കാന്‍ പോലും ഭൂരിഭാഗം പേര്‍ക്കും മടിയാണ്. ഓരോ മനുഷ്യന്റെയും ലൈംഗികത വ്യത്യാസപ്പെട്ടിരിക്കും. അവനവന്റെ ശരീരത്തിനും മനസിനും പരിപൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന ഇണയെ കണ്ടെത്തുക എന്നത് ഈ സമൂഹം ഒരിക്കലും അംഗീകരിക്കാത്തൊരു കാര്യമാണ്്. പ്രായപൂര്‍ത്തിയായിട്ടും സ്വന്തമായി ഇണകളെ കണ്ടെത്താന്‍ പോലും പലര്‍ക്കും ഇവിടെ സ്വാതന്ത്ര്യമില്ല. ജാതിയും മതവും സമ്പത്തും സ്ഥാനമാനങ്ങളും നോക്കിയാണ് ഇന്നും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. എടുത്ത തീരുമാനം പിഴച്ചു പോയാല്‍, തിരിച്ചിറങ്ങാനുള്ള പഴുതുകളും അടച്ചിട്ടുണ്ടാവും ഈ സമൂഹം. കെട്ടിയില്ലേ, കുട്ടിയായില്ലേ, ജീവിതം തീര്‍ന്നില്ലേ, ഇതു വിധിയാണ്, അനുഭവിച്ചു തീര്‍ക്കുക എന്ന ന്യായവാദങ്ങളുമായി മുന്നിലുണ്ടാവും അവര്‍.

മനുഷ്യര്‍ക്കിടയില്‍ പല തരം ലൈംഗികതകളുണ്ട്. Heterosexual, Bisexual, Homosexual, Pansexual എന്നിവ ഇത്തരത്തില്‍ ചിലതു മാത്രം. ഇണയെ കെട്ടിയിട്ടും അതിക്രൂരമായി ദ്രോഹിച്ചും ലൈംഗികത നേടുന്നവരുണ്ട്. അതുപോലെ തന്നെ, അതികഠിനമായ രീതിയില്‍ മര്‍ദ്ദനമേറ്റുള്ള ലൈംഗിക സംതൃപ്തികളുമുണ്ട്. ഒരാളുടെ sexual orientation ഏതാണ് എന്നു തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്. അതു തിരിച്ചറിയണമെങ്കില്‍ അവര്‍ ആ പ്രായത്തിലേക്കു വളരണം. മനുഷ്യരില്‍ ഭൂരിഭാഗം പേരും heterosexual ആണ്. അതിനാല്‍, മറ്റെല്ലാ ലൈംഗികതയും തെറ്റാണ് എന്ന് അവര്‍ വിധിയെഴുതുന്നു. മറ്റു ലൈംഗികത അഭിരുചിയുള്ളവരെ കെട്ടിയിട്ടു തല്ലിയാലോ ഹോര്‍മോണ്‍ ചികിത്സ നല്‍കിയാലോ ഓപ്പറേഷന്‍ നടത്തിയാലോ മാറ്റിയെടുക്കാന്‍ പറ്റുമെന്നും ഇതൊരു മാനസിക രോഗമാണെന്നും നമ്മള്‍ വിധിയെഴുതുന്നു.

ഇത്തരം ചികിത്സയിലൂടെയോ ശിക്ഷകളിലൂടെയോ ഉപദേശത്തിലൂടെയോ കെട്ടിയിട്ടോ Heterosexual ആയ ഒരാളെ homosexual ആയോ, bisexual ആയോ, pansexual ആയോ മാറ്റാന്‍ സാധിക്കില്ല. എന്നിട്ടും നമ്മള്‍ പറയുന്നു, homosexual ആയ ഒരാളെ തല്ലി ശരിയാക്കാന്‍ പറ്റുമെന്ന്!

ഓരോ മനുഷ്യന്റെയും sexual orientation തീരുമാനിക്കപ്പെടുന്നത് ജനനത്തിനും മുന്‍പേ തന്നെയാണ്. നമ്മുടെ ജൈവ ഘടനയുടെ അടിസ്ഥാനത്തിലാണ് ഓരോ മനുഷ്യരുടെയും ലൈംഗികത കുടികൊള്ളുന്നത്. അതില്‍ യാതൊരു തരത്തിലും മാറ്റം വരുത്താന്‍ ആര്‍ക്കും സാധിക്കില്ല. അതിനാല്‍ തന്നെ മരുന്നുകൊണ്ടോ ചികിത്സ കൊണ്ടോ ശിക്ഷകള്‍ കൊണ്ടോ മാറ്റാന്‍ പറ്റുന്ന ഒന്നല്ല ഇത്. Heterosexual ആയ പലരും മറ്റു sexual orientation ഉള്ളവരെ ഒറ്റപ്പെടുത്തുകയും ശകാരിക്കുകയും കുറ്റപ്പെടുത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. ആളുകളുടെ ഈ മനോഭാവത്തിനു മാറ്റം വന്നേ തീരൂ. അവരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും ഓരോരുത്തരും മനസിലാക്കണം.

വ്യത്യസ്തമായ sexual orientation ഉള്ള ഒരു കുട്ടി നാളെ നമ്മുടെ കുടുംബത്തിലും ജനിച്ചേക്കാം. അതറിയുന്ന നിമിഷം അവരെ ഈ സമൂഹത്തിന്റെ കഴുകന്‍ കരങ്ങളിലേക്കു വലിച്ചെറിയുകയല്ല വേണ്ടത്. അവരെ ചേര്‍ത്തു പിടിക്കാനും അവരുടെ ലൈംഗികതയെ അംഗീകരിക്കാനും കഴിയണം. അവരെ അത്തരത്തില്‍ ജീവിക്കാന്‍ അനുവദിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ യാതൊന്നുമില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.

ഈ പൊതു സമൂഹത്തിനു മുന്നില്‍ നമുക്കൊരു gender identity ഉണ്ടാവണം. അതിനു മാത്രമാണ് പുരുഷനെന്നോ സ്ത്രീയെന്നോ ആദ്യമേ തന്നെ വ്യക്തമാക്കുന്നത്. പക്ഷേ, നമ്മുടെ ലൈംഗികത ഏതാണ് എന്ന് ജനന സമയത്ത് തീരുമാനിക്കപ്പെടുന്നില്ല. ശരീരത്തില്‍ ഹോര്‍മോണുകള്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമ്പോള്‍, ലൈംഗികത തിരിച്ചറിയുന്ന കാലത്തു മാത്രമേ അതേക്കുറിച്ച് വ്യക്തത കൈവരികയുള്ളു. അതിനാല്‍, ഈ ലൈംഗിക ന്യൂനപക്ഷങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ ഈ സമൂഹം തയ്യാറായേ തീരൂ.

ലൈംഗിക ന്യൂനപക്ഷത്തില്‍ പെട്ട ചില ആളുകള്‍ തങ്ങളുടെ വ്യത്യസ്തമായ ചിന്തകളെയും വികാരങ്ങളെയും ചെറിയ പ്രായത്തില്‍ തന്നെ തിരിച്ചറിയും. അതു വെളിപ്പെടുത്തുന്ന നാള്‍ മുതല്‍ ഈ സമൂഹത്തില്‍ നിന്നും അവര്‍ നേരിടുന്നത് അതിശക്തമായ അവഗണനകളും അധിക്ഷേപങ്ങളുമാണ്. ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമായി ജീവിക്കുന്നവരുണ്ട്, അതുപോലെ തന്നെ തിരിച്ചും. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഈ ഭൂമിയില്‍ സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ അവരെ അനുവദിക്കുക എന്നതാണ് ഒരു പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്.

പ്ലസ് ടു കാലമെത്തും വരെയും ഏതൊരു പെണ്‍കുട്ടിയെയും പോലെ ആണ്‍-പെണ്‍ പ്രണയങ്ങളെന്ന സങ്കല്‍പ്പത്തില്‍ ജീവിച്ചവരാണ് ആദിലയും നൂറയും. അവര്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍, അടുത്തിടപഴകിയപ്പോള്‍, അടുത്തപ്പോള്‍, പിന്നീട് അകന്നപ്പോള്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും ആഴവും അവര്‍ തിരിച്ചറിഞ്ഞു. അവരുടെ ബന്ധത്തെ അംഗീകരിക്കാന്‍ തക്ക വിധം ഈ സമൂഹം വളര്‍ച്ച നേടിയിട്ടില്ല.

അതിക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളിലൂടെ കടന്നു പോയാലും ഒരാള്‍ മറ്റൊരാളെ കൊന്നുതള്ളിയാലും വിവാഹ ജീവിതം തുടര്‍ന്നുകൊണ്ടു പോകണമെന്നു നിഷ്‌കര്‍ഷിക്കുന്ന ഈ സമൂഹത്തില്‍ നിന്നും ഇത്ര മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു. ഇത് സ്വന്തം ജീവിതമാണെന്നും അത് ഏതു വിധത്തില്‍ വേണമെന്നു തീരുമാനിക്കാനുള്ള അവകാശം അവരവര്‍ക്കു തന്നെയാണെന്നും തിരിച്ചറിയാനും ആ ബോധ്യത്തില്‍ അടിയുറച്ചു മുന്നോട്ടു പോകാനും സാധിച്ചാല്‍ മാത്രമേ സംതൃപ്തമായൊരു ജീവിതം സാധ്യമാകുകയുള്ളു. അതിനുള്ള മനക്കരുത്താണ് ഓരോ വ്യക്തിയും നേടിയെടുക്കേണ്ടത്. സ്‌നേഹത്തിന്റെ കരുത്തില്‍ ജീവിക്കുന്ന ആദിലയെയും നൂറയെയും പോലുള്ളവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക എന്നതു മാത്രമാണ് ഈ സമൂഹത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നത്. Heterosexual ആയ ഒരാളുടെയും ജീവിതത്തില്‍ മറ്റു sexual orientation ല്‍ പെട്ട ഒരാള്‍ പോലും ഇടപെടുന്നില്ല, ചോദ്യം ചെയ്യുന്നുമില്ല. അതേ മാനസിക വികാസം തന്നെ heterosexual ആയ മനുഷ്യരില്‍ നിന്നും ലൈംഗിക ന്യൂനപക്ഷങ്ങളും പ്രതീക്ഷിക്കുന്നു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, അതാവട്ടെ ഓരോ മനുഷ്യനെയും മുന്നോട്ടു നയിക്കുന്ന തത്വം.

……………………………………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു