Headlines

മനുഷ്യദൈവത്തിന് ബിന്ദു എന്നും പേരുണ്ട്

Thamasoma News Desk

അനന്തകോടി കാരുണ്യം കാണിക്കുന്നവരെയും അതിലുമേറെ വെറുപ്പുപടര്‍ത്തുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. വലംകൈ ചെയ്യുന്നത് ഇടംകൈ പോലുമറിയാതെ കാരുണ്യത്തിന്റെ അലകടലാകാന്‍ സാധിക്കും ചില മനുഷ്യര്‍ക്ക്. ദാനം ചെയ്യുന്നത് ചില്ലറകളായാലും അതിന്റെ ഫലം തനിക്കു വേണമെന്നു ശഠിക്കുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. ചെയ്ത നന്മയുടെ പേരില്‍ സമ്പന്നരാകുകയും ബിസിനസ് സാമ്രാജ്യത്തിന് ശക്തിപകരുകയും നന്മ മരങ്ങളാകാന്‍ മത്സരിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍, വ്യത്യസ്ഥയായൊരു വ്യക്തി. മനുഷ്യകുലത്തിലെ ദൈവത്തിനു പേര്‍ ബിന്ദു എന്നുകൂടിയാണ്! (The real God)

എന്താണ് ബിന്ദുവിനെ വ്യത്യസ്ഥയാക്കുന്നത്? സ്വയം ജീവിക്കുക മാത്രമല്ല, ജീവന്‍ നിലനിര്‍ത്താനുള്ള തന്റെ ഇത്തിരി നാണയത്തുട്ടില്‍ നിന്നും സഹജീവിക്കായി അവര്‍ ഏറിയ പങ്കും മാറ്റിവച്ചു! അതവര്‍ കൊട്ടിഘോഷിച്ചില്ല, തന്റെ നന്മ ആരുമറിയാതെ അവര്‍ സൂക്ഷിച്ചു, കാരണം, അവര്‍ ജീവിപ്പിച്ച ആ മനുഷ്യജീവന്റെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കുക എന്നത് അവര്‍ക്ക് ഏറെ പ്രധാനമായിരുന്നു. കാരുണ്യം സ്വീകരിക്കുന്നവരെ മാത്രമല്ല, അവരുടെ കുടുംബക്കാരെ ഒന്നടങ്കം പൊതുസമൂഹത്തിലേക്കു വലിച്ചിഴച്ച് തങ്ങള്‍ കൊടുത്ത കാരുണ്യത്തെക്കുറിച്ച് വാതോരാതെ പുകഴ്ത്തുന്നവര്‍ക്കിടയില്‍ ബിന്ദു വ്യത്യസ്ഥയാണ്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും ജന്ററിനുമപ്പുറം സഹജീവികളിലേക്കു നീളുന്ന സ്‌നേഹത്തിന്റെ മാതൃക…

ശരണ്യ എം ചാരു ഫേയ്‌സ് ബുക്കില്‍ കുറിച്ച വരികള്‍ ഇതാ….

അഞ്ജു മരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ…
വിഷുവിന്റെ അന്ന് രാവിലെ ഒരു സുഹൃത്ത് വിളിച്ച് നീ തിരക്കിലാണോ എനിക്കൊരു വിഷയം പറയാനുണ്ടെന്ന് പറഞ്ഞു. ചെറുപുഴ ഹോസ്പിറ്റലില്‍ ജേര്‍ണലിസത്തില്‍ അടക്കം നാല് വിഷയങ്ങളില്‍ പിജി കഴിഞ്ഞ ഒരു രോഗിയുണ്ട്, കിടക്കുന്നു, എഴുത്തുകാരിയാണ്, ടീച്ചര്‍ ആയിരുന്നു, വീട്ടുകാരോ ബന്ധുക്കളോ ഇല്ല, ആമവാതമാണ് അസുഖം ഇനി മുന്നോട്ട് അധികം ജീവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്ന് പറഞ്ഞു. അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് പോയ ആശുപത്രിയില്‍ നിന്ന് പരിചയപ്പെട്ട ഒരു സുഹൃത്ത്, പേര് ബിന്ദു, അവരാണ് കഴിഞ്ഞ 20 വര്‍ഷമായി അഞ്ജുവിനേ പരിചരിക്കുന്നത്, കൂടെ താമസിപ്പിക്കുന്നത്. മുഴുവന്‍ സമയ വീല്‍ ചെയറിലായ അഞ്ജുവിനെ കുളിപ്പിക്കുന്നത് മുതല്‍ ഭക്ഷണം വാരി കൊടുക്കുന്നത് വരെ ബിന്ദു ചേച്ചി ആണെന്ന് പറഞ്ഞു. അതാണ് വാര്‍ത്ത. ദി റിയല്‍ കേരള സ്റ്റോറി.

വിഷു ആയിട്ടും അന്ന് ഉച്ച കഴിഞ്ഞു ഞങ്ങള്‍ ചെറുപുഴയ്ക്ക് പോയി. അഞ്ജുവിന്റെ ഫോട്ടോ എനിക്ക് നേരത്തെ കിട്ടിയിരുന്നു, കാണാന്‍ പോകും മുന്‍പേ തന്നെ അവരുടെ എഴുത്തുകള്‍ ഞാന്‍ വായിച്ചിരുന്നു. ഇപ്പോഴത്തെ അവരുടെ അവസ്ഥയും ഏറെക്കുറെ എനിക്ക് പുതിയ ഫോട്ടോയില്‍ നിന്നും മനസ്സിലായിരുന്നു. അതോണ്ട് തന്നെ റൂമില്‍ കയറി അവരെ കാണാനുള്ള ധൈര്യം എനിക്ക് വന്നില്ല. റൂമിന് വെളിയിലെ ബെഞ്ചിലിരുന്ന് ഞാന്‍ ബിന്ദുവേച്ചിയോട് സംസാരിച്ചു. അവര്‍ അവരുടെ കഥ പറഞ്ഞു.

വടകരക്കാരിയാണ് അഞ്ജു, അഞ്ജു പി ഗോപാല്‍ എന്നാണ് മുഴുവന്‍ പേര്. ഏകദേശം അവരുടെ ഡിഗ്രി പഠനകാലത്താണ് ആമവാതമെന്ന അസുഖം അവരെ ബാധിക്കുന്നത്. അച്ഛനോ അമ്മയോ ബന്ധുക്കളോ ആരും ഇല്ല. ഒരു ചെറിയച്ഛനാണ് പഠിപ്പിച്ചത്, അദ്ദേഹം മരിച്ചപ്പോള്‍ മുതല്‍ ഒറ്റയ്ക്കാണ് അഞ്ജു. പയ്യന്നൂരില്‍ ഒരു പ്രകൃതി ചികിത്സ കേന്ദ്രമുണ്ടായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ബിന്ദുവേച്ചി അവിടുത്തെ ജോലിക്കാരിയായിരുന്നു, പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ആദ്യമായി അഞ്ജുവിനേ ബിന്ദു കാണുന്നത് അവിടെ ചികിത്സയ്ക്ക് വന്നപ്പോഴാണ്. ചികിത്സ കഴിഞ്ഞു തിരികെ പോകുമ്പോള്‍ അഞ്ജു ബിന്ദു ചേച്ചിയെ അവരുടെ സഹായത്തിന് ഒപ്പം കൂട്ടി. അഞ്ജു പഠിപ്പിച്ച തലശ്ശേരിയിലെ കോളേജില്‍ അടക്കം ബിന്ദു അവര്‍ക്ക് കൂട്ട് പോയി, കൂട്ടിരുന്നു. മുകളിലത്തെ നിലയിലെ ക്ലാസ് മുറിയിലേക്ക് അഞ്ജുവിനെ കൈ പിടിച്ചു നടത്തി. അസുഖം ഇടയ്ക്കിടെ വന്നും പോയിമിരുന്നു. ഇടയ്ക്ക് മൂര്‍ച്ചിച്ചു. ആയിടയ്ക്ക് അതായത് 20 വര്‍ഷം മുന്നേ അഞ്ജുവിന്റെ കൂടെ ഉണ്ടായിരിക്കെ തന്നെ ബിന്ദുവേച്ചി ഹരി എന്ന കാര്‍പെന്ററെ കല്യാണം കഴിച്ചു. കല്യാണം കഴിഞ്ഞ് ആഴ്ച്ച ഒന്ന് തികയും മുന്നേ അവരുടെ വാടക വീട്ടിലേക്ക് ബിന്ദുവേച്ചി അഞ്ജുവിനെ കൂടെ കൊണ്ട് വന്ന് താമസിപ്പിച്ചു. ഹരി ബിന്ദുവിന് അവരോടുള്ള സ്‌നേഹത്തില്‍ കരുതലില്‍ അവരുടെ കൂടെ നിന്നു. അയാള്‍ അഞ്ജുവിനൊരു സഹോദരനായി. പിന്നീടുള്ള 20 വര്‍ഷത്തിനിടയില്‍ പല വാടക വീടുകള്‍, പല സ്ഥലങ്ങള്‍, അവര്‍ ഒരുമിച്ചു ജീവിച്ചു. അഞ്ജു പൂര്‍ണ്ണമായും വീല്‍ ചെയറില്‍ ആയിട്ട് തന്നെ വര്‍ഷം എട്ട് കഴിഞ്ഞു.

വീട്ടുകാരെ കുറിച്ചൊന്നും അഞ്ജു തുറന്ന് സംസാരിക്കാറില്ല, ബിന്ദു ഇന്നോളം ഒന്നും ചോദിച്ചിട്ടുമില്ല. നന്നായി എഴുതും, വായിക്കും, ഭൂമിക്ക് കീഴിലെ സകലതിനേ കുറിച്ചും സംസാരിക്കും. ബിന്ദുവമ്മേ എന്നാണ് അഞ്ജു അവരെ വിളിക്കുന്നത്. അവളെ കുറിച്ചു പറയുമ്പോഴെല്ലാം അവര്‍ അവരുടെ കുഞ്ഞിനെ കുറിച്ചു സംസാരിക്കും പോലെ വാചാലയായി. അവര്‍ തമ്മില്‍ അഗാധമായൊരു ബോണ്ട് ഉണ്ടായിരുന്നു എന്നെനിക്ക് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി.
ബിന്ദുവിന് ജോലിയില്ല, അഞ്ജുവിനെ ഒറ്റയ്ക്ക് വിട്ടിട്ട് ജോലിക്ക് പോകാനും അവര്‍ക്ക് കഴിയുമായിരുന്നില്ല. ഹരിക്ക് കിട്ടുന്ന ചെറിയ വരുമാനത്തില്‍ കുടുംബം മുന്നോട്ട് പോയി. അഞ്ജുവിന്റെ ചികിത്സയ്ക്ക് വിരലില്‍ എണ്ണാവുന്ന അഞ്ജു പഠിപ്പിച്ചതും, കൂടെ ജോലി ചെയ്തതുമായ സുഹൃത്തുക്കള്‍ ചെറിയ തുക നല്‍കി മാസം സഹായിച്ചു.

ചേച്ചി, നിങ്ങളീ ചെയ്യുന്നതിന്റെ മൂല്യം നിങ്ങള്‍ക്ക് അറിയാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ബിന്ദു പറഞ്ഞത് അഞ്ജു അവളുടെ ദുരിതം വിറ്റ് ജീവിക്കാന്‍ തയ്യാറല്ലാത്ത സ്ത്രീയാണ്, അത് കൊണ്ട് എന്നെ പറ്റി നിങ്ങള്‍ എഴുതിയാല്‍ അവളെ കുറിച്ചു കൂടി പറയേണ്ടി വരും, അതവള്‍ക്ക് സങ്കടമാകും. ഇത്രേം കാലം ഞാന്‍ അവളെ നോക്കിയില്ലേ, ഈ അവസാന കാലത്ത് അവള്‍ക്കിഷ്ടമില്ലാത്തത് ചെയ്ത് അവളെ യാത്രയാക്കാന്‍ എനിക്ക് താത്പര്യമില്ല എന്നായിരുന്നു. ഞാന്‍ അവര്‍ക്ക് മുന്നില്‍ ഒന്നുമല്ലാതായി പോകും പോലെ തോന്നി എനിക്ക്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് മനുഷ്യനോട് ഏറ്റവും സ്‌നേഹമുള്ളൊരു സ്ത്രീ ആയി എനിക്കവരെ അനുഭവപ്പെട്ടു.

അവരെ ലോകം അറിയേണ്ടതുണ്ടെന്നും അവര്‍ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും പൂര്‍ണ്ണ ബോധ്യമുണ്ടെന്നിരിക്കെ പോലും പിന്നെ ഞാന്‍ അവരെ അതിന് നിര്‍ബന്ധിച്ചില്ല. സ്വന്തമായൊരു വീടില്ല, റേഷന്‍ കാര്‍ഡ് ഇല്ല, ഒരു സെന്റ് ഭൂമിയില്ല, എന്നിട്ടും കഴിഞ്ഞ 20 വര്‍ഷമായി അവര്‍ അവരുടെ ആരുമല്ലാത്ത, എന്തെങ്കിലും രക്തബന്ധമോ, എന്തിന് നേരത്തെ കണ്ടോ സംസാരിച്ചോ പരിചയമോ ഇല്ലാത്ത ഒരു സ്ത്രീക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വച്ചിരിക്കുന്നു. അവരെ സംരക്ഷിക്കുന്നു, അവര്‍ക്ക് കൂട്ടിരിക്കുന്നു, കുളിപ്പിക്കുന്നു, ഭക്ഷണം കൊടുക്കുന്നു. ഇടത് കൈ ചെയ്യുന്നത് വലുത് കൈ അറിയരുതെന്ന് അവരെ കേട്ടിരുന്ന എന്നോട് ധീരമായി പറയുന്നു. അവള്‍ക്ക് കൂട്ടിരുന്നതിന് കിട്ടുന്ന ഒരംഗീകാരവും, പേരും വേണ്ടെന്ന് ഉറപ്പിക്കുന്നു.

ബിന്ദുവിനോട് യാത്ര പറഞ്ഞ് ആ ആശുപത്രി വിടുമ്പോ എനിക്കറിയാമായിരുന്നു കൂടിപ്പോയാല്‍ മൂന്ന് ദിവസത്തിനകം അഞ്ജു മരിച്ചു പോകുമെന്ന്. അസ്ഥികള്‍ ചുരുങ്ങി വളഞ്ഞ, മസിലുകള്‍ അയഞ്ഞ, കൂടിപ്പോയാല്‍ ഒരു 15 കിലോ തൂക്കത്തില്‍ ആ ആശുപത്രി കിടക്കയില്‍ വേദനിച്ചു കിടന്നൊരു മാംസ കഷണം മാത്രമായിരുന്നു അവസാന നാളിലെ അഞ്ജു. ശ്വാസം ഉണ്ടെന്നതൊഴിച്ചാല്‍ ജീവന്‍ ഉണ്ടെന്ന് പറയാന്‍ ഒരനക്കമോ മൂളിച്ചയോ പോലും ബാക്കിയുണ്ടായിരുന്നില്ലെങ്കിലും ബിന്ദു എന്നോട് സംസാരിച്ചിരിക്കെ പോലും ഒരു പത്ത് തവണ റൂമിന്റെ വാതില്‍ തുറന്നവളെ നോക്കിയിരുന്നു. ഇന്നവള്‍ പോയി. ഇക്കാലമത്രയും അവരനുഭവിച്ച വേദന അവസാനിച്ചു. അവരൊരുപിടി ചാരമായി. പക്ഷെ, ബിന്ദുവേച്ചി, അവര്‍ ആ മരണത്തെ എങ്ങനെ അതിജീവിക്കും എന്നെനിക്കറിയില്ല. ഇപ്പോഴെങ്കിലും ഇതെഴുതിയില്ലെങ്കില്‍ അവരീ ലോകത്തെ മറ്റെല്ലാ മനുഷ്യരെയും പോലെ ജീവിച്ചു മരിച്ചൊരാളായി മാത്രം തീരുമെന്നെനിക്ക് പേടി തോന്നുന്നു. അവരങ്ങനെ ഒരു സാധാരണ സ്ത്രീയല്ല. ബിന്ദുവിനെ ആളുകള്‍ അറിയണം, ലോകമറിയണം. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുണയുള്ള സ്‌നേഹമുള്ള മനുഷ്യത്വമുള്ള മനുഷ്യന്റെ മുഖമാണവര്‍ക്ക്…

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു