ആര്‍ എസ് എസ് കുതന്ത്രങ്ങള്‍ കേരളമണ്ണില്‍ നടക്കില്ല

Thamasoma News Desk

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവശ്വം ബോര്‍ഡ് ക്ഷേത്ര മൈതാനങ്ങളില്‍, ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച അതിശക്തമായ തീരുമാനമെടുത്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന 2018 ലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനെത്തുടര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കി മാറ്റിയിരുന്നു ഹിന്ദു സംഘടനകള്‍.

അന്ന്, ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത് അതിനിന്ദ്യമായ സമരാഭാസങ്ങളായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം സര്‍വ്വ പിന്തുണയും നല്‍കി ബി ജെ പിയ്‌ക്കൊപ്പം കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിലകൊണ്ടു. സുപ്രീം കോടതി വിധി നടപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാരാകട്ടെ കടുത്ത പ്രതിസന്ധിയിലുമായി. അന്നുമുതല്‍, കേരളത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഹിന്ദുത്വസംഘടനകള്‍. ഇതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നതാകട്ടെ, ക്ഷേത്ര പരിസരങ്ങളാണ് എന്നതാണ് ഏറെ ആശങ്കാകരം.

കേരളത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി സര്‍ക്കാരിനെ മറച്ചിടാനും തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസ സംരക്ഷകരെന്ന ഖ്യാതി നേടിയെടുക്കാനും കോണ്‍ഗ്രസും ശ്രമിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിച്ച് അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി ജെ പിയും. പ്രത്യക്ഷത്തില്‍ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച്, വിശ്വാസ സംരക്ഷകരെന്ന ഗുണ്ടകള്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്കു കുട പിടിക്കുകയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍.

ടി ഡി ബി ക്ഷേത്ര മൈതാനങ്ങളില്‍ ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത് ഒക്ടോബര്‍ 20 നാണ്. ശബരിമല ക്ഷേത്രമുള്‍പ്പെടെ 1200-ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ളത്. 2016ല്‍ ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് മാസ് ഡ്രില്ലുകളും ആയുധ പരിശീലന പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ടിഡിബി സര്‍ക്കുലര്‍ ആദ്യമായി പുറത്തിറക്കുന്നത് 2016 ലാണ്. 2021-ല്‍ ബോര്‍ഡ് വീണ്ടും ഇതേ വിഷയത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാലിപ്പോള്‍, ക്ഷേത്രങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള തീരുമാനമാണ് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്.

ക്ഷേത്രപരിസരത്ത് എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ ലോക്കല്‍ പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യണം. വിപ്പ് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. രാഷ്ട്രീയ/മത സംഘടനകളുടെ ഏതെങ്കിലും ഒറ്റ നിറത്തിലുള്ള പതാകകള്‍ പറത്തുന്നതും അനുവദിച്ചിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ ശാര്‍ക്കര ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് (അതും ടിഡിബിയുടെ കീഴിലാണ്) മാസ് ഡ്രില്ലുകളും ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവാണ് ടിഡിബിയുടെ ബലം. ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഭക്തര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘പ്രസ്തുത ക്ഷേത്രത്തിന്റെ പരിസരത്ത് മാസ് ഡ്രില്ലുകളോ ആയുധ പ്രയോഗങ്ങളോ അനുവദനീയമല്ലെന്നും നിരോധനം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും അന്ന് കോടതി വിധിച്ചിരുന്നു.

ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിക്കാനും ഭക്തരെ തുരത്താനുമുള്ള ഭരണകക്ഷിയായ സിപിഐഎമ്മിന്റെ ശ്രമമാണ് ഇതെന്നാണ് ആര്‍ എസ് എസിന്റെയും ഹിന്ദു സംഘടനകളുടേയും ആരോപണം. സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഒരു സര്‍ക്കുലര്‍ ഉപയോഗിച്ച് ഒരു സര്‍ക്കാരിനും ഭക്തരെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റാന്‍ കഴിയില്ല എന്നുമാണ് ആര്‍ എസ് എസിന്റെ വിശദീകരണം.

എന്നാല്‍, കോടതി ഉത്തരവുകള്‍ പാലിക്കുക മാത്രമാണ് ബോര്‍ഡ് ചെയ്തതെന്ന് ടിഡിബി പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു. ‘ഞങ്ങളുടെ നിര്‍ദ്ദേശത്തില്‍ രാഷ്ട്രീയമൊന്നുമില്ല. ക്ഷേത്ര പരിസരം തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഞങ്ങള്‍ അതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്ഷേത്രങ്ങള്‍ ആയുധ പരിശീലനത്തിനോ കൂട്ട അഭ്യാസത്തിനോ ഉള്ള സ്ഥലമല്ല എന്നു പോലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പല ക്ഷേത്ര പരിസരങ്ങളും ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ടും മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല,’ അനന്തഗോപന്‍ വ്യക്തമാക്കി. കേരളത്തില്‍ മൂവായിരത്തിലധികം ക്ഷേത്രങ്ങളുണ്ട്, അവയുടെ ഭരണത്തിനായി അഞ്ച് ക്ഷേത്ര ബോര്‍ഡുകളുമുണ്ട്. ഇവയുടെ പരിപാലനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 230 കോടി രൂപ അനുവദിക്കുമ്പോള്‍ ശബരിമല ക്ഷേത്രത്തിന് 500 കോടി രൂപ അധികം ലഭിക്കും.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു