Headlines

അവളെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നോ ശിശുക്ഷേമസമിതി?

Jess Varkey Thuruthel 

അവളെ ആദ്യം പാര്‍പ്പിച്ചത് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിലായിരുന്നു. പക്ഷേ, ആ താമസം അത്ര സുഖകരമായിരുന്നില്ല. വഴിതെറ്റിപ്പോയ മകളോടു കാരുണ്യം കാണിക്കാന്‍ തക്ക വിശാല മനസ്‌കതയൊന്നും ക്രിസ്തുവിന്റെയാ മണവാട്ടിമാര്‍ക്ക് ഉണ്ടായിരുന്നില്ല. തെറ്റായ വഴിയുപേക്ഷിച്ച് ജീവിതത്തിലേക്കു തിരിച്ചു വരാന്‍ എല്ലാ സഹായങ്ങളും നല്‍കേണ്ടതിനു പകരം അവരവളെ ഉപദ്രവിച്ചു, അതികഠിനമായി ശകാരിച്ചു, കുറ്റപ്പെടുത്തി. ഒടുവില്‍ ആ മതില്‍ ചാടി അവള്‍ പുറത്തു വന്നു.

എപ്പോള്‍ ഓടിപ്പോയാലും ഒടുവിലവള്‍ എത്തിച്ചേരുന്നത് സ്വന്തം വീട്ടിലാണ്. ഇത്തവണയും ആ പതിവു തെറ്റിച്ചില്ല. കുട്ടമ്പുഴയുടെ സമീപത്തുള്ള അവളുടെ വീട്ടില്‍ നിന്നും ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ അവളെ പിടികൂടി, വീണ്ടും എറണാകുളത്തേക്ക്.

ഇനിയവളെ തൃശൂരിലെ ഏതെങ്കിലും ഹോമില്‍ പാര്‍പ്പിക്കാമെന്ന് അവളുടെ അമ്മയെയും കുഞ്ഞമ്മയെയും അറിയിച്ച ശേഷം അവരവളെ പാര്‍പ്പിച്ചത് കവളങ്ങാടുള്ള ഒരു ഹോമിലായിരുന്നു. മകളെവിടെ എന്ന ചോദ്യത്തിന് ‘കോതമംഗലത്ത്’ എന്നായിരുന്നു സമിതിയുടെ മറുപടി. പോക്‌സോ വകുപ്പുകള്‍ പ്രകാരം കൂട്ടാളിക്കൊപ്പം കോതമംഗലം പോലീസ് അവളെ പിടികൂടിയപ്പോള്‍ പാര്‍പ്പിച്ചത് കോതമംഗലത്തായിരുന്നു. അവിടെത്തന്നെയാവും ഇപ്പോഴും അവള്‍ എന്ന്് അവളുടെ ഉറ്റവര്‍ കരുതി. സുഖമില്ലാത്ത അവളുടെ അമ്മയെയും കൊണ്ടു ബസില്‍ പോകാനാവില്ല. അതിനാല്‍, എപ്പോള്‍ പോയാലും വണ്ടിവിളിച്ചു മാത്രമേ പോകാനാവൂ. കൂലിപ്പണിയെടുത്തു സ്വരുക്കൂട്ടിയ പണവും കൈയില്‍ കരുതി ഒരു ഓട്ടോയില്‍ അവര്‍ മകളെ തപ്പിയിറങ്ങി. കോതമംഗലത്ത് അവര്‍ ചെന്നു, അന്വേഷിച്ചു, പക്ഷേ, കണ്ടെത്തിയില്ല….

ക്ഷീണിച്ചവശരായി വീട്ടിലെത്തിയ അവര്‍ വീണ്ടും വിളിച്ചു, ശിശുക്ഷേമ സമിതിയിലേക്ക്. ‘നിങ്ങളോട് ആരാണ് കോതമംഗലത്തു പോയി മകളെ തെരയാന്‍ പറഞ്ഞത്? അവള്‍ കോതമംഗലത്തല്ല, കവളങ്ങാടാണ്’ എന്നായിരുന്നു അപ്പോള്‍ കിട്ടിയ മറുപടി. അവര്‍ നല്‍കിയ അഡ്രസും കൈയില്‍ പിടിച്ച് പിറ്റേന്നു തന്നെ അവര്‍ വീണ്ടുമിറങ്ങി. മകള്‍ എവിടെയെന്നു കണ്ടെത്തണമല്ലോ.

വഴി ചോദിച്ചു ചോദിച്ച്, ഒടുവില്‍ അവര്‍ ആ സ്ഥാപനം കണ്ടെത്തി. അവള്‍ അവിടെയുണ്ടായിരുന്നു. മുഖം നിറയെ ചിരിയോടെ അവള്‍ തന്റെ അമ്മയേയും കൊച്ചമ്മയെയും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെയും കെട്ടിപ്പിടിച്ചു സ്വീകരിച്ചു. അവള്‍ അവിടെ സന്തോഷവതിയായിരുന്നു…

പഠനകാര്യത്തിലേക്ക് അവള്‍ പൂര്‍ണ്ണമായും ശ്രദ്ധയൂന്നിയിരുന്നു. പഠിച്ചു ജോലി നേടണമെന്ന തീരുമാനമവള്‍ എടുത്തിരുന്നു. പക്ഷേ, ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഓഗസ്റ്റ് 19 ന് രാത്രി 9.45 ഓടുകൂടി അവള്‍ ബാത്‌റൂമിലെ ജനലില്‍ കെട്ടിത്തൂങ്ങി മരിച്ചു…

കേരളത്തിലെ മയക്കുമരുന്നിന്റെ കേന്ദ്രമാണ് കോതമംഗലം. അതിവിപുലവും ശക്തവുമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. പലപല ഗ്യാങുകള്‍, പല പല പേരുകള്‍. അതിലുള്‍പ്പെട്ട ഒരു പെണ്‍കുട്ടിയാണ് തൂങ്ങിമരിച്ചത്. വീട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ മനോവിഷമത്തില്‍ തൂങ്ങിയതാണെന്നു പോലീസ്. അവള്‍ സന്തോഷവതിയായിരുന്നുവെന്ന് ഹോം അധികാരികള്‍. മാസമുറ മൂലമുള്ള മനോവിഷമമെന്നു മറ്റൊരു കൂട്ടര്‍…

മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവരുടേയും അത് ഉപയോഗിക്കുന്നവരുടേയും കമ്പനിയില്‍ പെട്ടുപോയ ആ പെണ്‍കുട്ടിയെ അവിടെ നിന്നും രക്ഷപ്പെടുത്തി അവരുടെ മധ്യത്തില്‍ തന്നെ ശിശുക്ഷേമ സമിതി താമസിപ്പിച്ചത് എന്തിനായിരുന്നു? അവളെ ആദ്യം താമസിപ്പിക്കാന്‍ ശ്രമിച്ചത് നേര്യമംഗലത്തായിരുന്നു, പക്ഷേ, ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്നവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവളെ അവിടെ നിന്നും മാറ്റുകയായിരുന്നു എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലവും സമീപ പ്രദേശങ്ങളും മയക്കുമരുന്നു കേന്ദ്രങ്ങളുടെ കൈപ്പിടിയിലാണ്. ആ പെണ്‍കുട്ടി ഉള്‍പ്പെട്ട കേസ് എന്താണെന്ന് വ്യക്തമായി അറിയാവുന്ന ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ മയക്കു മരുന്നു മാഫിയയുടെ കൈകളിലേക്കു തന്നെ അവളെ എറിഞ്ഞു കൊടുക്കുകയായിരുന്നോ? തൃശൂരിലേക്കു മാറ്റുമെന്ന് ബന്ധുക്കളോടു പറഞ്ഞ ശേഷം ആരെയുമറിയിക്കാതെ എന്തിനായിരുന്നു അവളെ കവളങ്ങാടു പാര്‍പ്പിച്ചത്? ആ ഹോമില്‍ നിന്നും ഏകദേശം 3 കിലോമീറ്റര്‍ അകലെയുള്ള ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് അവള്‍ പോയിവന്നത് സ്വകാര്യബസിലായിരുന്നു. സ്‌കൂളിലേക്കു വരുമ്പോഴും പോകുമ്പോഴും മാഫിയയില്‍ പെട്ടവര്‍ക്ക് അവളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. അവരതു ചെയ്യുകയും ചെയ്തു. തന്നെ ആരൊക്കെയോ പിന്തുടരുന്നതായി അവള്‍ ഹോമിന്റെ നടത്തിപ്പുകാരെ അറിയിച്ചിരുന്നു. പക്ഷേ, അവരതിനെ കണ്ടത് ലാഘവത്തോടെ മാത്രം. ഹോമിന്റെ തൊട്ടടുത്തുള്ള ഊന്നുകല്‍ പോലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം അറിയിക്കാമായിരുന്നിട്ടും അവരതു ചെയ്തില്ല…

അവള്‍ മയക്കുമരുന്നിന് അടിമപ്പെട്ടു പോയിരിക്കാം, പക്ഷേ, തിരിച്ചു വരവ് അസാധ്യമായിരുന്നില്ല. പുറത്തിറങ്ങാന്‍ യാതൊരു സാധ്യതയുമില്ലാത്ത എറണാകുളത്തെ ഹോമില്‍ നിന്നും ആരുമറിയാതെ അതിവിദഗ്ധമായി പുറത്തു ചാടി അവള്‍. പക്ഷേ, സ്വാതന്ത്ര്യത്തോടെ സ്‌കൂളില്‍ പോകാന്‍ അവസരമുണ്ടായിരുന്ന കവളങ്ങാട്ടെ ഹോമില്‍ നിന്നും അവള്‍ ഓടി രക്ഷപ്പെട്ടില്ല, എന്തുകൊണ്ട്? ഹോമില്‍ നിന്നും രക്ഷപ്പെട്ടാലും തന്റെ ജീവനെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ പുറത്തുണ്ടെന്ന തിരിച്ചറിവാണോ അതിനു കാരണം? അവളുടെ മരണത്തിന്റെ ഉത്തരവാദി എന്ന സംശയക്കണ്ണുകളില്‍ നിന്നും മറഞ്ഞുനില്‍ക്കാന്‍ ശിശുക്ഷേമ സമിതിക്കാവില്ല.

ഇന്നിപ്പോള്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സാക്ഷ്യപ്പെടുത്തുന്നു, സംസ്ഥാന ശിശുക്ഷേമ സമിതി കെടുകാര്യസ്ഥതയുടെ കൂടാരമാണെന്ന്! ഗവര്‍ണര്‍ കൂടി പറഞ്ഞു കഴിഞ്ഞു. നേരെയാക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞതിനാലാവാം അദ്ദേഹം സമിതിയുടെ രക്ഷാധികാരി സ്ഥാനത്തു നിന്നും ഒഴിഞ്ഞത്.

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു