Headlines

ഒടുവില്‍ കോടതിയും വിധിച്ചു, പക്ഷേ, കുലസ്ത്രീ-പുരുഷന്മാര്‍ക്കിതു മനസിലാകുമോ?

Thamasoma News Desk

സ്ത്രീകളുടെ സ്വതന്ത്രമായ സഞ്ചാരത്തിനും ആരോഗ്യത്തിനും സാരി വലിയ പ്രതിബന്ധമാണെന്ന് കേരള ഹൈക്കോടതിയ്ക്കും ബോധ്യമായി. പക്ഷേ, ഈ വിധി അംഗീകരിക്കുമോ ഇവിടെയുള്ള കുലസ്ത്രീ-പുരുഷ കേസരികള്‍? ഇത്തരം അസ്വാതന്ത്ര്യങ്ങളും അനാരോഗ്യങ്ങളും അടിമ മനസ്ഥിതിക്കാരായ സ്ത്രീകള്‍ സ്വയം എടുത്തണിയുന്നവയാണ്. സ്വാതന്ത്ര്യത്തോടെ, കൈകാലുകള്‍ ചലിപ്പിക്കാനും ശുദ്ധവായു ശരീരത്തെ പൊതിയുവാനും ഉതകുന്ന തരത്തിലുള്ള വസ്ത്രധാരണ രീതി നിലവിലുള്ളപ്പോള്‍, സ്വയം പാരതന്ത്ര്യം ഏറ്റുവാങ്ങി സ്വയം പീഢിപ്പിക്കുകയാണ് ഇത്തരത്തില്‍പെട്ട സ്ത്രീകള്‍.

ജോലികളില്‍, പ്രത്യേകിച്ചും കോടതികളില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ ധരിക്കുന്ന സാരി അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ശരീരത്തിനുള്ളിലേക്ക് വായു സഞ്ചാരം അനുവദിക്കുന്ന ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിധിച്ചു.

കോടതിമുറികളില്‍ ചുരിദാര്‍ ധരിക്കാന്‍ അനുമതി തേടിയെത്തിയത് നൂറുകണക്കിനു വനിതാ ഉദ്യോഗസ്ഥരാണ്. ജഡ്ജിമാരായി സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ പരമ്പരാഗത സാരിയും വെള്ള നെക്ക് ബാന്‍ഡും കറുത്ത ഗൗണും ധരിക്കണമെന്നതായിരുന്നു നിയമം. അതിവിശിഷ്ടമായ വസ്ത്രധാരണ രീതിയായിട്ടാണ് സാരിയെ കണക്കാക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായി അറിയപ്പെടുന്നതും സാരി തന്നെ. പക്ഷേ, വായു സഞ്ചാരം കുറവുള്ള മുറികളില്‍ ജോലി ചെയ്യുമ്പോള്‍, ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ സ്ത്രീകളില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍, ഈ വസ്ത്രം സ്ത്രീകളുടെ ആരോഗ്യത്തെ വഷളാക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്‌നം കോടതിയില്‍ ഉന്നയിച്ചത് വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരാണ്. അവര്‍ ഉന്നയിച്ച വാദങ്ങള്‍ സൂക്ഷ്മമായി അവലോകനം ചെയ്യാന്‍ കേരള ഹൈക്കോടതി പ്രഗത്ഭരായ ജഡ്ജിമാരുടെ ഒരു കമ്മിറ്റിയെ വിളിച്ചുകൂട്ടിയിരുന്നു. പരമ്പരാഗതമായ ഈ വസ്ത്രത്തില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നത് അനിവാര്യമാണെന്നു കോടതി കണ്ടെത്തി. അതിനാല്‍, ഇനി മുതല്‍ കോടതി മുറിക്കുള്ളില്‍ നീളമുള്ള പാവാടയോ ചുരിദാറോ ഫുള്‍സ്ലീവ് ഷര്‍ട്ടോ ട്രൗസറോ ധരിക്കാവുന്നതാണ്.

സ്ത്രീകള്‍ക്ക് അനുകൂലമായ, അവര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ഏതു തീരുമാനമുണ്ടായാലും അതിനെല്ലാം ആദ്യം ഇടങ്കോലിടുന്നത് അടിമത്തം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ്. ഇത്തരം അടിമത്തത്തിലൂടെ അവര്‍ നേടിയെടുക്കുന്ന ചില സുഖസൗകര്യങ്ങളുണ്ട്. തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും എന്തിന് സ്വകാര്യ ഇടങ്ങളില്‍പ്പോലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്നും സ്ത്രീകള്‍ക്ക് പലരുടെയും അനുമതി വേണം. ഈ കാലഘട്ടത്തിലും സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത് എന്നത് പരമദയനീയമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു