Headlines

റോഡിലെ കടുത്ത കുറ്റകൃത്യങ്ങളില്‍ എന്തിനീ മൃദുസമീപനം?

Jess Varkey Thuruthel

ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ഇല്ലാതെ യാത്ര ചെയ്താല്‍ അവരവരുടെ ജീവനു മാത്രമേ ഭീഷണിയാകുന്നുള്ളു. പക്ഷേ, അമിത വേഗം, നടുറോഡിലെ റേസിംഗ് ഉള്‍പ്പടെയുള്ള അഭ്യാസങ്ങള്‍, അപകടകരമായ മറികടക്കലുകള്‍, മറ്റുള്ളവര്‍ക്ക് കൃത്യമായ സൂചനകള്‍ നല്‍കാതെയുള്ള ഡ്രൈവിംഗ് തുടങ്ങി നിരത്തിലെ നിരവധി ഗുരുതര കുറ്റകൃത്യങ്ങള്‍ റോഡ് ഉപയോഗിക്കുന്നവരുടെയെല്ലാം ജീവനോ ജീവിതമോ ആണ് ഇല്ലാതെയാക്കുന്നത്. സംസ്ഥാനത്ത് ഉടനീളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടും ഇപ്പോഴും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്കു പണമുണ്ടാക്കാനുള്ള തീവ്രയത്‌നത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. റോഡിലെ നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ റോഡിലെ ഈ അഹന്തകള്‍ അവസാനിക്കും.

ഓരോ വാഹനവുമോടിക്കുവാനുള്ള വേഗപരിധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഓടിക്കാന്‍ പാടില്ലെന്ന നിയമവുമുണ്ട്. പക്ഷേ, നിരത്തിലേക്കൊന്നു കണ്ണോടിച്ചാല്‍, ഈ വേഗപരിധി തെറ്റിച്ച് തലങ്ങും വിലങ്ങും ഇരുചക്രവാഹനങ്ങള്‍ പായിക്കുന്ന അനവധി പേരെ കാണാന്‍ സാധിക്കും. ഹെല്‍മെറ്റിലേക്കും സീറ്റ് ബെല്‍റ്റിലേക്കും സൂക്ഷ്മ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ണില്‍ പെട്ടില്ലെന്നുണ്ടോ ഈ നിയമലംഘനങ്ങള്‍?

മൂവാറ്റുപുഴയില്‍, നമിത എന്ന വിദ്യാര്‍ത്ഥിനിയെ വാഹനമിടിപ്പിച്ചു കൊന്ന ബൈക്ക് യാത്രികനായ ആന്‍സണ്‍ റോയ് കുറെക്കാലങ്ങളായി ഇത്തരത്തില്‍ വാഹനമോടിക്കുന്നതായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഇയാള്‍ക്കെതിരെ വധശ്രമമുള്‍പ്പടെ നിരവധി കേസുകളുമുണ്ട്. എന്നിട്ടും കൊല ചെയ്യാനുള്ള ആവേശം ഇവന് എവിടെ നിന്നുമുണ്ടായി? നിയമത്തിന്റെ അപര്യാപ്തത കൊണ്ടല്ല, മറിച്ച് കടുത്ത നിയമലംഘനങ്ങള്‍ നടത്തുന്നവരോടുള്ള മൃദുസമീപനവും നിയമം നടപ്പാക്കാനുള്ള വിമുഖതയുമാണ് ഇതിനു കാരണം.

റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചത് കഴിഞ്ഞ മാസമാണ്. ഈ ക്യാമറകള്‍ക്കും കൂടുതല്‍ താല്‍പര്യം ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റുമില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനാണ്.

വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 11 കേസുകളില്‍ പ്രതിയാണ് നമിതയെ വാഹനമിടിപ്പിച്ചു കൊന്ന ആന്‍സന്‍ റോയ് എന്ന് പോലീസ് പറയുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ച് ഇതിനു മുന്‍പും ഇയാള്‍ അപകടമുണ്ടാക്കിയിട്ടുണ്ട് എന്നും പോലീസ് പറയുന്നു. വാഹനമായാല്‍ ഇടിച്ചെന്നും മരിച്ചെന്നും വരും. അതിന് ഇത്ര പറയാനെന്തിരിക്കുന്നു എന്ന ഇയാളുടെ മറുപടി കൊണ്ടുതന്നെ, മുന്‍പ് ഇയാള്‍ ഉണ്ടാക്കിയിട്ടുള്ള അപകടങ്ങളില്‍ കാര്യമായ ശിക്ഷ ഇയാള്‍ക്കു ലഭിച്ചിട്ടില്ല എന്നു വ്യക്തം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നയാളാണ് ആന്‍സനെന്നും ആരോപണമുണ്ട്.

എത്ര കടുത്ത നിയമലംഘനങ്ങള്‍ നടത്തിയാലും കുറ്റകൃത്യങ്ങള്‍ ചെയ്താലും അവരെ സംരക്ഷിക്കാനിവിടെ ആളുകളുണ്ട്. ഏതാനും ദിവസത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, ഓരോരുത്തരും അവരവരുടെ ജീവിതത്തിരക്കിലേക്കു മടങ്ങിപ്പോകും. അതോടെ, ആന്‍സന്‍ ചെയ്ത കൊലയും ആളുകള്‍ പതിയെ മറക്കും. കേസ് കോടതിയിലെത്തിയാല്‍ ഇത്തരക്കാര്‍ക്കു വേണ്ടി മുന്തിയ വക്കീലും ഹാജരാകും. പ്രതി മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ പിടിയിലായിരുന്നുവെന്നോ മാനസിക രോഗിയാണെന്നോ ഉള്ള ന്യായീകരണങ്ങളെത്തും. നിസ്സാര ശിക്ഷ നല്‍കി ഇവരെ വീണ്ടും ഈ സമൂഹത്തിനിടയിലേക്ക് ഇറക്കി വിടും, നിരപരാധികളെ കൊന്നുതള്ളാനായി. പണവും സ്വാധീനവുമുള്ളവര്‍ നെഞ്ചും വിരിച്ചു പുറത്തിറങ്ങും. കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ മുന്നിലൂടെ കൊലവിളിയുമായി വീണ്ടുമെത്തും.

റോഡിന്റെ പ്രശ്‌നം കൊണ്ടോ അധികാരികളുടെ അനാസ്ഥ കൊണ്ടോ അല്ലാതെ നടക്കുന്ന എല്ലാ അപകടങ്ങളും മനപ്പൂര്‍വ്വം തന്നെയാണ്. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്ന ഏതൊരാള്‍്ക്കുമറിയാം ഇത് അപകടമാണെന്ന്. അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കും റോഡിലെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കും അപകടത്തിലേക്കാണ് പോക്കെന്ന് നല്ലപോലെ അറിയാം. യാതൊരു കാരണവശാലും നിരത്തിലിറക്കാന്‍ പാടില്ലാത്ത വാഹനം നിരത്തിലിറക്കുന്നവര്‍ക്കും ഈ ബോധമുണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരക്കിലുള്ള അപകടങ്ങള്‍ മനപ്പൂര്‍വ്വമല്ലാത്തത് ആകുന്നത്? എന്തിനാണ് ഈ കുറ്റകൃത്യങ്ങളെ ഇങ്ങനെ ലഘുവായി കാണുന്നത്?

റോഡില്‍ പുലരേണ്ടത് ഒരു സംസ്‌കാരമാണ്. തന്റെ ജീവനെപ്പോലെ തന്നെ വിലപ്പെട്ടതാണ് മറ്റുള്ളവരുടേതുമെന്ന തിരിച്ചറിവില്ലാത്ത ഒരാള്‍ക്കും വാഹനമോടിക്കാനുള്ള അവകാശം നല്‍കരുത്. തന്റെ ജീവിതം പോലെതന്നെ മാന്യവും അന്തസുറ്റതുമാണ് മറ്റുള്ളവരുടെ ജീവിതമെന്നു ബോധമില്ലാതെ, അഹന്തയോടെ വാഹനമോടിക്കുന്നവര്‍ക്കും വാഹനമോടിക്കാന്‍ അവകാശമുണ്ടാകരുത്. ട്രാഫിക് നിയമങ്ങളും റോഡിലെ വരകളും സൈന്‍ ബോര്‍ഡുകളും പാലിക്കാന്‍ മനസില്ലാത്തവരെയും വാഹനമോടിക്കാന്‍ അനുവദിക്കരുത്. യു ടൂബറായ തൊപ്പി നാലു വളിപ്പാട്ടു പാടിയപ്പോള്‍ ഉണര്‍ന്നെണീറ്റ അധികാരികളുടെ ധര്‍മ്മബോധമെന്തേ, ഈ കടുത്ത നിയമലംഘകര്‍ക്കു നേരെ ഉണ്ടാകാതെ പോകുന്നത്?




മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു