ജന്മപാപ പ്രചാരകരില്‍ നിന്നും ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍….??

Written By: Jess Varkey Thuruthel & D P Skariah

കന്യക (?) യായ മറിയം ഗര്‍ഭം ധരിച്ചത് ശരീരത്തിന്റെ ഇച്ഛയില്‍ നിന്നോ പുരുഷന്റെ ആഗ്രഹത്തില്‍ നിന്നോ അല്ലാത്തതിനാലാണ് അവന്‍ പരിശുദ്ധനായ ദൈവത്തിന്റെ പുത്രനായതെന്ന് ബൈബിള്‍ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ലൈംഗിക ബന്ധത്തിലൂടെ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും ജന്മപാപമുണ്ടെന്നു വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. ക്രൈസ്തവ പുരോഹിതരുടേയും മറ്റു സന്യസ്തരുടെയും മതസ്ഥാപനങ്ങളുടെയും കൈവശമാണ് കേരളത്തിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും.

പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടം വേണമെന്ന് ആവശ്യപ്പെടുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തത് കേരളത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനാണെന്ന് ഇപ്പോഴും ക്രൈസ്തവ സമൂഹം അവകാശപ്പെടുന്നു. പക്ഷേ, അതല്ല സത്യമെന്ന് അവര്‍ക്കു തന്നെ വ്യക്തമായിട്ടറിയാം. ഇവിടെ, വിശ്വാസികളെന്ന പേരില്‍ അടിമകളെ, ചിന്താശേഷി ലവലേശമില്ലാത്ത, തലയ്ക്കകത്ത് ബുദ്ധിയേതുമില്ലാത്ത ഒരു ജനവിഭാഗത്തെ, പ്രത്യേകിച്ചും സ്ത്രീകളെ സൃഷ്ടിച്ചാല്‍ മാത്രമേ അവര്‍ക്കു പടര്‍ന്നു പന്തലിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ക്രൈസ്തവ നേതൃത്വത്തിന് നന്നായി അറിയാം.

ഇപ്പോഴിതാ ക്രിസ്ത്യന്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ച്, മോട്ടിവേഷന്‍ ക്ലാസ് എന്ന പേരില്‍ പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ ചിലരെത്തുന്നു. സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ഇരിക്കരുത്, ഓടരുത്, ചാടരുത്, ഉറക്കെ സംസാരിക്കരുത്, ആണ്‍കുട്ടികളോടു സുഹൃദ്ബന്ധമരുത്, പ്രണയിക്കരുത്, ആണ്‍കുട്ടികള്‍ കരയരുത്, ധൈര്യമുള്ളവരായിരിക്കണം, തുടങ്ങി അനവധി നിരവധി അരുതുകളുമായി ഈ മോട്ടിവേഷന്‍ പ്രചാരകര്‍ സ്‌കൂളുകള്‍ തോറും കയറിയിറങ്ങുന്നു. ഓരോ മതസ്‌കൂള്‍ അധികൃതരും ഇത്തരക്കാരെ സ്‌കൂളുകളിലേക്ക് ആനയിച്ചു കൊണ്ടുവരികയാണ് കുട്ടികളെ ചട്ടം പഠിപ്പിക്കാന്‍.

സദാചാരമെന്ന പേരില്‍ ഇത്തരം ആഭാസന്മാര്‍ അഴിഞ്ഞാടുന്ന സ്‌കൂളുകളില്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസം എങ്ങനെയാണ് കുട്ടികള്‍ക്കു കൊടുക്കുന്നത്…?? ഇന്ത്യ ഒരു ജനാധിപത്യരാജ്യം മാത്രമല്ല, ഒരു സോഷ്യലിസ്റ്റ് രാജ്യം കൂടിയാണ്. അതായത്, ആതുര സേവനം, വിദ്യാഭ്യാസം, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ നിയന്ത്രണത്തിലാകണമെന്നു സാരം. വിദ്യാഭ്യാസം മതസംഘടനകള്‍ക്ക് നമ്മുടെ നാട് എന്നേ തീറെഴുതിക്കൊടുത്തു കഴിഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, ‘ലൈംഗീകവിദ്യാഭ്യാസം’ എന്നാല്‍ ‘ലൈംഗീക വിദ്യയുടെ അഭ്യാസം’ എന്നാണ് ഇവിടെ അധ്യാപകരുള്‍പ്പടെ ധരിച്ചിരിക്കുന്നത്. ലൈംഗികതയെ ജന്മപാപമായി മാത്രം കാണുന്ന ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാകട്ടെ, ആ വാക്കുച്ചരിക്കുന്നതു പോലും പാപമെന്നു കരുതുന്നു. എന്നിട്ടോ, ഇരുട്ടിന്റെ മറവിലും ആളനക്കമില്ലാത്തപ്പോഴും ലൈംഗികത തേടി പോകുന്നു. അവര്‍ക്കു കരുത്തും ശക്തിയുമായി വിശുദ്ധ ഫ്രാങ്കോമാര്‍ മുന്നിലുണ്ടല്ലോ. പിന്നെന്തിനു ഭയക്കണം!

ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറല്ലാത്തവരാണ് അധ്യാപകര്‍. അത്തരം അധ്യായങ്ങളെല്ലാം ഗൃഹപാഠമായി, കുട്ടികള്‍ തനിയെ വായിച്ചു പഠിക്കട്ടെ എന്നു ചിന്തിക്കുന്നവര്‍. ഇത്തരക്കാരാണ് കുട്ടികളെ നാശത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുന്നവര്‍. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് അധ്യാപകര്‍ക്കുമില്ല. അതിനാല്‍ അവരതു പഠിപ്പിക്കാനും തയ്യാറല്ല. സ്വയം വായിച്ചു പഠിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍, കുട്ടികള്‍ ഇക്കാര്യം പഠിക്കുന്നത് പുറത്തു നിന്നോ വേലക്കാരില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ ആയിരിക്കും. ഇതവരെ നയിക്കുന്നതാകട്ടെ നാശത്തിലേക്കുമായിരിക്കും.

ലൈംഗീകത എന്നത് ഒരു മനുഷ്യന്റെ ശരീരത്തിന്റേയും മനസ്സിന്റേയും അടിസ്ഥാനഭാവങ്ങളിലൊന്നാണ്. അതിനാല്‍, എഴുതാനും വായിക്കാനും, കൂട്ടാനും കുറയ്ക്കാനും, ചിത്രം വരയ്ക്കാനും തുന്നാനും, ഓടാനും ചാടാനും പഠിക്കുന്നതിനോടൊപ്പം തന്നെ ലൈംഗീകതയെപ്പറ്റിയും ഒരു സാമാന്യ വിവരം കുട്ടികള്‍ നേടിയിരിക്കണം. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം നേടിയില്ലെങ്കില്‍ വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയില്ല.

വെറും അറിവു വര്‍ദ്ധിപ്പിക്കുക എന്നതിനുപരി ജീവിതം സുഗമമാവുന്നതിന് ലൈംഗിക വിദ്യാഭ്യാസം അത്യന്താപേക്ഷികമാണ്. സ്വന്തം ശരീരത്തെയും ശാരീരിക പ്രക്രിയകളെക്കുറിച്ചും അറിയാനും, ജീവിതപങ്കാളിയെ കണ്ടെത്താനും, അവരുമായി ജീവിതം സുഗമമായി പങ്കിടാനും, അസുഖങ്ങളും അനാവശ്യ ഗര്‍ഭങ്ങളും ഒഴിവാക്കാനും, സമൂഹത്തിലെ ഒരു സാകല്യ (inclusive) അംഗമായി ജീവിക്കാനുമെല്ലാം ലൈംഗീക വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങള്‍ അനിവാര്യമാണ്.

പക്ഷേ, നിര്‍ഭാഗ്യവശാല്‍, നമ്മുടെ സമൂഹവും സംസ്‌കാരവും ലൈംഗികതയെ മലീമസമാക്കിയിരിക്കുന്നു. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസമുള്‍പ്പെടുത്തിയാല്‍ കുട്ടികള്‍ വഴിപിഴച്ചു പോകുമെന്നു വിശ്വസിക്കുന്ന ഈ സമൂഹത്തോട് എന്തു പറയാനാണ്….?? ലൈംഗികതയിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ഉത്ഭവ പാപമുണ്ടെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ കുട്ടികളെ മാമ്മോദീസ മുക്കി ആ ജന്മപാപത്തില്‍ നിന്നും മോചിപ്പിക്കുന്ന പരമ വിഢിത്തങ്ങള്‍ ഇപ്പോഴും നടക്കുന്നു. പിള്ളേര്‍ വഴിതെറ്റിപ്പോകാനുള്ള ഒരു വിഷയമായും, പാപമായും, ‘സമയമാകുമ്പോള്‍’ (അതായത്, വിവാഹത്തിന്റെ ആദ്യരാത്രിയില്‍) മാന്ത്രികമായി തനിയേ വെളിപ്പെടുന്നതുമായ ഒരു അറിവാണ് ലൈംഗികത എന്നാണ് ബഹുഭൂരിപക്ഷം മനുഷ്യരും ചിന്തിക്കുന്നത്.

ഈ പരമവിഢിത്തത്തിന്റെ ഫലമാണ് നാമിന്ന് സമൂഹത്തില്‍ കാണുന്ന അപച്യുതികളത്രയും. പക്ഷേ, അതിനും പഴി കേള്‍ക്കേണ്ടി വരുന്നത് ലൈംഗികതയ്ക്കാണ്.

ലൈംഗികതയെന്നത് ഓരോ വ്യക്തിയുടെയും അവിഭാജ്യഘടകമാണെന്ന് കുട്ടിക്കാലം മുതല്‍ നമ്മള്‍ പഠിച്ചിരിക്കണം. ഓരോ കുട്ടിയുടെയും പ്രായത്തിനും പക്വതയ്ക്കും അനുസരിച്ചാണ് ഇതു പഠിപ്പിക്കേണ്ടത്. എന്നാല്‍, ആണ്‍ പെണ്‍ ശരീരങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എല്ലാവരും ആണ്‍പെണ്‍ഭേദമെന്യേ അറിഞ്ഞിരിക്കണം. ഉയര്‍ന്ന ക്ലാസ്സുകളില്‍ സ്ഖലനം, ആര്‍ത്തവം മുതലായ ശാരീരിക പ്രക്രിയകളെപ്പറ്റി പഠിപ്പിക്കണം. പ്രത്യുത്പ്പാദനം നടക്കുന്നതെങ്ങനെ എന്നതിന്റെ അടിസ്ഥാന വിവരവും രതി, ഗര്‍ഭനിരോധനം, അസുഖങ്ങള്‍ മുതലായ വിഷയങ്ങളെപ്പറ്റിയും പഠിപ്പിക്കണം. ഇവ ശരിയായ രീതിയില്‍ പഠിപ്പിച്ചില്ലെങ്കില്‍, ഭാവിയില്‍ ആശയക്കുഴപ്പത്തിനും അപായകരമായ പരീക്ഷണങ്ങള്‍ക്കും വഴിവയ്ക്കും.

ലൈംഗികതയുടെ മാനസിക വശങ്ങളെപ്പറ്റിയും കുട്ടികള്‍ പഠിച്ചിരിക്കണം. എതിര്‍ലിംഗത്തോടുള്ള ആകര്‍ഷണം സ്വാഭാവികമാണെന്ന് അവര്‍ തിരിച്ചറിയണം. ഇത്തരം വികാരങ്ങള്‍ ഉണ്ടാകുന്നത് പാപമാണെന്നും സ്വഭാവ ദൂഷ്യമാണെന്നും ഇത്തരം വികാരങ്ങളുള്ള കുട്ടികള്‍ ചീത്തയാണെന്നും പഠിപ്പിക്കുമ്പോള്‍ വഴിപിഴച്ചു പോകുന്നത് ഒരു തലമുറ തന്നെയാണ്. ഇത്തരം വികാരങ്ങളെ പ്രശ്‌നങ്ങളേതുമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും നിയന്ത്രിക്കാമെന്നും അവര്‍ പഠിച്ചിരിക്കണം. സ്വന്തം ലൈംഗിക വികാരങ്ങളെ ശരിയായ രീതിയില്‍ പഠിക്കുകയും വിലയിരുത്തുകയും തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ മാത്രമേ ഭാവിയില്‍ നല്ലൊരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു.

ലൈംഗികതയുടെ സാമൂഹിക വശങ്ങളെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കണം. ആണെന്നും പെണ്ണെന്നുമുള്ള രണ്ടു വിഭാഗത്തെ മാത്രമേ പല മനുഷ്യര്‍ക്കുമറിയുകയുള്ളു. എല്‍ ജി ബി റ്റി ക്യു ഐ എന്ന വിഭാഗത്തെക്കുറിച്ച് അറിയുകയോ അല്ലെങ്കില്‍ അത്തരക്കാര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്നു ചിന്തിക്കുന്ന മനുഷ്യരുടെ നാടാണിത്. ലൈംഗികതയില്‍ ഓരോ മനുഷ്യര്‍ക്കും പലതരം വീക്ഷണങ്ങളുണ്ട്. അവരവരുടെ ലൈംഗികതയ്ക്കനുസരിച്ചുള്ള ഇണയെ കണ്ടെത്തിയില്ലെങ്കില്‍ ശിഷ്ടജീവിതം നരകമായിരിക്കും. നമ്മുടെ കാഴ്ചപ്പാടിന്റെയോ സാഹചര്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഇടുങ്ങിയ വീക്ഷണകോണത്തിലൂടെ നോക്കി ‘ഇതു ശരി, ഇതു തെറ്റ്’ എന്നു വിധിയെഴുതുന്നതു തന്നെയാണ് ഈ അധ:പ്പതനങ്ങള്‍ക്കെല്ലാം കാരണം.

എന്നാല്‍പ്പിന്നെ പിള്ളേരെ അവരുടെ തോന്ന്യാസം പോലെ കെട്ടഴിച്ചു വിട് എന്നു പറയുന്നവരോട് ഒരു വാക്ക്….. ഇത്തരത്തില്‍ സദാചാരം പഠിപ്പിച്ച്, അടക്കിവയ്ക്കാന്‍ പഠിപ്പിച്ച് അരുതുകളും വേലിക്കെട്ടുകളും തീര്‍ക്കുന്ന ഈ സമൂഹത്തില്‍, ലൈംഗികതയെക്കുറിച്ച് യാതൊന്നും പഠിപ്പിക്കാത്ത ഈ സമൂഹത്തില്‍ നടക്കുന്നതത്രയും നെറികേടുകളല്ലേ….? ലൈംഗികതയെക്കുറിച്ച് ശരിയായ അറിവു നേടിയാല്‍, ഇനിയുള്ള തലമുറയെങ്കിലും രക്ഷപ്പെടും. ഈ വികാരത്തെക്കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്യുന്നത് സംസ്‌കാര ശൂന്യതയാണെന്നും അതു പാപമാണെന്നുമുള്ള മിഥ്യാധാരണയാണ് ആദ്യം തകര്‍ക്കേണ്ടത്. അതിനു വേണ്ടത് കുട്ടികളുടെ ഭാവി തകര്‍ക്കുന്ന ഇത്തരം മോട്ടിവേഷണല്‍ സ്പീക്കര്‍മാരെ പടിക്കു പുറത്താക്കുക എന്നതാണ്. അതിന് ഇവിടെയുള്ള മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസക്കച്ചവടത്തിന് കടിഞ്ഞാണിടണം. അതിനു വേണ്ടത് നട്ടെല്ലുള്ളൊരു ഭരണ സംവിധാനമാണ്. മതനേതാക്കളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഭരണകര്‍ത്താക്കളില്‍ നിന്നും ശക്തമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നത് എങ്ങനെ….??

#SexEducation #Sexuality #ImportanceOfSexEducationInSchools #ChristianConceptOfSexuality #SexualityAndCivilisationInIndia #sexualityandReligion #sexEducationInKeralaSchools

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു