തല്ലി വളര്‍ത്തിയാല്‍ നന്നാകുമോ കുട്ടികള്‍…??

Written by: P Viji

സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാരീരിക പരിശോധന നടത്തിയ വിഷയത്തില്‍ തീരുമാനമെടുത്ത ബാലാവകാശ കമ്മീഷനെതിരെ വന്നത് നിരവധി വിമര്‍ശനങ്ങളാണ്. അധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന നിയമവും നിലവിലുണ്ട്. ഈ വിഷയത്തെ ആസ്പദനമാക്കി, തയ്യാറാക്കിയ ലേഖനമാണിത്. കുട്ടികളെ ശാരീരികമായും മാനസികമായും ശിക്ഷിച്ചാല്‍ നേര്‍വഴിക്കു നടത്താനാവുമോ അവരെ…??

ശാരീരിക ശിക്ഷകളിലൂടെ കുട്ടികളെ ‘നേര്‍വഴിക്ക്’ നയിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രയത്‌നങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെയല്ല, സഹസ്രാബ്ദങ്ങളുടെ തന്നെ പഴക്കമുണ്ട്. പല മതവിഭാഗങ്ങളും അവരുടെ വിശ്വാസസംഹിതകളുടെ ഭാഗമായി പിന്തുടരുന്ന ഗ്രന്ഥങ്ങളിലും ശാരീരിക ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്നതായി കാണുന്നുണ്ട്. ‘Spare the rod; Spoil the child’ പോലുള്ള ‘ചൊല്ലുകള്‍’ ഉദാഹരണമായി കാണാം. (മതപഠനവുമായി ബന്ധപ്പെട്ടാണ് ശാരീരിക ശിക്ഷാനടപടികള്‍ കൂടുതലായും പ്രയോഗത്തിലുള്ളതായി കാണുന്നത് എന്നതും ഇതേ പ്രവണതയുമായി ചേര്‍ത്തു വായിക്കാം.)

അത്തരം വിശ്വാസ്വപ്രമാണങ്ങളുടെ സ്വാധീനം ഉള്ളതുകൊണ്ടുതന്നെ ബ്രിട്ടന്റെ ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യ’ത്തിന്റെ നാളുകളില്‍ ആഗോളതലത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരകരായി മാറിയ കൃസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട സ്‌കൂളുകള്‍ ശാരീരിക ശിക്ഷാക്രമങ്ങളുടെ പ്രയോഗശാലകള്‍ കൂടിയായത് സ്വാഭാവികമാണെന്ന് അനുമാനിക്കാം.

ഇനി ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാലാകട്ടെ, അധ്യാപകനെ (ഗുരുവിനെ) ദൈവതുല്യനായി കാണുന്ന വിശ്വാസ – സംസ്‌കാര സംഹിത സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ വേരോടിയിരുന്ന നാടാണ്. അതുകൊണ്ടുതന്നെ അധ്യാപകന് ശിഷ്യരെ ശിക്ഷിക്കാനുള്ള ‘ദൈവദത്ത’മായ അവകാശം ഒരു തരത്തിലും ചോദ്യം ചെയ്യപ്പെടാവുന്നതല്ല എന്ന കാഴ്ചപ്പാട് പ്രബലമായിത്തന്നെ ഉണ്ടായിരുന്നു. (മത) വിശ്വാസവുമായി ബന്ധപ്പെടുത്തപ്പെട്ടിരുന്നതു കൂടി കാരണമാകാം, നൂറ്റാണ്ടുകളോളം ശാരീരികമായ ശിക്ഷകള്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ ഒരു ‘സ്വാഭാവിക ഘടകം’ ആയാണ് കരുതപ്പെട്ടിരുന്നത്. സ്‌കൂള്‍ ജീവിതകാലത്ത് അധ്യാപകരുടെ കൈയില്‍ നിന്ന് തല്ലു കിട്ടിയിട്ടേയില്ലാത്ത കുട്ടികള്‍ ‘അത്ഭുതജീവി’കളായി കരുതപ്പെടാമായിരുന്ന സാഹചര്യം. കുട്ടികളുടെ ഏതു ‘കുറ്റ’ങ്ങള്‍ക്കും കുറവുകള്‍ക്കുമുള്ള ‘ഒറ്റമൂലി’യായി ‘ചൂരല്‍ക്കഷായം’ ‘വിശ്വസ്ത’ ‘ഔഷധ’മായി തുടരുകയായിരുന്നു, നൂറ്റാണ്ടുകളോളം. (സ്‌കൂളുകളില്‍ മാത്രമല്ല, ചില സ്വകാര്യ / പാരലല്‍ കോളേജുകളിലും ചൂരലിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.)‘മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ്’ എന്നു പറയാറുള്ളതു പോലെ ഈ സാഹചര്യങ്ങളും അനിവാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകുക തന്നെ ചെയ്തു. കുട്ടികളും രക്ഷിതാക്കളും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അധ്യാപകര്‍ അനുസ്യൂതം അനുഭവിച്ചിരുന്ന അമിതാധികാരത്തെക്കുറിച്ചും ബോധ്യമുള്ളവരായി തുടങ്ങിയതോടെ ശാരീരിക ശിക്ഷാമുറകള്‍ കുട്ടികളോട് ചെയ്യുന്ന തെറ്റ് എന്ന രീതിയില്‍ ചര്‍ച്ചാവിഷയമായിത്തുടങ്ങി. സ്വാഭാവികമായും വിവിധ രാജ്യങ്ങളിലെ അധികൃതര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ശാരീരിക ശിക്ഷാമുറകള്‍ക്കു പകരം ഫലപ്രദവും സ്വീകാര്യവുമായ രീതികള്‍ ആവിഷ്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

1783-ല്‍ പോളണ്ട് ചരിത്രമെഴുതി – സ്‌കൂളുകളില്‍ ശാരീരിക ശിക്ഷാമുറകള്‍ നിരോധിക്കുന്ന ആദ്യ രാജ്യം എന്ന സ്ഥാനം സ്വന്തമാക്കി. എങ്കിലും ഈ ‘പുതിയ ചിന്താഗതി’ മറ്റു രാജ്യങ്ങളില്‍ വേരു പിടിക്കാനും ‘കുട്ടികളുടെ ഭാഗത്തു നിന്ന് ചിന്തിക്കുക’ എന്ന രീതിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടോടെയാണ് ഇക്കാര്യത്തില്‍ വ്യാപകമായ മുന്നേറ്റങ്ങള്‍ ഉണ്ടായത്. (ശാരീരിക ശിക്ഷാമുറകള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ശാസ്ത്രീയ പഠനങ്ങളും മറ്റും പുറത്തു വന്നുതുടങ്ങിയതും ഈ മാറ്റത്തിന് ഊര്‍ജ്ജം നല്‍കി.)

ഈ ദിശയിലുള്ള മുന്നേറ്റത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഐക്യരാഷ്ട്ര സംഘടന 1989 നവംബര്‍ 20-ന് ‘കുട്ടികളുടെ അവകാശ ഉടമ്പടി’ (‘Convention on the Rights of the Child’) അംഗീകരിച്ചു. ഇതിനെത്തുടര്‍ന്ന് ഒട്ടേറെ രാജ്യങ്ങള്‍ സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും പ്രാബല്യത്തില്‍ കൊണ്ടുവന്നു. (കാനഡ, സ്വീഡന്‍ തുടങ്ങിയ ചില രാജ്യങ്ങള്‍ ഒരുപടി കൂടി കടന്ന് സ്‌കൂളുകളില്‍ മാത്രമല്ല, വീടുകളിലും കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ നിന്നുള്ള ശാരീരിക ശിക്ഷകളില്‍ നിന്നുകൂടി സംരക്ഷണം ഒരുക്കി.) അതേ സമയം, അമേരിക്ക ഈ ഉടമ്പടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. (എന്നാല്‍ അവിടെയും മുപ്പതോളം സംസ്ഥാനങ്ങള്‍ സമാനമായ നിയമം നടപ്പാക്കിയിട്ടുണ്ട്.)

അതേ സമയം, മുതിര്‍ന്നവരുടെ കാര്യത്തില്‍പ്പോലും ചൂരല്‍ പ്രയോഗം നിയമാനുസൃത ശിക്ഷയായി അംഗീകരിച്ചിട്ടുള്ള ചില രാജ്യങ്ങള്‍ പോലും കുട്ടികളുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് എടുത്തതായും കാണാം. ഉദാഹരണത്തിന്, സിംഗപ്പൂരിലെ സ്‌കൂള്‍ റെഗുലേഷന്‍ നിയമത്തില്‍ പെണ്‍കുട്ടികളെ ശാരീരിക ശിക്ഷകള്‍ക്ക് വിധേയരാക്കരുത് എന്നും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ചൂരല്‍ പ്രയോഗം ലഘുവായ രീതിയില്‍ ആയിരിക്കണം എന്നും വ്യവസ്ഥ ചെയ്തിരുന്നു. (1985)

ഇന്ത്യയും പ്രസ്തുത ഉടമ്പടി അംഗീകരിച്ചിട്ടുണ്ടെങ്കിലും മുകളില്‍ സൂചിപ്പിച്ചതു പോലെ നമ്മുടെ സംസ്‌കാരത്തിന്റെയും മനോഭാവത്തിന്റെയും പ്രതിഫലനമെന്നോണം, കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ദേശീയ വിദ്യാഭ്യാസ നയത്തിലും (1992) വിദ്യാഭ്യാസ അവകാശനിയമത്തിലും (2009) ഈ വിഷയത്തില്‍ വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും.

പല വിദേശ രാജ്യങ്ങളുടെയും കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയില്‍ അധ്യാപകരുടെ ശിക്ഷകള്‍ക്കെതിരെ പരാതികള്‍ ഉയരുന്നതും വളരെ അപൂര്‍വമായിരുന്നു. അധ്യാപകര്‍ വടി എടുക്കുന്നതില്‍ നിന്ന് സ്വമേധയാ വിട്ടുനിന്നതുകൊണ്ടല്ല, കാരണങ്ങള്‍ മറ്റു ചിലതായിരുന്നു. ഒന്ന്, മുകളില്‍ സൂചിപ്പിച്ചതു പോലെ അധ്യാപകന് കല്പിക്കപ്പെട്ടിരുന്ന ‘ദൈവികത’ തന്നെ. ‘ദൈവതുല്യ’നായ അധ്യാപകന്റെ ശിക്ഷയ്‌ക്കെതിരെ പ്രതികരിക്കുന്നത് അചിന്ത്യമാണെന്ന സാഹചര്യം. പോരെങ്കില്‍ അടി കിട്ടിയ കാര്യം വീട്ടില്‍ പറഞ്ഞാല്‍ രക്ഷിതാക്കളുടെ കൈയില്‍ നിന്ന് വേറെയും കിട്ടും എന്ന ‘ഭീഷണി’യും. അതും പോരെങ്കില്‍, അഥവാ പരാതിപ്പെട്ടാല്‍ അധ്യാപകന്റെയോ സ്‌കൂള്‍ അധികൃതരുടെയോ ഭാഗത്തു നിന്ന് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ‘പ്രതികാര നടപടി’കളെക്കുറിച്ചുള്ള ആശങ്ക വേറെയും.ഇത്രയൊക്കെ ‘പ്രശ്‌നങ്ങള്‍’ ഉള്ളപ്പോള്‍ പരാതി ഉണ്ടായാലല്ലേ അത്ഭുതം വേണ്ടൂ? (പരാതികള്‍ ഒട്ടും ഉണ്ടാകാറില്ലെന്നല്ല, അമിതമായ / ‘പരിധി വിട്ട’ മര്‍ദ്ദന സംഭവങ്ങളില്‍ പരാതികളും കേസുകളും ഒക്കെ ഉണ്ടാകാറുണ്ട്. പലപ്പോഴായി വിവിധ കോടതികള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുമുണ്ട്. ‘അത്ഭുതകര’മെന്നു പറയട്ടെ, വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമായ നിരോധനം ഉണ്ടെങ്കിലും ചില കേസുകളിലെങ്കിലും വിദ്യാര്‍ഥികളെ ‘നന്നാക്കാന്‍’ വേണ്ടി അധ്യാപകര്‍ അടി കൊടുക്കുന്നത് കുറ്റകരമായി കരുതേണ്ടതില്ല എന്ന നിലപാട് കോടതികള്‍ എടുത്തതും കണ്ടിട്ടുണ്ട്. (കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ബാല നീതി നിയമം 2000-ല്‍ തന്നെ നിലവില്‍ വന്നതാണെങ്കിലും 2004-ല്‍ കേരള ഹൈക്കോടതി ഒരു കേസില്‍ അധ്യാപകര്‍ കുട്ടികളെ തല്ലുന്നത് കുറ്റകരമായി കാണേണ്ടതില്ല എന്നായിരുന്നു വിധിയെഴുതിയത്. അതിന് ആധാരമാക്കിയതാകട്ടെ, പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ നന്മയ്ക്കു വേണ്ടി രക്ഷിതാക്കളോ അവരുടെ സമ്മതത്തോടെ, കുട്ടിയുടെ നിയമാനുസൃത ചുമതല വഹിക്കുന്ന വ്യക്തികളോ ചെയ്യുന്ന ഏതൊരു കാര്യവും, കുട്ടിക്ക് ദോഷകരമായി വരാമെങ്കില്‍പ്പോലും കുറ്റകരമല്ല എന്ന, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 89-ആം വകുപ്പും. ‘Nothing which is done in good faith for the benefit of a person under twelve years of age, or of unsound mind, by or by consent, either express or implied, of the guardian or other person having lawful charge of that person, is an offence by reason of any harm which it may cause, or be intended by the doer to cause or be known by the doer to be likely to cause to that person…’)

നിയമവും കോടതികളുമൊക്കെ എന്തൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും അതൊന്നും ‘നമുക്ക്’ ബാധകമല്ല എന്ന ‘ഇന്ത്യന്‍ പ്രവണത’ മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും പ്രബലമായിത്തന്നെ ഉണ്ട്. വിദ്യാഭ്യാസ അവകാശ നിയമം 2009-ല്‍ തന്നെ നിലവില്‍ വന്നതാണെങ്കിലും സ്‌കൂളുകളില്‍ ചൂരലിന്റെ ഉപയോഗം നിര്‍ബാധം തുടര്‍ന്നുപോന്നിട്ടുണ്ട്, പലപ്പോഴായി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പല ഉത്തരവുകള്‍ ‘പതിവുപോലെ’ ഇറങ്ങിയിട്ടുണ്ടെങ്കിലും. കടകളില്‍ ചൂരല്‍ വില്പനയ്ക്കും കാര്യമായ കുറവൊന്നും വന്നിട്ടില്ല താനും. (കുറച്ചൊക്കെ വീടുകളില്‍ ഉപയോഗത്തിനു വേണ്ടി മാതാപിതാക്കള്‍ വാങ്ങുന്നതാവാം എന്ന് വാദിക്കാമെങ്കിലും.)

ആഗോളതലത്തില്‍ ‘അടി വിരുദ്ധത’യ്ക്ക് പിന്തുണയും പ്രബലതയും ഏറി വരുന്നതായാണ് പൊതുവേ കണ്ടുവരുന്നതെങ്കിലും അപവാദങ്ങളും ഇല്ലെന്നില്ല. കുട്ടികളുടെ മേലുള്ള ശാരീരിക ശിക്ഷകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ നിര്‍ത്തലാക്കിയിട്ടുള്ള ചില രാജ്യങ്ങളിലെങ്കിലും സ്‌കൂളുകളിലേക്ക് വടി തിരികെ കൊണ്ടുവരണം എന്ന ആവശ്യം അധ്യാപര്‍ക്കിടയില്‍ മാത്രമല്ല, രക്ഷിതാക്കള്‍ക്കിടയിലും ഉയര്‍ന്നുവരുന്നതായും കാണുന്നുണ്ട്. ശിക്ഷകളെ പേടിക്കേണ്ടതില്ലാത്ത അവസ്ഥ വന്നതോടെ കുട്ടികള്‍ മുന്‍പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ഗൗരവമേറിയ കുറ്റകൃത്യങ്ങളിലേക്കും മോശമായ പ്രവണതകളിലേക്കും ആകര്‍ഷിക്കപ്പെടുന്നതായുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണ് ഒരു ‘തിരിച്ചുപോക്ക്’ ചിന്തിക്കാവുന്നതാണ് എന്ന വാദഗതി ഉയര്‍ന്നുവന്നിട്ടുള്ളത്.

ചരിത്രവും നിയമ വ്യവസ്ഥകളുമൊക്കെ അവിടെ നില്‍ക്കട്ടെ. ഇനി അല്പം ‘വാദപ്രതിവാദ പരിശോധന’ ആവാം. കുട്ടികളുടെ മേലുള്ള ‘ചൂരല്‍ പ്രയോഗ’ത്തിന് എതിരെയും അനുകൂലമായും പല വാദഗതികളും പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെ വിശദമായി പരിശോധിക്കാന്‍ മുതിരുന്നില്ല. പകരം അത്തരം വാദങ്ങളെ ചുരുക്കത്തില്‍ അവതരിപ്പിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത്.

‘അടി വിരുദ്ധ’ വാദങ്ങള്‍:

1. മനുഷ്യാവകാശ ലംഘനം: ശാരീരികമായി വേദനിപ്പിക്കുന്ന (ചിലപ്പോഴെങ്കിലും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന) ശിക്ഷാമുറകള്‍ അക്രമം ആണ്. മുതിര്‍ന്ന ആളുകളെ ശാരീരികമായി ആക്രമിക്കുന്നത് ലോകത്ത് എല്ലായിടത്തും ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയിരിക്കെ കുട്ടികളുടെ കാര്യം വരുമ്പോള്‍ മാത്രം ‘അക്രമം’ അംഗീകൃത ശിക്ഷാരീതിയാകുന്നത് എന്തു തരം ന്യായമാണ്?

2. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു: ‘ശിക്ഷകരുടെ’ കാഴ്ചപ്പാടില്‍ തെറ്റായ ഒരു കാര്യത്തിനുള്ള ‘ശിക്ഷ’ എന്ന പേരില്‍ കുട്ടിയുടെ മേല്‍ മര്‍ദ്ദനം അഴിച്ചുവിടുന്നത്, തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ശാരീരിക അക്രമം എന്നത് അനുവദനീയമായ / ന്യായീകരിക്കാവുന്ന കാര്യമാണ് എന്ന ‘പാഠം’ കുട്ടിക്ക് നല്‍കുന്നു. അത് തനിക്കോ മറ്റുള്ളവര്‍ക്കോ നേരെ, തനിക്ക് തെറ്റെന്നു തോന്നുന്ന എന്തെങ്കിലും കാര്യം മറ്റാരെങ്കിലും ചെയ്താല്‍ അതിനോടും അക്രമാസക്തമായ രീതിയില്‍ പ്രതികരിക്കാന്‍ പേരിപ്പിച്ചേക്കാം. (അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളില്‍ പലര്‍ക്കും കടുത്ത ശാരീരിക ശിക്ഷകളിലൂടെ കടന്നുവന്ന ബാല്യകാലം ഉണ്ടായിരുന്നതായി കാണാം എന്ന് പല ശാസ്ത്രീയ പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.)

3. മാനസിക ആഘാതം: അടി കിട്ടുന്ന കുട്ടിയുടെ ശരീരത്തില്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന ആഘാതത്തെക്കാള്‍ വലുതാണ് അത് ഉണ്ടാക്കുന്ന മാനസിക ആഘാതം. (അതാകട്ടെ, അടി കിട്ടുന്ന കുട്ടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നുമില്ല.) സ്‌കൂളുകളില്‍ മറ്റു കുട്ടികളുടെ – പ്രത്യേകിച്ച് എതിര്‍ ലിംഗത്തില്‍പ്പെട്ടവര്‍ – മുന്‍പില്‍ വെച്ച് അടി കൊള്ളേണ്ടിവരുന്ന കുട്ടിയുടെ മനസ്സിനെ ആ ശിക്ഷ എങ്ങനെയൊക്കെ ബാധിക്കുമെന്ന് വിലയിരുത്തുക എളുപ്പമല്ല. തനിക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെ നേരിട്ട് പ്രതികരിക്കാന്‍ കഴിയാതെ പോകുന്ന കുട്ടി തന്റെ പ്രതിഷേധവും അസ്വസ്ഥതയുമൊക്കെ തനിക്കു ചുറ്റുമുള്ളവരുടെ മേല്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചേക്കാം. അത് സമൂഹത്തിന് പൊതുവില്‍ ദോഷകരമായിത്തീരും. മറിച്ച്, തനിക്ക് നേരിട്ട അപമാനം കാരണം മറ്റുള്ളവരുമായി ഇടപഴകുന്നതിന് വൈമുഖ്യം പ്രകടിപ്പിക്കുന്ന അന്തര്‍മുഖ വ്യക്തിത്വം രൂപം കൊള്ളാനിടയായെന്നും വരാം. അതാകട്ടെ, ആ കുട്ടിയുടെ ഭാവിക്കു തന്നെയാവും ദോഷം ചെയ്യുക.

4. ദുരുപയോഗവും അമിതോപയോഗവും: കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാവുന്ന നിസ്സാരമായ തെറ്റുകള്‍ക്കു പോലും വടിയെടുക്കുകയും തെറ്റിന് ആനുപാതികമായതിലും ഏറെ കടുത്ത മര്‍ദ്ദനമുറകള്‍ പ്രയോഗിക്കുകയും ചെയ്യുന്ന പ്രവണത ചില അധ്യാപകര്‍ക്കെങ്കിലും ഉണ്ട്. കുട്ടിയുടെ തെറ്റിനു പുറമേ സ്വന്തം വ്യക്തിഗത / കുടുംബ പ്രശ്‌നങ്ങളോടുള്ള ‘പ്രതികരണ’മായിപ്പോലും കുട്ടികളെ ‘കൈകാര്യം’ ചെയ്യുന്നതും അപൂര്‍വമല്ല. മറ്റാരോടോ ഉള്ള വൈരാഗ്യം ‘കൈയില്‍ കിട്ടിയ’ കുട്ടിയുടെ മേല്‍ തീര്‍ക്കാന്‍ തോന്നുന്നത് ചിലപ്പോഴെങ്കിലും കാണാറുണ്ട്.

5. കുറഞ്ഞ കാര്യക്ഷമത: കുട്ടിയുടെ തെറ്റ് തിരുത്തിക്കാനാണ് / തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ശിക്ഷ നല്‍കുന്നത് എന്നു പൊതുവേ പറയാറുണ്ടെങ്കിലും അടി അക്കാര്യത്തില്‍ ദുര്‍ബലമായ ‘ഉപകരണ’മാണ്. തെറ്റ് തിരുത്തിക്കാന്‍ / ആവര്‍ത്തിക്കാതിരിക്കാന്‍ ആ തെറ്റ് കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതിനു പകരം വടിയെടുക്കുന്നത് കുട്ടിയെ താല്‍ക്കാലികമായി പിന്തിരിപ്പിക്കാന്‍ സഹായകമായേക്കാമെങ്കിലും തെറ്റില്‍ നിന്ന് തടയുക എന്ന ലക്ഷ്യം നേടുന്നതില്‍ വിജയിക്കാന്‍ സാധ്യത കുറയാം. അടി പേടിച്ച് പിന്തിരിയുന്ന കുട്ടി, താന്‍ പിടിക്കപ്പെട്ടതു കൊണ്ടാണ് അടി കിട്ടിയത്, അതുകൊണണ്‍ പിടിക്കപ്പെടാതിരുന്നാല്‍ പ്രശ്‌നമില്ല എന്നു കരുതി അതിനുള്ള മാര്‍ഗം തേടുന്ന പ്രവണത ഉണ്ടായാല്‍ ശിക്ഷ നിഷ്ഫലമാകുന്ന അവസ്ഥയാകും.

അനുകൂല വാദങ്ങള്‍:

1. കാര്യക്ഷമത: വിവേകപൂര്‍വം പ്രയോഗിച്ചാല്‍ കുട്ടികളുടെ തെറ്റുകളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് അടി. എന്തെങ്കിലും തെറ്റു ചെയ്തതിന് അടി കിട്ടിയ കുട്ടി അതേ തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യത നന്നേ കുറവാണ്. ശാരീരിക ശിക്ഷകള്‍ക്ക് പകരമായി പലപ്പോഴും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗങ്ങള്‍ പലതും – കുട്ടിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ നിഷേധിക്കുന്നത് പോലുള്ളവ (കളിക്കാനുള്ള / ടിവി കാണാനുള്ള സമയം കുറയ്ക്കുന്നത് / നിഷേധിക്കുന്നത് തുടങ്ങിയവ) – ഇക്കാര്യത്തില്‍ തികച്ചും ദുര്‍ബലമാണ് – എന്നുമാത്രമല്ല, പലപ്പോഴും അത് ഒരു ശിക്ഷയേ ആകുന്നില്ലെന്നതാണ് അനുഭവം. എന്നാല്‍ ഒരിക്കല്‍ കിട്ടിയ അടിയുടെ ‘ചൂട്’ ഓര്‍മയുള്ള കുട്ടിക്ക് അതിനു കാരണമായ തെറ്റ് ആവര്‍ത്തിക്കാനുള്ള പ്രവണത കുറയുമെന്ന് ഉറപ്പാണ്. ശിക്ഷ കിട്ടുന്ന കുട്ടിയെ മാത്രമല്ല, അതിനു സാക്ഷികളാകുന്ന മറ്റു കുട്ടികളെയും സമാനമായ തെറ്റുകളില്‍ നിന്ന് തടയാന്‍ ഫലപ്രദമായ മാര്‍ഗമാണ് അടി. എന്നാല്‍ ശാസനയോ ലഘുവായ ശിക്ഷകളോ മാത്രമേ നല്‍കുന്നുള്ളൂ എങ്കില്‍ ‘ഓ… ഇത് ഇത്രയേ ഉള്ളൂ’ എന്ന ചിന്ത കാരണം തെറ്റ് ആവര്‍ത്തിക്കാനോ മറ്റു കിട്ടികള്‍ കൂടി സമാനമായ തെറ്റുകളിലേക്ക് വഴുതാനോ ഉള്ള സാധ്യത കൂടുതലാകും.

2. പരാജയപ്പെട്ട പരീക്ഷണങ്ങള്‍: യു എന്‍ കണ്‍വെന്‍ഷന്റെ തുടര്‍ച്ചയായും അല്ലാതെയും കുട്ടികളുടെ മേലുള്ള ശാരീരിക ശിക്ഷാമുറകള്‍ നിരോധിച്ച പല രാജ്യങ്ങളിലും അതിന്റെ പ്രതിഫലനമെന്നോണം കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒട്ടും ആശാസ്യമല്ലാത്ത മാറ്റങ്ങള്‍ ഉണ്ടാകുന്നതായി പഠനങ്ങളും സര്‍വേകളും പറയുന്നു. അത്തരം സാഹചര്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെന്നോണം, നേരത്തെ നിരോധിക്കപ്പെട്ടിരുന്ന ശിക്ഷാരീതികള്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഈ രാജ്യങ്ങളില്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നതായും കാണുന്നു. ‘അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുക’ എന്ന പൊതുവേ അംഗീകരിക്കപ്പെട്ട തത്ത്വം ഇക്കാര്യത്തിലും പിന്തുടരുന്നതാണ് ഉചിതം.

3. മറ്റു മാര്‍ഗങ്ങളുടെ ദൗര്‍ബല്യം: മുകളില്‍ കാര്യക്ഷമതയെക്കുറിച്ച് ഉന്നയിച്ച വാദത്തിന്റെ തുടര്‍ച്ച / ഭാഗം തന്നെയാണ് ഇത്. ശാരീരിക ശിക്ഷകള്‍ക്ക് ബദലായി നിര്‍ദേശിക്കപ്പെട്ടുവരുന്നതും പ്രയോഗത്തിലുള്ളതുമായ മിക്ക മാര്‍ഗങ്ങളും ലക്ഷ്യം കൈവരിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്നതാണ് കണ്ടുവരുന്നത്. എന്നുമാത്രമല്ല, അത്തരം ‘ശിക്ഷകള്‍’ പലതും ഫലത്തില്‍ ശിക്ഷയേ അല്ലാതാകുന്ന അവസ്ഥയുമുണ്ട്. ഉദാഹരണത്തിന്, എന്തെങ്കിലും തെറ്റിന്റെ പേരില്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കുന്നത് കുട്ടിയെസ്സംബന്ധിച്ചിടത്തോളം ഇഷ്ടമില്ലാത്ത ക്ലാസ്സില്‍ ഇരിക്കുന്നതിന്റെ സമ്മര്‍ദത്തില്‍ നിന്നുള്ള മോചനം എന്ന നിലയില്‍ ‘അനുഗ്രഹ’മായി മാറാം. അങ്ങനെ വരുമ്പോള്‍ ക്ലാസ്സിലിരിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടി തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ശിക്ഷ കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാകില്ലെന്നു മാത്രമല്ല, നേര്‍ വിപരീതമായത് സംഭവിക്കുകയും ചെയ്യും. മാത്രമല്ല, ഗൗരാവേറിയ തെറ്റുകള്‍ ചെയ്താലും താരതമ്യേന നിസ്സാരമായ ശിക്ഷയേ കിട്ടൂ എന്നു വരുന്നത് ശിക്ഷയുടെ ‘പിന്തിരിപ്പിക്കല്‍’ എന്ന ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്താനും ഇടയാക്കും.

4. മനഃശാസ്ത്രപരം: ശാരീരിക ശിക്ഷകള്‍ക്ക് ബദലായി പ്രയോഗിക്കപ്പെടുന്ന മറ്റു ചില ശിക്ഷാരീതികള്‍ കുട്ടികളുടെ മനോനിലയെ ഉദ്ദേശിക്കാത്ത വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകാം. ഉദാഹരണത്തിന്, ചെയ്ത തെറ്റിനു ശിക്ഷയെന്ന നിലയില്‍ എന്തെങ്കിലും അധിക ജോലി നല്‍കുന്നത് / കുട്ടിക്ക് താല്പര്യമില്ലാത്ത എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുന്നത് – കൂടുതല്‍ ‘ഹോംവര്‍ക്ക്’ നല്‍കുക, ഏതെങ്കിലും പാഠഭാഗങ്ങള്‍ വായിക്കാനോ എഴുതാനോ ആവശ്യപ്പെടുക പോലുള്ളത് – കുട്ടിയുടെ മനസ്സില്‍ ജോലിയെ ശിക്ഷയുമായി ബന്ധപ്പെടുത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അത് അത്തരം ‘ജോലി’കളോട് വെറുപ്പ് ഉണ്ടാകാനിടയാക്കുകയും ചെയ്യാം.

‘തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് പറ്റില്ല’ എന്നൊരു ചൊല്ലുണ്ട്. കുട്ടികളുടെ കാര്യത്തില്‍ ഏറ്റവും ചേര്‍ച്ചയുള്ളതാണ് അത്. കുട്ടികള്‍ പല തരക്കാരുണ്ടല്ലോ. പലര്‍ക്കും പല സ്വഭാവവും രീതികളും ആയിരിക്കും. അതുകൊണ്ടുതന്നെ അവരെ കൈകാര്യം ചെയ്യാന്‍ ഒരു നിശ്ചിത രീതി മാത്രമായി അവലംബിക്കാന്‍ പറ്റില്ല. ഒരു കാര്യത്തിലെ ശരിതെറ്റുകള്‍ കാര്യകാരണ സഹിതം പറഞ്ഞുകൊടുത്താല്‍ത്തന്നെ കൃത്യമായി മനസ്സിലാക്കുന്ന കുട്ടികളുടെ കാര്യത്തില്‍ അടി പോയിട്ട് ശാസന പോലും വേണ്ടിവരില്ല. എന്നാല്‍ മറ്റു ചിലര്‍ ഉപദേശം കൊണ്ടുമാത്രം നേരെയാകാത്തവരും എന്നാല്‍ അല്പം ദേഷ്യപ്പെട്ട് സംസാരിക്കുകയോ വഴക്കു പറയുകയോ ഒക്കെ ചെയ്താല്‍ വഴങ്ങുന്നതുമായ ടൈപ്പ് ആയിരിക്കും. അത്തരക്കാരെ ആ വഴിയിലൂടെ തന്നെ ശരിയായ പാതയിലേക്ക് കൊണ്ടുവരാനാവും. മറ്റു ചിലരാകട്ടെ, വാക്കുകള്‍ കൊണ്ടു മാത്രം നിയന്ത്രിക്കാന്‍ പറ്റാത്ത, എന്നാല്‍ രണ്ട് അടി കിട്ടിയാല്‍ പെട്ടെന്നുതന്നെ ‘വഴിക്കു വരുന്ന’ തരക്കാരാവും. വേറെ ചിലരാകട്ടെ, ലഘുവായ ശാരീരിക ശിക്ഷകള്‍ കൊണ്ടു പോലും നേരെയാക്കാന്‍ പറ്റാത്ത പ്രകൃതക്കാരായിരിക്കും. ഇതൊന്നും പോരെങ്കില്‍ ഒരേ കുട്ടി തന്നെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത തരത്തില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്ന ‘കേസു’കളും ഉണ്ടാവാം. ഇങ്ങനെ പല തരത്തില്‍പ്പെട്ടവരെ ഒക്കെ ഒരേ ഉപായം – ഉപദേശം ആയാലും ശിക്ഷ ആയാലും – കൊണ്ട് ‘ശരിയാക്കാം’ എന്നു കരുതുന്നത് മൗഢ്യമാവും.

പൊതുവേ പറഞ്ഞാല്‍ കുട്ടിയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കി വേണം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. കാര്യം പറഞ്ഞുകൊടുത്താല്‍ മനസ്സിലാക്കുന്ന കുട്ടിയുടെ കാര്യത്തില്‍ ചൂരല്‍ പ്രയോഗം അപകടകരമാകാം. മറിച്ച്, തല്ലു കിട്ടിയാലേ ‘പഠിക്കൂ’ എന്ന മട്ടിലുള്ളവരോട് ഉപദേശവും കൊണ്ട് ചെന്നാല്‍ ‘വായിലെ വെള്ളം വറ്റിക്കാം’ എന്നല്ലാതെ പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നുമില്ല. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ‘കുട്ടിയെ അറിയുക’ എന്നതാണ് അവനെ/അവളെ നേര്‍വഴിക്ക് നയിക്കാനുള്ള ആദ്യ പടി. (‘പഠിപ്പിക്കാനുള്ള പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ തന്നെ സമയമില്ല, പിന്നെയല്ലേ ക്ലാസ്സിലെ ഓരോ കുട്ടിയുടെയും സ്വഭാവം മനസ്സിലാക്കി വിലയിരുത്തി തീരുമാനമെടുക്കാന്‍’ എന്ന മട്ടിലാണ് അധ്യാപകന്റെ ചിന്തയെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല!)അടി കൊടുത്തു മാത്രമേ ‘നേരെയാക്കാന്‍’ പറ്റൂ എന്ന സാഹചര്യം ഉണ്ടെങ്കില്‍ അടി തന്നെ വേണ്ടിവരും. പക്ഷേ തല്ലുന്നത് സ്‌നേഹത്തോടെയാവണം – ദേഷ്യമരുത്. (‘സ്‌നേഹത്തോടെ അടി കൊടുക്കാന്‍ പറ്റുമോ’ എന്നാണോ? എങ്കില്‍ നിങ്ങള്‍ വടി എടുക്കുക പോയിട്ട് അതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത് – കാരണം, നിങ്ങള്‍ക്ക് അത് അറിയില്ല!) തല്ലേണ്ടത് എന്തിനെന്നും എപ്പോഴെന്നും എങ്ങനെയെന്നും അറിയാവുന്ന അധ്യാപകന് (അധ്യാപികയ്ക്ക്) മാത്രമേ അതു സാധിക്കൂ.

കുട്ടികളുടെ മനസ്സറിഞ്ഞ് ശിക്ഷിക്കാന്‍ കഴിയുന്നതിലാണ് അധ്യാപകരുടെ വിജയം. കുട്ടിക്ക് കിട്ടുന്ന അടി അവന്റെ (അവളുടെ) ശരീരത്തെ മാത്രമേ വേദനിപ്പിക്കാവൂ – മനസ്സിനെയല്ല. തല്ലു കൊള്ളുന്ന കുട്ടിയുടെ മനസ്സില്‍ തല്ലുന്ന ആളോട് തിരിച്ചും സ്‌നേഹം തോന്നും, അപ്പോള്‍. അടി കിട്ടാന്‍ കാരണമായ തെറ്റ് തിരുത്താനും മേലില്‍ അത് ആവര്‍ത്തിക്കാതിരിക്കാനും അവന്‍ (അവള്‍) ശ്രദ്ധിക്കുകയും ചെയ്യും. (ഇതൊക്കെ പഠിത്തവുമായി ബന്ധമില്ലാത്ത തെറ്റുകളുടെ കാര്യത്തില്‍ മാത്രമാണ്. പഠിത്തത്തിലെ ‘തകരാറുകള്‍’ – ശ്രദ്ധക്കുറവ്, ക്ലാസ്സില്‍ ചോദ്യം ചോദിച്ചാല്‍ ശരിയുത്തരം പറയാന്‍ പറ്റാതെ വരിക, പരീക്ഷയില്‍ മാര്‍ക്ക് കുറയുക തുടങ്ങിയവ – ഒരിക്കലും തല്ലു കൊണ്ട് ‘പരിഹരിക്കാന്‍’ ശ്രമിക്കരുത്. കുട്ടിയുടെ പ്രകടനം മോശമാണെങ്കില്‍ എന്തുകൊണ്ട് അങ്ങനെ എന്ന് പരിശോധിക്കുക. മിക്കപ്പോഴും ‘തെറ്റ്’ കുട്ടിയുടേതാകില്ല. അങ്ങനെയെങ്കില്‍ കുട്ടിയെ ശിക്ഷിച്ചതു കൊണ്ട് കാര്യമില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ!

കുട്ടികളെ തല്ലാനൊരുങ്ങും മുന്‍പ് ഒന്നല്ല, മൂന്നു വട്ടം ആലോചിക്കണം. ‘ഈ അടി ഒഴിവാക്കാനാവാത്ത വിധം ആവശ്യമാണോ?’ ‘അടി കൊള്ളേണ്ടത് ഇവന് (ഇവള്‍ക്ക്) തന്നെയാണോ?’ ‘ഈ കുട്ടിയോടോ മറ്റാരോടെങ്കിലുമോ ഉള്ള ദേഷ്യം എന്റെ മനസ്സിലുണ്ടോ?’ ഇതില്‍ ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ക്ക് ‘അതെ’ എന്നും മൂന്നാമത്തേതിന് ‘ഇല്ല’ എന്നും ഉത്തരം കിട്ടുന്നെങ്കില്‍ മാത്രമേ വടിയെടുക്കാവൂ. അങ്ങനെയല്ലെങ്കില്‍ ‘തല്ലു കൊള്ളേണ്ടത്’ നിങ്ങള്‍ക്കു തന്നെയാണെന്നറിയുക. 

#Childlaw #Crueltytochildren #stopcrueltytochildren #childright #violationofchildrightsinIndia #punishmentstochildren #

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു