നശിപ്പിക്കപ്പെടുന്ന ജലസ്രോതസുകള്‍, ഈ നിസംഗതയ്ക്ക് മാപ്പില്ല!

Jess Varkey Thuruthel

വേനല്‍ കടുത്തു, കുടിവെള്ളത്തിനായി മനുഷ്യര്‍ നേട്ടോട്ടം പാഞ്ഞു തുടങ്ങി. ജല അതോറിറ്റിയുടെ പൈപ്പുകളില്‍ എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും കാറ്റുമാത്രം നിറയുന്നു.

ജലസമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രകൃതിയാണ് നമുക്കുള്ളത്. കേരളത്തിലാകെ 44 നദികളാണ് ഉള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് നാം കടുത്ത ജലക്ഷാമം നേരിടുന്നത്….??

നമ്മള്‍ തന്നെ നമ്മുടെ നദികളെ മലിനമാക്കുന്നു. മലിനമാക്കപ്പെട്ട ജലസ്രോതസുകളെ ശരിയായ വിധത്തില്‍ ഉപയോഗ യോഗ്യമാക്കാനുള്ള അറിവോ മനോഭാവമോ ആര്‍ക്കുമില്ല. പൊതുമുതല്‍ ആര്‍ക്കും എന്തു വേണമെങ്കിലും ചെയ്യാം എന്നുള്ള സ്വാതന്ത്ര്യം. ഈ പ്രവണതയെ കടുത്ത നിയമം വഴി തടയിടാനുള്ള ഇച്ഛാശക്തിയില്ലായ്മ.

ഇന്ന് ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന ഒരു പ്രദേശങ്ങളിലൊന്നാണ് കൊച്ചി. കുടിവെള്ളത്തിനായുള്ള സമരങ്ങള്‍ അവിടെ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. നിരവധി ചെറിയ പുഴകളും ജലസ്രോതസുകളും ഉള്ള പ്രദേശം തന്നെയാണ് കൊച്ചി. എന്നാല്‍, ഈ സ്രോതസുകളെല്ലാം മനുഷ്യര്‍ മലീമസമാക്കിയിരിക്കുന്നു. ഫ്‌ളാറ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍, താമസക്കാര്‍, യാത്രികര്‍ എന്നിവരെല്ലാം അവരവരുടെ കഴിവിനനുസരിച്ച് മാലിന്യം തള്ളി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിരിക്കുകയാണ്. കോഴിയെയും മറ്റുമൃഗങ്ങളെയടും വെട്ടുന്നവര്‍ അവയുടെ അവശിഷ്ടങ്ങള്‍ സ്വന്തം തറവാട് എന്നപോലെ അതിലേക്ക് വലിച്ചെറിയുന്നു.

ഒരു ചെറിയ മഴ പെയ്യുമ്പോള്‍ റോഡ് പുഴയായി മാറും. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഈ മാലിന്യകൂമ്പാരത്തിലൂടെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. പലരും തങ്ങളുടെ കക്കൂസ് മാലിന്യം പോലും ഈ ജലാശയങ്ങളിലേക്കാണ് ഒഴുക്കുന്നത് എന്നതാണ് ഏറ്റവും ദു:ഖകരമായ വസ്തുത.

ഇവയെല്ലാം ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭവിഷത്ത് എത്രയോ വലുതാണെന്ന് വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നഹങ്കരിക്കുന്ന മലയാളിക്കു മനസിലാകുന്നതേയില്ല. അതൊന്നും അവര്‍ക്കൊരു വിഷയവുമല്ല. മാരകമായ രോഗങ്ങള്‍ മനുഷ്യരെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യരാകട്ടെ, ഇപ്പോഴും ജാതി മത വര്‍ണ്ണ വെറികളില്‍ അഭിരമിക്കുന്നു.

ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനവും സമുദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതായത് ഉയര്‍ന്നുവന്ന ഭൂമിയുടെ മൊത്തം ഉപരിതലത്തിന്റെ ഇരട്ടി. ജല സ്രോതസ് മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ അതു നയിക്കുന്നത് മനുഷ്യന്റെ സര്‍വ്വ നാശത്തിലേക്കായിരിക്കും.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു