Headlines

അധമ മാധ്യമക്കെട്ടുകാഴ്ചകള്‍ക്ക് തടയിട്ടേ തീരൂ

 


Jess Varkey Thuruthel

വിവിധ ആവശ്യങ്ങള്‍ക്കായി പൊതു ഇടങ്ങളിലെത്തുന്ന ആളുകള്‍ക്കിടയിലേക്ക് മൈക്കും ക്യാമറയുമായി എത്തി ലൈംഗികപരമായ ഉത്തരങ്ങളിലേക്ക് ആദ്യം എത്തിച്ചേരുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം തേടുകയും ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം ആര്‍ക്കാണ്…?? തീര്‍ച്ചയായും അത് ആ ചാനല്‍ നടത്തുന്നവര്‍ക്കു തന്നെ. ആ ഉത്തരങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അതിനു കാഴ്ചക്കാരെയുണ്ടാക്കി അതിലൂടെ പണം സമ്പാദിക്കുക എന്ന തന്ത്രമാണ് അവിടെ പയറ്റുന്നത്.

‘ആണുങ്ങള്‍ക്ക് വലിപ്പമുള്ളതും പെണ്ണുങ്ങള്‍ക്ക് വലിപ്പം കുറഞ്ഞതുമായ അവയവം ഏത്..?’ എന്ന ചോദ്യത്തിന് ജനനേന്ദ്രിയമെന്നു തന്നെയാണ് ശരിയായ ഉത്തരം. ഈ ഉത്തരം ആരെങ്കിലും പറഞ്ഞാല്‍ തന്നെ അതു തെറ്റാണ് ചെവിയിലെ അസ്ഥി എന്നതാണ് ശരിയായ ഉത്തരമെന്ന് ചോദ്യകര്‍ത്താവ് പറഞ്ഞാല്‍ അതെങ്ങനെ ശരിയാവും? ചെവിയിലെ അസ്ഥി എന്ന ഉത്തരം കിട്ടാന്‍ ചോദിക്കേണ്ട ചോദ്യം ഇങ്ങനെയല്ല. അസ്ഥിയെ അസ്ഥി എന്നു തന്നെയാണ് പറയുക, അല്ലാതെ അവയവം എന്നല്ല.

സ്‌കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികളോട് ‘അടിയില്‍ കിടക്കുന്നതാണോ മുകളില്‍ കിടക്കുന്നതാണോ രസം..?’ എന്നു ചോദിച്ചാല്‍ അവര്‍ പറയുന്ന ഉത്തരമെന്തായിരിക്കും…?? എന്തുത്തരമായിരിക്കും ചോദ്യകര്‍ത്താവ് പ്രതീക്ഷിക്കുന്നത്…??

ഉത്തരം മെര്‍ക്കുറി എന്നാണെന്ന് ചോദ്യകര്‍ത്താവ് പറഞ്ഞാലും ആ ഉത്തരം കിട്ടാന്‍ വേണ്ട ചോദ്യത്തിന്റെ സ്ട്രക്ച്ചര്‍ അതല്ല. വെള്ളത്തില്‍ ഒഴിക്കുമ്പോള്‍ അടിയില്‍ കിടക്കുന്നതാണോ മുകളില്‍ കിടക്കുന്നതാണോ രസം (Mercury) എന്നതാണ് ചോദ്യമെന്ന വിശദീകരണവുമുണ്ട്.

സ്വന്തം പിതാവിനെക്കാള്‍ പ്രായമുള്ള ആളുകളോട് ‘കയറുമ്പോള്‍ വലിപ്പമുള്ളതും ഇറങ്ങുമ്പോ ചെറുതാകുന്നതുമായ സാധനം ഏത്..?’ എന്നു ചോദിക്കുകയും കണ്ണുംമിഴിച്ച് അന്തം വിട്ടു നില്‍ക്കുന്നവരോട് ചോദ്യത്തിന്റെ ഉത്തരം ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതാണ് എന്നാണ് എന്നു പറയുകയും ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഉത്തരം കിട്ടാന്‍ ചോദിക്കേണ്ട ചോദ്യം ഇതല്ല എന്നതാണ് അതിനുള്ള മറുപടി.

കൂണുപോലെ മുളച്ചു പൊന്തുന്ന ജേര്‍ണലിസം കളരിയില്‍ നിന്നും എന്താണ് ഈ പ്രൊഫഷന്‍ എന്നതിനെക്കുറിച്ചോ ഈ ജോലി ഓരോ വ്യക്തിയിലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമെന്ത് എന്നതിനെക്കുറിച്ചോ ലവലേശം ബോധമില്ലാതെ ഇമ്മാതിരി ചോദ്യങ്ങളുമായി ഇറങ്ങുന്നവരെ നിലയ്ക്കു നിറുത്തുക തന്നെ വേണം. ഇത്തരത്തില്‍ സഭ്യതയില്ലാത്ത ചോദ്യവുമായി നിരത്തിലിറങ്ങിയ ഒന്നിനെയാണ് നാട്ടുകാര്‍ തുരത്തിയോടിച്ചത്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യമെന്നാല്‍ എന്തും പറയുകയും ചോദിക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ഇനി അതല്ല, ചോദ്യത്തിന് ശരിയായ ഉത്തരമാണ് ലഭിക്കേണ്ടതെങ്കില്‍, ചോദ്യകര്‍ത്താവ് പറഞ്ഞ ഉത്തരമല്ല, മറിച്ച്, ആ ചോദ്യം നേരിട്ട വ്യക്തിയുടെ മനസിലുണ്ടായ ആദ്യ ഉത്തരം തന്നെയാണ് അതിനുള്ള മറുപടി.

വീണ എന്ന ബിഹൈന്റ് വുഡിന്റെ അവതാരകയായ വീണ ശ്രീനാഥ് ഭാസിയോടു ചോദിച്ച ചോദ്യമുണ്ട്. ആ ചോദ്യം കേട്ടിട്ട് ആ മനുഷ്യന്‍ നടത്തിയ പ്രതികരണമുണ്ട്.

ജേര്‍ണലിസം എന്നത് മാന്യമായ ഒരു പ്രൊഫഷന്‍ ആണ്. മാധ്യമലോകത്തിനു മൂല്യച്യുതി സംഭവിച്ചാല്‍ ഒരു നാടു തന്നെയാണ് നശിച്ചു പോകുന്നത്. പണമുണ്ടാക്കാന്‍ വേണ്ടി കൂട്ടിക്കൊടുപ്പോ വേശ്യാവൃത്തിയോ നടത്തിയാലും അതിനൊരന്തസുണ്ട്. പക്ഷേ, അതു ചെയ്യേണ്ടവര്‍ മാധ്യമങ്ങളല്ല. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം വേണം വേശ്യാവൃത്തിക്കോ കൂട്ടിക്കൊടുപ്പിനോ ഇറങ്ങാന്‍.

ഓരോ മനുഷ്യന്റെയും ജീവിതവും അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. നീതിക്കു വേണ്ടി എന്തിനോടും ഏതിനോടും ഭരണത്തോടു പോലും പോരടിക്കേണ്ടവര്‍. മാധ്യമപ്രവര്‍ത്തനമെന്നത് ഇത്തരത്തില്‍ എന്തും ചോദിക്കാനുള്ള ലൈസന്‍സല്ല. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരുന്നാല്‍ ഇവിടെയൊരു ആകാശവും ഇടിഞ്ഞുവീഴാനും പോകുന്നില്ല.

ജേര്‍ണലിസം എന്ന പ്രൊഫഷനെയും അതിനെ ജീവവായു പോലെ കൊണ്ടുനടക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ഇത്തരത്തില്‍ അപമാനിക്കാതിരിക്കുക. നവാബ് രാജേന്ദ്രനെപ്പോലുള്ള നിരവധി ധീര മാധ്യമപ്രവര്‍ത്തകര്‍ ചോരയും ജീവിതവും ജീവനുമാണ് ഇവിടെ വളമായിട്ടുള്ളതെന്ന സത്യം പണത്തിനു വേണ്ടി പെറ്റമ്മയെപ്പോലും കൂട്ടിക്കൊടുക്കാന്‍ മടിയില്ലാത്ത ഇത്തരം മനുഷ്യര്‍ മറന്നു പോകരുത്. മാധ്യമപ്രവര്‍ത്തനമെന്നാല്‍ ഇത്തരം അധമ ചോദ്യങ്ങളാണെന്ന് ഏതെങ്കിലും ജേര്‍ണലിസം സ്‌കൂളില്‍ നിന്നും ഇവര്‍ പഠിച്ചിട്ടുണ്ടെങ്കില്‍, നിയമം മൂലം അതിനു തടയിട്ടേ തീരൂ.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു