മനസില്‍ കനലു പൂക്കുന്ന ഇടം

സഖറിയ

കനലു പൂക്കുന്ന ഒരിടമുണ്ട് മനസില്‍
മഴ പോലെ പെയ്തിറങ്ങുന്ന, വെയില്‍ പോലെ പരക്കുന്ന ഒരിടം
എത്ര കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി കനലണഞ്ഞാലും പൂത്തുകൊണ്ടേയിരിക്കും

ഏതു കനല്‍വഴികള്‍ താണ്ടുമ്പോഴും ജീവിതത്തിന്റെ മാറാപ്പുകള്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ക്കുമ്പോഴും
ഉള്ളില്‍ പൂക്കുന്ന കനലിന് സകലതിനെയും ശുദ്ധീകരിക്കാന്‍ കഴിയും.

നിറുത്തിയിടത്തു നിന്നും തുടങ്ങാന്‍, തുടങ്ങിയത് അവസാനിപ്പിക്കാന്‍, തുടര്‍ന്നു കൊണ്ടേയിരിക്കാനും കനലുപൂക്കുന്ന ഇടമാണ് ഹേതു
ഇതെന്റെ ജീവന്റെ സായന്തനം
ഇനിയൊന്നും ശേഷിക്കുന്നില്ല, ഒരടി പോലും മുന്നോട്ടു പോകേണ്ടതുമില്ല
എല്ലാം പൂര്‍ത്തിയായിരിക്കുന്നു…

ഈ ലോകത്തിലെ മാസ്മരികതയെല്ലാം കുടികൊള്ളുന്നത് ഉപേക്ഷിക്കപ്പെട്ട മനസുകളിലാണ്…
ഒന്നുകില്‍ ഞാന്‍ ഈ ഭൂമിയെ അര്‍ഹിക്കുന്നില്ല
അല്ലെങ്കില്‍ ഈ ഭൂമി എന്നെ അര്‍ഹിക്കുന്നില്ല

രണ്ടായാലും ഉള്ളിലൊരു കനലുണ്ട്, ആ കനലില്‍ ഉരുകുന്ന എന്റെ മനസുമുണ്ട്
കനലുപൂക്കുന്ന ഇടമുണ്ട്

നാട്ടുവഴിയിലെ വാകമരങ്ങള്‍ പൂക്കുമ്പോള്‍
ഗുല്‍മോഹര്‍ ചോപ്പണിയുമ്പോള്‍
പ്രതീക്ഷയുടെ കനല്‍പൂക്കുന്ന ഒരിടം ബാക്കി നിറുത്തി
കനല്‍വഴികള്‍ താണ്ടാന്‍ തയ്യാറാകുന്നു…

തീയാകാനും സംഹാരമാകാനും ശക്തിയാകാനും സാക്ഷിയാകാനും ഒരു തരി മതി
കനല്‍പൂക്കുന്ന ഇടത്തിന്റെ ഒരു തരി

ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലെവിടേയോ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടി അനുഭവിച്ച മാനസിക വ്യഥയോടെ അലഞ്ഞ ഒരാത്മാവുണ്ട്…
ഇനിയും നടന്നെത്താന്‍ കഴിയാത്ത ദൂരങ്ങള്‍ താണ്ടാന്‍ പ്രാപ്തമാക്കിയ മനസ്

ഞാന്‍ കണ്ട സ്വപ്നങ്ങളിലെല്ലാം നാട്ടുവഴികള്‍ നീളെ പൂത്തു നില്‍ക്കുന്ന വാകമരങ്ങളുണ്ടായിരുന്നു,
വീടിനു ചുറ്റും പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍
ചുറ്റും വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത ബൊഗൈന്‍വില്ലകള്‍

കാട്, കാവ്, കുളങ്ങള്‍, കൊച്ചരുവികള്‍, നീര്‍ച്ചാലുകള്‍
ചക്കയെയും നാട്ടുവഴികളെയും ഗ്രാമങ്ങളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച മനസ്…
കെട്ടുകാഴ്ചകളുടെ മാറാപ്പുകളെല്ലാം ഉപേക്ഷിച്ച ഒരു കാലം

സ്നേഹത്തിനപ്പുറം ഞാനൊന്നും സ്വപ്നം കണ്ടിട്ടില്ല…
എന്റെ കലഹങ്ങളും ദേഷ്യവും മൗനം പോലും സ്നേഹമാണ്

അത്ര മികച്ചതൊന്നും ഈ മണ്ണ് എനിക്കു സമ്മാനിച്ചിട്ടില്ല

അതുകൊണ്ടു തന്നെ എല്ലാക്കാലത്തും ഞാന്‍ കലഹിച്ചതും പൊരുതിയതും വിപ്ലവം നയിച്ചതും അരികുപറ്റിയവരോടു ചേര്‍ന്നു നിന്നതുമെല്ലാം എന്റെ സ്നേഹമാണ്
ഞാന്‍ കൊടുത്തതും എനിക്കു കിട്ടാഞ്ഞതും സ്നേഹം മാത്രമാണ്

ഇനിയൊരു തിരിച്ചുപോക്ക് എനിക്കുണ്ടോ?
മുന്നോട്ടിനി എത്ര ദൂരം?
കാത്തിരിക്കുന്നതു പറുദീസയോ അതോ ഏദന്‍തോട്ടമോ?
ഒന്നുമെനിക്കറിയില്ല..

എല്ലാം പൂര്‍ത്തിയായി… ഞാനെല്ലാം ഏറ്റവും മനോഹരമായി ചെയ്തു…
ഇനിയൊരക്ഷരമെങ്കിലും എന്നില്‍ നിന്നും പിറവി കൊള്ളുമോ എന്നുപോലുമെനിക്കറിയില്ല

ഒരുപാട് എഴുതിയ, വായിച്ച,
ദേശാന്തരങ്ങളെ കണ്ടു മടുത്ത,
തെരുവോരങ്ങളെ പ്രണയിച്ച സ്നേഹിച്ച,
കനലെരിയുന്നൊരു മനസുമായി അലയുന്നവന്റെ ആത്മാവ്

മഹത്തരങ്ങളായ നിരവധി സൃഷ്ടികള്‍ നമ്മള്‍ നടത്തിയിട്ടുണ്ട്
ജീവസുറ്റ തീഷ്ണവരികള്‍ നമ്മള്‍ ധാരാളമെഴുതിയിട്ടുണ്ട്
ദൈവത്തിന്റെ കൈയ്യൊപ്പുളള അനേകം രചനകള്‍ നമ്മള്‍ രചിച്ചിട്ടുണ്ട്

നാളെ, കാലം ശേഷിപ്പിക്കുന്ന, മുഖം നഷ്ടപ്പെട്ട, ചരിത്രം അന്വേഷിക്കേണ്ട മനുഷ്യര്‍ക്കിടയിലേക്ക് ഞാനും പോകുമായിരിക്കും
എങ്കിലും ഒന്നെനിക്കുറപ്പുണ്ട്…
ഞാനൊഴുക്കിയ വിയര്‍പ്പും എരിഞ്ഞണഞ്ഞതും ജ്വലിച്ചതും പ്രകാശിച്ചതുമൊന്നും പാഴായി പോയിട്ടില്ല

കനലുപൂക്കുന്ന ഒരിടമുണ്ട് മനസില്‍
അലയുന്നവന് ഒരാത്മാവുണ്ട്

സ്വപ്നങ്ങള്‍ കാണാത്ത കണ്ണുകളില്‍ സ്വപ്നങ്ങള്‍ വിരിയിക്കാന്‍ നമുക്കായിട്ടുണ്ട്
ഇന്നോളം ചിരിക്കാത്ത മനുഷ്യരുടെ ചിരി നമ്മള്‍ കണ്ടിട്ടുണ്ട്…

ഏറ്റവുമൊടുവില്‍ ഞാന്‍ കണ്ട മനോഹരമായ ചിരി ആദിവാസിയായ ആ അമ്മയുടേതായിരുന്നു
ആ ചിരിയുടെ അവസാനം അവര്‍ അവരുടെ ഹൃദയത്തില്‍ നമ്മളെ കുടിയിരുത്തി…

ആദിവാസി കുടികളിലേക്കുള്ള യാത്രകള്‍…
മുഖം നഷ്ടപ്പെട്ടവര്‍ക്കു മുഖവും
ഇടം നഷ്ടപ്പെട്ടവര്‍ക്ക് ഇടമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍
ചിരി നഷ്ടപ്പെട്ടവര്‍ക്കു ചിരി സമ്മാനിച്ചതും ഒന്നും പാഴായിപ്പോയിട്ടില്ല…

നമ്മുടെ ഇല്ലായ്മകളില്‍ നിന്നുപോലും ചില മുഖങ്ങളില്‍ ചിരി വിരിയിക്കാന്‍ നമുക്കായി
കാരണം കനലു പൂക്കുന്ന മനസും പേറിയാണ് നമ്മുടെ ഈ യാത്ര…

ഇനിയെത്ര ബാക്കിയുണ്ട് ജീവന്റെ പുസ്തകത്തിലെ ആയുസ്?
അറിയില്ല, ചിലപ്പോള്‍ യാതൊന്നുമിനി ശേഷിക്കുന്നുണ്ടാവില്ല…
എങ്കിലും മനസില്‍ ഈ കനലിങ്ങനെ കത്തിയെരിയട്ടെ….
കനലുപൂക്കട്ടെ ഇനിയുമിനിയും എന്റെയീ ഹൃത്തിനുള്ളില്‍.

………………………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

 

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

 

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

 

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

 

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

 

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

…………………………………………………………………………………….

 

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു