Headlines

ജീവിതാസ്വാദനത്തിന്റെ ജൂലിയന്‍ മാതൃക

Jess Varkey Thuruthel & D P Skariah

മൂന്നാറില്‍ നിന്നും കൊച്ചിയിലേക്കായിരുന്നു ആ യാത്ര. പക്ഷേ, കോതമംഗലത്ത് എത്തിയപ്പോഴേക്കും ഒരു ഉള്‍വിളി. കണ്ട കാടുകളേക്കാള്‍ മനോഹരമാകും ഇനി കാണാനിരിക്കുന്നവ. തട്ടേക്കാട് വനമേഖലയിലൂടെ മാമലക്കണ്ടം റോഡ് വഴി ജൂലിയന്‍ സൊളേലില്‍ തന്റെ സൈക്കിള്‍ തിരിച്ചു വിട്ടു….

ആന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ സഞ്ചാരവഴികളാണതെന്ന സത്യം അദ്ദേഹത്തെ തെല്ലും ഭയപ്പെടുത്തിയില്ല. മറ്റൊരു രാജ്യത്ത്, ഭാഷയോ പ്രദേശവാസികളെയോ അറിയില്ലെന്നതും താന്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നതും അദ്ദേഹത്തിനു പ്രശ്നമല്ലായിരുന്നു. ലക്ഷ്യം ഒന്നുമാത്രം, തന്റെ സൈക്കിളില്‍ കാടിന്റെ ഉള്ളറകളിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കുക…..! ഫ്രഞ്ചുകാരനായ ജൂലിയന്‍ തന്റെ ജീവിതത്തില്‍ അത്യാനന്ദം കണ്ടെത്തിയ വഴികളായിരുന്നു അത്……

ജീവിതത്തില്‍ നാമേറെ സ്നേഹിക്കുന്ന ഒന്നിന്റെ പിന്നാലെ പോകുക എന്നത് കേരളീയനെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അസാധ്യമായ ഒന്നാണ്. കാരണം, എല്ലാ സാധ്യതകളും ഒത്തു വന്നാല്‍ മാത്രമേ നമ്മളതിനു മിനക്കെടാറുള്ളു. യാത്ര ചെയ്യാന്‍ അത്യന്താധുനിക വാഹനം വേണം, കൈ നിറയെ പണം വേണം, മുന്തിയ ഹോട്ടലുകളില്‍ താമസിക്കാന്‍ കഴിയണം, പിന്നെ കുറച്ചു കൂട്ടുകാരും ലഹരിക്കു വേണ്ട സാമഗ്രികളുമുണ്ടെങ്കില്‍ യാത്രകള്‍ മാത്രമല്ല, ജീവിതം തന്നെ രസകരം എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍.

എന്നാല്‍, ജൂലിയന്‍ സൊളേലിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും ആവശ്യമുണ്ടായിരുന്നില്ല. കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി തന്റെ ശരീരം വിയര്‍ത്തൊഴുകുന്നതൊന്നും അദ്ദേഹത്തിനു പ്രശ്നവുമായിരുന്നില്ല. വിശക്കുമ്പോള്‍, അതാതു പ്രദേശത്തു ലഭ്യമായവയില്‍ ഏറ്റവും വില കുറഞ്ഞ ഭക്ഷണം മതി അദ്ദേഹത്തിനു വിശപ്പടക്കാന്‍. തളരുമ്പോള്‍ വിശ്രമിക്കാനായി തന്റെ സൈക്കിളില്‍ ഒരു ടെന്റ് കരുതിയിട്ടുണ്ട് അദ്ദേഹം. വെറുമൊരു യാത്ര മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍ മൂന്നാറു നിന്നും അദ്ദേഹം പോകേണ്ടിയിരുന്നത് കൊച്ചിയിലേക്കായിരുന്നു. ലക്ഷ്യസ്ഥാനമേതുമില്ലാത്ത യാത്ര തന്നെയാണ് ജൂലിയനെ മറ്റു യാത്രികരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നതും.

ഫ്രാന്‍സില്‍, ഒരു മെസഞ്ചര്‍ ബോയ് ആയി നിസ്സാര ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജൂലിയന്‍ തന്റെ ജോലിയില്‍ നിന്നും ഹ്രസ്വകാലത്തേക്ക് അവധിയെടുത്താണ് യാത്ര ആരംഭിച്ചത്. ചുറ്റിക്കറങ്ങലുകള്‍ക്കൊടുവില്‍, വീണ്ടുമദ്ദേഹം തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തും. പിന്നെയും കുറെക്കാലം ജോലി ചെയ്തു സ്വരുക്കൂട്ടിയ പണവുമായി വീണ്ടുമൊരു യാത്രയ്ക്ക്……. ബന്ധനങ്ങളില്ലാതെ, കെട്ടുപാടുകളില്ലാതെ….. കിട്ടിയ ജീവിതം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍, തന്റെ ആഗ്രഹത്തിനൊത്തവിധം ജീവിച്ചു തീര്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍……!

ഇനി നമുക്ക് നമ്മുടെ ജീവിതത്തിലേക്കൊന്നു കണ്ണോടിക്കാം…… ബാല്യവും കൗമാരവും പഠനത്തിനായി ചെലവഴിക്കുന്നു…… പഠനവഴിയിലെ മാനസിക പിരിമുറുക്കങ്ങള്‍ താങ്ങാന്‍ കഴിയാതെ ചെറുപ്രായത്തില്‍ തന്നെ ലഹരി വഴിയില്‍ സഞ്ചരിക്കുന്നവരുണ്ട്. ലഹരിയാണ് ജീവിതമെന്നു കരുതുന്നവരുമുണ്ട്. പണമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന തെറ്റായ പാഠമുള്‍ക്കൊണ്ട് ജീവിക്കാന്‍ മറന്നു പോകുന്നവര്‍….! ജോലി, വീട്, കാറ്, മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഇവയെല്ലാമാണ് ജീവിതമെന്നു വിശ്വസിച്ച് സുഖസൗകര്യങ്ങള്‍ക്കു പിന്നാലെ പാഞ്ഞ് സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നു പോകുന്നവര്‍….! ജോലി ലഭിച്ച് കാലൊന്നുറച്ചാല്‍ ഉടന്‍ വിവാഹം കഴിച്ച് ഒരായുസു മുഴുവന്‍ വേണ്ട ബാധ്യതയെടുത്തു തോളിലെടുത്തു വയ്ക്കുന്നവര്‍……! വീടും മറ്റു സുഖസൗകര്യങ്ങളുമുണ്ടാക്കാനായി ഒരായുസു മുഴുവന്‍ ചെലവഴിച്ചാലും തീരാത്തത്ര കടങ്ങള്‍ തോളിലെടുത്തു വച്ച് ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നവര്‍….!

എത്ര സമ്പാദിച്ചാലും ആര്‍ത്തിയടങ്ങാതെ വഴിതെറ്റി സഞ്ചരിക്കുന്ന മറ്റു ചിലര്‍……! മണിമാളികകള്‍ കെട്ടി മേനി നടിക്കുന്നവര്‍…. പൊങ്ങച്ചത്തിന്റെ അടയാളങ്ങളായ സ്വര്‍ണ്ണാഭരണങ്ങളില്‍ മുങ്ങിക്കുളിക്കുന്നവര്‍….. ഇതെല്ലാം സ്വന്തമാക്കാനായി നെട്ടോട്ടമോടുന്നവര്‍….. സ്വന്തം ഇഷ്ടങ്ങള്‍ക്കു പിന്നാലെ പോകാന്‍ ഭയപ്പെടുന്നവര്‍….! സമൂഹം നിര്‍മ്മിച്ചുവച്ച ചട്ടക്കൂടിനുള്ളില്‍ നിന്നും പുറത്തു കടക്കാന്‍ ധൈര്യപ്പെടാതെ ജീവിതം മാനസിക പിരിമുറുക്കങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നവര്‍…..! ലഹരിയുണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ ആഘോഷമുള്ളു എന്നു ചിന്തിക്കുന്നവരായി നാം മാറിക്കഴിഞ്ഞു. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കായി കേരളം കുടിച്ചത് 686.28 കോടിയുടെ മദ്യമാണ്. വെറും പത്തു ദിവസത്തെ കണക്കാണിത്. മദ്യത്തിനു വേണ്ടി മാത്രമാണ് ഇത്രയും തുക ചെലവഴിച്ചത്. അപ്പോള്‍ മറ്റു ലഹരികളില്‍ എത്രയേറെ പണം ചെലവഴിച്ചിട്ടുണ്ടാവാം. കേരളീയര്‍ക്കു ജീവിതമെന്നാല്‍ ലഹരിയെന്നായി മാറി.

എന്നാല്‍, നമുക്ക് ഇവിടെയൊരു മാതൃകയുണ്ട്….. ജൂലിയനെപ്പോലുള്ള അനേകം മനുഷ്യരുടെ മാതൃക….! വിസ്മയം പോലെ ലഭിച്ച ഈ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കിത്തീര്‍ക്കുന്നവര്‍…..! ആ നിമിഷങ്ങളതിന്റെ പാരമ്യത്തില്‍ ജീവിച്ചു തീര്‍ക്കുന്ന ചില മനുഷ്യര്‍ നമ്മോടു പറയുന്ന സന്ദേശമുണ്ട്. ഈ ജീവിതത്തില്‍ സന്തോഷിക്കാന്‍ നമുക്ക് അധികമൊന്നും ആവശ്യമില്ല. വിശപ്പു മാറാന്‍ ആഹാരം, ജീവിക്കാനൊരു ജോലി, പിന്നെ സ്വന്തം പാഷനു പിന്നാലെ ഇറങ്ങിത്തിരിക്കാനുള്ള മനസും ധൈര്യവും…….

സ്വാതന്ത്ര്യം തന്നെയാണ് ജീവിതം….. അതുതന്നെയാണ് അമൃതും….. പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമാണെന്ന് പാടി അദൃശ്യച്ചങ്ങലകളാല്‍ സ്വയം ബന്ധിച്ചു ജീവിതം നരകമാക്കുന്ന നമ്മള്‍ ഒരുപക്ഷേ, ജൂലിയനെപ്പോലെ ജീവിതം അതിന്റേതായ അര്‍ത്ഥത്തില്‍ ആസ്വദിച്ചു ജീവിക്കുന്നവരെ നോക്കി ഭ്രാന്തനെന്നു വിളിച്ചേക്കാം….. കാരണം മറ്റുള്ളവര്‍ക്കു ദ്രോഹമാകാതെ, സ്വന്തം ഇഷ്ടപ്രകാരം അവരവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ഇനിയും നമുക്കറിയില്ല….. മറ്റുള്ളവരെക്കാള്‍ മുന്തിയ ജോലിയും ജീവിതവും ജീവിത സാഹചര്യങ്ങളും നേടാനുള്ള വ്യഗ്രഥയില്‍ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ തന്നെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളെയാണ്……

#LoneCyclist #CycleRidetoMamalakkandam #Cycleride #Elephant 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു