Headlines

കാടുവെട്ടിയും കളനാശിനികളും മാറ്റിവയ്ക്കാം, പ്രശ്‌നപരിഹാരത്തിന് ഇനി സ്ത്രീകളുണ്ടല്ലോ


Jess Varkey Thuruthel

അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്ന പുല്ലും കാടുമാണ് കേരളത്തിലെ കര്‍ഷകര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്ന്. മണ്ണിനു വളക്കൂറുണ്ടാവാനും ഫലഫൂയിഷ്ഠമാവാനുമായി റബര്‍ ബോര്‍ഡ് നാടെങ്ങും പടര്‍ത്തിയ കാട്ടുപയര്‍ എന്ന മഹാശല്യവുമുണ്ട് കൂടെ. വെട്ടിയാലും വെട്ടിയാലും പിന്നെയും ആര്‍ത്തു മുളച്ചു പൊന്തുന്ന പുല്ലുകള്‍. മണ്ണിന്റെ ആഴത്തില്‍ വേരോടിയ ഇവ, പിഴുതെറിഞ്ഞാലും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പറമ്പെങ്ങും വ്യാപിക്കുന്നു.

വിളകളെ മൂടി കാടുകള്‍ പടര്‍ന്നുപിടിക്കുകയാണ്. മെഷീനുകള്‍ ഉപയോഗിച്ച് പലതവണ വെട്ടിയാലും ദിവസങ്ങള്‍ക്കകം വീണ്ടും ആര്‍ത്തു വളരുന്നു അവ. വെട്ടിമാറ്റിയാലും ചെത്തിമാറ്റിയാലും ഇതുതന്നെയാണ് അവസ്ഥ. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ കളനാശിനികളെ ആശ്രയിക്കുകയാണിപ്പോള്‍. ആര്‍ത്തുവളരുന്ന കളകള്‍ക്ക് അവയും ഫലപ്രദമായ പരിഹാരമല്ലെന്നു മാത്രമല്ല, ജനങ്ങളുടെ ആരോഗ്യം തന്നെ തകര്‍ത്തെറിയാന്‍ പര്യാപ്തമായ വിഷമാണ് മണ്ണിലേക്ക് എത്തിച്ചേരുന്നത്. മണ്ണിന്റെ ഫലഫൂയിഷ്ഠിയെയും ഇവ നശിപ്പിക്കുന്നു. വരുന്ന തലമുറകളെപ്പോലും ഇവ ബാധിക്കും.

ഇപ്പോള്‍, ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. കേരളത്തിലെ ജനസംഖ്യയില്‍ പകുതിയിലേറെയും സ്ത്രീകളാണ്. അവര്‍ വിചാരിച്ചാല്‍, പടര്‍ന്നുകയറുന്ന ഈ പുല്ലിനു പുഷ്പം പോലെ പരിഹാരം കാണാനാവും. ആര്‍ത്തവസമയത്ത്, ഈ കളകളിലും കാടുകളിലും തൊട്ടാല്‍ മതിയാകും. അവ താനെ വാടിപ്പൊയ്‌ക്കൊള്ളും.

‘ആര്‍ത്തവമുള്ള സ്ത്രീകള്‍ തൊട്ടാല്‍ ചെടികള്‍ വാടിപ്പോകുമെന്ന് സയന്‍സ് തെളിയിച്ചതാണ്’ എന്ന് ശാസ്ത്രത്തിന്റെ പിന്‍ബലത്തോടു കൂടി പറഞ്ഞിരിക്കുകയാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്. ന്യൂസ് 18 കേരളം എന്ന ചാനലിനു നല്‍കി അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സയന്‍സിന്റെയും ശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ എന്തു വിഢിത്തവും പറയാമെന്ന ചിന്തയാണ് മതവിശ്വാസികള്‍ക്ക്. വിഢിത്തങ്ങള്‍ പറയുന്നവര്‍ ഏതു മതക്കാരെന്നതല്ല, അവര്‍ എല്ലാ മതത്തിലുമുണ്ട്. അവരവരുടെ ന്യായങ്ങള്‍ പറയാനും പ്രചരിപ്പിക്കാനുമായി ശാസ്ത്രത്തെയും മറ്റും കൂട്ടുപിടിക്കുന്നു.

ആര്‍ത്തവത്തിന്റെ പേരില്‍ എത്രയോ തലമുറയിലെ സ്ത്രീകളെയാണ് ഈ അധമചിന്തകര്‍ ദുരിതത്തിലാഴ്ത്തിയത്! ഇതിന്റെ പേരില്‍ എത്രയോ സ്ത്രീകളുടെ ജീവിതങ്ങളാണ് പുഴുക്കള്‍ക്കു സമമായിത്തീര്‍ന്നത്? ഇന്നും ആര്‍ത്തവമുണ്ടെന്ന കാരണത്താല്‍ ഏതെല്ലാം ഇടങ്ങളില്‍ നിന്നാണ് സ്ത്രീകളെ ആട്ടിപ്പായിക്കുന്നത്? എത്രയോ തൊഴിലിടങ്ങളാണ് അവള്‍ക്കു തൊഴില്‍ പോലും നിഷേധിക്കുന്നത്?

ഈ 21-ാം നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ മനസില്‍ കൊണ്ടുനടക്കാനും അവയില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആളുകള്‍ ഉണ്ടെന്നത് എത്രയോ വലിയ ദുരന്തമാണ്. ഇവരെയെല്ലാമാണ് ശ്രേഷ്ഠവ്യക്തിത്വങ്ങളായി ആദരിച്ചു കൊണ്ടുനടക്കുന്നത് എന്നത് അതിനേക്കാള്‍ ദയനീയം.




Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#AswathyThirunalGauriLakshmiBhai #MenstruatingWomen 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു