Headlines

ലൈംഗികതയിലെ ലാളനയും ധാര്‍മ്മികതയും; അറിയില്ലെങ്കില്‍ നിങ്ങളതു പഠിക്കണം


പങ്കാളിയുടെ കഴുത്തിലുള്‍പ്പടെ കയര്‍ കൊണ്ടു ബന്ധിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ശ്രമത്തിനിടയില്‍ മരണം സംഭവിച്ചുപോയ ഒരു പരീക്ഷണശാലിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഈയിടെയാണ്. ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളു കിടപ്പറയിലെ അസംതൃപ്തിയും അരാജകത്തവും പുതുമ തേടുന്ന മനസും എത്രമാത്രമാണെന്ന്. ബന്ധനത്തിലൂടെ കിട്ടുന്ന സംതൃപ്തി (Comfort in discomfort) എന്ന പേരിട്ടാണ് ഇത്തരം ആസുര ലൈംഗികതയെ ഒരു വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. ഇത് എത്തരത്തിലുള്ള ലൈംഗികതയാണ് എന്നതിനെച്ചൊല്ലിയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ലൈംഗികത എങ്ങനെയെന്നറിയാന്‍ ഗൂഗിളില്‍ നിരവധി പേര്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.


സാധാരണ ഗതിയില്‍ ഇത്തരത്തില്‍ ബന്ധിക്കപ്പെടാറുള്ളത് സ്ത്രീശരീരമാണ്. അതിനുശേഷം അവളുടെ ദേഹത്ത് ഏതെല്ലാം തരത്തിലുള്ള പ്രവേശനങ്ങള്‍ സാധ്യമാണോ അതിലൂടെയെല്ലാം ലൈംഗികാവയവം സന്നിവേശിപ്പിക്കുന്ന പുരുഷന്മാരും. വേദനകൊണ്ടുള്ള അവളുടെ നിലവിളി പോലും ആഘോഷമാക്കുന്നവര്‍…. പുരുഷ ശരീരത്തില്‍ തൂങ്ങിക്കിടക്കുന്ന ഏതാനും ഇഞ്ചുമാംസക്കഷണം കൊണ്ട് അവളുടെ ശരീരത്തില്‍ സാധിപ്പിക്കാന്‍ കഴിയുന്ന തരത്തിലെല്ലാം ശുക്ലധാരണം നടത്തുക എന്നതാണ് ലൈംഗികത എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു പുരുഷസമൂഹവും അവന്റെ സംതൃപ്തിയാണ് തങ്ങളുടെ ധര്‍മ്മമെന്നും യഥാര്‍ത്ഥ ലൈംഗികതയെന്നും വിശ്വസിക്കുന്ന സ്ത്രീസമൂഹവുമാണ് ഇവിടെ വളര്‍ന്നുവരുന്നത്.

ഒരിക്കല്‍ എന്നോടൊരുവള്‍ ഒരു കഥ പറഞ്ഞു, അതവളുടെ ജീവിതം തന്നെയായിരുന്നു. അവളുടെ നഗ്നമാകുന്ന ഇത്തിരി ഉടല്‍ കണ്ടാല്‍ പോലും സ്വന്തം വികാരത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത അവളുടെ ഭര്‍ത്താവിനെക്കുറിച്ചും അയാളില്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ നടത്തുന്ന വിഫല ശ്രമത്തിന്റെയും കഥ. ഒടുവില്‍ പിടിച്ചു വലിച്ച് കിടക്കയിലെത്തിച്ച് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ലൈംഗിക വേഴ്ചയില്‍ മനസും ശരീരവും തളരുന്ന അവളുടെ ദിനരാത്രങ്ങള്‍…… അവധി ദിവസങ്ങളില്‍ നിരവധി തവണ ഇത്തരം വേഴ്ചയ്ക്ക് ഇരയാകേണ്ടി വരുന്നു അവള്‍…. ഒരു വേഴ്ചയ്ക്കു ശേഷം ഉടനടി അടുത്തതിനു വേണ്ടി തയ്യാറെടുക്കുന്ന പുരുഷലിംഗം….. വാത്സ്യായന കാമസൂത്രയുടെ പരീക്ഷണശാലകളാകുന്ന കിടപ്പറകള്‍……. മൂത്രനാളിയിലും ഗുദദ്വാരത്തില്‍പ്പോലും സന്നിവേശനം നടത്തുകയും അതുതന്നെ അവളുടെ വായില്‍ തിരുകുകയും ചെയ്യുമ്പോള്‍ മലം കോരി വായിലിട്ടാലെന്ന പോലെ അവള്‍ക്ക് അറപ്പുളവാകുമെന്ന് ചിന്തിക്കുന്ന പുരുഷന്മാര്‍ എത്രപേരുണ്ടാകും…..??? ഇത്തരം ലൈംഗികത ഒരു രോഗമാണെന്നും അതിനു ചികിത്സ ആവശ്യമാണെന്നും മനസിലാക്കുന്നവര്‍ എത്ര പേരുണ്ടാകും….?? അതെങ്ങനെ, നീളമില്ലാത്തതിന്റെയും വണ്ണമില്ലാത്തതിന്റെയും ബലമില്ലാത്തതിന്റെയും പേരിലുള്ള ചികിത്സകളല്ലാതെ മറ്റെന്തു ചികിത്സയാണ് ഈ രംഗത്തു നടക്കുന്നത്…?? ഇവയ്ക്കൊന്നും ചികിത്സ ആവശ്യമില്ലെന്നും അമിത ലൈംഗികതയാണ് ചികിത്സിച്ചു ഭേതമാക്കേണ്ടതെന്നും ഇവര്‍ക്ക് ആരാണ് മനസിലാക്കികൊടുക്കുക…??


പുരുഷന്റെ ഇച്ഛയ്ക്കും ഇംഗിതത്തിനുമനുസരിച്ചു ജീവിക്കുകയാണ് ഭാര്യയെന്ന നിലയില്‍ തന്റെ കര്‍ത്തവ്യമെന്ന് അടിയുറച്ചു വിശ്വസിക്കുന്ന എത്ര സ്ത്രീകള്‍ പുരുഷന്റെ അമിത ലൈംഗികതയെ എതിര്‍ക്കുന്നുണ്ടാവും….?? വിവാഹ ശേഷം തന്റെ ശരീരം ചൂഷണങ്ങള്‍ക്ക് ഇരയാവുകയാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ലൈംഗികതയെന്നാല്‍ ഇതല്ലെന്നും വിശ്വസിക്കുകയും തന്റെ ജീവിതത്തില്‍ അതു നടപ്പില്‍ വരുത്തുകയും ചെയ്യുന്ന എത്ര സ്ത്രീകളുണ്ടാകും….???

മറ്റൊരു സ്ത്രീ അവളുടെ കഥ പറഞ്ഞത് ഇങ്ങനെയാണ്….. എല്ലാദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു വാശിപിടിക്കുന്ന പുരുഷന്‍…. അതു സാധിച്ചു കൊടുക്കാതിരിക്കുമ്പോള്‍ അവളെ അതികഠിനമായി ശിക്ഷിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു….. പരപുരുഷനുമായി ബന്ധമുള്ളതുകൊണ്ടാണ് സ്വന്തം ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തെ എതിര്‍ക്കുന്നതെന്ന് ന്യായം കണ്ടുപിടിച്ച് അതിന്റെ പേരില്‍ വഴക്കടിക്കുന്നു അയാള്‍……! താലികെട്ടിയവന്റെ ഇംഗിതം സാധിച്ചുകൊടുക്കുന്നതാണ് ഭാര്യയെന്ന നിലയില്‍ സ്വന്തം കര്‍ത്തവ്യമെന്നു വിശ്വസിക്കുന്ന ഒരു സ്ത്രീ…… ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിനു വേണ്ടി നൊന്തുപെറ്റ സ്വന്തം മക്കളെപ്പോലും അടുത്തുകിടത്തി ലാളിക്കാന്‍ മടിച്ചു അവര്‍……

ഇതാ മറ്റൊരു കഥ…. പതിനെട്ടു വയസു മാത്രം തികഞ്ഞ അവളുടെ വിവാഹമായിരുന്നു അന്ന്…… നിരവധി പേര്‍ ആ ചടങ്ങില്‍ പങ്കെടുക്കാനെത്തി……. വിവാഹ സദ്യയൊക്കു സമയമായപ്പോള്‍, ക്ഷണിക്കപ്പെട്ട അതിഥികളില്‍ നിന്നും ഒരാളുടെ കമന്റ്…… ‘ഇന്നുരാത്രി എന്തായിരിക്കും….. ഹോ… ചിന്തിക്കാന്‍ വയ്യ…. അങ്ങോട്ടുതട്ടി ഇങ്ങോട്ടു തട്ടി, പിന്നെയും അങ്ങോട്ടു തട്ടി ഇങ്ങോട്ടു തട്ടി…..’ ശാരീരിക ബന്ധത്തിലേര്‍പ്പെടാനുള്ള ലൈസന്‍സ് മാത്രമാണ് വിവാഹമെന്ന വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളില്‍ നിന്നല്ലാതെ ഇത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം ഉണ്ടാവുകയേയില്ല……..

ഒരു കോഫിയുടെ പരസ്യം….. ഒരു കപ്പില്‍ നിന്നും മറ്റൊരു കപ്പിലേക്ക് ചായപകരുന്നു….. ആവിപറക്കുന്ന നറുമണമുള്ള കോഫി…. ആ പരസ്യത്തിന്റെ അവസാനം എന്തിനാണ് ‘ചെയ്യൂ അങ്ങോട്ടുമിങ്ങോട്ടും’ എന്ന ആ വാചകം തിരുകിക്കയറ്റിയത്…..????

ബൈക്കിന്റെ പരസ്യത്തോടൊപ്പം എന്തിനാണ് അല്പവസ്ത്രധാരിണികളായ സ്ത്രീകളെ അവതരിപ്പിക്കുന്നത്….?? ആ ബൈക്കിനെ എന്തിനാണ് സ്ത്രീ ഉടലിനോടുപമിക്കുന്നത്….?? പെണ്ണിന്റെ ദേഹത്തു കയറി അവളെ പ്രാപിക്കുന്നതിനു തുല്യമായി ബൈക്ക് പറത്തുന്നതിനെ ചിത്രീകരിക്കുന്നത് എന്തിന്…???

യൂറോപ്യന്‍ ക്ലോസറ്റിന്റെ പരസ്യത്തോടൊപ്പം അതിനെ തൊട്ടും തലോടിയും നില്‍ക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുന്നത് എന്തിന്….?? ആ ക്ലോസറ്റിനു മുകളില്‍ അപ്പിയിടാന്‍ ഇരിക്കുന്നതു പോലും അവളുടെ ദേഹത്താണ് ഇരിക്കുന്നത് എന്ന സന്ദേശമാണോ അതിലൂടെ ഇവര്‍ പറഞ്ഞുവയ്ക്കുന്നത്….???

ബോ ചെ എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ബോബി ചെമ്മണ്ണൂരിന്റെ ഒരു കമന്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നു….. നിരവധി കാമുകിമാരുള്ള താങ്കള്‍ എന്തുകൊണ്ടാണ് അവരിലൊരാളെപ്പോലും കൂടെ കൊണ്ടുനടക്കാത്തത് എന്ന ചോദ്യത്തിന് ബോബി ചെമ്മണ്ണൂരിന്റെ ഉത്തരം ഇതായിരുന്നു……

‘ചിക്കന്‍ കഴിച്ച ശേഷം താന്‍ കഴിച്ചത് ചിക്കനാണ് എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ആരെങ്കിലും എല്ലുകള്‍ തോളില്‍ തൂക്കി നടക്കാറുണ്ടോ….??’ എന്ന്…… ബോ ചെയുടെ നര്‍മ്മബോധത്തെ വാഴ്ത്തിയതും പൊട്ടിച്ചിരിച്ച് ആഘോഷിച്ചതും പുരുഷന്മാര്‍ മാത്രമായിരുന്നില്ല… സ്ത്രീകള്‍ കൂടിയായിരുന്നു…… സ്ത്രീയെ, അതും തന്റെ പ്രണയത്തെ വെറും മാംസക്കഷണമായി ചിത്രീകരിച്ച ആ പുരുഷന്റെ മുഖത്തു നോക്കി ഒരു എതിര്‍സ്വരം പോലും പറയാതെ പൊട്ടിച്ചിരിച്ചാസ്വദിച്ച സ്ത്രീകളെ….., ഹാ കഷ്ടം….! പുരുഷനു മുന്നില്‍ കൈകളും കാലുകളും ബന്ധിക്കപ്പെട്ട് നഗ്നശരീരങ്ങള്‍ മാത്രമായി കിടന്നു കൊടുക്കാന്‍ മാത്രമേ നിങ്ങള്‍ക്കറിയൂ….. അല്ലാതെ, പെണ്ണിന്റെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ ഈ ഊറിച്ചിരിച്ചവള്‍മാരില്‍ ഒരുത്തിക്കുപോലും കഴിയില്ല……

മഴയില്‍, സായംസന്ധ്യയില്‍, തന്റെ ഇരുചക്രവാഹനത്തില്‍ ഒരു സ്‌കൂള്‍ കുട്ടിക്ക് ലിഫ്റ്റുകൊടുത്ത ഒരുവള്‍ യാത്രയിലുണ്ടായ തന്റെ ദുരനുഭവം പറഞ്ഞിരുന്നു….. ‘ഞാന്‍ നിങ്ങളുടെ മുലയ്ക്കു പിടിച്ചോട്ടെ’ എന്ന ആ പയ്യന്റെ ചോദ്യം കേട്ട് വിശ്വസിക്കാനാവാതെ താന്‍ പകച്ചുപോയി എന്ന് അവര്‍ പറഞ്ഞിരുന്നു….. ആ വാര്‍ത്തയ്ക്കു താഴെ, അവളെ വിമര്‍ശിച്ചും സ്വന്തം ആഗ്രഹം അന്തസോടെ പറഞ്ഞ പയ്യന്റെ മാന്യതയെ വാനോളം പ്രശംസിച്ചുമുള്ള നിരവധി കമന്റുകളും കണ്ടിരുന്നു……

ചുരിദാറിന്റെ കീറലുകള്‍ക്കിടയിലൂടെ പെണ്ണിന്റെ തുടകള്‍ കണ്ടപ്പോള്‍ തന്റെ ലിംഗം ഉയര്‍ന്നെഴുന്നേറ്റതിനെക്കുറിച്ച് വീരസ്യത്തോടെ പറഞ്ഞത് മലയാളത്തിലെ പേരുകേട്ട ഒരുസാഹിത്യകാരനായിരുന്നു…..!

സ്ത്രീ ശരീരത്തിലെ ഓരോ അവയവവും പുരുഷനു സ്വന്തം കാമപൂര്‍ത്തീകരണത്തിനുള്ളതാണെന്നും പെണ്ണെന്നാല്‍ തുടയിടുക്കിലെ ഓട്ടയും മുലകളും മാംസളതയും മാത്രമാണെന്നും വിശ്വസിക്കുന്ന ഒരു പുരുഷ സമൂഹത്തിന്റെയും അത്തരക്കാരുടെ ഇംഗിതത്തിനു കിടന്നുകൊടുത്ത് ആസ്വദിക്കുകയാണ് തങ്ങളുടെ ധര്‍മ്മമെന്നു വിശ്വസിക്കുന്ന കുടുംബമഹിമയുള്ള സ്ത്രീസമൂഹത്തിന്റെയും നാട്ടില്‍ ആസുര ലൈംഗികതയും അതിന്റെ ചുവടു പിടിച്ചുള്ള പരസ്യങ്ങളും ആഘോഷിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു……

തന്റെ ശരീരത്തിന്റെ ഉടമ താനാണെന്നും തന്റെ ശരീരത്തിനും മനസിനും വേണ്ടത് പുരുഷന്റെ ഇംഗിതത്തിനു കിടന്നുകൊടുക്കുമ്പോള്‍ കിട്ടുന്ന സുഖമല്ലെന്നും അതല്ല ലൈംഗികതയെന്നും വിശ്വസിക്കുന്ന ഒരു സ്ത്രീ സമൂഹം ഇവിടെ വളര്‍ന്നുവരേണ്ടതുണ്ട്…. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പുറത്തിറങ്ങിയ ശേഷം ഫോര്‍പ്ലേ എന്താണെന്നു ഗൂഗിളില്‍ തെരഞ്ഞവരുടെ എണ്ണം ഗൂഗിളിനെപ്പോലും ഞെട്ടിച്ചതായി വാര്‍ത്തയുണ്ടായിരുന്നു…. ഇതൊന്നുമറിയാതെ എന്തു പഠിച്ചു വച്ചിട്ടാണ് നിങ്ങളവളുടെ നഗ്നമേനിയില്‍ താണ്ഡവമാടുന്നത്…??? സ്‌നേഹത്തില്‍ അധിഷ്ഠിതമായ ലൈംഗികതയാണ് അത്യന്തം ആസ്വാദ്യകരമെന്ന് ഇവര്‍ എന്നാണിനി പഠിക്കുക….?? ആരാണിവര്‍ക്കിതു പറഞ്ഞുകൊടുക്കുക….???

സ്നേഹത്തില്‍ അധിഷ്ഠിതമല്ലാത്ത ഈ സമൂഹം കൊടുംക്രൂരകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്ന കുറെ കുട്ടികുറ്റവാളികള്‍ക്കു കൂടി ജന്മം നല്‍കുന്നു…… പരസ്യത്തിലൂടെയും വശീകരണത്തിലൂടെയും കാമത്തിലൂടെയും ലഹരിയിലൂടെയും ഇത്തരക്കാരെ പാലൂട്ടി വളര്‍ത്തുന്നു.

കുട്ടിക്കുറ്റവാളികളുടെ കണക്കുകളും അവര്‍ ചെയ്തു കൂട്ടുന്ന കൊടുംക്രൂരതകളും ഒന്നോര്‍ത്തു നോക്കുക…… അഞ്ചോ ആറോ വയസു മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിന്റെ യോനിയിലേക്ക് കോല്‍കയറ്റി ആ കുഞ്ഞിന് അതിതീവ്രമായ വേദനയും പിന്നെ മരണവും സമ്മാനിച്ചത് പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടിയായിരുന്നു……

ക്രൂരബലാത്സംഗത്തിനു ശേഷം ഇരയെ അതിക്രൂരമായി ഇഞ്ചിഞ്ചായി കൊല്ലുന്നവര്‍…..! സാധിക്കുമെങ്കില്‍ പെണ്ണിന്റെ നവദ്വാരങ്ങളിലൂടെയും ലിംഗ സന്നിവേശത്തിനു ശ്രമിക്കുന്നവര്‍…. അതു സാധിക്കാത്ത പക്ഷം കൈയില്‍ കിട്ടുന്നതെന്തും അവളുടെ അവയവങ്ങളിലൂടെ തിരുകിക്കയറ്റി സംതൃപ്തിയടയുന്നവര്‍……

സാധിക്കുമെങ്കില്‍ അവളുടെ ശരീരത്തില്‍ ഒന്നു ഞെക്കിയെങ്കിലും ലിംഗോദ്ധാരണത്തിനും കാമതൃപ്തിക്കും ശ്രമിക്കുന്നവര്‍…….

ഹേ വഴിപിഴച്ച സമൂഹമേ……, സ്‌നേഹത്തില്‍ അധിഷ്ഠിതമായ ലൈംഗികതയെക്കുറിച്ചു നിങ്ങള്‍ എന്നാണിനി പഠിക്കുന്നത്…..????

അത്തരം ലൈംഗികതയിലൂടെ ലഭിക്കുന്ന സംതൃപ്തിയുടെ ആഴത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും എന്നാണിനി നിങ്ങള്‍ പഠിക്കുന്നത്….???

കിടപ്പറയില്‍ വേശ്യയാകുന്നതാണ് ഉത്തമനാരീലക്ഷണമെന്നു പഠിച്ചുവച്ചിരിക്കുന്ന ഓരോ പുരുഷനും അങ്ങനെ ആകുന്നതാണ് സ്വന്തം ധര്‍മ്മമെന്നു വിശ്വസിച്ച് അവനു കിടന്നു കൊടുക്കുന്ന ഓരോ സ്ത്രീയുമറിയണം……. കിടപ്പറയില്‍ സ്നേഹത്തിന്റെ പുഴയായി ഒഴുകാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ നിങ്ങളെത്തിച്ചേരുന്ന സുഖത്തിന്റെ ആഴവും വ്യാപ്തിയും എത്രമാത്രമാണെന്ന്….! അവളെ കീഴടക്കുകയും കാലുകള്‍ക്കിടയിലിട്ട് മെതിക്കുകയും അവളില്‍ ആഴ്ന്നിറങ്ങുകയും ചെയ്യുകയാണ് ലൈംഗികതയെന്നു വിശ്വസിക്കുന്നവര്‍ക്കു വിധിച്ചിട്ടുള്ളതല്ല ഈ ലൈംഗികത…… പങ്കാളികള്‍ പരസ്പം ഓരോ മുടിനാരിനെ പോലും തഴുകിയുണര്‍ത്തി കൊഞ്ചിച്ചും ലാളിച്ചും ഒടുവില്‍ ശരീരം ആഗ്രഹിക്കുന്ന ആ മുഹൂര്‍ത്തത്തില്‍ മാത്രം സന്നിവേശിച്ചും വേദനിപ്പിക്കാതെ നടത്തുന്ന ലൈംഗികത……. അത്തരത്തില്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടു നോക്കൂ….. അവിടെ ആസുരതയില്ല….. കീഴടക്കലുകളില്ല…… കളിചിരികളും കൊഞ്ചലുകളും കീഴടങ്ങലുകളും മാത്രമേയുള്ളു….. ഈ അസുലഭമുഹൂര്‍ത്തത്തിലേക്ക് എത്തിപ്പെടാന്‍ ഓരോ ആണും പെണ്ണും പഠിക്കണം…… അതു പുഴയായ് ഒഴുകണം…. ശാന്തമായി, സ്വസ്ഥമായി…….

ലാളിക്കപ്പെടുവാന്‍, കൊഞ്ചിക്കപ്പെടുവാന്‍ താലോലിക്കപ്പെടുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്……??? പക്ഷേ, സ്ത്രീ ശരീരം കാണുന്ന മാത്രയില്‍ ബലപ്രയോഗത്തിലൂടെ ലിംഗസന്നിവേശം നടത്തുന്ന പുരുഷനുണ്ടോ ശാന്തമെങ്കിലും അതിതീവ്രവും ശക്തവും ആനന്ദദായകവുമായ ഈ അവസ്ഥയെക്കുറിച്ചറിയുന്നു….! കൈകാലുകള്‍ ബന്ധിച്ചോ, അനങ്ങാനാവാത്ത വിധം അവളെ ഞെരിച്ചമര്‍ത്തിയോ ഏതുവിധേനയും ശുക്ലം കളഞ്ഞാല്‍ മതിയെന്നു കരുതുന്നവര്‍ കരുതുന്നു, ഇതാണ് പരിപൂര്‍ണ്ണ സംതൃപ്തിയെന്ന്…… താന്‍ ലോകം കീഴടക്കിയവനാണെന്ന്….


അത്തരമൊരു പുരുഷനാണു നിങ്ങളെങ്കില്‍, അത്തരം പുരുഷന്റെ ഇംഗിതം നിറവേറ്റുകയാണ് തന്റെ ധര്‍മ്മമെന്നു കരുതുന്നവളാണു നിങ്ങളെങ്കില്‍, നിങ്ങളറിയണം ലൈംഗികതയെന്ന പരമമായ ആനന്ദത്തിലേക്കു നിങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന്….! സ്‌നേഹത്തില്‍ അധിഷ്ഠിതമായ ലൈംഗികത തരുന്ന ആനന്ദത്തേക്കാള്‍ വലിയൊരു സ്വര്‍ഗ്ഗവും നിങ്ങളെ കാത്തിരിക്കുന്നില്ല…… അതനുഭവിച്ചറിയുക തന്നെ വേണം…… അത്തരം പങ്കാളിയെ കണ്ടെത്തി ജീവിക്കുന്നര്‍ ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തവരാണ്………….!………………………………………………………………………
ജെസി തുരുത്തേല്‍
ചീഫ് എഡിറ്റര്‍
തമസോമ ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു