സ്ത്രീയുടെ ജീവിതാന്തസ് ഉയരണമെങ്കില്‍ മതബോധം തകരണം

വടവൃക്ഷമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കരുത്തുറ്റ കാതലുള്ള മരങ്ങളോടാണ് പുരുഷനെ എല്ലാക്കാലത്തും തുലനം ചെയ്തിരിക്കുന്നത്. അത് പുരുഷന്റെ ശാരീരിക ബലത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, സ്ത്രീയെ ഈ സമൂഹം കാണുന്നതാകട്ടെ, ആ മരത്തില്‍ പടര്‍ന്നു കയറിയ വള്ളിയായി മാത്രം. വടവൃക്ഷമില്ലാതെ നിവര്‍ന്നു നില്‍ക്കാനോ മുകളിലേക്കുയരാനോ കഴിവില്ലാത്ത തണ്ടിനു ബലമില്ലാത്തൊരു വള്ളിയായി മാത്രം പെണ്ണിനെ കാണുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണിവിടെ. പുരുഷന്‍ നല്‍കുന്ന സംരക്ഷണമോ സുരക്ഷയോ ഇല്ലാതെ ഒരു പെണ്ണിന് ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഇവിടെ സമൂഹവും കുടുംബങ്ങളും മതജീവിതവും ചെയ്യുന്നത്.

സ്വന്തം കാലില്‍ ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണിനെ അപവാദം പറഞ്ഞ് ഒറ്റപ്പെടുത്തി, എല്ലാത്തരത്തിലും കഷ്ടപ്പെടുത്തി അവളെ ഒരു പുരുഷന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരിക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റവും കൂടുതലായി ഏറ്റെടുത്തിരിക്കുന്നത് ഇവിടെയുള്ള മതങ്ങളും പൗരോഹിത്യവുമാണ്. മതങ്ങള്‍ക്കു പടര്‍ന്നുപന്തലിച്ച് ഇവിടെ കരുത്താര്‍ജ്ജിക്കണമെങ്കില്‍ വളക്കൂറുള്ള മണ്ണുവേണം. പെണ്ണിനെ കാല്‍ക്കീഴിലാക്കുന്നിടത്തോളം വളക്കൂറ് മറ്റെവിടെ നിന്നും ലഭിക്കാനാണ്…?? അത് മതങ്ങളും പൗരോഹിത്യവും വളരെ ഫലപ്രദമായ രീതിയില്‍ ചെയ്യുന്നുണ്ടു താനും.

കേരളത്തിലെ വിവാഹം, ഒരു നേര്‍ക്കാഴ്ച

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമുള്ള വിവാഹമായാലും പെണ്‍വീട്ടില്‍ നിന്നും എന്തെങ്കിലും കിട്ടാനുള്ള വകുപ്പുണ്ടോ എന്നു തെരയുന്ന പുരുഷനും അവന്റെ കുടുംബാംഗങ്ങളുമാണ് കേരളത്തിന്റെ ശാപം. കൈക്കൂലിയിലൂടെയോ കള്ളത്തരത്തിലൂടെയോ ആയാലും വേണ്ടില്ല, ചെക്കനു പത്തു പുത്തന്‍ കൈവശമുണ്ടോ എന്നു തിരയുന്ന പെണ്‍വീട്ടുകാരും സമൂഹത്തിന്റെ ശാപമാണ്. ഇഷ്ടം പോലെ കിമ്പളം കിട്ടാന്‍ വകുപ്പുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെത്തന്നെ മകള്‍ക്കു ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിക്കുന്ന പെണ്‍വീട്ടുകാര്‍ നിരവധിയാണിന്ന് കേരളത്തില്‍. അക്കാരണം കൊണ്ടുതന്നെ, സത്യസന്ധമായി ജീവിക്കുന്ന കഠിനാധ്വാനം ചെയ്ത് അവനവനു കിട്ടുന്നതു കൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കുന്ന പുരുഷന്മാര്‍ക്ക് പെണ്ണിനെ കിട്ടാത്ത അവസ്ഥയാണുള്ളത്. ചെറുപ്രായത്തില്‍, കുടുംബത്തിന്റെ ഭാരം പേറി പഠനം പാതിവഴിയിലുപേക്ഷിച്ച് ചെറു ജോലികള്‍ ചെയ്തു ജീവിക്കുന്ന പുരുഷന്മാര്‍ക്കും പെണ്ണുകിട്ടാനില്ല. സ്ത്രീകളുടെ വിദ്യാഭ്യാസം വളരെ ഉയര്‍ന്നുപോയി. ഉയര്‍ന്ന വിദ്യാഭ്യാസത്തിനു തക്ക നിലയിലുള്ള ജീവിതപങ്കാളിയെ തിരയുമ്പോള്‍ വിദ്യാഭ്യാസമില്ലാത്ത, സര്‍ക്കാര്‍ ജോലിയില്ലാത്ത പുരുഷന്‍ വിവാഹക്കമ്പോളത്തില്‍ പിന്തള്ളപ്പെടുന്നു.

ഇനി ഏതെങ്കിലും കാരണവശാല്‍ വിവാഹം കഴിച്ചാല്‍ ആ നിമിഷം മുതല്‍ സമൂഹത്തിന്റെ കൂരമ്പ് സ്ത്രീയ്ക്കു പിന്നാലെയുണ്ട്. വീട്ടില്‍ നിന്നും കൊണ്ടുവന്ന പണത്തിന്റെയും ആഭരണത്തിന്റെയും മറ്റ് വസ്തുവകകളുടെയും കണക്കെടുത്ത് പെണ്ണിനെ വിലയിരുത്തുന്ന ഒരു സമൂഹത്തിന് ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. പഠിപ്പും വിദ്യാഭ്യാസവും ലോകവിവരവുമുള്ള ആണിനും പെണ്ണിനും ഓരോ തൊഴില്‍ കണ്ടുപിടിച്ച്, വീട്ടുജോലികളില്‍ പരസ്പരം പങ്കാളികളായി സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള എല്ലാ സാധ്യതയും കണ്‍മുന്നിലുണ്ട്. എന്നാല്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഇതു സ്ത്രീ ചെയ്യേണ്ടത്, ഇതു പുരുഷന്‍ ചെയ്യേണ്ടത്, ആണു ചെയ്യേണ്ടത് പെണ്ണു ചെയ്താലും പെണ്ണുചെയ്യേണ്ടത് ആണു ചെയ്താലും നാടു മുടിഞ്ഞുപോകുമെന്നുള്ള പരാതികളും ആകുലതകളും മാനസിക സംഘര്‍ഷങ്ങളും.

വിവാഹമെന്നത് പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്ന ഒരു പ്രക്രിയയാണ്. അവര്‍ ഒരുമിച്ചു ചേര്‍ന്നൊരു കുടുംബമുണ്ടാക്കാനുള്ള പ്രാരംഭ നടപടിയാണത്. അവിടെ, അനാവശ്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തി, സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി, അവരുടെ ജീവിതം നരകതുല്യമാക്കി, വെറുപ്പും വിദ്വേഷവും കലര്‍ത്തുകയാണ് ബന്ധുക്കളും കണ്ടുനില്‍ക്കുന്നവരില്‍ പലരും. പണിയെടുക്കാനുള്ള ആരോഗ്യവും മനസുമുണ്ടെങ്കില്‍, ആണ്‍വീട്ടില്‍ നിന്നോ പെണ്‍വീട്ടില്‍ നിന്നോ യാതൊന്നും ലഭിക്കാതെ തന്നെ ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാനാവും. പക്ഷേ, കിട്ടാനുള്ള പണം പിടിച്ചു വാങ്ങുമ്പോള്‍ തകരുന്നത് ജീവിതത്തിലെ സന്തോഷനിമിഷങ്ങളാണ് എന്ന സത്യം മനുഷ്യന്‍ വിസ്മരിച്ചു പോകുന്നു.

പെണ്ണിനെ തനിയെ ജീവിക്കാന്‍ അനുവദിക്കാത്ത സമൂഹം

വിവാഹ ബന്ധത്തില്‍ പാളിച്ചകള്‍ വന്നാല്‍, ഇനി മുന്നോട്ടുള്ള ജീവിതം സാധ്യമല്ലെന്നു പൂര്‍ണ്ണമായും ബോധ്യമാകുന്ന നിമിഷം ആണും പെണ്ണും എടുക്കുന്നൊരു തീരുമാനമാണ് ആ ബന്ധത്തില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കുക എന്നത്. പുരുഷനത് വളരെ എളുപ്പത്തില്‍ സാധ്യമാണ്. വേറൊരു വിവാഹ ബന്ധത്തിലേര്‍പ്പെടാനും പുരുഷനു വളരെ വേഗം സാധിക്കുകയും ചെയ്യും. എന്നാല്‍ സ്ത്രീയുടെ സ്ഥിതി അങ്ങനെയല്ല. പെണ്ണ് ഡിവോഴ്‌സിന് ഒരുങ്ങുന്നു എന്ന വാക്കു തന്നെ ചതുര്‍ത്ഥിയാണ് ഈ സമൂഹത്തിന്. ഒരിക്കലും ദഹിക്കാത്ത എന്തോ ഒന്ന് കേട്ടതുപോലെ ഞെട്ടിത്തരിച്ചുപോകുകയാണ് അവളുടെ മാതാപിതാക്കളും സമൂഹവും ബന്ധുക്കളും.

അവനെ മതിയാകാഞ്ഞിട്ടാവും അവളിപ്പോള്‍ ആ ബന്ധത്തില്‍ നിന്നും തലയൂരുന്നത് എന്ന പരിഹാസമാണ് അവള്‍ ഏറ്റവുമധികം കേള്‍ക്കേണ്ടി വരിക. അവനവളോടു കാണിച്ചു കൂട്ടിയ ക്രൂരതകളെ അപ്പാടെ വെള്ളപൂശാന്‍ ഈ ഒരു ചോദ്യം ചെയ്യല്‍ മാത്രം മതിയാകും. അവള്‍ക്കു കുഞ്ഞുങ്ങളുണ്ടെങ്കില്‍, അവരുടെ ഭാവിയെക്കരുതിയെങ്കിലും നീ കുറച്ചു സഹിച്ചും ക്ഷമിച്ചും ജീവിക്കാന്‍ പറയുന്നവരുടെ നീണ്ട നിര. അതില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും തന്നെയാണ് മുന്‍നിരയില്‍.

വിസ്മയ എന്ന പെണ്‍കുട്ടിയെ അവളുടെ ഭര്‍ത്താവ് വിവാഹത്തിനു മുന്‍പു തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ആ പെണ്‍കുട്ടിയുടെ അമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത് അവര്‍ക്ക് അറിയാമായിരുന്നു എന്നവര്‍ മാധ്യമങ്ങളോട് ഏറ്റു പറയുകയും ചെയ്തു. എന്നിട്ടും, അത്തരത്തില്‍ മകളെ ദ്രോഹിച്ച ഒരുവനു തന്നെ അവളെ വിവാഹം കഴിപ്പിച്ചയച്ചത് എന്തിന് എന്നതിന്റെ ഉത്തരം അവര്‍ തന്നെ പറയണം. വിവാഹത്തിനു ശേഷം ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ ആ പെണ്‍കുട്ടി സഹോദരന് അയച്ചിരുന്നു. എന്നിട്ടും അവളെ അവിടെ നിന്നും രക്ഷപ്പെടുത്താന്‍ അവളുടെ വീട്ടുകാര്‍ ശ്രമിച്ചില്ല. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആ പെണ്‍കുട്ടി മരണത്തെ പുല്‍കിയപ്പോള്‍ വീട്ടുകാരൊഴുക്കിയ കണ്ണുനീരെത്രയാണ്…??

ഏതെങ്കിലുമൊരു ബന്ധം തകരാറിലായാല്‍ ഒത്തു തീര്‍പ്പെന്നും കൗണ്‍സിലിംഗ് എന്നുമുള്ള ഓമനപ്പേരില്‍ കുറെ ബന്ധുക്കളും മതമേലധികാരികളുമെത്തുകയായി. ഭൂമിയോളം സഹിച്ചും ക്ഷമിച്ചും പെണ്ണു ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്താന്‍. നീയിനി ജീവിക്കേണ്ടത് നിനക്കു വേണ്ടിയല്ല നിന്റെ മക്കള്‍ക്കു വേണ്ടിയാണ്, അവരുടെ ഭാവിക്കു വേണ്ടിയാണ് എന്ന പല്ലവികള്‍ ആവര്‍ത്തിക്കാന്‍. തന്തയില്ലാത്ത മക്കളായി സമൂഹം നിന്റെ മക്കളെ കാണുമെന്ന് ഓര്‍മ്മിപ്പിച്ച് ഭീഷണിപ്പെടുത്താന്‍. കുടുംബത്തിന്റെ നാഥന്‍ പുരുഷനാണെന്നും അവന്‍ ചെളിയില്‍ അര്‍മ്മാദിച്ചു നടന്നാലും കുഴപ്പമില്ല, നീ വേണം അവനെ നേര്‍വഴിക്കു നടത്താനെന്ന് ഉപദേശിക്കാന്‍. ഇത്രയും കാലം സഹിച്ചില്ലേ, ഇനി നീ എത്ര നാള്‍ ജീവിച്ചിരിക്കും, മക്കള്‍ക്കു വേണ്ടി അതും സഹിക്കണമെന്ന് ഓര്‍മ്മിപ്പിക്കാന്‍. എല്ലാ കഷ്ടപ്പാടുകളും ദൈവത്തിനു വിട്ടുകൊടുത്ത് പ്രാര്‍ത്ഥിക്കാനും അതിലൂടെ എല്ലാം സഹിക്കാനും പൊറുക്കാനുമുളള ശക്തി നേടുവാനും… ഒടുവില്‍, എല്ലാ സഹനങ്ങള്‍ക്കുമൊടുവില്‍, പിടിച്ചു നില്‍ക്കാന്‍ ശേഷിയില്ലാതെ ആ പെണ്ണ് മരണത്തിലേക്കു നടന്നടുത്താല്‍ ന്യായീകരണത്തൊഴിലാളികള്‍ അവിടെയുമെത്തുകയായി…. ആരോടെങ്കിലും അവള്‍ക്കിതൊന്നു പറഞ്ഞുകൂടായിരുന്നോ…?? ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അവള്‍ക്ക് സ്വന്തം കാലില്‍ പണിയെടുത്ത് ജീവിച്ചൂ കൂടായിരുന്നോ…?? അവളോ ചത്തു എന്തിനവള്‍ മക്കളെക്കൂടി കൊണ്ടുപോയി…?? അവളുടെ അഹങ്കാരമിപ്പോള്‍ തീര്‍ന്നിട്ടുണ്ടാവും….

പെണ്ണിന്റെ സഹനത്തിന്റെ മൂലകാരണം നട്ടെല്ലുറപ്പില്ലാത്ത പെണ്ണു തന്നെ

സ്വന്തം വീട്ടില്‍ കുറച്ചു കൂടുതലൊന്നുറങ്ങിപ്പോയാല്‍ ആ പെണ്ണു കേള്‍ക്കേണ്ടി വരുന്ന ആദ്യത്തെ പരാതി ഇതാണ്. അന്യവീട്ടില്‍ ചെന്നുകയറേണ്ടവളാണ് നീ എന്ന കാര്യം മറക്കരുത് എന്ന്. അപ്പോള്‍, സ്വന്തം വീട്ടില്‍ ജീവിക്കാനല്ല, അന്യവീട്ടില്‍ ജീവിക്കേണ്ടത് എങ്ങനെയെന്നു പഠിപ്പിക്കുകയാണ് ഓരോ വീടുകളിലും നടക്കുന്നത്. സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും ഒന്നും കണ്ടില്ലെന്നു നടിക്കാനുമുള്ള ട്രെയിനിംഗാണ് ഓരോ വീടുകളിലും. അവള്‍ മറ്റൊരു വീട്ടില്‍ ചെന്നുകയറുമ്പോള്‍ ആരും വളര്‍ത്തു ദോഷം പറയരുത് എന്ന നിര്‍ബന്ധ ബുദ്ധി.

തെറ്റിനെ എതിര്‍ത്താല്‍ ആ പെണ്ണ് ആ നിമിഷം ഭര്‍തൃവീട്ടുകാരുടെ കണ്ണിലെ കരടാവും. എത്ര പാടുപെട്ടാണ് നിന്നെ ഇറക്കി വിട്ടത്, ഇനിയും നീ ഞങ്ങള്‍ക്ക് ബാധ്യതയാവുകയാണോ എന്ന പരാതി സ്വന്തം വീട്ടില്‍ നിന്നും അവള്‍ കേള്‍ക്കേണ്ടി വരും. സ്വന്തമായി വരുമാനവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള മനസുറപ്പുമുണ്ടെങ്കിലും ഒരു ആണ്‍തുണയില്ലാതെ നിനക്കെത്ര നാള്‍ പിടിച്ചു നില്‍ക്കാനാവുമെന്ന ചോദ്യങ്ങളോടെ അവളെ നേരിടുന്നവര്‍ അനവധിയാണ്. നിനക്കും ശാരീരിക ആവശ്യങ്ങളില്ലേ, നിനക്കും ചിന്തകളും വിചാരങ്ങളുമില്ലേ എന്ന ചോദ്യങ്ങള്‍ മറുവശത്ത്. ചുരുക്കത്തില്‍, സ്വന്തം കാലില്‍ ഒറ്റയ്ക്ക് പൊരുതി ജീവിക്കാന്‍ തീരുമാനിക്കുന്ന ഒരു സ്ത്രീയെ ഒരു പുരുഷന്റെ കാല്‍ക്കീഴിലേക്ക് എറിഞ്ഞുകൊടുത്ത് അവളുടെ ദുരിതങ്ങള്‍ കണ്ടു സഹതപിക്കുകയാണിവിടെ സമൂഹവും മതങ്ങളും ചെയ്യുന്നത്. ദൈവത്തെക്കരുതിയും ജനിപ്പിച്ച കുഞ്ഞുങ്ങളെക്കരുതിയും എല്ലാം പൊറുക്കുകയും ക്ഷമിക്കുകയും വേണമെന്ന് അവള്‍ക്കു ചുറ്റിലും നിന്നുള്ള ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒന്നുകില്‍ അവള്‍ ആ ദുരിത ജീവിതം തന്നെ തുടരും. അല്ലെങ്കില്‍ തനിച്ചോ കുഞ്ഞുങ്ങളെ കൂടെക്കൂട്ടിയോ ആത്മഹത്യ ചെയ്യും. ജീവിതം അവസാനിപ്പിച്ചാലും അവളെ സമൂഹം വെറുതെ വിടുമെന്നു വ്യാമോഹിക്കണ്ട. അവള്‍ക്കവളുടെ മക്കളെ ഓര്‍ക്കാമായിരുന്നില്ലേ…?? എങ്ങനെയും സഹിച്ചു ജീവിക്കാമായിരുന്നില്ലേ…?? ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാമായിരുന്നില്ലേ എന്ന ചോദ്യശരങ്ങള്‍ കൊണ്ട് അവളുടെ കുഴിമാടത്തെപ്പോലും ഈ ദുഷിച്ച സമൂഹം വ്യഭിചരിക്കും.

മതം: സ്ത്രീ മുന്നേറ്റത്തന്റെ മുഖ്യശത്രു

സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന മതവിശ്വാസത്തില്‍ നിന്നും ഇത്രയെങ്കിലും മുന്നേറ്റങ്ങള്‍ നേടിയെടുത്തിട്ടുണ്ടെങ്കില്‍ അതിനു പിന്നിലുള്ള സഹനങ്ങളും പോരാട്ടങ്ങളും വളരെ വലുതാണ്. സ്ത്രീ പുരുഷന്റെ ഉപഭോഗ വസ്തു മാത്രമായിട്ടായിരുന്നു മതങ്ങള്‍ കണ്ടിരുന്നത്. ഇന്നും ആ കാഴ്ചപ്പാടിനു വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. സ്ത്രീ എന്നെന്നും പുരുഷനു കീഴ്‌പ്പെട്ടു നില്‍ക്കേണ്ടവളാണെന്നും അവന്റെ തെറ്റുകള്‍ പോലും അവള്‍ ക്ഷമിക്കണമെന്നും പൊറുക്കണമെന്നും കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്വം അവളിലാണെന്നും മതങ്ങള്‍ പറഞ്ഞു വയ്ക്കുന്നു. സ്ത്രീ വിരുദ്ധത മാത്രം മുന്നോട്ടു വയ്ക്കുന്ന ഈ മതങ്ങളുടെയെല്ലാം മുഖ്യ ഉപഭോക്താവും സ്ത്രീകള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. മതവിശ്വാസങ്ങളില്‍ നിന്നും പുറത്തു കടക്കാനോ അതിനുമപ്പുറത്തേക്കു ചിന്തിക്കാനോ സ്ത്രീകളെ മതങ്ങളും മതപുരോഹിതരും അനുവദിക്കാറില്ല. സ്ത്രീകള്‍ അതിനു മെനക്കെടാറുമില്ല. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കണമെന്നും അതിനു താന്‍ പരമാവധി സഹിച്ചേ മതിയാകൂ എന്നും തന്റെ ദുരിതങ്ങള്‍ ദൈവം കാണുന്നുണ്ടെന്നും അവനതിനു പരിഹാരം കണ്ടെത്തി തരുമെന്നും അവള്‍ അടിയുറച്ചു വിശ്വസിക്കുന്നു. പരിഹാരങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കിലും സഹിക്കാനും ക്ഷമിക്കാനുമുള്ള ശക്തിക്കായി അവള്‍ പ്രാര്‍ത്ഥിക്കുന്നു. അതോടെ സ്ത്രീയുടെ ദുരിതം പൂര്‍ണ്ണമാകുന്നു.

ഇനി ഏതെങ്കിലുമൊരു സ്ത്രീ ഈ ദുരിത ജീവിതത്തില്‍ നിന്നും രക്ഷപ്പെടണമെന്നാഗ്രഹിച്ച്, മുന്നോട്ടു വന്നാല്‍, അവളെ സമൂഹം ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും ആ ദുരിതക്കൂട്ടിലേക്കു തന്നെ എടുത്തെറിയും. നിനക്കൊറ്റയ്ക്ക് ജീവിക്കാനാവില്ലെന്നും പുരുഷന്റെ തുണയില്ലാതെ നിനക്കീ സമൂഹത്തില്‍ ജീവിതം അസാധ്യമാണെന്നും പറഞ്ഞു വയ്ക്കുക മാത്രമല്ല, അവള്‍ക്ക് ദുരിതങ്ങളുടെ ഒരു ഘോഷയാത്ര തന്നെ സമ്മാനിക്കുകയും ചെയ്യും. അതിലൂടെ, സ്ത്രീയ്ക്ക് ഈ സമൂഹത്തില്‍ ഒറ്റയ്ക്കു ജീവിക്കാനാവില്ലെന്ന പൊതുകാഴ്ചപ്പാട് അവര്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇതിനെയെല്ലാം കരുത്തോടെ നേരിട്ട്, ജീവിച്ചു വിജയിക്കുന്ന സ്ത്രീകള്‍ അനേകരുണ്ട് ഈ സമൂഹത്തില്‍.

വിരല്‍ത്തുമ്പു കൊണ്ടു പോലും മലിനപ്പെടാത്ത…….

അറപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന ഒരു വാചകമുണ്ടെങ്കില്‍ അത് ഇതാണ്. പുരുഷന്റെ വിരല്‍ത്തുമ്പുകൊണ്ടു പോലും ഞാന്‍ കളങ്കപ്പെട്ടിട്ടില്ല എന്ന പെണ്ണിന്റെ പരിശുദ്ധി പ്രഖ്യാപനം. എത്രയോ അരോചകമാണത്…! പുരുഷന്‍ ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതു പോലും ലൈംഗിക കാഴ്ചപ്പാടോടെയാണെന്ന ചിന്ത എങ്ങനെയാണീ സ്ത്രീ മനസുകളിലേക്കു കടന്നു വന്നത്…?? ഒരുവന്‍ ഒരുവളുടെ കൈകളിലോ ദേഹത്തോ തൊടുന്നതെല്ലാം ലൈംഗികതയോടെയാണെന്ന് ആരാണ് പറഞ്ഞു വച്ചത്…?? ഇത്തരം വഷളത്തര ചിന്താഗതികളുടെ അനന്തരഫലമാണ് മനുഷ്യനിന്ന്് അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടവ. ഒരുമിച്ചൊന്നു നടന്നാല്‍, കൈകള്‍ കോര്‍ത്തൊന്നു പിടിച്ചാല്‍, അടുത്തടുത്തിരുന്നാല്‍, പരസ്പരം സംസാരിച്ചാല്‍ അവിടെയെല്ലാം നടക്കുന്നത് ലൈംഗിക വേഴ്ചയാണെന്ന് ആരാണ് പറഞ്ഞുവച്ചത് എന്നറിയില്ല. എന്നാലിപ്പോല്‍, ഇത്തരമൊരു കാര്യം പോലും സാധ്യമല്ലാത്ത അവസ്ഥയിലൂടെയാണ് മനുഷ്യര്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. വിരല്‍ത്തുമ്പിലൊന്നു സ്പരിശിക്കുന്നതോ അടുത്തിരിക്കുന്നതോ ലൈംഗികവേഴ്ചയല്ലെന്ന് ഇവിടെയുള്ള വിവാഹിതര്‍ക്കു പോലും അറിയില്ലെന്നതാണ് ഏറ്റവും ദയനീയം. ലൈംഗികതൃപ്തിയില്ലാത്ത മനസിന്റെ മ്ലേച്ഛതയത്രയും ഇതിലൂടെ പുറത്തുവരുന്നതാകാം ഒരുപക്ഷേ. തനിക്കു ലഭിക്കാത്തതൊന്നും ഇവിടെ വേറൊരാളും അനുഭവിക്കാന്‍ പാടില്ലെന്ന സാഡിസ്റ്റ് ചിന്താഗതിയുമാകാം അത്.

സ്ത്രീയില്‍ നിന്നും പുരുഷന്‍ പ്രതീക്ഷിക്കുന്നു, ഈര്‍ക്കില്‍ത്തുമ്പോളമെങ്കിലും ശക്തിയുള്ളൊരു നട്ടെല്ല്

കടംകയറി രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥിന്റെ ഭാര്യ രണ്ടു വര്‍ഷത്തിനു ശേഷം കമ്പനിയെ ശക്തമായ നിലയിലേക്കു വളര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നു. സ്ത്രീയാണെന്നും തനിക്കു യാതൊന്നും സാധിക്കില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നെങ്കില്‍ ഈ വിജയം സാധിക്കില്ലായിരുന്നു. സിദ്ധാര്‍ത്ഥ് കമ്പനി നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഭാര്യയെക്കൂടി ബിസിനസിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ആ മരണം പോലും ഒഴിവാക്കാമായിരുന്നു.

കഴിവു തെളിയിച്ച് മുന്നോട്ടു വരുന്ന സ്ത്രീകളെ എന്നെന്നും സമൂഹം ആദരിക്കുക തന്നെ ചെയ്യും. എന്നാല്‍, കഴിവു തെളിയിക്കും വരെ അവള്‍ നേരിടേണ്ടി വരുന്നത് അഗ്നി പരീക്ഷകളെക്കാള്‍ ക്രൂരവും ശക്തവുമായ പരീക്ഷണങ്ങളാണ്. അവ നേരിടാന്‍ പ്രാപ്തിയില്ലാതെ വീണുപോകുന്ന സ്ത്രീകളെ നോക്കി സമൂഹം പരിഹരിക്കുകയേയുള്ളു.

കുടുംബങ്ങളില്‍ അവള്‍ക്കു നേരെ നടക്കുന്ന കൈയ്യേറ്റങ്ങളെ തടയിടാനെങ്കിലും അവള്‍ക്കു കഴിയണം. തല്ലു കൊണ്ടും നാണം കെട്ടും അന്തസിനെ ഹനിച്ചുമുള്ള ജീവിതം ജീവിച്ചു തീര്‍ക്കണോ എന്ന് തീരുമാനിക്കേണ്ടത് അവളാണ്. അത്തരമൊരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയണം. ആരൊക്കെ സംശയദൃഷ്ടിയോടെ നോക്കിയാലും സ്വന്തം ശരിയില്‍ ഉറച്ചു നില്‍ക്കാനും മുന്നോട്ടു പോകാനും കഴിയണം. താങ്ങിനിറുത്താനോ ജീവിപ്പിക്കാനോ അല്ല, കുഴിയില്‍ വീഴിക്കാനാണ് ആളുകള്‍ ഏറെയുള്ളതെന്ന ചിന്തയുണ്ടായാല്‍ത്തന്നെ പാതി വിജയിച്ചു.

മതങ്ങളും സമൂഹവും തലയിലേല്‍പ്പിച്ച ഭാരം ഒരു സ്ത്രീ താങ്ങേണ്ടതില്ലെന്ന തിരിച്ചറിവ് ഓരോ പെണ്ണിനുമുണ്ടാകണം. കുടുംബം തകരാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കു മാത്രമല്ല, കുടുംബത്തിലെ ഓരോ വ്യക്തിക്കും അതില്‍ പങ്കുണ്ട്. ആ കടമയും ഉത്തവാദിത്വവും മറക്കുന്നവരില്‍നിന്നും നീതിപൂര്‍വ്വമായ ഒരു സമീപനവും പ്രതീക്ഷിക്കേണ്ടതുമില്ല.

……………………………………………………………………..

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു