ജനിപ്പിക്കുക എന്നത് മക്കളോടു ക്രൂരത കാണിക്കാനുള്ള ലൈസന്‍സല്ല




കഞ്ചാവു വലി ശീലമാക്കിയ സ്വന്തം മകന്റെ കണ്ണില്‍ മുളകരച്ചു തേച്ച് അവനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നൊരു അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തല്ലിയാലേ നന്നാവൂ എന്നും അമ്മ ചെയ്തത് നൂറു ശതമാനം ശരിയാണെന്നും വാദിക്കുന്നവരുടെ ബാഹുല്യം വല്ലാതെ ഭയപ്പെടുത്തുന്നു.

തങ്ങളോടു ക്രൂരത കാണിക്കുന്നവരോട് നിവര്‍ന്നു നിന്നൊന്നു പ്രതികരിക്കാന്‍ പോലും കഴിവില്ലാത്ത മനുഷ്യര്‍ ചെയ്യുന്നൊരു കാര്യമുണ്ട്. ദുര്‍ബലര്‍ക്കുമേല്‍ അതികഠിന മര്‍ദ്ധനമുറകള്‍ അഴിച്ചുവിടുക എന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയും. ഇനി അങ്ങാടിയില്‍ തോറ്റുപോകുന്നത് അപ്പനോ അമ്മയോ ആണെങ്കിലോ…?? അപ്പന്‍ വന്ന് ഭാര്യയെ ചവിട്ടിത്തേക്കും. ഭര്‍ത്താവിനോടു തിരിച്ചു ചോദിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഭാര്യയാകട്ടെ മക്കളെ ചവിട്ടിത്തേച്ച് സായൂജ്യമടയും….

കേരളത്തില്‍ ഏതു മേഖലയിലെ സ്ഥിതിയും ഇങ്ങനെ തന്നെ. തെറ്റുചെയ്തവരോട് എന്തിനിതു ചെയ്തു എന്നു തിരിച്ചു ചോദിക്കാനുള്ള ചങ്കൂറ്റമോ കരളുറപ്പോ ഇല്ല. അപ്പോള്‍പ്പിന്നെ എന്തുചെയ്യാനാവും….?? സ്വന്തം പ്രതിഷേധവും രോക്ഷവും അടക്കുകയും വേണം. പ്രതികരിക്കില്ലെന്നുറപ്പുള്ള ആളുകളെ ഉപദ്രവിക്കുക…. അതാണിപ്പോള്‍ നടന്നു വരുന്നത്. മന്ത്രിമാര്‍ തെറ്റുചെയ്താല്‍, തിരിച്ചവരോടു നാലക്ഷരം പറയാനുള്ള ശേഷിയില്ലാത്തവര്‍ ജനങ്ങളെ കഷ്ടപ്പെടുത്തി സായൂജ്യമടയുന്നതു പോലെ തന്നെ. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെക്കുറിച്ചെതിര്‍ക്കാന്‍ അവരുടെ മുഖത്തു നോക്കി പ്രതികരിക്കാന്‍, അവരെ പ്രതിരോധത്തിലാക്കാന്‍ കെല്‍പ്പില്ലാത്ത പ്രതിപക്ഷ സംഘടനകളെല്ലാം ചേര്‍ന്ന് ഏതാനും ദിവസം മുന്‍പൊരു മാമാംങ്കം നടത്തി. അഖിലേന്ത്യ പണിമുടക്കെന്ന പേരില്‍. അത്യാവശ്യങ്ങള്‍ക്കു പുറത്തിറങ്ങിയവരെയെല്ലാം തല്ലിച്ചതയ്ക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. അതുകൊണ്ടുമരിശം തീരാതെ അവര്‍ വീണ്ടുമവരുടെ മെക്കിട്ടു കയറി. ഇതു തന്നെയാണ് ചില കുടുംബങ്ങളിലും നടക്കുന്നത്. അപ്പന്‍ ചെയ്ത ക്രൂരതകളെ എതിര്‍ക്കാന്‍ ശേഷിയില്ലാത്തവര്‍ തന്നിലും താഴെയുള്ളവരോട് അതിന്റെ പ്രതികാരം തീര്‍ക്കും…..

ഭര്‍ത്താവുമായുള്ള നിരന്തര പ്രശ്നങ്ങളുടെ പേരില്‍ പല സ്ത്രീകളും ഉപദ്രവിക്കുന്നത് സ്വന്തം മക്കളെയാണ്. തള്ള ചവിട്ടിയാല്‍ പിള്ളയ്ക്കു കേടില്ലെന്ന ന്യായീകരണവും അവര്‍ക്കു കൂട്ടുണ്ട്. ചവിട്ട് ശക്തമായിട്ടാണെങ്കില്‍ ആരു ചവിട്ടിയാലും കൊള്ളുന്നവന്‍ നക്ഷത്രമെണ്ണുമെന്നത് ഉറപ്പാണ്. അത് അപ്പനായാലും അമ്മ ആയാലും മക്കളായാലും അങ്ങനെ തന്നെയാണ്.

തങ്ങള്‍ക്ക് തല്ലാനും കൊല്ലാനും കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കാനും കിട്ടിയവരാണ് മക്കള്‍ എന്ന ചിന്താഗതിയാണ് പല മാതാപിതാക്കള്‍ക്കും. അതിക്രൂരമായി മക്കളെ ഉപദ്രവിക്കുന്നവരായിരുന്നു പഴയ തലമുറ. മക്കളെ തല്ലിവളര്‍ത്തണമെന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍. ഒന്നേ ഉള്ളെങ്കില്‍ ഉലക്ക കൊണ്ടടിക്കണമെന്ന പ്രമാണം പാലിക്കുന്നവര്‍. ശാരീരിക ഉപദ്രവങ്ങളെ മഹത്വവത്കരിക്കുന്ന ഇത്തരക്കാരുടെ വികല ചിന്താഗതി മൂലം കൊടും ക്രിമിനലുകളായ മക്കളെത്രയാണ്…! ജീവിതം മുരടിച്ചു പോയ മക്കളുടെ കണക്കുകള്‍ അതിനെക്കാള്‍ ഏറെയുണ്ട്.

മാതാപിതാക്കള്‍ ചെയ്യുന്നതെല്ലാം മക്കളുടെ നന്മയ്ക്കു വേണ്ടിയാണെന്ന സാമാന്യതത്വത്തെ തള്ളിക്കളഞ്ഞേ മതിയാകൂ. കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നത് അച്ഛനായാലും അമ്മ ആയാലും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആരായാലും കുഞ്ഞിന്റെ മനസിനും ശരീരത്തിനുമത് ക്ഷതമേല്‍പ്പിക്കും. ഇതിനെ ബാറ്റേര്‍ഡ് ചൈല്‍ഡ് സിന്‍ഡ്രോം (Battered Child Syndrome) എന്നു പറയും.

തക്കതായ ശിക്ഷ കിട്ടേണ്ടൊരു കുറ്റകൃത്യമാണ് ബാറ്റേര്‍ഡ് ചൈല്‍ഡ് സിന്‍ഡ്രോം. ഈ കുറ്റകൃത്യത്തെ നന്മയുടെ മൂടുപടമണിയിച്ച് സമൂഹമധ്യത്തിലേക്ക് ഇറക്കി നിറുത്തുകയാണ് ഈ കുറ്റകൃത്യത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെ അന്വേഷിച്ചു കണ്ടെത്തുവാനും തെറ്റു ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുവാനും നിയമപാലകര്‍ക്ക് ചുമതലയുണ്ട്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തുവാനും അതേക്കുറിച്ച് കൂടുതലായി അന്വേഷിക്കുവാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നുണ്ട്.

കുഞ്ഞുങ്ങളുടെ ശരീരം വളരെ ദുര്‍ബലമാണ്. പ്രായപൂര്‍ത്തിയായവര്‍ നല്‍കുന്ന ശാരീരിക മാനസിക പീഢനങ്ങള്‍ അവരുടെ മനസിനെയും ശരീരത്തെയും ആഴത്തില്‍ മുറിവേല്‍പ്പിക്കും. അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങള്‍ തലച്ചോര്‍ നശിച്ചു പോകാനോ ചിലപ്പോള്‍ മരണത്തിലേക്കോ നയിച്ചേക്കാം.

ഇന്ത്യയില്‍ 1000 കുഞ്ഞുങ്ങളില്‍ 25.2 ശതമാനം പേര്‍ പലതരത്തിലുള്ള ഉപദ്രവങ്ങള്‍ക്ക് ഇരയാവുന്നു എന്നാണ് കണ്ടെത്തല്‍. ഇവയില്‍ ശാരീരിക പീഢനങ്ങളും ലൈംഗിക പീഢനങ്ങളും മാനസിക പീഢനങ്ങളും അവഗണനകളുമെല്ലാം വരും. ചിലപ്പോള്‍ ശാരീരിക ലൈംഗിക പീഢനങ്ങള്‍ ഒരേസമയം നടന്നെന്നും വരാം.

സ്വന്തം ദേഷ്യം തീര്‍ക്കാന്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ എല്ലാ വിഭാഗത്തിലുമുണ്ട്. പക്ഷേ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കിടയിലാണ് ഈ പ്രവണത ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളും സ്വന്തം ദേഷ്യത്തെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയും മൂലം കുരുതിക്കൊടുക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളുടെ ജീവിതമാണ്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് കുറ്റകൃത്യമാണെന്ന് സമൂഹത്തിനു ബോധ്യമാകണം. ആ കുറ്റത്തിനു തക്ക ശിക്ഷയും നല്‍കണം. എങ്കില്‍ മാത്രമേ കുഞ്ഞുങ്ങളുടെ ജീവിതം സമാധാനപൂര്‍ണ്ണമാവുകയുള്ളു.

കുഞ്ഞുങ്ങളെ എങ്ങനെയാണ് വളര്‍ത്തേണ്ടതെന്നു പഠിക്കാതെ മാതാപിതാക്കളാകുന്നതിന്റെ തിക്താനുഭവമാണ് കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത്. അവര്‍ക്കു വേണ്ടതെന്താണെന്നു മാതാപിതാക്കള്‍ തീരുമാനിക്കുകയും അവരുടെ ഇഷ്ടങ്ങള്‍ മാത്രം നടപ്പിലാക്കുകയുംചെയ്യുമ്പോള്‍ കുട്ടികളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഹനിക്കപ്പെടുകാണ്. നല്ല രീതിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം. എന്നിട്ടാകണം കുട്ടികളെ ജനിപ്പിക്കേണ്ടത്. അല്ലാത്ത പക്ഷം സ്വന്തം ദേഷ്യം തീര്‍ക്കാനുള്ള ഉപാധി മാത്രമായി അവര്‍ മാറ്റപ്പെടും. അങ്ങനെ വളരുന്ന കുട്ടികളുടെ ഭാവി തന്നെ അപകടത്തിലാവുകയും ചെയ്യും.

……………………………………………………….

ജെസ് വര്‍ക്കി







മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു