ആര്‍ത്തവ അവധിക്കു പിന്നിലെ നിഗൂഢലക്ഷ്യങ്ങള്‍


Jess Varkey Thuruthel

കേരള കലാമണ്ഡലത്തിലേക്ക് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഒരു അപേക്ഷ വച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കണം എന്നാണ് ആ അപേക്ഷയുടെ സാരാംശം. ആര്‍ത്തവ കാലത്തെ വേദനകളെയും പ്രയാസങ്ങളെയും തരണം ചെയ്യാന്‍ അവധി വേണമെന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കേരള യൂണിവേഴ്‌സിറ്റിയുടെ കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവാവധി നല്‍കുകയും ചെയ്തിട്ടുണ്ട്. ശമ്പളത്തോടു കൂടിയ മൂന്നുദിവസത്തെ ആര്‍ത്തവാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.

ഒറ്റനോട്ടത്തില്‍ റെവല്യൂഷണറി എന്നു തോന്നിപ്പിക്കാവുന്ന മുന്നേറ്റം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെയും ശാരീരികമായ പ്രത്യേകതകളെയും ഉള്‍ക്കൊണ്ടുകൊണ്ട് അവരെ അനുഭാവ പൂര്‍വ്വം പരിഗണിച്ചുകൊണ്ട്, അവരെക്കൂടി കരുതുന്ന ഒരു നിയമം എന്ന നിലപാടാണ് നാനാകോണുകളില്‍ നിന്നും. ഈ ആവശ്യം കാലത്തിന്റെ അനിവാര്യതയായും കരുതുന്നവരുണ്ട്. സ്ത്രീകളുടെ അവകാശങ്ങളുടെ അംഗീകാരമായും ഇത് അവതരിപ്പിക്കപ്പെടുന്നു. പുരുഷന്‍ ചെയ്യുന്ന ഏതു ജോലിയും ചെയ്യാന്‍ തങ്ങള്‍ പ്രാപ്തരാണ് എന്നും അതിനാല്‍ ലിംഗ സമത്വം നടപ്പാക്കണമെന്നും വാദിക്കുന്നവര്‍ തന്നെയാണ് ആര്‍ത്തവാവധിയെ വിപ്ലവാത്മക തീരുമാനമായി വാഴ്ത്തുന്നത്.

ആര്‍ത്തവമുള്ള സ്ത്രീ തൊട്ടാല്‍ ചെടികള്‍ വാടിപ്പോകുമെന്ന അതിമഹത്തായ കണ്ടുപിടുത്തം നടത്തിയ ആര്‍ത്തവ തമ്പുരാട്ടിയെ പത്മശ്രീ നല്‍കി ആദരിച്ച നാടാണിത്! ആര്‍ത്തവം അശുദ്ധിയാണെന്നും അങ്ങനെയുള്ള സമയങ്ങളില്‍ അമ്പലത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന് ഇന്നും നിഷ്ഠയുള്ള നാട്. ശബരിമലയില്‍, ആര്‍ത്തവ ശേഷിയുള്ള പെണ്ണു കയറിയതിന്റെ പേരില്‍ ഇവിടെ കലാപങ്ങളുടെ പരമ്പര തന്നെ തീര്‍ത്ത നാട്. ആ നാടിപ്പോള്‍ പറയുന്നു, ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി വേണമെന്ന്! അവര്‍ക്കു പരിചരണവും വിശ്രമവും വേണമത്രെ! അതിനാലാണ് അവധി നല്‍കി വീട്ടിലിരുത്തുന്നത്! ബലേ ഭേഷ്! ആര്‍ത്തവ തമ്പുരാട്ടിക്കു ചേര്‍ന്ന അനുയായികള്‍ തന്നെ.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ദി ഇന്ത്യന്‍ ഇക്കണോമി (CMIE) ഈയിടെ ഒരു ഡാറ്റ പുറത്തു വിട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ അനുപാതം 2021-22 കാലഘട്ടത്തില്‍ 104 ശതമാനമാണെങ്കിലും ഇവരില്‍ വെറും 10 ശതമാനം സ്ത്രീകള്‍ മാത്രമേ സജീവമായി തൊഴില്‍ അന്വേഷിക്കുന്നുള്ളു എന്നാണ് ഈ കണ്ടെത്തല്‍. സാമൂഹിക മാനദണ്ഡങ്ങളും ലിംഗപരമായ സ്റ്റീരിയോടൈപ്പുകള്‍, അപര്യാപ്തമായ കുടുംബ പിന്തുണ, വളരെ താഴ്ന്ന അടിസ്ഥാന സൗകര്യങ്ങള്‍, പരിമിതമായ അവസരങ്ങള്‍ എന്നിവ സ്ത്രീകളെ ജോലിയില്‍ നിന്നും പിന്തിരിപ്പിക്കുന്നു എന്നതാണ് വാസ്തവം.

കഠിനമായ വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതില്‍ സ്ത്രീകള്‍ പലപ്പോഴും നേരിടുന്നത് കടുത്ത വെല്ലുവിളികളാണ്. വളരെ പ്രധാനപ്പെട്ട തൊഴിലവസരങ്ങളിലേക്ക് അവര്‍ എത്തിപ്പെടുന്നില്ല. കൂടുതല്‍ യാത്രകള്‍ വേണ്ടി വരുന്ന ജോലികള്‍, രാത്രി ഷിഫ്റ്റ്, ഓവര്‍ ടൈം ജോലികള്‍, തുടങ്ങിയവ ഏറ്റെടുക്കുന്നതിലും പല സ്ത്രീകള്‍ക്കും താല്‍പര്യമില്ല.

2023-ല്‍, ഇന്ത്യയിലെ പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തം 67% ആയി ഉയര്‍ന്നപ്പോള്‍, സ്ത്രീകളുടെ പങ്കാളിത്തം 33 ശതമാനമായി കുറഞ്ഞു. ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, ടാര്‍ഗെറ്റുചെയ്ത പരിശീലനം, സാമ്പത്തിക സഹായം എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സേനയിലേക്ക് പ്രവേശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാനായി ഒരു വശത്തുകൂടി ശ്രമങ്ങള്‍ നടത്തുന്നു.

തൊഴില്‍ സേനയിലെ ലിംഗ വ്യത്യാസം ഫലപ്രദമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന നിര്‍ദ്ദേശങ്ങളുമുണ്ട്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള കഠിന പ്രയത്നങ്ങള്‍ ഒരു വശത്തു കൂടി നടക്കുമ്പോള്‍, ആര്‍ത്തവത്തിന്റെ പേരില്‍ തങ്ങള്‍ക്ക് വീട്ടിലിരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം സ്ത്രീകള്‍ രംഗത്തു വരുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്.

ജീവനക്കാരെ ഏതെല്ലാം രീതിയില്‍ കൂടൂതല്‍ പണിയെടുപ്പിക്കാമെന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കുകയാണ് സ്വകാര്യ സ്ഥാപനങ്ങള്‍. ജീവനക്കാരുടെ ഏറ്റവും മികച്ച പ്രൊഡക്ടിവിറ്റിയാണ് അവര്‍ ലക്ഷ്യമിടുന്നത്. രാത്രി ഷിഫ്റ്റുകളും ജോലി സമയം കൂട്ടിയുമെല്ലാം അവര്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പോഴാണ് ആര്‍ത്തവ അവധി കൂടി വേണമെന്ന ആവശ്യവുമായി സ്ത്രീകള്‍ രംഗത്തു വരുന്നത്. തങ്ങളുടെ കമ്പനിയിലേക്ക് സ്ത്രീകളെ ആവശ്യമില്ല എന്ന തീരുമാനത്തിലേക്ക് കമ്പനി ഉടമകള്‍ ഇതോടെ തീരുമാനിക്കും. അതോടെ, സ്ത്രീകള്‍ക്ക് വീണ്ടും അവസരങ്ങള്‍ കുറയും.

ഇനി, സര്‍ക്കാര്‍ തലത്തില്‍ ഈ നിയമം നടപ്പാക്കാനാണെങ്കില്‍, അതു ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയേയുള്ളു. പകലന്തിയോളം കഠിനാധ്വാനം ചെയ്യുന്ന, കൂലിപ്പണിയെടുക്കുന്ന സ്ത്രീകള്‍ക്കൊന്നും ആര്‍ത്തവമില്ലെന്നാണോ? എന്തേ അവര്‍ക്കും വേണ്ടേ അവധി? അവര്‍ അവധിയെടുത്താല്‍ അവരുടെ കുടുംബം പട്ടിണിയാവും. അത്ര തന്നെ.

വരേണ്യരായ, വരേണ്യഗണത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ആര്‍ത്തവ അവധിക്കു വേണ്ടി വാദിക്കുന്നത്. പതിയെപ്പതിയെ വീട്ടകങ്ങളിലേക്ക് ഒതുങ്ങിക്കൂടാന്‍, മണ്ണില്‍ കുഴിച്ചു മൂടിയ പഴയ ആചാരങ്ങളെല്ലാം പതിന്മടങ്ങു ശക്തിയോടെ തിരിച്ചെത്തിക്കാന്‍ സ്ത്രീകള്‍ നടത്തുന്ന പരിശ്രമങ്ങളാണിവയെല്ലാം.

പുരുഷന്മാര്‍ ചെയ്യുന്ന ഏതു ജോലിയും ചെയ്യാന്‍ തങ്ങള്‍ പ്രാപ്തരാണ് എന്നും തങ്ങള്‍ക്കും തുല്യ അവസരങ്ങളും തുല്യവേതനവും നല്‍കണമെന്നും മുറവിളി കൂട്ടുന്നതിനിടയിലാണ് ആര്‍ത്തവ കാലത്ത് പണിയെടുക്കാന്‍ തങ്ങള്‍ക്കു കഴിയില്ല എന്ന നിലപാടുമായി ചില സ്ത്രീകള്‍ രംഗത്തു വരുന്നത്. വീട്ടകങ്ങളിലും വീടിനു വെളിയിലും തങ്ങള്‍ക്ക് ആവശ്യമായ അംഗീകരാവും അവസരങ്ങളും നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ മുന്നേറ്റങ്ങള്‍ക്കു തുരങ്കം വയ്ക്കുകയാണ് ഈ ആര്‍ത്താവധി ആവശ്യക്കാര്‍ ചെയ്യുന്നത്. ആര്‍ത്തവ കാലപ്രശ്നങ്ങള്‍ സഹിക്കാന്‍ ആവാത്തതാണെങ്കില്‍ മെഡിക്കല്‍ ലീവ് എടുക്കാന്‍ അവസരമുണ്ടായിരിക്കേ, ഇതൊരു അവകാശമായി സ്ഥാപിച്ചെടുക്കുമ്പോള്‍ ജോലിക്കായി സ്ത്രീകളെ തങ്ങള്‍ക്ക് ആവശ്യമില്ല എന്ന നിലപാടിലേക്കാവും തൊഴില്‍ ദാതാക്കള്‍ നീങ്ങുക.

……………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


………………………………………………………………………………..


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു