‘ഒരു പെഗ്ഗ് വേണമെന്നവള്‍ പറഞ്ഞു, നിര്‍ബന്ധമാണോ എന്നു ഞാന്‍ ചോദിച്ചു…’

ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ

കോതമംഗലത്തെ ആ അഭയകേന്ദ്രത്തിന്റെ പടികടന്നു ഞങ്ങളെത്തുമ്പോള്‍, നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്വീകരിക്കാനായി ആ സിസ്റ്റര്‍ വെളിയിലുണ്ടായിരുന്നു. (ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥാപനം എവിടെയാണെന്നു പറയാന്‍ മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. ഞങ്ങള്‍ സംസാരിച്ചവര്‍ ആരെല്ലാമാണെന്നോ സ്ഥാപനം ഏതാണെന്നോ വായനക്കാരോടു വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഞങ്ങള്‍ തയ്യാറല്ല. കാരണം, അവയ്ക്കു പിന്നിലെ ജീവിതങ്ങളെ പൊതുജനങ്ങള്‍ക്ക് വിചാരണ ചെയ്യാനായി എറിഞ്ഞു കൊടുക്കാന്‍ തമസോമ ആഗ്രഹിക്കുന്നില്ല.)

ഏകദേശം രണ്ടര മണിക്കൂറോളം ആ സംസാരം നീണ്ടുപോയി. ആ സമയമത്രയും പുഞ്ചിരിയോടു കൂടിത്തന്നെയാണ് ഞങ്ങളോടവര്‍ സംസാരിച്ചത്. ഞങ്ങള്‍ക്കറിയേണ്ടിയിരുന്നത്, കവളങ്ങാട് അഭയകേന്ദ്രത്തില്‍ തൂങ്ങിമരിച്ച പോക്‌സോ അതിജീവിതയെക്കുറിച്ചായിരുന്നു. കാരണം, അവളുടെ ജീവിതത്തെക്കുറിച്ചറിഞ്ഞാലേ കോതമംഗലത്തെയും പരിസര പ്രദേശങ്ങളെയും സ്‌കൂളുകളെയും കൈപ്പിടിയിലൊതുക്കിയിരിക്കുന്ന മയക്കുമരുന്നു മാഫിയയെക്കുറിച്ച് അറിയാന്‍ കഴിയുകയുള്ളു.

ഏകദേശം 15 ദിവസത്തോളം അവള്‍ കോതമംഗലത്തെ ആ സ്ഥാപനത്തിലുണ്ടായിരുന്നു. തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങില്ലെന്ന ഉത്തമ ബോധ്യം വന്നപ്പോഴാണ് ആ സിസ്റ്റര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരമറിയിച്ചത്. അവളെ അവര്‍ കൊച്ചിയിലെ മറ്റൊരു അഭയകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഒട്ടൊരു അനുസരണയോടെ കോതമംഗലത്തെ അഭയകേന്ദ്രത്തില്‍ അവള്‍ നിന്നിരുന്നെങ്കില്‍, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍, മരണം തെരഞ്ഞെടുക്കേണ്ട ആവശ്യമവള്‍ക്ക് ഉണ്ടാകുമായിരുന്നില്ല.

അവളെക്കുറിച്ച് ആ സിസ്റ്റര്‍ പറഞ്ഞത് ഇങ്ങനെയാണ്…

‘ഇവിടെയെത്തിയ അവള്‍ സന്തോഷവതിയായിരുന്നു. മുറിയ്ക്കകത്ത് ഇരിക്കുന്ന ശീലം അവള്‍ക്ക് ഉണ്ടായിരുന്നില്ല. പുറത്തെവിടെയെങ്കിലും തനിച്ചിരിക്കും. എന്തുപറ്റി മോളേ എന്നു ഞാന്‍ ചോദിക്കും. ഒന്നുമില്ലെന്നവള്‍ ഉത്തരം നല്‍കും. ഒരു തവണ അവളെന്നോടു ചോദിച്ചു, അവള്‍ക്കൊരു പെഗ്ഗ് വേണമെന്ന്. നിര്‍ബന്ധമാണോ എന്നു ഞാനവളോടു ചോദിച്ചു. അതില്ലാതെ ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് അവളും. അത് ഇവിടെ കിട്ടില്ലെന്നു ഞാനവളോടു പറഞ്ഞു. അന്നു ഞാനവളോട് ഏറെ നേരം സംസാരിച്ചു. തെറ്റായ വഴി ഉപേക്ഷിക്കണമെന്നും ജീവിതത്തിന്റെ മനോഹാരിതയിലേക്കു തിരിച്ചു വരണമെന്നും അവളോടു പറഞ്ഞു. അവളതെല്ലാം കേട്ടിരുന്നു. പതിയെ അവളില്‍ മാറ്റങ്ങളുണ്ടായി. മറ്റുകുട്ടികളുമായി സംസാരിക്കാന്‍ തുടങ്ങി. അവള്‍ക്ക് ഇവിടെ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ കൂട്ടുകിട്ടി. അവളുടെ അതേ നാട്ടുകാരി തന്നെയായിരുന്നു ആ പെണ്‍കുട്ടിയും. പിന്നീട് അവര്‍ ഉറ്റ സുഹൃത്തുക്കളായി.’

ഈ അഭയ കേന്ദ്രത്തിലേക്ക് പച്ചക്കറികളും മറ്റു സാധനങ്ങളുമായി ഓട്ടോയോ മറ്റേതെങ്കിലും വാഹനങ്ങളോ വരുമ്പോള്‍ അവയുടെ ഡ്രൈവര്‍മാരോട് സംസാരിക്കാന്‍ അവര്‍ ആരംഭിച്ചു. അവരോടു സിഗററ്റും മറ്റും ചോദിക്കാന്‍ തുടങ്ങി. അവരുടെ നമ്പര്‍ വാങ്ങാനും. ഈ മതില്‍ക്കെട്ടിനുള്ളില്‍ അവര്‍ സ്വതന്ത്രരാണ്. അവരെ എല്ലായിപ്പോഴും നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കില്ല. പഠിക്കാനും കളിക്കാനും കായിക വിനോദങ്ങള്‍ക്കുമുള്ള സൗകര്യങ്ങളെല്ലാം ഞങ്ങളിവിടെ ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ പിഴച്ചു പോയ വഴിയിലേക്കാണ് അവള്‍ വീണ്ടും പോകുന്നതെന്നു ഞങ്ങള്‍ക്കു മനസിലായി. അവളോടു ഞങ്ങള്‍ അവളുടെ ജീവിതമെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അവള്‍ അനുസരിച്ചു.

അവളെഴുതിയ ജീവിതകഥയില്‍ മുത്തംകുഴിയിലെ സ്റ്റാലിന്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. അവളുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു എന്ന് അവള്‍ പറഞ്ഞ വ്യക്തി. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരും. അതിനാല്‍, ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ട ചുമതല അഭയകേന്ദ്രത്തിന്റെ ഭാരവാഹിക്ക് ഉണ്ട്. ഇതെല്ലാം കൃത്യമായി കോതമംഗലം അഭയകേന്ദ്രത്തിലെ സിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് അന്വേഷണം നടത്തിയിരുന്നു. സ്റ്റാലിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തെ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ് ഡ്രഗ് മാഫിയ. തുറന്ന കാടുകളും എവിടേയ്ക്കു വേണമെങ്കിലും നിമിഷ നേരങ്ങള്‍ക്കകം എത്തിച്ചേരാവുന്ന വഴികളും ഒളിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങളും മാത്രമല്ല കോതമംഗലത്തെ ഡ്രഗ് മാഫിയയുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയത്. കോതമംഗലം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ഹബ് കൂടിയാണ്. പഠിക്കാനായി നാനാസ്ഥലങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ മാഫിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ചെറിയ കുട്ടികളെപ്പോലും ഈ മാഫിയ നോട്ടമിട്ടിരിക്കുന്നു എന്നതാണ് ഏറെ ഖേദകരം. പത്താംക്ലാസ് പോലും കഴിയും മുമ്പേ മയക്കുമരുന്നിന്റെ നെറികെട്ട വഴിയിലേക്കിറങ്ങുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്.

അത്തരത്തില്‍പെട്ട ഒരുവള്‍ തന്നെയായിരുന്നു കവളങ്ങാട്ടെ ഹോമില്‍ മരിച്ച പെണ്‍കുട്ടിയും. ആത്മഹത്യയിലൂടെ അവള്‍ കളം വിട്ടിരിക്കാം. പക്ഷേ, അവളുയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ അതേപോലെ ശേഷിക്കുന്നു. ഒപ്പം, അവളെ ഈ വഴിയിലേക്കു നയിച്ച അവളുടെ കൂട്ടുകാരി ഇപ്പോഴും സ്വതന്ത്രയായി വെളിയില്‍ തന്നെയുണ്ട്.

(ഓഗസ്റ്റ് 19, 2023 ല്‍, കവളങ്ങാട്ടുള്ള ഒരു ഹോമില്‍ രാത്രി 9.45 നും 10.15 നുമിടയില്‍, പോക്‌സോ കേസിലെ ‘അതിജീവിത’ തൂങ്ങിമരിക്കുന്നു. പിറ്റേന്ന്, ഓഗസ്റ്റ് 20, 2023 മുതല്‍ ഈ കേസിന്റെ പിന്നാലെ തമസോമയുണ്ട്. ഞങ്ങള്‍ കണ്ടെത്തുന്ന വസ്തുതകളില്‍ ഈ പൊതുസമൂഹം അറിയേണ്ടവ ഞങ്ങള്‍ അപ്പപ്പോള്‍ വായനക്കാരിലേക്ക് എത്തിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കേണ്ടവ തന്നെയാണ്. അവ അതേപോലെ രഹസ്യമായി ഞങ്ങള്‍ സൂക്ഷിക്കുന്നു. ഇവിടെ, പരിഹരിക്കാനായി ഞങ്ങള്‍ക്കു മുന്നിലുള്ള പ്രശ്‌നം ലഹരിയുടെ ലോകത്തേക്കുള്ള കുട്ടികളുടെ ഒഴുക്കാണ്. കോതമംഗലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയ്ക്ക് അറുതി വരുത്തുക എന്നതിലൂടെ മാത്രമേ അതു സാധ്യമാകുകയുള്ളു. മക്കള്‍ വഴിതെറ്റി പോയതോര്‍ത്ത് പല കുടുംബങ്ങളും ഇന്നു കണ്ണീരിലാണ്. അതിനാല്‍ത്തന്നെ, അവരെക്കുറിച്ചോ അവരുടെ വീടുമായി ബന്ധപ്പെടുന്ന വിവരങ്ങളോ ഞങ്ങള്‍ പുറത്തു വിടുകയില്ല. അതേസമയം, ലഹരിയുടെ വേരറുക്കുകയും വേണം. ഇതൊരു സമരമാണ്. ലഹരിയുടെ പിടിയില്‍ നിന്നും ഭാവി തലമുറയെ സംരക്ഷിക്കാനുള്ള സമരം. ലഹരിമാഫിയ ശക്തരാണ്. പക്ഷേ, അതിനേക്കാള്‍ ശക്തിയുള്ളവരാണ് അതിനെതിരെ പൊരുതുന്നവര്‍ എന്ന കാര്യം മറക്കരുത്.)



Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#Suicide #Vellaramkuthutribalsettlement #drugs #kothamangalam #Kuttampuzha #policestation

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു