Headlines

യുക്തിചിന്തയുടെ പ്രകാശഗോപുരം

ഷാജി കിഴക്കേടത്ത്

യുക്തിവാദി പ്രസ്ഥാനത്തിന്റെ സമുജ്ജ്വലനായ ചിന്തകനും പ്രയോക്താവുമായിരുന്ന എം.സി.ജോസഫ് കേരളത്തിന്റെ ബൗദ്ധിക ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ ദീപ്തമായ സ്മരണയാണ്.

1929-ല്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘യുക്തിവാദി’ മാസിക 1931 മുതല്‍ ഏറ്റെടുത്ത് 46 കൊല്ലകാലം മുടക്കങ്ങള്‍ ഏറെയില്ലാതെ നടത്തിയത് എം.സിയാണ്.

പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ‘യുക്തിവാദി’ എന്ന ലിറ്റില്‍ മാഗസിന്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനശക്തി ചെറുതല്ലായിരുന്നു.


യുക്തിചിന്തയുടെയും മിശ്രവിവാഹത്തിന്റെയും ആശയപരിസരങ്ങളെ വികസിപ്പിക്കുക മാത്രമല്ല, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാനും ദിശാബോധം നല്‍കാനും ‘യുക്തിവാദി’ മാസിക വഹിച്ച പങ്ക് വളരെ വലുതാണ്. മതവിശ്വാസം, ജ്യോതിഷം, മന്ത്രവാദം, ചാത്തന്‍ സേവ, പ്രേതബാധ തുടങ്ങിയവയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്ന എം.സിയുടെ ലേഖനങ്ങള്‍ ജനങ്ങളെ ശാസ്ത്രചിന്തയിലേക്ക് നയിക്കാനും ചില ഘട്ടങ്ങളില്‍ ആവേശഭരിതരാക്കാനും സഹായിച്ചിട്ടുണ്ട്.

ഇന്നത്തെപ്പോലെയുള്ള മാധ്യമസൗകര്യങ്ങളും സാങ്കേതികവിദ്യയും വളര്‍ച്ച നേടാത്ത ഒരു കാലഘട്ടത്തില്‍ എം.സിയെ പോലെയുള്ള യുക്തിചിന്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക ബൗദ്ധിക മണ്ഡലങ്ങളെ ഉഴുതുമറിച്ച് പാകപ്പെടുത്തിയ മണ്ണിലാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ പിന്നീട് വേരുകളാഴ്ത്തിയത്.

യുക്തിചിന്തയെ സയന്‍സിന്റെ മെത്തഡോളജിയിലേക്ക് നയിക്കുന്ന ചിന്താരീതി വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചതാണ് എം.സി യെ വേറിട്ടു നിര്‍ത്തുന്ന പ്രത്യേകത. ‘നാനാവിധ പരിശോധനാ പരീക്ഷണങ്ങള്‍ കൊണ്ട് ഒരേ ഫലത്തെ കാണിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ ലഭിക്കുകയും അതിനു വ്യത്യസ്തമായി യാതൊരു ദൃഷ്ടാന്തവും ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോഴേ അതിനെ ഒരു ശാസ്ത്രീയ തത്വമായി ശാസ്ത്രജ്ഞര്‍ സ്വീകരിക്കൂ. അതുവരെ ആ തത്വത്തിനു അഭ്യൂഹം എന്നതില്‍ കവിഞ്ഞ വില ശാസ്ത്രം കല്പിക്കുകയില്ല.

സ്ഥാപിക്കപ്പെട്ട ഒരു തത്വം തന്നെയും വ്യത്യാസപ്പെടാന്‍ പാടില്ലെന്നുള്ള ദുശാഠ്യവും ശാസ്ത്രത്തിനില്ല. ‘ഈ വാക്കുകള്‍ എം.സി യുടെ ശാസ്ത്രീയവീക്ഷണത്തിന്റെ തെളിവാണ്.

പ്രാകൃതമായ നരബലിയടക്കമുള്ള ദുരാചരങ്ങളും അന്ധവിശ്വാസങ്ങളും വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ എം.സി.ജോസഫിനെ പോലെയുള്ള യുക്തിചിന്തകര്‍ തെളിച്ച നവോത്ഥാനമൂല്യങ്ങളുടെ സമരപാരമ്പര്യത്തെ വീണ്ടെടുക്കേണ്ട കാലഘട്ടമാണ് ഇന്ന്. ‘ബുക്കുകള്‍ക്കും പൂര്‍വികര്‍ക്കും മര്‍ത്ത്യരെ ദാസരാക്കീടും സാമ്പ്രദായം തകര്‍ക്കുന്ന സയന്‍സിന്റെ ‘മാര്‍ഗമാണ് മാനവരാശിയുടെ വിമോചനത്തിന്റെ പാതയൊരുക്കുന്നതെന്ന സത്യം തിരിച്ചറിയാന്‍ എം.സിയുടെ സ്മരണ വഴിതെളിയ്ക്കട്ടെ എന്ന പ്രത്യാശയോടെ നമുക്ക് മുന്നോട്ട് പോകാം.





മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു