നഴ്‌സിംഗ് തോറ്റവര്‍ ഒടിയിലും എമര്‍ജന്‍സിയിലും, അഡ്മിനിസ്ട്രേഷനില്‍ പ്ലംബര്‍; രോഗികളുടെ ജീവന്‍ പന്താടി നൈല്‍ ആശുപത്രി!

Jess Varkey Thuruthel

പാരാമെഡിക്കല്‍ ടെക്നീഷ്യന്‍മാരുടെ ബി എസ് എസ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന പേരില്‍ ജോലിയില്‍ നിന്നും ഒറ്റ നിമിഷം കൊണ്ടു പുറത്താക്കിയ ഡോക്ടര്‍ അലോകിന്റെ നൈല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ നഴ്സായി ജോലി ചെയ്യുന്നവരില്‍ ചിലര്‍ പരീക്ഷ പോലും പാസാകാത്തവര്‍! ഗര്‍ഭിണികളുടെ രക്തസമ്മര്‍ദ്ദം ഉള്‍പ്പടെ പരിശോധിക്കുന്നവരില്‍ പത്താംക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവരും! പ്ലംബറായി ജോലി ചെയ്തിരുന്നയാളാണ് ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ചുമതലയിലുള്ളത്! ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും മാസങ്ങള്‍ക്കു മുന്‍പേ തന്നെ പരാതി അയച്ചിട്ടും നടപടി ഇല്ല!


നൈല്‍ ആശുപത്രിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ടെക്നീഷ്യന്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ പോലും പിരിച്ചു വിടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ബി എസ് എസ് സര്‍ട്ടിഫിക്കറ്റിന്റെയും അക്രഡിറ്റേഷന്റെയും അടിസ്ഥാനത്തില്‍ തന്നെയാണ് ഏഴുവര്‍ഷം മുന്‍പ് ഇവരെ ഈ ആശുപത്രിയില്‍ ജോലിക്കെടുത്തത്. പിന്നെ ഇത്ര പെട്ടെന്ന് ഇവരുടെ സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അംഗീകാരമില്ലാതായി? അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റാണ് ബി എസ് എസ് എങ്കില്‍ എന്തിനാണ് ആശുപത്രി മാനേജ്മെന്റ് ഇവരെ ജോലിക്കെടുത്തത്? ഏഴു വര്‍ഷം ഒരു ആശുപത്രിയില്‍ ജോലി ചെയ്തിട്ടും രോഗികളുടെ ഭാഗത്തു നിന്നും ഇവര്‍ക്കെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നിട്ടും, ഒരു നോട്ടീസ് പോലും നല്‍കാതെ, ഒരു മാസത്തെ സമയപരിധി നല്‍കണമെന്ന നിയമം പോലും പാലിക്കാതെ, മുന്‍കൂട്ടി അറിയുക പോലും ചെയ്യാതെ, നാളെ മുതല്‍ നിങ്ങള്‍ക്കിവിടെ ജോലി ഇല്ല എന്നു പറഞ്ഞ് പെട്ടെന്നൊരു ദിവസം പുറത്താക്കിയത് എന്തിന്? ഇവര്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു എന്‍ എ) എന്ന സംഘടനയില്‍ അംഗത്വമെടുത്തു എന്നത് മാത്രമാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം.


മെഡിക്കല്‍, പാരാമെഡിക്കല്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന മുപ്പതോളം ജീവനക്കാര്‍ മാത്രമാണ് പരീക്ഷ പാസായി അക്രഡിറ്റേഷന്‍ ഉള്ളത് എന്ന് യു എന്‍ എ യൂണിറ്റ് സെക്രട്ടറി പറഞ്ഞു. ‘ഞങ്ങള്‍ പഠിച്ച ബി എസ് എസ് കോഴ്സിന് അംഗീകാരമില്ലെന്ന് ഡോക്ടര്‍ അലോക് പറയുന്നു. അങ്ങനെയെങ്കില്‍, തോറ്റ പിള്ളേരെ നഴ്സുമാരായി പണിയെടുപ്പിക്കുന്ന ആശുപത്രിയില്‍ എന്തു സംരക്ഷണമാണ് രോഗികള്‍ക്കു കിട്ടുന്നത്? ഒപിയില്‍ പത്താംക്ലാസ് പോലും പാസാകാത്തവരാണ് ഗര്‍ഭിണികളുടെ ബി പി എടുക്കുന്നത്. പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫീല്‍ഡുമായി എന്തു ബന്ധമാണ് ഉളളത്? ഇവരെയെല്ലാം സ്റ്റുഡന്റ് ഒബ്സര്‍വേഷനിലാണ് നിറുത്തിയിരിക്കുന്നത് എന്നാണ് ഡോ അലോക് പറയുന്നത്. നൈല്‍ ആശുപത്രി ഒരു കോഴ്സും നടത്തുന്നില്ല. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന് ഒബ്സര്‍വേഷനില്‍ ആളെ നിയമിക്കാന്‍ അനുവാദമില്ല. എല്ലാ തെറ്റുകള്‍ക്കും നീതികേടുകള്‍ക്കും തന്റെതായ ന്യായങ്ങള്‍ നിരത്തി അധികൃതര്‍ക്ക് പണം നല്‍കി സ്വാധീനിച്ച് ഇയാള്‍ തന്റെ കിരാത നിയമം നടപ്പാക്കുകയാണിവിടെ.’


‘രണ്ടു വര്‍ഷം പരീക്ഷയെഴുതിയിട്ടും പാസാകാത്തവര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ നിരവധി സര്‍ജ്ജറികള്‍ക്ക് അസിസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നഴ്സിംഗ് പാസായ ഈ വ്യക്തിക്ക് ഇതുവരെ രജിസ്ട്രേഷന്‍ കിട്ടിയിട്ടില്ല. എന്തു വിശ്വസിച്ചാണ് സര്‍ജ്ജറിക്കായി രോഗികള്‍ ഈ ആശുപത്രിയില്‍ കയറുന്നത്?’ അവര്‍ ചോദിക്കുന്നു.


യു എന്‍ എ യില്‍ അംഗമല്ലാത്ത, ബി എസ് എസ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഒരാളെപ്പോലും ഡോ അലോക് പിരിച്ചു വിട്ടിട്ടില്ല. നഴ്സിംഗ് കോഴ്സ് പാസാകാത്തവര്‍ക്കു പോലും 20,000 രൂപയ്ക്കു മുകളില്‍ ശമ്പളം കൊടുക്കുന്നുണ്ട്. നഴ്സിംഗ് രണ്ടാം വര്‍ഷത്തില്‍ പല തവണ സപ്ലിമെന്ററി പരീക്ഷ എഴുതി കാത്തിരിക്കുന്ന നാലു പേര്‍ നൈലിലെ ഒപിയിലും വാര്‍ഡിലും ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കൊന്നുമില്ലാത്ത എന്ത് അയോഗ്യതയാണ് പഠിച്ച സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജോലിക്കു കയറിയ ടെക്നീഷ്യന്‍സിന് ഉള്ളത്?


നാലു വര്‍ഷത്തെ കോഴ്സാണ് ബി എസ് സി നഴ്സിംഗ്. ഈ കോഴ്സിനു പഠിക്കുന്ന ഒരാള്‍ നാലാം വര്‍ഷം പഠിക്കണമെങ്കിലും പരീക്ഷ എഴുതണമെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തെ എല്ലാ വിഷയങ്ങളും പാസായിരിക്കണം. മൂന്നു വര്‍ഷത്തെ പഠനത്തിനിടയില്‍ ഏതെങ്കിലും വിഷയത്തിനു തോറ്റുപോയാല്‍ നാലാം വര്‍ഷം പഠിക്കാനോ പരീക്ഷ എഴുതാനോ പറ്റില്ല എന്നര്‍ത്ഥം. എന്നാല്‍, ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും പരീക്ഷ പാസാകാത്ത കുട്ടികള്‍ പോലും നൈല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. പരീക്ഷ പോലും പാസാകാത്ത ഇത്തരം നഴ്സുമാര്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴാണ് ബിഎസ് എസ് സര്‍ട്ടിഫിക്കറ്റുള്ള പാരാമെഡിക്കല്‍ ടെക്നീഷ്യന്‍സിനെ ഡോ അലോക് പുറത്താക്കുന്നത്! രോഗികളുമായി കൂടുതല്‍ അടുത്തിടപഴകുന്നവരാണ് നഴ്സുമാര്‍. ഏതാണ്ട് മുഴുവന്‍ സമയവും രോഗികള്‍ക്കൊപ്പമുള്ളവര്‍. പരീക്ഷയില്‍ തോറ്റ ഇവരെങ്ങനെയാണ് രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്നത്? നഴ്സിംഗ് അസിസ്റ്റന്റ്സിനെ മാത്രം വച്ച് ഒരു ഡിപ്പാര്‍ട്ട്മെന്റ് ഓടിക്കാന്‍ സാധിക്കുമോ? ബി എസ് സി, ജി എന്‍ എം എന്നീ കോഴ്സുകള്‍ പഠിച്ചു പാസായ എത്ര പേര്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട് എന്ന് അന്വേഷിക്കണം, ഇവര്‍ പറയുന്നു.


പ്ലംബര്‍ ജോലി ചെയ്തിരുന്ന ആളാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍. ആശുപത്രിയുടെ പി ആര്‍ ഒയ്ക്ക് ബികോം ഡിഗ്രി മാത്രമാണ് ഉള്ളത്. എന്‍ എ ബി എച്ച് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ പി ആര്‍ ഒ പോസ്റ്റിലേക്ക് ഒരാളെ മാനേജ്മെന്റ് മൂന്നു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. അതുവരെ ജോലിയില്‍ ഉണ്ടായിരുന്ന പി ആര്‍ ഒയ്ക്ക് യോഗ്യതയുണ്ടായിരുന്നുവെങ്കില്‍ എന്തിന് വാടകയ്ക്ക് ആളെയെടുക്കണം? തോറ്റ കുട്ടികളുടെ ഫയലുകളൊന്നും അധികൃതര്‍ അന്വേഷണ ഉദ്യോഗസ്റ്റര്‍ക്ക് നല്‍കിയതുമില്ല.


തോറ്റ നഴ്സുമാര്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജോലികള്‍ മാത്രമേ ചെയ്യാറുള്ളുവെന്നാണ് ഡോക്ടര്‍ അലോക് പറയുന്നത്. അങ്ങനെയെങ്കില്‍, അവര്‍ എന്തൊക്കെ ജോലികള്‍ ചെയ്യണം, ചെയ്യരുത് എന്നത് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്യുന്ന സീനിയര്‍ നഴ്സുമാര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? ഒരു രോഗി എത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ഇവരെക്കൊണ്ടു ചെയ്യിപ്പിക്കാം എന്നും അറിഞ്ഞിരിക്കണം. എന്നാല്‍, അങ്ങനെയൊരു സര്‍ക്കുലറോ അറിയിപ്പോ യാതൊന്നും ഇവിടെയുള്ള യോഗ്യതയുള്ള സീനിയര്‍ നഴ്സുമാര്‍ക്ക് ആശുപത്രി നല്‍കിയിട്ടില്ല.


ഏഴുവര്‍ഷം മുന്‍പ് ജോലിയില്‍ കയറുമ്പോള്‍ തന്ന ശമ്പളം ആറായിരം രൂപയായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ക്ക് 10,000 രൂപ തന്നു തുടങ്ങിയത്. ഇതേക്കുറിച്ചു പരാതിപ്പെട്ടപ്പോള്‍ ശമ്പളത്തില്‍ നേരിയ വര്‍ദ്ധനവു വരുത്തി. ‘രണ്ടര വര്‍ഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. ബി എസ് സി നഴ്സിംഗ് പഠിക്കാന്‍ എനിക്കു ചെലവായത് ഏകദേശം എട്ടു ലക്ഷം രൂപയാണ്. നാലുലക്ഷം രൂപയോളം ലോണ്‍ എടുത്താണ് പഠിച്ചത്. പഠനം കഴിഞ്ഞ് ട്രെയിനിംഗ് പീരിയഡും മറ്റും കഴിഞ്ഞപ്പോഴേക്കും ലോണ്‍ തുക ഏകദേശം അഞ്ചര ലക്ഷം രൂപയായി ഉയര്‍ന്നു. 2021 മാര്‍ച്ചില്‍ നൈല്‍ ആശുപത്രിയില്‍ ജോലിയില്‍ കയറുമ്പോള്‍ ശമ്പളമായി തന്നത് 6,000 രൂപയാണ്. പെര്‍മനന്റ് സ്റ്റാഫിനു മാത്രമേ കൂടുതല്‍ ശമ്പളം കൊടുക്കുകയുള്ളു എന്നാണ് പറഞ്ഞത്. 2022 ജൂലൈയില്‍ ആണ് പി എഫ് ഇഎസ് ഐ ആകുന്നത്. അപ്പോയിന്റ്മെന്റ് ലെറ്റര്‍ പോലും തന്നിരുന്നില്ല, യു എന്‍ എ യിലെ നഴ്സുമാരില്‍ ഒരാള്‍ പറഞ്ഞു.


മാനേജിംഗ് ഡയറക്ടര്‍ ഡോ അലോക് ആണ് ഇന്റര്‍വ്യു നടത്തിയത്. ആദ്യം വാര്‍ഡിലായിരുന്നു പോസ്റ്റിംഗ്. മറ്റ് ഇടങ്ങളില്‍ ഒഴിവു വരുമ്പോള്‍ താല്‍പര്യമുള്ളിടത്തേക്ക് പിന്നീട് മാറാമെന്നു പറഞ്ഞു. തുടക്കമായതിനാല്‍, നല്ല പോലെ ജോലി ചെയ്താല്‍ കൂലി കൂടുതല്‍ തരുമെന്നു ഞാന്‍ കരുതി. വാര്‍ഡില്‍, എന്റെ ജോലിയുടെ മികവു കണ്ട് ഡോക്ടര്‍ അലോക് എന്നെ അദ്ദേഹത്തിന്റെ ഐ സിയുവിലേക്കു മാറ്റി. കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ ഇവിടെയാണ് ജോലി ചെയ്യുന്നത്. ജോലിയില്‍ കയറി ഒന്നര വര്‍ഷം കഴിഞ്ഞാണ് പി എഫും ഇ എസ് ഐയും കിട്ടുന്നത്.


പ്രഗ്‌നന്റ് ആയതിനാല്‍, ഇ എസ് ഐ യില്‍ ചെന്നപ്പോഴാണ് അറിഞ്ഞത്, ജോലിയില്‍ കയറുമ്പോള്‍ തന്നെ ഇ എസ് ഐ യില്‍ ചേരാമെന്ന്. ഞങ്ങളുടെ അജ്ഞതയെ മുതലെടുക്കുകയായിരുന്നു ഡോ അലോക്. പെര്‍മനന്റ് സ്റ്റാഫ് ആയ ശേഷം സ്റ്റാഫ് നഴ്‌സുമാര്‍ക്കു നല്‍കുന്നത് 11,000-13,000 രൂപയാണ്. കഴിഞ്ഞ മാസമാണ് എന്റെ അക്കൗണ്ടില്‍ 15,000 രൂപ കയറിയത്. പൊതു അവധി ദിവസം ജോലി ചെയ്താല്‍ ഡബിള്‍ സാലറി തരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, ഞങ്ങള്‍ക്ക് അതു തരാറില്ല.


ജൂബിലി, അമല, ദയ, സണ്‍, ചന്ദ്രമതി തുടങ്ങിയ ആശുപത്രികളില്‍ തുടക്കക്കാരായ നഴ്സുമാര്‍ക്ക് 22,000 രൂപ സാലറിയുണ്ട്. പ്രവര്‍ത്തി പരിചയമനുസരിച്ച് 40,000 രൂപ വരെ ശമ്പളം വാങ്ങുന്നവരും ഉണ്ട്. യോഗ്യതയുള്ള ഒരു നഴ്സു പോലും 12,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ നൈല്‍ ആശുപത്രിയിലേക്കു വരില്ല. അതിനു മാനേജ്മെന്റ് കണ്ടുപിടിച്ച വഴിയാണ് പരീക്ഷയില്‍ തോറ്റവരെയും പാസ് ആയി നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷനു വേണ്ടി കാത്തിരിക്കുന്നവരെയും ജോലിക്കെടുക്കുക എന്നത്. ഇത്തരത്താര്‍ക്ക് 12,000 രൂപ എന്നത് വലിയൊരു തുകയാണ്. യോഗ്യതയുണ്ടായിട്ടും ഇവിടെ ജോലി ചെയ്യുന്നത് ഓരോരോ കാരണങ്ങള്‍ കൊണ്ടാണ്. വീട് അടുത്തുള്ളവരും കുടുംബപരമായ പ്രശ്നങ്ങള്‍ ഉള്ളവരും ഈ ആശുപത്രിയില്‍ തന്നെ നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നു. നൈലിന്റെ തുടക്കകാലം മുതല്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ ആശുപത്രിയോടുള്ള മാനസിക അടുപ്പത്തിന്റെ പേരിലും ഇവിടെ നില്‍ക്കുന്നു.


ഞങ്ങളുടെ കൂടി ചോരയിലും നീരിലും വിയര്‍പ്പിലും പടുത്തുയര്‍ത്തിയ ഒരു സ്ഥാപനത്തില്‍ നിന്നും പെട്ടെന്നൊരു ദിവസം ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ അതിനു കഴിയുന്നതെങ്ങനെ? മാനേജ്മെന്റിന്റെ ഈ നെറികേടിനെ എത്ര കാലം സഹിക്കും, എത്ര കാലം മിണ്ടാതിരിക്കും? ഇവിടെ എത്രകാലം ഞങ്ങള്‍ ഉണ്ടാകുമെന്ന് അറിയില്ല. നല്ലൊരു അവസരം കിട്ടിയാല്‍ ഞങ്ങളും പോകുമായിരിക്കും. പക്ഷേ, ഞങ്ങള്‍ക്കു പിന്നാലെ വരുന്നവര്‍ക്കു വേണ്ടി കൂടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.


പിരിച്ചു വിട്ട ആറു പേരില്‍ നാല് ലാബ് ടെക്നീഷ്യന്‍സും രണ്ട് എക്സ്റേ ടെക്നീഷ്യന്‍സുമാണ് ഉള്ളത്. ലാബിലെ ഒരാള്‍ യു എന്‍ എ യൂണിറ്റിന്റെ സെക്രട്ടറിയാണ്. ജൂലൈ 25-ാം തീയതി വൈകുന്നേരം മൂന്നര-നാലു മണിയോടു കൂടി, ഡോക്ടര്‍ അലോകിന്റെ ഒപിഡി കഴിഞ്ഞ സമയം നഴ്സിംഗ് സൂപ്രണ്ട്, പി ആര്‍ ഒ സുബീഷും ജോയിന്റ് എം ഡിയും ഡോ അലോകിന്റെ ഭാര്യയുമായ ജിതയ്ക്കും മുന്നില്‍ വച്ച്, അന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേരെ വിളിച്ചിട്ടു പറഞ്ഞു, ‘നിങ്ങളെ ഇവിടെ നിന്നും ടെര്‍മിനേറ്റു ചെയ്യുന്നു, ഇന്നു മുതല്‍ ഡ്യൂട്ടിക്കു വരണ്ട എന്ന് നൈറ്റുകാരോടു പറയണം, ലാബ് പൂട്ടാന്‍ പോകുകയാണ്’ എന്ന്. ഒരു നോട്ടീസ് പോലും തരാതെ എങ്ങനെയാണ് പിരിച്ചു വിടുന്നത് എന്നു ചോദിച്ചപ്പോള്‍ അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റാണ് നിങ്ങളുടേത് എന്നാണ് പറഞ്ഞത്. ‘ഇത് എന്റെ ആശുപത്രിയാണ്, എനിക്കിഷ്ടമുള്ളവര്‍ മാത്രം ഇവിടെ ജോലി ചെയ്താല്‍ മതി, എനിക്കു ചില പോളിസികള്‍ ഉണ്ട്, സംഘടനയില്‍ ചേരുമ്പോള്‍ ഇതെല്ലാം ഓര്‍ക്കണമായിരുന്നു,’ എന്ന് ഡോ അലോക് പറഞ്ഞു.


വൈകിട്ട് അഞ്ചുമണി ആയപ്പോള്‍ ലാബിലെ രണ്ടു ജീവനക്കാര്‍ കൂടി ഡ്യൂട്ടിക്കു വന്നു. അപ്പോള്‍ കാണുന്നത് പി ആര്‍ ഒയും അഡ്മിനിസ്ട്രേറ്ററും കൂടി ലാബ് പൂട്ടുന്നതാണ്. ലാബിനു മുന്നില്‍ യാതൊന്നും എഴുതി വച്ചിട്ടുണ്ടായിരുന്നില്ല. കൃത്യമായ കാരണമില്ലാതെ ലാബ് അടച്ചിടാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ ഒരു തുണ്ടു കടലാസില്‍ ലാബ് അടച്ചിടുകയാണ് എന്ന് എഴുതി, അടിയില്‍ ഒരു സീല്‍ വച്ച് ലാബിനു മുന്നില്‍ പതിച്ചു. ആര്‍ക്കും ടെര്‍മിനേഷന്‍ ലെറ്റര്‍ പോലും നല്‍കിയില്ല. പിറ്റേന്ന് പുലര്‍ച്ചെ ആറുമണി ആയപ്പോഴേക്കും വാട്സ്ആപ്പ് വഴി ഡോക്ടര്‍ അലോക് ഈ ആറുപേരുടേയും ടെര്‍മിനേഷന്‍ ലെറ്റര്‍ ഇട്ടു. നേരിട്ട് കൊടുക്കാതെ സമൂഹ മാധ്യമം വഴി ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയത് എന്തിനാണ്? അന്ന് ഡ്യൂട്ടിയിലെത്തിയ നഴ്സുമാര്‍ ഈ ആറുപേരുടെ ടെര്‍മിനേഷന്‍ ലെറ്റര്‍ നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു വച്ചിരിക്കുന്നതു കണ്ടു. ബി എസ് എസ് കോഴ്സ് ചെയ്തവര്‍ക്ക് അംഗീകാരമില്ലെന്നും അതിനാല്‍ അവരെ പുറത്താക്കി എന്നുമായിരുന്നു വിശദീകരണം.


ബി എസ് എസ് കോഴ്സു കഴിഞ്ഞവര്‍ എക്സ്റേ ടെക്നീഷ്യന്‍ ലാബ് ടെക്നീഷ്യന്‍ എന്നീ തസ്തികയിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സെന്ററില്‍ നിന്നോ പഠിച്ചിറങ്ങുമ്പോള്‍, എക്സ്റേയില്‍ റേഡിയോ ഗ്രാഫേഴ്സ് എന്നാണ് അറിയപ്പെടുക. ലാബിലാണെങ്കില്‍ ബയോകെമിസ്ട്രി എന്നും. പക്ഷേ, പ്രൈവറ്റ് ആയി പഠിക്കുന്നവര്‍ ടെക്നീഷ്യന്‍മാരാണ്. ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റില്‍ ടെക്നീഷ്യന്‍ എന്ന് എഴുതിയിട്ടുണ്ട്. സര്‍ക്കാര്‍, ജില്ലാ ആശുപത്രികള്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യാനാവും. ഇതു കൂടാതെ ഇന്ത്യയ്ക്കു വെളിയിലും ഇതേ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ട്.


തൃശൂരില്‍ തന്നെ 75 ശതമാനത്തോളം ലാബിലും ബി എസ് എസ് പഠിച്ച ടെക്നീഷ്യന്‍സാണ് ജോലി ചെയ്യുന്നത്. അംഗീകാരമില്ലെങ്കില്‍ സര്‍ക്കാര്‍ ഇതു നിറുത്തലാക്കുകയല്ലേ വേണ്ടത്? ്ര്രേകന്ദ സര്‍ക്കാരിന്റെ കീഴിലുള്ള ഭാരത് സേവക് സമാജിന്റെതാണ് ഈ സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റ് കണ്ട് ടെക്നീഷ്യന്‍ എന്ന തസ്തികയില്‍ തന്നെയാണ് ഞങ്ങളെ ജോലിക്കു നിയമിച്ചിരിക്കുന്നത്. അല്ലാതെ റേഡിയോ ഗ്രാഫര്‍ എന്ന പദവിയില്‍ അല്ല. പിന്നെ എങ്ങനെ യോഗ്യതയില്ലെന്ന് അവര്‍ പറയും? എങ്ങനെ പിരിച്ചു വിടാനാവും?


എക്സ്റേ ടെക്നീഷ്യന്‍ പോസ്റ്റാണ് അവര്‍ എനിക്കു തന്നിരിക്കുന്നത്. ബി എസ് എസ് കോഴ്സ് പഠിച്ച ഒരാള്‍ എക്സ്റേ ടെക്നീഷ്യന്‍ തന്നെയാണ്. ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഏഴുകൊല്ലം ഈ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴും ഇല്ലാതിരുന്ന എന്ത് അയോഗ്യതയാണ് ഇപ്പോഴുള്ളത്? എന്റെ കരിയറില്‍ ഇന്നേവരെ ഒരു ബ്ലാക്മാര്‍ക്ക് വീണിട്ടില്ല. എന്നെക്കുറിച്ച് ഒരു പരാതി പോലുമില്ല. അങ്ങനെ പരാതി വന്നാല്‍ എന്റെ സര്‍ട്ടിഫിക്കറ്റ് അടങ്ങിയ രേഖയില്‍ അതു പഞ്ചു ചെയ്തു വയ്ക്കും. അത്തരത്തില്‍ ഒന്നും എന്റെ ഫയലില്‍ ഇല്ല. പിരിച്ചുവിടപ്പെട്ട ആരുടെയും ഫയലില്‍ അങ്ങനെയില്ല. അത്രയും ആത്മാര്‍ത്ഥതയോടു കൂടിയാണ് ജോലി ചെയ്തത്. ഏഴുകൊല്ലം ഒരു ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ആ ആശുപത്രിയോട് അത്രയ്ക്കും അടുപ്പമുണ്ടാകും. എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ ഉള്ള ഞങ്ങളെ എന്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചു വിട്ടത്? ജോലി ചെയ്യുന്ന സ്റ്റാഫുകളുടെയെല്ലാം ഫയലു വരെ എന്‍ എ ബി എച്ച് പരിശോധിക്കും. അവര്‍ കണ്ടെത്താത്ത എന്ത് അയോഗ്യതയാണ് നൈല്‍ ആശുപത്രി ഉടമ കണ്ടെത്തിയത്?


ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച എന്‍ എ ബി എച്ച് ഉദ്യോഗസ്ഥരില്‍ ഒരാളായ റേഡിയോളജിസ്റ്റാണ് ആര്‍ എസ് ഒ ആയി അന്ന് ഉണ്ടായിരുന്നത്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്താല്‍, ഞങ്ങള്‍ക്ക് ഫസ്റ്റ് ലെവല്‍ റേഡിയോ സേഫ്റ്റി ഓഫീസര്‍ (ആര്‍ എസ് ഒ) ആയി ജോലി ചെയ്യാമെന്ന് അവര്‍ പറഞ്ഞിരുന്നു. 2027 ല്‍ ഞങ്ങളുടെ നിലവിലുള്ള റേഡിയോളജിസ്റ്റിനെ മാറ്റി, ഞങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ക്ക് ആര്‍ എസ് ഒ ആകാമെന്നു പറഞ്ഞു. യോഗ്യതയില്ലെന്ന് ഡോ അലോക് പറയുന്ന ഞങ്ങളെ എന്തിന് ആര്‍ എസ് ഒ ആക്കണം? ഏഴുവര്‍ഷം ജോലി ചെയ്യുമ്പോഴും ഞങ്ങള്‍ ഏറ്റവും നല്ല ജീവനക്കാരായിരുന്നു. ഞങ്ങള്‍ക്ക് യോഗ്യതകളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ മെയ് മുതല്‍ ഞങ്ങള്‍ യു എന്‍ എയില്‍ ചേര്‍ന്നു. അന്നുമുതല്‍ ഞങ്ങള്‍ യോഗ്യതയില്ലാത്തവരായി. ഞങ്ങള്‍ ഇവിടെ നിന്നും സ്വമേധയാ ഒഴിഞ്ഞു പോകണം എന്നാണ് പറയുന്നത്. അതിനു മുതിരാതിരുന്നപ്പോഴാണ് പിരിച്ചു വിട്ടത്.


‘യു എന്‍ എയില്‍ ചേര്‍ന്നതിന്റെ പ്രതികാര നടപടി എന്നു തന്നെ നിങ്ങള്‍ വിചാരിച്ചോ’ എന്നു പറഞ്ഞാണ് ഡോ അലോക് പിരിച്ചു വിട്ടത്. ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വാല്യു ഇല്ലെങ്കില്‍ സര്‍ക്കാന്‍ എന്തിനാണ് ഈ കോഴ്സുകള്‍ക്ക് അംഗീകാരം കൊടുത്തിരിക്കുന്നത്? പൂട്ടിക്കൂടെ? എന്തിനു കുട്ടികളുടെ ഭാവി കളയണം? ഇവിടെ സര്‍ക്കാരിനില്ലാത്ത പ്രശ്നമാണോ ഡോക്ടര്‍ അലോകിന്?


നൈല്‍ ആശുപത്രി ഞങ്ങള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കിയിരുന്നു. അസൗകര്യങ്ങളുടെ കൂടായിരുന്നു അതെങ്കിലും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക് അതൊരു ആശ്വാസമായിരുന്നു. യു എന്‍ എയില്‍ അംഗമായതോടെ ഞങ്ങളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. യു എന്‍ എ യില്‍ അംഗമായ ആര്‍ക്കും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നും മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം തകര്‍ക്കുമെന്നും ഡാറ്റാ ഫ്‌ളോയില്‍ ഉള്‍പ്പടെ സ്വാധീനം ചെലുത്തുമെന്നും ഡോ അലോക് പറഞ്ഞു.

(തൃശൂര്‍ നൈല്‍ ആശുപത്രി പുറത്താക്കിയ, ഡോ അലോക് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു ജീവനക്കാര്‍ തമസോമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നിന്നും. ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം നാളെ.)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു