Headlines

ഇല്ല, കവളങ്ങാട് പഞ്ചായത്തില്‍ അറവുശാലകളില്ല: സെക്രട്ടറി

 
Jess Varkey Thuruthel & Zachariah

ആ മുഖത്തു വിരിഞ്ഞ നേര്‍ത്ത പുഞ്ചിരിയില്‍ തെളിഞ്ഞു നിന്നത് ജനങ്ങളോടുള്ള പുച്ഛമായിരുന്നോ? അതോ അവനവനോടു തന്നെയോ?? ആ പഞ്ചായത്ത് ഓഫീസില്‍ നിന്നും പുറത്തിറങ്ങി ആലുവ-മൂന്നാര്‍ റോഡിലൂടെ മുന്നോട്ടോ പിന്നോട്ടോ യാത്ര ചെയ്താല്‍ നിരവധി അറവുശാലകള്‍ കാണാനാവും. എന്നിട്ടും ഈ പഞ്ചായത്തില്‍ ഒരിടത്തും അറവുശാലകളില്ലെന്നു പറയണമെങ്കില്‍ പറയുന്നയാള്‍ കണ്ണുപൊട്ടനായിരിക്കണം.

പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന നെല്ലിമറ്റത്തിന് ഏതാനും കിലോമീറ്ററുകളകലെ, കോട്ടപ്പാടം എന്ന സ്ഥലത്ത് ഒരു ചെക്ഡാമുണ്ട്. പല്ലാരിമംഗലവുമായി ബന്ധപ്പെടുത്തുന്ന ഒരു ചെക്ഡാം ആണിത്. ആ ചെക്ഡാമിന് അക്കരെ പല്ലാരിമംഗലം പഞ്ചായത്ത് ആണ്. ഇങ്ങേക്കരയില്‍ കവളങ്ങാട് പഞ്ചായത്തും. വെള്ളത്തിന് ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഈ ചെക്ഡാം പണിതിരിക്കുന്നത്. അതിനാല്‍ത്തന്നെ, വെള്ളത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കള്‍ ഈ ചെക്ഡാമില്‍ തടഞ്ഞു നില്‍ക്കും. ഇവിടെയാണ് രാത്രി കാലങ്ങളില്‍ അറവുശാല മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത്. മഴക്കാലങ്ങളില്‍, പുഴയില്‍ ധാരാളം വെള്ളമുള്ളതിനാലും ആരും പുഴയെ കാര്യമായി ആശ്രയിക്കാത്തതിനാലും ഇവ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എന്നാല്‍, വേനലെത്തിയതോടെ, പുഴയില്‍ വെള്ളം കുറഞ്ഞു. മാലിന്യങ്ങള്‍ ഡാമില്‍ കെട്ടിക്കിടക്കാനും ദുര്‍ഗന്ധം വമിക്കാനും ഇടയാക്കുന്നു. ഇതൊരു തുടര്‍ക്കഥയായപ്പോഴാണ് ഇതിനൊരറുതി വരുത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ സംഭവമുണ്ടായി. നാട്ടുകാര്‍ ചേര്‍ന്ന് അയാളെ പിടികൂടി. ഇനി മേലിലിങ്ങനെ ചെയ്യില്ലെന്നു കരഞ്ഞു കാലുപിടിച്ചു പറഞ്ഞതോടെ അയാളെ പറഞ്ഞയച്ചു. പിന്നീടൊരിക്കലും അയാള്‍ ഇങ്ങനെ ചെയ്തിട്ടില്ല. അതിനു ശേഷം ഈ വര്‍ഷമാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളാന്‍ ആരംഭിച്ചത്. അങ്ങനെയാണ് ഈ സംഭവത്തിന് അറുതി വരുത്താന്‍ നാട്ടുകാര്‍ ഇറങ്ങിപ്പുറപ്പെട്ടത്. നാട്ടുകാരില്‍ രണ്ടു പഞ്ചായത്തില്‍ താമസിക്കുന്നവരും ഉണ്ടായിരുന്നു. ഡിസംബര്‍ 24 ഞായറാഴ്ച രാത്രി 12 മണിക്ക് അവിടെ പോയി കാത്തിരുന്നു. മാലിന്യവണ്ടി എത്തിയപ്പോള്‍ ഏകദേശം മൂന്നര മണിയായി. ഏകദേശം ആറുദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് പിടികൂടാനായത്. ഇടയ്ക്ക് കുറച്ചു ദിവസം ഇടവേള വന്നിരുന്നു. ഈ ദിവസങ്ങളില്‍ മാലിന്യം കൊണ്ടുവന്നിട്ടിരുന്നു. അതോടെ, എന്തുവന്നാലും പിടികൂടുമെന്ന തീരുമാനത്തിലെത്തി. മാലിന്യവണ്ടി പിടികൂടിയ ഉടന്‍ പഞ്ചായത്തു പ്രസിഡന്റിനെയും മെംബറെയും വിവരമറിയിച്ചു. അവര്‍ അറിയിച്ചതനുസരിച്ച് പോലീസുമെത്തി. നെല്ലിമറ്റം മില്ലുംപടിയിലുള്ള മുത്തു എന്ന മുസ്തഫയുടെ അറവുശാലയില്‍ നിന്നുള്ള മാലിന്യമായിരുന്നു വണ്ടിയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു തമസോമ. അതിന്റെ ഭാഗമായിട്ടാണ് കവളങ്ങാട് പഞ്ചായത്ത് ഓഫീസിലും എത്തിയത്. കവളങ്ങാട് പഞ്ചായത്തില്‍, അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എങ്ങനെയാണ് സംസ്‌കരിക്കുന്നത് എന്നതായിരുന്നു ചോദ്യം. അതിനു മറുപടിയായി പഞ്ചായത്തു സെക്രട്ടറി പറഞ്ഞ ഉത്തരമായിരുന്നു അത്. ‘ഈ പഞ്ചായത്തില്‍ ഇന്നേവരെ ഒരു അറവുശാലയ്ക്കും ലൈസന്‍സ് നല്‍കിയിട്ടില്ല. മാലിന്യം സംസ്‌കരിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലാത്തതു കൊണ്ടു തന്നെയാണത്. ഫലപ്രദമായ രീതിയില്‍ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ മാത്രമേ അറവുശാലകള്‍ അനുവദിക്കുകയുള്ളു. ഈ പഞ്ചായത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് വരുന്നതില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതിനാല്‍ അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനാവില്ല,’ സെക്രട്ടറി പറഞ്ഞു.

‘അങ്ങനെയെങ്കില്‍, ഈ പഞ്ചായത്തിലെ ഓരോ കവലകളിലും അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? അനധികൃതമായിട്ടാണോ അവ പ്രവര്‍ത്തിക്കുന്നത്? അവര്‍ മാലിന്യം സംസ്‌കരിക്കുന്നത് എങ്ങനെയെന്ന് പഞ്ചായത്ത് അന്വേഷിക്കാറുണ്ടോ?’

ഈ ചോദ്യങ്ങള്‍ക്കു മറുപടിയായി സെക്രട്ടറിയുടെ ഉത്തരം ഇങ്ങനെയായിരുന്നു, ‘ഇല്ല, കവളങ്ങാടു പഞ്ചായത്തില്‍ അറവുശാലകളില്ല, ഒരെണ്ണം പോലും ഞാന്‍ കണ്ടിട്ടില്ല.’

‘അഴുകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനം പഞ്ചായത്തിന് ഇല്ല. ഒന്നാമത്, മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്തിനു സ്ഥലമില്ല. സ്ഥലം ഉണ്ടെങ്കില്‍ തന്നെ, ഇവിടെ ഇത്തരം പ്ലാന്റ് വരുന്നത് ജനങ്ങള്‍ അംഗീകരിക്കുകയുമില്ല. ഭക്ഷണത്തിന്റെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനം പോലും ഈ പഞ്ചായത്തിന് ഇല്ല. അതിനിപ്പോള്‍ ഒരു പ്രോജക്ട് ഭരണ സമിതിയില്‍ വച്ചിട്ടുണ്ട്. അല്ലാതെ, അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളില്ല. ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കേണ്ടത് ഭരണ സമിതിയാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ടതും അവര്‍ തന്നെ,’ സെക്രട്ടറി പറയുന്നു.

ഈ പ്രശ്‌നത്തെക്കുറിച്ച് കൂടുതലായിട്ടൊന്നും പ്രസിഡന്റിനും പറയാനില്ല. നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനാണ് സംവിധാനങ്ങളുള്ളത്. അറവുശാലകളില്‍ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഫലപ്രദമായി സംസ്‌കരിക്കാന്‍ മാര്‍ഗ്ഗങ്ങളുമില്ല.

ഊന്നുകല്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ ലാല്‍ജിക്കു പറയാനുള്ളത്…

‘ഇവിടെയുള്ള മനുഷ്യര്‍ക്ക് മഹാരോഗം പിടിപെടാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്. അറവുശാലകളില്‍ യാതൊരു തരത്തിലുള്ള നിയമങ്ങളും പാലിക്കപ്പെടുന്നില്ല. രോഗം ബാധിച്ചവയെ മാത്രമല്ല, ചത്ത മൃഗങ്ങളെപ്പോലും വെട്ടിവില്‍ക്കുകയാണ് ഇവിടെ. ഓരോ മൃഗങ്ങളെയും കൊല്ലുന്നതിനു മുന്‍പ്, വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധന നടത്തണമെന്നു നിയമമുണ്ട്. മൃഗത്തിന് ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടോ ഭക്ഷ്യയോഗ്യമാണോ എന്നതെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ മൃഗങ്ങളെ കൊല്ലാനോ പ്രദര്‍ശിപ്പിക്കാനോ അനുവാദമില്ലാത്തൊരു നാടാണിത്. പക്ഷേ ഈ നിയമങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ചത്തതോ കൊന്നതോ രോഗമുള്ളതോ എന്തുമായിക്കൊള്ളട്ടെ, മനുഷ്യര്‍ക്ക് തിന്നാല്‍ മതി എന്ന ചിന്താഗതിയാണ്. ഇറച്ചിക്കടകളില്‍ മാംസം പ്രദര്‍ശിപ്പിച്ചു വില്‍ക്കാനും പാടില്ല. പക്ഷേ, ഒരു നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല. ഏത് ഇറച്ചിക്കടകള്‍ക്കു മുന്നിലും കാണാം നാലു പട്ടിയും, വട്ടമിട്ടുപറക്കുന്ന കാക്കകളും. ഇവിടെ നിന്നും ഇറച്ചികളെടുത്ത് പറന്നു പോകുന്ന കാക്കകള്‍ ജലസ്രോതസിനു മുകളിലും ഇവ കൊണ്ടിടാറുണ്ട്. നായകളുടെ കാര്യവും ഇങ്ങനെ തന്നെ. അങ്ങനെ നമ്മള്‍ കുടിക്കുന്ന വെള്ളവും മലിനമാകുന്നു. ഇവയെല്ലാം മനുഷ്യര്‍ക്കു നല്‍കുന്നത് മാരകരോഗങ്ങളാണ്.

മാംസം വില്‍ക്കുന്നിടത്തു തന്നെ മൃഗങ്ങളെ കൊല്ലാന്‍ അനുവാദമില്ല. സ്ലോട്ടര്‍ ഹൗസുകളില്‍ മാത്രമേ മൃഗങ്ങളെ കൊല്ലാന്‍ പാടുള്ളു. കുട്ടികള്‍ കാണുന്ന ഇടങ്ങളില്‍ മൃഗങ്ങളെ കൊല്ലുവാനോ മാംസം പ്രദര്‍ശിപ്പിക്കാനോ പാടില്ല. ചോരയും മറ്റുമൊഴുകി വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മാംസം വില്‍ക്കാനും പാടില്ല. നിയമം പാലിക്കാന്‍ ഒരറവു ശാലയും തയ്യാറല്ല. തങ്ങളുടെ ബിസിനസ് നഷ്ടപ്പെടുമെന്നും നഷ്ടമുണ്ടാകുമെന്നുമാണ് അറവുശാല ഉടമകള്‍ പറയുന്നത്. അതിനാല്‍, ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനൊക്കെ ഒരൊറ്റ പ്രതിവിധിയേയുള്ളു. നിയമം പാലിക്കാന്‍ തയ്യാറല്ലാത്ത ഒരറവു ശാലയില്‍ നിന്നും മാംസം വാങ്ങാന്‍ തയ്യാറല്ലെന്നു ജനങ്ങള്‍ തീരുമാനിക്കണം. അങ്ങനെ ജനങ്ങളൊരു തീരുമാനമെടുത്താല്‍, അറവു ശാലകള്‍ക്ക് അത് അനുസരിക്കേണ്ടി വരും. പണം കൊടുത്തു തങ്ങള്‍ നശിപ്പിക്കുന്നത് തങ്ങളുടെ തന്നെ ആരോഗ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധമുണ്ടാകണം.’

വെള്ളവും വായുവും മണ്ണുമെല്ലാം മലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമസംവിധാനമുള്ളൊരു നാടാണിത്. പക്ഷേ, ആ നിയമം ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്നില്ലെന്നു മാത്രം. താല്‍ക്കാലിക ലാഭത്തിനു വേണ്ടി, ജനങ്ങളുടെ ആരോഗ്യവും സമാധാന പൂര്‍ണ്ണമായ ജീവിതവും കുരുതികഴിക്കുകയാണിവിടെ. ആരും പരാതിപ്പെടാനില്ലെങ്കില്‍, ഏതു നിയമലംഘനവും ഇവിടെ നടക്കും. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ജനങ്ങളുടെ ആരോഗ്യം തകരാറിലാകും. കൂണുപോലെ മുളച്ചു പൊന്തുന്ന ആശുപത്രികളും അവയിലെല്ലാമുള്ള തിരക്കും അതിനൊരുദാഹരണം മാത്രമാണ്. കോതമംഗലത്തിനും നേര്യമംഗലത്തിനുമിടയിലായി നിരവധി ചെറിയ ക്ലിനിക്കുകളുണ്ട്. വലിയ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളുമുള്ളപ്പോള്‍ തന്നെയാണ് ഇത്തരം ക്ലിനിക്കുകള്‍ ഇവിടെ ലാഭകരമായി പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കെല്ലാം രോഗികളെയും ലഭിക്കുന്നുണ്ട്.

നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസിന് അധികാരമുണ്ട്. പരാതിപ്പെടുവാന്‍ പഞ്ചായത്തിന് ഉത്തരവാദിത്വവുമുണ്ട്. പക്ഷേ, ഈ നിയമലംഘനങ്ങള്‍ കാണാനുള്ള കണ്ണുമാത്രമില്ല ആര്‍ക്കും. ജനങ്ങളുണരണം, കാണണം, ഈ നാട്ടില്‍ ആരോഗ്യത്തോടെ, സമാധാനത്തോടെ ജീവിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതിനു തടയിടുന്ന സകലതിനെതിരെയും ശബ്ദമുയര്‍ത്താന്‍ ജനങ്ങള്‍ക്കു കഴിയണം. വോട്ടു ചെയ്തു വിജയിപ്പിക്കുന്നതോടെ അവസാനിക്കുന്നതല്ല ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ ഉത്തരവാദിത്വങ്ങളെന്ന് അവര്‍ മനസിലാക്കണം. വെള്ളവും പ്രകൃതിയും മലിനമാക്കിയവരെ പിടികൂടിയ നാട്ടുകാര്‍ക്ക് സര്‍വ്വവിധ പിന്തുണയും നല്‍കിയേ തീരൂ. കാരണം, അറവുശാലകള്‍ നടത്തുന്നവര്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ട്. ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടാല്‍ അന്നവസാനിക്കും സകല നിയമലംഘനങ്ങളും.


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47



മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു