ഒന്ന് ഒന്നിനു ഭക്ഷണമാകുന്ന ആവാസവ്യവസ്ഥയില്‍ പശു മാത്രം രക്ഷപ്പെടുന്നത് എങ്ങനെ…??

പശുവിനെ അമ്മയായി കണ്ട് ചാണകം തിന്നുകയും മൂത്രം കുടിക്കുകയും പാല്‍ വിഗ്രഹങ്ങളുടെ തലയിലൂടെ ഒഴിക്കുകയും പശുവിന്റെ പേരില്‍ കൂട്ടക്കൊല നടത്തുകയും വെറുക്കുകയും ചെയ്യുന്നവര്‍ ഒരു നിമിഷമൊന്നു പ്രകൃതിയിലേക്കു നോക്കാമോ…?? നിങ്ങള്‍ പഠിച്ച പുരാണങ്ങളിലേക്കോ ഇതിഹാസങ്ങളിലേക്കോ ദൈവങ്ങളിലേക്കോ അല്ല. നമ്മുടെ പ്രകൃതിയിലേക്കു നോക്കണം. എന്നിട്ടു മനുഷ്യ ജീവിതത്തെ ഒന്നു വിലയിരുത്തി നോക്കൂ. പറയുന്നതു മനസിലായില്ല എങ്കില്‍ പറഞ്ഞു തരാം, കേട്ടോളൂ.
നമ്മുടെ പ്രകൃതിക്ക് ഒരു ഭക്ഷണക്രമമുണ്ട്. അത് എന്താണെന്ന് ചെറിയ ക്ലാസില്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഒരാവൃത്തി കൂടി പറഞ്ഞു തരാം. സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് മണ്ണില്‍ നിന്നും വെള്ളവും ധാതുലവണങ്ങളും ആകിരണം ചെയ്ത് സ്വന്തം ഭക്ഷണം സ്വയം പാചകം ചെയ്ത് സ്വന്തമായി ജീവിക്കാന്‍ കഴിയുന്നത് മരങ്ങള്‍ക്കും സസ്യലതാതികള്‍ക്കും പുല്ലുകള്‍ക്കും മാത്രമാണ്. സ്വന്തമായി നിലനില്‍പ്പുള്ള സസ്യവൈവിധ്യത്തെ തിന്നു ജീവിക്കുന്ന പുഴുക്കളും പുല്‍ച്ചാടികളും സൂക്ഷ്മാണുകളും മടങ്ങുന്ന സസ്യഭുക്കുകളും സസ്യഭുക്കുകളെ തിന്നു ജീവിക്കുന്ന മാംസഭുക്കുകളും ഇവയെ എല്ലാറ്റിനെയും തിന്നുന്ന മനുഷ്യരും ആ മനുഷ്യരെയും തിന്നുന്ന കൃമി കീടങ്ങളും ഉള്‍പ്പെടുന്ന ഒരു ആവാസവ്യവസ്ഥയിലിരുന്ന് മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കീഴടക്കാന്‍ മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത മതങ്ങളുടെയും മതദൈവങ്ങളുടെയും നീചനീതിയില്‍ ഊറ്റം കൊണ്ട് പശുവിനെ കൊല്ലുന്നവരെ കൊന്നുതള്ളുന്നവരോട് ഒരു ചോദ്യം.
ഈ ഭൂമിയില്‍, ജീവനില്ലാത്ത വസ്തുക്കളായ സൂര്യപ്രകാശം, ജലം എന്നിവ ഉപയോഗിച്ചു മാത്രം ഭക്ഷണമുണ്ടാക്കാനും വളരാനും കഴിയുന്ന ഏക ജീവ വര്‍ഗ്ഗം സസ്യങ്ങളാണ്. ബാക്കിയുള്ള സകല ജീവജാലങ്ങളും കൃമി കീടങ്ങളും സൂക്ഷ്മാണുക്കളും പുഴുക്കളും തുടങ്ങി മനുഷ്യരും മൃഗങ്ങളും പക്ഷികളുമുള്‍പ്പടെ, സകലരും ജീവിക്കുന്നത് ഏതെങ്കിലുമൊന്നിനെ കൊന്നു തിന്നുകൊണ്ടാണ്. ഈ സത്യം കണ്ണിന്‍ മുന്നിലുള്ളപ്പോള്‍, പശുവിനെ മാത്രം കൊന്നു തിന്നാന്‍ പാടില്ലെന്നു പറയുന്നത് എന്തിന്…?? ആരും തങ്ങളെ കൊന്നു തിന്നുന്നില്ലെന്നു വീമ്പിളക്കുന്ന മനുഷ്യര്‍ ഉത്തരം പറയണം, നിങ്ങളുടെ ശരീരത്തിനുള്ളില്‍ പ്രവേശിച്ച് നിങ്ങളെ കൊന്നു തിന്നുന്ന രോഗാണുക്കള്‍ എന്താണ്…?? ലോകത്തെ ഒന്നാകെ വിറപ്പിച്ച ഇത്തിരി കുഞ്ഞന്‍ വൈറസായ കൊറോണയ്ക്ക് മനുഷ്യര്‍ എന്നത് സാഗരം പോലെ കിടക്കുന്ന ഭക്ഷ്യശേഖരം മാത്രമാണെന്ന് നിങ്ങള്‍ ഓര്‍മ്മിക്കാത്തത് എന്ത്…?? ജീവികളെ കൊന്നു തിന്നരുത് എന്നു പറയുന്ന മനുഷ്യര്‍ ജീവിക്കേണ്ടത് സൂര്യനില്‍ നിന്നും പ്രകാശം സ്വീകരിച്ച്, വെള്ളത്തില്‍ നിന്നും ധാതുലവണങ്ങള്‍ ആഗിരണം ചെയ്ത് സ്വയം ഭക്ഷണമുണ്ടാക്കി ജീവിക്കണം. അങ്ങനെ ജീവിക്കുന്ന മനുഷ്യരാരെങ്കിലുമുണ്ടെങ്കില്‍ കൊന്നു തിന്നരുത് എന്ന ഉത്തരവിറക്കാം. ആഹാരത്തിനായി ജീവനുള്ള ഏതെങ്കിലുമൊന്നിനെ, അതു സസ്യമായാലും മാംസമായാലും, ഉപയോഗിക്കുന്ന ഒരു മനുഷ്യനും കൊന്നുതിന്നരുത്തെന്നും ഹിംസിക്കരുതെന്നും കല്‍പ്പിക്കാനുള്ള അവകാശമില്ല. അതിന്റെ പേരിലിവിടെ കലാപം നടത്തുന്നവര്‍ ചെയ്യേണ്ടത് ഇതാണ്. സൂര്യപ്രകാശം സ്വയം ആഗിരണം ചെയ്ത് ഭൂമിയില്‍ നിന്നും ജലം വലിച്ചെടുത്ത് സ്വന്തം ഭക്ഷണം സ്വയമുണ്ടാക്കി ജീവിക്കണം. ഇത്തരത്തില്‍ ജീവിക്കാത്ത ഒരു ജീവി വര്‍ഗ്ഗം പോലും കൊല്ലരുതെന്ന ഉത്തരവിറക്കരുത്.


‘കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് വേണോ? എന്നു ചോദിച്ച നിഖില വിമലിനെ വളഞ്ഞിട്ടാക്രമിക്കുകയാണ് മൃഗസ്‌നേഹികളും ഹിന്ദുത്വവാദികളും. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 48 വച്ചാണ് നിഖിലയെ അവര്‍ നേരിടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്യം നല്‍കിയ, ബിആര്‍ അംബേദ്കര്‍ കരടുരേഖ എഴുതിയ, ഇന്ത്യന്‍ ഭരണഘടന എടുത്തു പയറ്റുകയാണ് നിഖിലയ്‌ക്കെതിരെ സംഘികളിവിടെ.
ഹിന്ദു മതം എന്നത് ഒരു മതമല്ലെന്നും അതൊരു ജീവിതചര്യയാണെന്നും പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ കൂടി ഹിന്ദു ദൈവങ്ങളുടെയും ദൈവസങ്കല്‍പ്പങ്ങളുടെയും പേരിലിവിടെ വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. പ്രകൃതിയെ സംരക്ഷിച്ച്, അതിലെ ജീവജാലങ്ങളെ പരിപാലിച്ച് വളര്‍ന്നുവരേണ്ട, ആ ജീവിത ശൈലി ജീവിത വ്രതമായി പാലിക്കേണ്ട മനുഷ്യരാണിവിടെ വെറുപ്പിന്റെ വിത്തുവിതച്ച് കൊന്നൊടുക്കുന്നത്.
ഹിന്ദുക്കള്‍ ദൈവമായി കാണുന്ന പശുവിനെ മോഷ്ടിച്ചു കൊണ്ടുപോയി വെട്ടിക്കൊന്നു തിന്നുന്നവരെ തല്ലിക്കൊല്ലാമെന്നുമവര്‍ പറഞ്ഞു വയ്ക്കുന്നു.
ഭാരതത്തിന് സ്വന്തമായ ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് അവയിലെ ജീവജാലങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള ഒരു സാംസ്‌കാരിക പാരമ്പര്യം. ആ മഹത്തായ പാരമ്പര്യമാണ് ദൈവങ്ങളുടെ പേരില്‍ കൊന്നു കൊലവിളിക്കുകയും വെറുപ്പു വിതയ്ക്കുകയും ചെയ്യുന്നത്. ജീവനുള്ള ഏതൊരു മറ്റുള്ള ജീവജാലങ്ങള്‍ക്ക് ആഹാരമാണ്. സസ്യങ്ങളും വൃക്ഷലതാതികളും മാത്രമാണ് അതിനൊരു അപവാദമായിട്ടുള്ളത്. എന്നാല്‍, മറ്റുജീവജാലങ്ങള്‍ താന്താങ്ങളുടെ വിശപ്പിനുള്ളതു മാത്രമേ കഴിക്കുന്നുള്ളു. എന്നാല്‍, മനുഷ്യരാകട്ടെ, വയര്‍ പൊട്ടുന്ന വിധത്തില്‍ കഴിക്കുകയും ചെയ്യും 16 തലമുറയ്ക്കുള്ളത് സമ്പാദിച്ചു കൂട്ടുകയും ചെയ്യും. ഈ ആര്‍ത്തിയും കൊടിയ സ്വാര്‍ത്ഥതയും സ്‌നേഹരാഹിത്യവുമാണ് എതിര്‍ക്കപ്പെടേണ്ടത്.

മനുഷ്യര്‍ സൃഷ്ടിച്ച ദൈവങ്ങള്‍ക്കും അവരുടെ പ്രീതിക്കുമായി ഇവിടെ കാണിച്ചു കൂട്ടുന്നതത്രയും പ്രകൃതി വിരുദ്ധമാണ്. കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും ചവിട്ടി നില്‍ക്കുന്ന മണ്ണും മലിനമാക്കി ഇവിടെ നിങ്ങള്‍ കാണിച്ചു കൂട്ടുന്നതാണ് ഏറ്റവും കൊടിയ അപരാധം. അല്ലാതെ, കൊന്നു തിന്നുന്നതല്ല. ആരാധനാലയങ്ങള്‍ പണിയാന്‍ ഏക്കറുകള്‍ കണക്കിനു കാടു വെട്ടിത്തെളിക്കുമ്പോള്‍, ദൈവ പ്രീതിക്കായി വഴിപാടുകള്‍ക്കും പൂജകള്‍ക്കുമായി മണ്ണും വെള്ളവും മലിനമാക്കുമ്പോള്‍ ഓര്‍മ്മിക്കുക, ഇതെല്ലാം നിങ്ങളുടെ നാശത്തിന്റെ വേഗത കൂട്ടുകയാണ് ചെയ്യുന്നത്.
ഇവിടെ മനുഷ്യര്‍ ജീവിച്ചിരിക്കണമെന്ന് ഈ പ്രപഞ്ചത്തിന് ഒരു നിര്‍ബന്ധവുമില്ല. ഒരു മനുഷ്യനിവിടെ മരിച്ചു വീണാല്‍ പ്രകൃതിക്ക് അത്രയും ലാഭമാണ്. പ്രകൃതിയെ, പ്രപഞ്ചത്തെ മലിനമാക്കുന്ന ഈശ്വര വിശ്വാസിയാണ് മരിക്കുന്നതെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ ലാഭം. കാരണം, പ്രപഞ്ചം അത്രയും കുറച്ച് മലിനത സഹിച്ചാല്‍ മതിയല്ലോ. പ്രാര്‍ത്ഥിക്കാനായി പാഴാക്കിക്കളയുന്ന സമയമുണ്ടെങ്കില്‍, ഈ പ്രപഞ്ചത്തെ, പ്രകൃതിയെ, മണ്ണിനെ, മരങ്ങളെ, ജലത്തെ സംരക്ഷിക്കാം. അതുതന്നെയാണ് ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ പ്രകൃതിയുടെ ഉഗ്രകോപത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയുള്ളു. പ്രപഞ്ചത്തിനു വിപരീതമായി പോകുന്ന സര്‍വ്വതും മണ്ണടിയുക തന്നെ ചെയ്യും. മനുഷ്യരുടെ സര്‍വ്വ നാശം കൂടുതല്‍ വേഗത്തിലായിരിക്കും. കാരണം, ചിന്തിക്കുന്ന ജീവി വര്‍ഗ്ഗം ഈ ഭൂമിയില്‍ പിറന്നു വീണതു തന്നെയാണ് പ്രപഞ്ചത്തിന്റെ സര്‍വ്വ നാശങ്ങള്‍ക്കും കാരണം. പ്രകൃതിക്കു വേണ്ടാത്ത ജീവവര്‍ഗ്ഗം നശിച്ചു പോകുമായിരുന്ന കാലത്തു നിന്നും മനുഷ്യനിലേക്ക് പരിണാമമെത്തി. അതോടെ, ഈ പ്രപഞ്ചത്തിന്റെ സര്‍വ്വ നാശവും തുടങ്ങി. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ നെട്ടോട്ടമോടുന്ന ആളുകള്‍ ഇക്കാര്യങ്ങളൊന്നു ചിന്തിച്ചാല്‍ നന്നായിരിക്കും.

നിങ്ങളുടെ ദൈവം സര്‍വ്വ ശക്തനാണെന്നു നിങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ആ ദൈവത്തിന് എന്തുകൊണ്ടാണ് ഒന്ന് മറ്റൊന്നിനെ ആഹാരമാക്കാത്ത തരത്തിലുള്ള ഒരു ആവാസ വ്യവസ്ഥ പോലും ഉണ്ടാക്കാന്‍ കഴിയാതെ പോയത്…?? സൂര്യപ്രകാശവും വെള്ളവും ഉപയോഗപ്പെടുത്തി സസ്യങ്ങളും വൃക്ഷലതാതികളും സ്വന്തമായി ഭക്ഷണമുണ്ടാക്കുകയും വളരുകയും ചെയ്യുന്നതു പോലുള്ള ഒരു ആഹാരക്രമം പോലും രൂപപ്പെടുത്താന്‍ കഴിയാത്ത ദൈവമെങ്ങനെയാണ് സര്‍വ്വ ശക്തനും സര്‍വ്വം അറിയുന്നവനും സര്‍വ്വത്തിന്റെയും ഉടയോനുമാകുന്നത്…?? സസ്യങ്ങളുണ്ടാക്കി വച്ച ആഹാരം മോഷ്ടിച്ചോ കൊന്നോ ഭക്ഷിക്കുന്ന ജീവികളും ആ ജീവികളെ കൊന്നു തിന്നു ജീവിക്കുന്ന ജീവികളും ഇവയെയെല്ലാം തിന്നുന്ന മനുഷ്യരും മനുഷ്യരെ പച്ചയ്ക്കു തിന്നുന്ന രോഗാണുക്കളുമെല്ലാമുള്ള ആവാസവ്യവസ്ഥയില്‍ നിന്നുകൊണ്ട് ആര് ആരെ കൊല്ലരുതെന്നും തിന്നരുതെന്നുമാണ് നിങ്ങളീ പറയുന്നത്…??
………………………………………………………………………………………………………….
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

Leave a Reply

Your email address will not be published. Required fields are marked *