ഉസ്താദ്‌പ്രേതബാധിതരെ കൂകിതോല്‍പ്പിക്കുന്ന സ്ത്രീകളിലാണ് ഈ നാടിന്റെ പ്രതീക്ഷ

സ്ത്രീകളെയും പെണ്‍കുട്ടികളെയും വീടിനു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ, ഇനി അനുവദിച്ചാല്‍ തന്നെ തുണിച്ചാക്കില്‍ പൊതിഞ്ഞു പുറത്തിറക്കുന്ന മുസ്ലീം മതത്തില്‍ മാത്രമല്ല മദമിളകിയ ഉസ്താദുമാരുള്ളത്. മറ്റുമതങ്ങളിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, മറ്റുമതങ്ങളിലെ പെണ്‍കുട്ടികള്‍ കുറച്ചുകൂടി കരുത്തരാണെന്നു മാത്രം. ഇത്തരം മദഭ്രാന്തന്മാര്‍ക്ക് അടിയറ വയ്ക്കാനുള്ളതല്ല തങ്ങളുടെ ജീവിതമെന്ന് ഉറച്ചു വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ ധാരാളമുള്ളതാണ് മറ്റു മതങ്ങളില്‍ ഉസ്താദ് ബാധിതരുടെ അഴിഞ്ഞാട്ടം നടക്കാതിരിക്കാനുള്ള പ്രധാന കാരണം.

ജീന്‍സും ഷര്‍ട്ടും സ്ലീവ് ലെസ് ഡ്രസുമെല്ലാമിട്ടു പള്ളയില്‍ വരുന്ന പെണ്‍കുട്ടികളെ അതികഠിനമായി ശകാരിക്കുന്ന പാതിരിയുടെ വീഡിയോ ഈയിടെയാണ് വൈറലായത്. ഇയാളുടെ മനസ് കുര്‍ബാനയിലാണോ അതോ പള്ളിയിലെത്തിയ പെണ്‍കുട്ടികളിലാണോ എന്ന് കൃത്യമായി പറയാന്‍ ഉതകുന്നതായിരുന്നു അയാളുടെയാ ഉറഞ്ഞുതുള്ളല്‍.

അരുണ്‍ ചുള്ളിക്കല്‍ തന്റെ ജീവിതത്തിലെ ഒരനുഭവം വിവരിക്കുന്നു:

എട്ടൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഞായറാഴ്ച. പള്ളിയിലെ കുര്‍ബ്ബാന കഴിഞ്ഞ സമയം. അച്ചന്‍ ആരെയോ കാര്യമായി വഴക്കു പറയുന്നത് കേട്ടുകൊണ്ടാണ് ഞാന്‍ കീബോര്‍ഡ് (ഇ.പിയാനോ) പാക്ക് ചെയ്തു കൊണ്ടിരുന്നത്.

‘ഇങ്ങനെയാണോ മക്കളെ പള്ളിയില്‍ വിടുന്നത്? പള്ളിയില്‍ വരുന്നവര്‍ക്ക് ഒതപ്പ് (Temptation) ഒണ്ടാക്കാനാണോ പിള്ളേരെ കുര്‍ബ്ബാനക്ക് വിടുന്നത്?’

ശ്ശെടാ! അതേതായിരുന്നു ആ ഒതപ്പുണ്ടാക്കിയ കക്ഷി. നുമ്മ കണ്ടില്ലല്ലോ?’ എന്നോര്‍ത്ത് ചെന്ന് നോക്കുമ്പം ദേണ്ടെടാ ഒരു കൊച്ചു കൊച്ച്. ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന കുട്ടി. ആ കുട്ടി സ്ലീവ് ലെസ് ടോപ്പ് ഇട്ടതാണ് അച്ചന്റെ കണ്ണില്‍ സകലമാന സത്യക്രിസ്ത്യാനികളേം ഒതപ്പിച്ചു കിടത്താന്‍ പോകുന്ന സംഗതി. എന്തായാലും അച്ചനോട് ഒരു കാര്യം നൈസായിട്ട് പറഞ്ഞു. ‘അച്ചോ കുറച്ച് നാള്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നോണ്ട് പറയുവാ. അച്ചന്‍ ഒരു കാരണവശാലും ഈ തവളക്കുഴി വിട്ട് പുറത്ത് പോയേക്കരുത്. പുറത്തൊക്കെ പള്ളികളില്‍ കാല്‍ (Quarters) നിക്കറിട്ട പിള്ളാര് അതും ആണ്‍ പെണ്‍ നോക്കാതെ ഇടതൂര്‍ന്നാണ് ഇരിക്കാറ്. അച്ചനെങ്ങാനും അവിടെ ചെന്നാല്‍… വേണ്ടച്ചോ… അച്ചനെ ഈ തവളക്കുഴിക്ക് ആവശ്യണ്ട്.’

അച്ചന്മാരില്‍ മാത്രല്ല, ചില കറതീര്‍ന്ന വിശ്വാസികളിലുമുണ്ട് ഉസ്താദിന്റെ പ്രേതങ്ങള്‍. പോപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് പെസഹാ വ്യാഴാഴ്ച കാര്‍മ്മികന്‍ കാലുകഴുകുന്ന പന്ത്രണ്ടു പേരില്‍ ഒരാളെങ്കിലും സ്ത്രീ ആയിരിക്കണമെന്ന നിര്‍ദ്ദേശത്തെ പുല്ലു പോലെ അവഗണിക്കുകയും ആചാരങ്ങളുടെ അമേദ്യത്തില്‍ ചവിട്ടി നില്‍ക്കുന്ന തങ്ങളുടെ പാദങ്ങള്‍ ശ്രേഷ്ഠമാണ് എന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന ഉസ്താദുമാരാണ് ഇവര്‍. അങ്ങിനെ എല്ലാ മതങ്ങളിലുമുണ്ട്. ആചാരങ്ങളുടെ പേരില്‍, വിശ്വാസങ്ങളുടെ പേരില്‍, പാരമ്പര്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ പടി കടന്നു സ്റ്റേജുകളുടെ, മലകളുടെ, വിജയങ്ങളുടെ ഉയരങ്ങളിലെത്തുമ്പോള്‍ അസ്വസ്ഥരാകുന്ന ഉസ്താദുമാര്‍. ആ അസ്വസ്ഥതയ്ക്ക് ഒരര്‍ത്ഥമേയുള്ളൂ. ‘ഇവള്‍ എന്റെ കൈയില്‍ നിന്നു പോകുമോ?’ എന്ന കാലങ്ങളായുള്ള ലൈംഗീക അരക്ഷിതബോധം. അതാണ് മതബോധത്തിന്റെയും സദാചാര സഹോദര ബോധത്തിന്റെയും ആചാരങ്ങളുടെയും ഒക്കെ പല പല വേര്‍ഷന്‍ സമസ്തകളില്‍ പെണ്‍കുട്ടികളെ തളച്ചിടാന്‍ ഈ ഉസ്താദുമാരെ പ്രേരിപ്പിക്കുന്നത്. ഇവരോടൊക്കെ നേരെ നിന്ന് ‘പോടാ മൈരേ’ എന്ന് പറഞ്ഞ് വിജയത്തിന്റെ ഉയരത്തിന്റെ പടികള്‍ കയറിപ്പോകുന്നവരിലാണ് എന്റെ പ്രതീക്ഷകള്‍, അരുണ്‍ പറയുന്നു.

ആയിഷയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ കൂടി പരിശോധിക്കുന്നതു നന്നായിരിക്കും.

ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ; ഞങ്ങളുടെ പള്ളിയുടെ പുറത്തു ഒരു ചെറിയ ലൈബ്രറി ഉണ്ട്. അധികവും മത പുസ്തകങ്ങള്‍ ആണ്. എന്നാലും പള്ളിയില്‍ എന്തെങ്കിലും പരിപാടി നടക്കുമ്പോള്‍ ഞാന്‍ പോയിരുന്നു കഥകള്‍ വായിക്കുമായിരുന്നു. ഒരു ദിവസം പള്ളിയിലെ പ്രധാന പുള്ളികള്‍ എന്നോട് ‘എന്താ ഇവിടെ? പെണ്ണുങ്ങള്‍ക്ക്ള്ളതല്ല ഇത്. ഉമ്മ എവിടെ?’ എന്ന് പറഞ്ഞു എന്നെ ഇറക്കി വിട്ടു.

ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഒരു വിവാഹത്തിന് ഒരു കറുത്ത ടോപ്പും കടും ചുവപ്പ് പാവാടയും ഇട്ടു (എനിക്ക് തന്നെ എന്നോട് ‘ഹൗ സൗന്ദര്യമേ’ എന്ന് തോന്നിയതായിരുന്നു) എന്റെ ആണ്‍കസിന്‍സിന്റെ കൂടെ കല്യാണവീട്ടിലെ സിറ്റിങ്ങില്‍ ഇരുന്നു എന്തോ സീരിയസ് ചര്‍ച്ച നടക്കുകയാണ്. അപ്പോള്‍ ആ വീട്ടിലെ കാരണവര്‍ വരുന്നു, എന്റെ നെഞ്ചത്തേക്ക് നോക്കുന്നു, ആരുടെ മോളാണെന്നു ചോദിക്കുന്നു. ‘ഉമ്മനോട് പറ ഒരു തട്ടം തരാന്‍. ആത്ത് പൊയ്‌ക്കോ’ എന്നും പറഞ്ഞു എന്നെ ‘പെണ്ണുങ്ങളെ സൈഡ്‌ലേക്ക്’ അയച്ചു.

ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോഴിക്കോട് അഹ്മദിയാ ജമാഅത്തു ആ വര്‍ഷം SSLC പരീക്ഷക്ക് റാങ്ക് നേടിയ ആദില എന്ന പെണ്‍കുട്ടിക്ക് സ്വീകരണവും ജമാഅത്തിലെ മറ്റു ഡിസ്റ്റിങ്ങ്ഷന്‍ നേടിയ കുട്ടികള്‍ക്ക് സമ്മാനവും തീരുമാനിക്കുന്നത്. ഒരു തുറന്ന ഹാളില്‍ ഒരു ഭാഗത്തു പെണ്‍കുട്ടികളും മറ്റേ ഭാഗത്തു ആണ്‍കുട്ടികളും സ്റ്റേജില്‍ റാങ്കുകാരിയും പള്ളിയിലെ പ്രമുഖ പുരുഷന്മാരും. നടുവിലൂടെ കര്‍ട്ടന്‍ വലിക്കാന്‍ മറന്നു. തല തിരിച്ചാല്‍ പരസ്പരം കാണാം. ഈ പരിപാടിയുടെ ഫോട്ടോ മേലധികാരികള്‍ കണ്ടു. നടത്തിപ്പുകാര്‍ക്ക് നെരിവട്ടം കേട്ടു. ശേഷം അങ്ങനെയൊരു പരിപാടി നടന്നിട്ടില്ല.

ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഇക്കാക്കയുടെ വിവാഹം നടക്കുന്നത്. ഭക്ഷണം കഴിഞ്ഞു കൈ കഴുകുന്ന പൈപ്പുകള്‍ ഒരു നീണ്ട വരാന്തയില്‍ ആണ്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഭക്ഷണ ഹാളുകളില്‍ നിന്നും ഇറങ്ങുന്നത് ഈ വരാന്തയിലെക്കാണ്. വീണ്ടും തല തിരിച്ചാല്‍ സ്ത്രീകള്‍ കൈ കഴുകുന്നത് കാണാം. വീട്ടിലേക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

മംഗ്‌ളൂരില്‍ ജോലി ചെയ്യുമ്പോഴാണ്, ആശുപത്രിയില്‍ വന്ന ആരോ എന്നെ കണ്ട കാര്യം വീട്ടില്‍ വിളിച്ചു പറയുന്നത് ‘ഓളൊന്നും ഇടാണ്ടാ നടക്കുന്നത്.’ തട്ടം. തട്ടം മാത്രമാണ് ഇടാതിരുന്നത്.

ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് മനോരമയില്‍ എന്നെ കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വരുന്നത്. എന്റെ ഹിജാബിട്ട ഫോട്ടോ അടക്കം. ‘മരിച്ചാല്‍ പോലും അന്യപുരുഷന്മാര്‍ കാണാന്‍ പാടില്ലാത്ത മുഖമാണ്’, ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ബിച്ചികോയട്ടി അന്ന് ചോദിച്ചു. മാപ്പെഴുതി കൊടുക്കേണ്ടി വന്നു പത്രത്തില്‍ റിപ്പോര്‍ട്ട് വന്നതിന്.

എന്റെ ഈ ചില്ലറ anecdotsന്റെ കൂടിയതും കുറഞ്ഞതുമായ anecdotsകളുടെ ഒരു സമ്മേളനമാണ് മിക്ക മുസ്ലിം പെണ്‍കുട്ടികളുടേയു നിത്യജീവിതം.

കല്യാണവീടുകളിലും പള്ളികളിലും കുടുംബസദസ്സുകളിലും മരണവീടുകളിലും ദര്‍സ്സുകളിലും ഇന്നും കൂറകളെ പോലെയാണ് മുസ്ലിം സ്ത്രീകള്‍ നീങ്ങുന്നത്. ഓരം പറ്റി, ഇരുട്ടിനെ മറയാക്കി, തട്ടം വലിച്ചു ചുറ്റി, നെഞ്ചൊതുക്കി, തല താഴ്ത്തി (പശു നടക്കുന്ന പോലെ നാല് പാടും നോക്കി നടക്കല്ല എന്ന് പറയും) മാറി കൊടുത്തു ജീവിക്കുന്നവര്‍. സ്റ്റേജുകളും മിമ്പറകളും മുഖങ്ങളും പോസ്റ്ററുകളും ആശംസാ ഫ്‌ലെക്‌സുകളും അഭിപ്രായങ്ങളും പദവികളും നിഷിദ്ധമാക്കപ്പെട്ടവര്‍.

ഈ ഞങ്ങളോട് ‘ആ ഉസ്താദല്ല യഥാര്‍ത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം വേറെ എവിടെയോ ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ’ എന്നും പറഞ്ഞു വരരുത്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനോ അവരെ ഒരു സ്വതന്ത്രവ്യക്തിയാക്കി വളര്‍ത്താനോ അല്ല മതങ്ങളിവിടെ രൂപമെടുത്തിട്ടുള്ളത്. അവരെ എങ്ങനെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടാമെന്നതിന്റെ ഫലപ്രദമാര്‍ഗ്ഗമാണ് മതങ്ങളും മതദൈവങ്ങളും. തങ്ങളെ കൂച്ചുവിലങ്ങിടുന്ന മതങ്ങളില്‍ സ്വയം സമര്‍പ്പിച്ചു കൊണ്ട് സ്ത്രീകള്‍ അവരുടെ ഭാഗധേയം സ്വയം നിര്‍ണ്ണയിക്കുന്നു. തങ്ങള്‍ക്കെതിരെയുള്ള കടുത്ത നീതികേടുകളെപ്പോലും എതിര്‍ക്കാനുള്ള ശേഷിയില്ലാതെ ഭയപ്പെടുത്തി അവരെ വളര്‍ത്തിക്കൊണ്ടുവരികയാണ്, പുരുഷന്റെ കാമപൂര്‍ത്തീകരണത്തിനും സുഖത്തിനും വേണ്ടി മാത്രമായി. എന്നിട്ടും മതവിശ്വാസികള്‍ പറയുന്നു, തങ്ങള്‍ പുരോഗമന വാദികളാണെന്ന്. കോടാനുകോടി വര്‍ഷങ്ങളുടെ പരിണാമ ഫലമായി ഉരുത്തിരിഞ്ഞുവന്നതാണീ ലോകവും അതിലെ ജീവജാലങ്ങളുമെന്ന സത്യം അംഗീകരിച്ചാല്‍ തങ്ങളുടെ മൃഗീയ ലൈംഗികതയ്ക്ക് ആളെകിട്ടില്ലെന്ന് ഇത്തരം ഉസ്താദുമാര്‍ക്കും അങ്ങോരുടെ പ്രേതബാധിതര്‍ക്കും നന്നായി അറിയാം. അതിനാല്‍, സ്ത്രീകളില്‍ മതങ്ങളും മതവിശ്വാസങ്ങളും മതദൈവങ്ങളുടെ കല്‍പ്പനകളും അടിച്ചേല്‍പ്പിക്കാനാണ് പൗരോഹിത്യം എന്നും ശ്രമിച്ചിട്ടുള്ളത്.

മതങ്ങളിവിടെ തച്ചുടയ്ക്കപ്പെടണം, എല്ലാമതങ്ങളിലെയും പൗരോഹിത്യം അവസാനിപ്പിക്കണം, എങ്കില്‍ മാത്രമേ മനുഷ്യനെപ്പോലെ അന്തസായി ജീവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുകയുള്ളു. അടിവസ്ത്രത്തിന്റെ പാടു പോലും മറച്ചു വേണം വസ്ത്രം ധരിക്കാനെന്നു പറയുന്നവരുടെ മുഖത്തു നോക്കി ഞാനിതു കാണിക്കാനാണ് ഈ വസ്ത്രം ധരിക്കുന്നതെന്നും അതിന് ഇങ്ങനെ പറഞ്ഞാലോ എന്നും പുഞ്ചിരിയോടെ പറയുന്ന പെണ്‍കുട്ടികളുണ്ട്. ചാടിയാല്‍ ഗര്‍ഭ പാത്രം ഇളകിപ്പോകുമെന്നു പറഞ്ഞ രജത് കുമാറെന്ന വെറിയനെതിരെ ഒന്നു കൂവി പ്രതിഷേധിക്കാനെങ്കിലുമൊരു പെണ്‍തരിയുണ്ടായി. കാലിന്റെ പാദം കണ്ടാല്‍പ്പോലും നിയന്ത്രണം വിട്ടുപോകുന്നവരുടെ മുന്നില്‍ക്കൂടി കുട്ടിനിക്കറുമിട്ടു നടക്കുന്ന സ്ത്രീകളുടെ നീണ്ട നിരയെത്തി. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ആരാധനാലയത്തിലെത്തിയാല്‍ ആണുങ്ങളുടെ മനസിളകുമെന്നു പറഞ്ഞവരോട് എന്നാലാ ആരാധനാലയം തങ്ങള്‍ക്കു വേണ്ടെന്നു പറഞ്ഞിറങ്ങിപ്പോകാനിവിടെ പെണ്ണുങ്ങളുണ്ടായി.

തങ്ങളുടെ വ്യക്തിത്വത്തെ, ആത്മാഭിമാനത്തെ, അന്തസിനെ ചോദ്യം ചെയ്യുകയും അധിഷേപിക്കുകയും ചെയ്യുന്ന ഉസ്താദുമാരെയും അയാളുടെ ബാധകയറിയവരെയും സധൈര്യം നേരിടാനുള്ള കരുത്തു നേടുകയാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. അത്തരം തന്റേടികളായ സ്ത്രീകളുടെ എണ്ണം കൂടി വരുന്നുണ്ട്. അതിനിയുമിവിടെ ഉയരണം. എല്ലാമതത്തിലുമുള്ള മദഭ്രാന്തു പിടിച്ച ഉസ്താദുബാധിതരെ നിലയ്ക്കു നിറുത്താന്‍ അതുമാത്രമാണ് മാര്‍ഗ്ഗം.

…………………………………………………………………………….
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

Leave a Reply

Your email address will not be published. Required fields are marked *