വരാപ്പുഴയില്‍ നിന്നും മറ്റൊരു പോക്‌സോ കേസ് കൂടി…..

ആ പോക്‌സോ കേസിനെക്കുറിച്ചുള്ള വാര്‍ത്തയല്ല എന്നെ ഏറെ സങ്കടപ്പെടുത്തിയത്. മറിച്ച്, ആ കുഞ്ഞിനെക്കുറിച്ച് സമീപവാസികള്‍ തന്ന വിവരണങ്ങളാണ്….
കേരളത്തിലെ സദാചാരവക്താക്കളായ ഓരോ ആണും പെണ്ണും കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു ആ കുട്ടിയെക്കുറിച്ച് നല്‍കിയ വിവരണം.
പ്രായത്തേക്കാള്‍ കൂടുതല്‍ ശരീര വളര്‍ച്ച, അടക്കമില്ലാത്ത സ്വഭാവം, അമ്മയുടെ മരണം, പിതാവിന്റെ മദ്യപാനം, അമ്മൂമ്മയുടെ പ്രായാധിക്യം….. ഇതെല്ലാമാണ് ആ കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യാന്‍ നിരത്തിയ കാരണങ്ങള്‍….
പെണ്‍കുട്ടികളുടെ ശരീരം പ്രായത്തേക്കാള്‍ കൂടുതല്‍ വളര്‍ന്നാല്‍ ഒരു കുറ്റകൃത്യമായി കണക്കാക്കുന്ന നാടാണിത്. അവള്‍ക്ക് എന്തിന്റെയോ അസ്‌കിത ഉണ്ടെന്നും അതു മാറ്റിക്കൊടുക്കേണ്ടത് ആണിന്റെ ഉത്തരവാദിത്തമാണെന്നും ചിന്തിക്കുന്നവരുടെ നാട്…..!
വളര്‍ന്ന ശരീരത്തെ ആകമാനം കണ്ണുകള്‍കൊണ്ടുഴിഞ്ഞ് പെണ്ണിനെ കെട്ടിക്കാറായി എന്ന് അശ്ലീലക്കമന്റുകള്‍ പാസാക്കുന്നവര്‍….. അവളുടെ ഉയരമോ വണ്ണമോ ശരീര വളര്‍ച്ചയോ അവളുടെ ജോലി സാധ്യതകളുമായി ഒരു തരത്തിലും ബന്ധിപ്പിക്കാത്ത ഒരു സമൂഹം…. വാക്കുകള്‍ കൊണ്ടും നോട്ടം കൊണ്ടും തൊടുത്തു വിടുന്ന ക്രൂരമായ അമ്പുകളെ പ്രതിരോധിക്കാന്‍ കഴിയാതെ തളര്‍ന്നു, തകര്‍ന്നു വീണടിയുന്ന എത്രയോ കുഞ്ഞുങ്ങളാണുള്ളത്…..
എന്റെ മകന്റെ സഹപാഠിയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനാണ് ഈ കേസിലെ പ്രതിയെന്നറിഞ്ഞതും വല്ലാത്തൊരു ഷോക്കായിപ്പോയി…. എന്തുകൊണ്ടിയാള്‍ ഒരു കുഞ്ഞിനോടിങ്ങനെ ചെയ്തു എന്ന ചിന്ത….
അയാളുടെ ഭാര്യ വളരെ ചുറുചുറുക്കുള്ള മിടുക്കിയായൊരു സ്ത്രീയായിരുന്നു. വീട്ടുകാര്യങ്ങളിലും ജോലിക്കാര്യങ്ങളിലും കുഞ്ഞുങ്ങളുടെ കാര്യങ്ങളിലുമെല്ലാം വിട്ടുവീഴ്ചയില്ലാതെ ഓടിനടന്നു പണിചെയ്യുന്ന ഒരു സ്ത്രീയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവായിരുന്നു. പിന്നെ അയാള്‍ എന്തിനാ കുട്ടിയോടിതു ചെയ്തു എന്ന ചോദ്യം മാത്രം ബാക്കി……
കേവലം 14 വയസ് മാത്രം പ്രായമുള്ള, ആശ്രയത്തിനോ സ്‌നേഹിക്കാനോ കൂടെ നില്‍ക്കാനോ ആരുമില്ലാത്ത ആ കുട്ടിയെ ആറുമാസമായി അയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവത്രെ…! പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയില്‍ അവള്‍ ഭയന്നു പോയി…..
സ്‌കൂളിലെത്തുന്ന കുട്ടി സദാ ഉറങ്ങുകയും ക്ഷീണിതയുമായിരിക്കുന്നതു കണ്ട് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് വീടു വളഞ്ഞു പിടികൂടി…..
പ്രതിയെ പിടികൂടിയിട്ടോ ശിക്ഷിച്ചിട്ടോ എന്താണ്, ആ കൊച്ചിന്റെ ജീവിതം പോയില്ലേ എന്ന അയല്‍വാസിയുടെ ചോദ്യമാണ് എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചത്. ആ കുട്ടിക്ക് എന്തു നഷ്ടപ്പെട്ടുവെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന എന്റെ ചോദ്യത്തിന് ഒരു അലര്‍ച്ചയുടെ ലാഞ്ചനയുണ്ടായിരുന്നു….
അല്ലാ, ആ കുട്ടിക്കിനി എന്തു ജീവിതമാണ് ഉള്ളത്…?? പതിഞ്ഞ ശബ്ദത്തില്‍ അവര്‍ തിരിച്ചു ചോദിച്ചു……
അയല്‍പക്കത്തൊരു കുട്ടി അമ്മയില്ലാതെ, ആശ്രയമില്ലാതെ, കുടിയനായ അച്ഛനും വയസായ അമ്മൂമ്മയ്ക്കുമൊപ്പം കഴിയുമ്പോള്‍ അതിനെ ലൈംഗിക ചൂഷണം ചെയ്തവനോ കേമന്‍…??? അവന്റെ അതിക്രമത്തിന് ഇരയായ കുഞ്ഞിനോ ജീവിതം നശിച്ചത്….?? മക്കളെയുണ്ടാക്കാനും ഭര്‍ത്താവിനൊപ്പം അവന്റെ ഇഷ്ടപ്രകാരം നരകിച്ചു ജീവിക്കാനുമുള്ളതാണ് പെണ്ണിന്റെ ജീവിതമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അവിടെയാണ് ഈ സമൂഹത്തിനു പിഴവു വന്നിരിക്കുന്നത്.

സ്വന്തമായി അധ്വാനിച്ച്, സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തം ജീവിതം ആസ്വദിക്കാനും തീരുമാനിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന ഒരു പെണ്ണിനെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ഈ ലോകത്തിലുള്ള ക്രിമിനലുകളും സദാചാരവാദികളും കൂട്ടത്തോടെ ഇളകി വന്നാലും അത്തരമൊരു പെണ്ണിനെയോ ആണിനെയോ തോല്‍പ്പിക്കാന്‍ കഴിയില്ല. കുടുംബ ജീവിതവും ആണു വച്ചു നീട്ടുന്ന ഭിക്ഷയുമാണ് സ്വന്തം ജീവിതമെന്നും കരുതുന്ന പെണ്ണിനെ ചെറിയൊരു നോട്ടം കൊണ്ടുപോലും തോല്‍പ്പിക്കാന്‍ കഴിയുകയും ചെയ്യും.
ചെറുപ്പകാലം മുതല്‍ അടക്കവും ഒതുക്കവും അച്ചടക്കവും പഠിപ്പിച്ച് മറ്റൊരു വീട്ടില്‍ ജീവിക്കാന്‍ പെണ്‍മക്കളെ പ്രാപ്തരാക്കുന്ന സമൂഹമേ…… ഈ നാട്ടില്‍ നടക്കുന്ന ഓരോ ബലാത്സംഗത്തിനും നിങ്ങളാണ് ഉത്തരവാദികള്‍.
(എന്റെ മകന്റെ കൂട്ടുകാരിയുടെ കുടുംബത്തെ പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അയാള്‍ ആരെന്നോ കുടുംബമേതെന്നോ പറയുന്നില്ല….. എല്ലാദിവസവും തേങ്ങിക്കരഞ്ഞുകൊണ്ടു സ്‌കൂളിലിരുന്ന അവളുടെ മുഖത്ത് ചിരി നിറഞ്ഞത് റിച്ചുവിനെ കണ്ടതോടെയാണ്. പിന്നീടങ്ങോട്ട് അവനെ അവള്‍ക്കു ജീവനായിരുന്നു. അവന്‍ വരാത്ത ദിവസങ്ങളിലെല്ലാം അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു….. പങ്കെടുത്ത മത്സര ഇനങ്ങളിലെല്ലാം അവള്‍ ഒന്നാമതായിരുന്നു….. ആ കുഞ്ഞിന്റെ നിറഞ്ഞ പുഞ്ചിരിക്കു മുകളിലാണല്ലോ അവളുടെ പിതാവ് തീകോരിയിട്ടതെന്ന ചിന്ത വല്ലാതെ അലട്ടുന്നു…..)

………………………………………………………………………..
ജെസ് വര്‍ക്കി തുരുത്തേല്‍

Leave a Reply

Your email address will not be published. Required fields are marked *