Headlines

പ്രവാചക ശബ്ദമുയരട്ടെ! സധൈര്യം മുന്നേറുക, ഫാ തോമസ്!!

Jess Varkey Thuruthel & Sakhariah

2023 വര്‍ഷങ്ങള്‍ക്കു മുന്‍പ്, യേശുക്രിസ്തുവിന്റെ ചാട്ടവാര്‍ ശബ്ദത്തില്‍ ജറുസലേം ദേവാലയത്തിന്റെ കരിങ്കല്‍ഭിത്തികള്‍ പോലും നടുങ്ങിവിറച്ചു. ദേവാലയത്തിനകത്ത് കച്ചവടം നടത്തിയതിനോ ബിസിനസ് നടത്തിയതിനോ ആയിരുന്നില്ല അദ്ദേഹമന്ന് ചാട്ടവാറെടുത്തത്. മറിച്ച്, അവിടെ കള്ളത്രാസുണ്ടായിരുന്നു, പിടിച്ചു പറിയും ചൂതാട്ടവുമുണ്ടായിരുന്നു, കള്ളച്ചുങ്കമുണ്ടായിരുന്നു, സ്ത്രീയുടെ ആത്മാഭിമാനം ഹനിക്കപ്പെട്ടിരുന്നു.

യേശുക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല, മറിച്ച് അവനെ വേണ്ട ഇടങ്ങളിലെല്ലാം കനിവായ്, സ്‌നേഹമായി അവന്‍ പെയ്തിറങ്ങുകയായിരുന്നു. തന്നെ അനുഗമിക്കുന്നവരില്‍ നിന്നും അവന്‍ പ്രതീക്ഷിക്കുന്നതും ഇതെല്ലാമാണ്. ഭൂമിയുടെ ഉപ്പായി, വിശക്കുന്നവരുടെ അന്നമായി, കരയുന്നവര്‍ക്ക് ആശ്വാസമായി, വേദനിക്കുന്നവരുടെ ലേപനമായി കരുണയും സ്‌നേഹവുമായി പെയ്തിറങ്ങാനാണ് മനുഷ്യരോട് അദ്ദേഹം ആവശ്യപ്പെട്ടത്. അവന്‍ സ്‌നേഹവും കാരുണ്യവും അലിവുമായിരുന്നു. പക്ഷേ, ക്രിസ്തീയ സഭയുടെ അടിസ്ഥാനം യേശുക്രിസ്തുവല്ല, മറിച്ച് അദ്ദേഹം എന്തിനെയെല്ലാമാണോ എതിര്‍ത്തത്, അതെല്ലാമാണ്.

അനുസരണം, ദാരിദ്ര്യം, സന്ന്യാസം എന്നീ മൂന്നു വ്രതങ്ങളില്‍ കെട്ടിപ്പടുത്തതാണ് കത്തോലിക്ക സഭ. അതായത്, സഭയ്ക്കുള്ളില്‍ നടക്കുന്ന കടുത്ത നീതികേടുകള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദിക്കുക പോലും ചെയ്യില്ലെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് ഓരോ വ്യക്തിയും വൈദികരും കന്യാസ്ത്രീകളുമാകുന്നത്. ഈ നിയമത്തിന്റെ ലംഘനം മൂലം ഫാ തോമസ് പുതിയപറമ്പില്‍ (ഫാ അജി-46) കുറ്റക്കാരന്‍ തന്നെ. പക്ഷേ, ഓരോ മനുഷ്യനും സാമൂഹിക നീതിയും അന്തസും ഉറപ്പു വരുത്തുന്ന യേശുക്രിസ്തുവിന്റെ നിയമത്തിന്റെ അടിസ്ഥാനത്തില്‍, ഫാ തോമസ് തെറ്റുകാരനല്ല. എന്നുമാത്രമല്ല, തിന്മയ്ക്കും അനീതിക്കുമെതിരെ പോരാടുന്ന, ക്രിസ്തുവിനു ചേര്‍ന്ന ഒരു ഉശിരന്‍ പോരാളിയാണ് അദ്ദേഹം. ബിഷപ്പ് ഫ്രാങ്കോയുടെ നെറികേടുകള്‍ക്കെതിരെ പോരാടി എന്ന കുറ്റത്തിന് സഭയുടെ പകപോക്കലിനു വിധേയയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും അങ്ങനെ തന്നെ.

നീതി നിഷേധിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി അതിശക്തമായി നിലകൊള്ളുകയും അനീതിക്കെതിരെ പോരാടുകയും ചെയ്തു എന്ന അക്ഷന്തവ്യമായ കുറ്റത്തിനാണ് യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്നത്. ജീസസ് ക്രൈസ്റ്റിന്റെ പാത പിന്തുടരുന്നതിനു പകരം, നീതികേടുകള്‍ക്കും കള്ളത്തരങ്ങള്‍ക്കും പുതിയ വളര്‍ച്ചാ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു സഭ. ആ അനീതിയും നീതികേടുകളും ഇപ്പോഴും തുടരുന്നു. അല്ലായിരുന്നുവെങ്കില്‍, ഫാ തോമസിന്റെയും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെപ്പോലുള്ളവരുടെയും ഉള്ളുപൊള്ളിക്കുന്ന നിശബ്ദ നിലവിളികള്‍ ഉയരില്ലായിരുന്നു.

അന്ന്, കൊള്ളയും കരിഞ്ചന്തയും ചൂതാട്ടവുമായിരുന്നുവെങ്കില്‍, ഇന്നവര്‍ യേശുവിനെത്തന്നെ കച്ചവടമാക്കിയിരിക്കുന്നു. അതിനെതിരെ ശബ്ദിക്കരുത് എന്നൊരു കാനോന്‍ നിയമവും ഉണ്ടാക്കി. സ്‌നേഹത്തിന്റെ പുതിയ മാതൃക കാണിച്ചു തന്ന യേശുക്രിസ്തുവിന്റെ രക്തസാക്ഷിത്വം പോലും വിഫലമായിപ്പോയി! അല്ലായിരുന്നുവെങ്കില്‍, നീതിക്കു വേണ്ടി, അനീതിക്കെതിരെ പോരടിച്ച ഫാ തോമസ് പുതിയപപറമ്പിലിനെ ശിക്ഷിക്കില്ലായിരുന്നു കത്തോലിക്ക സഭ. മറിച്ച്, അദ്ദേഹത്തിന് സര്‍വ്വ പിന്തുണയും നല്‍കി കൂടെ നില്‍ക്കുമായിരുന്നു!

ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് സന്ന്യസ്ത ജീവിതം തെരഞ്ഞെടുത്ത് സ്വജീവിതവും സുഖങ്ങളും ത്യജിക്കുന്നവര്‍ക്കു മുന്നില്‍ സഭ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യമിതാണ്. സഭാ നേതൃത്വം എന്തു പറഞ്ഞാലും മറുത്തൊരക്ഷരം പോലും പറയാതെ അനുസരിക്കണം. അതേ, അതി കഠിനമായ അനുസരണവ്രതം! സഭയില്‍ എന്തു തോന്ന്യാസം അരങ്ങേറിയാലും വായ് പൊത്തി, റാന്‍ മൂളി മിണ്ടാതിരിക്കണം. തുണിയഴിക്കാന്‍ പറഞ്ഞാല്‍ അതനുസരിക്കണം, അര്‍ദ്ധരാത്രിയില്‍, ഇപ്പോള്‍ പകലാണ് എന്നു പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കണം! സ്വന്തം ലൈംഗിക വൈകൃതങ്ങള്‍ക്ക് പാവപ്പെട്ട കന്യാസ്ത്രീകളെ ഉപയോഗപ്പെടുത്തിയിട്ടും ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇന്നും യാതൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍, ഈ കടുത്ത നീതികേടിനെതിരെ ശബ്ദിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഉള്‍പ്പടെയുള്ളവരുടെ ജീവിതം നരകതുല്യമാക്കി സഭാനേതൃത്വം!!

സഭയുടെ നെറികേടുകളെ തുറന്നു കാട്ടുകയും നീതിക്കു വേണ്ടി ശബ്ദിക്കുകയും ചെയ്തതിനാണ് ഫാ തോമസ് പുതിയപറമ്പിലിനെ സീറോ മലബാര്‍ താമരശേരി രൂപത ശിക്ഷിച്ചത്. സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാരുടെ സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സഭാ അച്ചടക്കം ലംഘിച്ച് പൊതു പ്രസംഗങ്ങള്‍ നടത്തി എന്നതാണ് ഫാ തോമസിനെതിരെയുള്ള കുറ്റം. മരിക്കാന്‍ കിടക്കുന്ന ഒരാള്‍ക്ക് അന്ത്യകൂദാശ നല്‍കാന്‍ പോലും ഫാ തോമസിനെ അനുവദിക്കില്ല എന്നതാണ് താമരശ്ശേരി രൂപതയുടെ നിലപാട്. തനിക്ക് ഫാ തോമസ് അന്ത്യകൂദാശ നല്‍കിയാല്‍ മതി എന്ന് ഏതെങ്കിലുമൊരു വ്യക്തി ആവശ്യപ്പെട്ടാല്‍ ഫാ തോമസിന് അതു നല്‍കാമെന്നും സഭ പറയുന്നു.

ഇടവക ബിഷപ്പിന്റെ കല്‍പ്പനകള്‍ ഫാ തോമസ് അനുസരിച്ചില്ലെന്നും തന്മൂലം താമരശ്ശേരിയിലെ എപ്പാര്‍ക്കിയിലും മറ്റിടങ്ങളിലും അപവാദങ്ങള്‍ ഉണ്ടാക്കിയെന്നും സഭ പറയുന്നു. ഇനി മേലില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാ. പുതിയപറമ്പിലിന്റെ ശിക്ഷാവിധി അവസാനിക്കുന്നതു വരെ കത്തോലിക്കാ ദേവാലയങ്ങളിലോ ചാപ്പലുകളിലോ പ്രവേശിക്കാന്‍ പാടില്ലെന്നും കൂദാശകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും വിലക്കുണ്ട്. എന്നാല്‍, അദ്ദേഹത്തിന് കോഴിക്കോട് മാരികുന്നിലുള്ള രൂപതാ വൈദിക ഭവനത്തിലെ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന നടത്താം. ടിവി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ മീഡിയയിലൂടെ എഴുതുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ അദ്ദേഹത്തിന് അനുവാദമില്ല.

ലോകം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്നു ജീസസ് ക്രൈസ്റ്റ്. സത്യത്തിലും നീതിയിലും ധര്‍മ്മത്തിലും അദ്ദേഹം അടിയുറച്ചു നിന്നു. അടിമച്ചന്തയ്ക്കും അടിമക്കച്ചവടത്തിനുമെതിരെ അദ്ദേഹം ശബ്ദിച്ചു. സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതിനെതിരെ അതിശക്തമായി നിലകൊണ്ടു. അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം അക്ഷീണം പോരാടി. സര്‍വ്വ ജീവജാലങ്ങളോടും അദ്ദേഹം കാരുണ്യം കാണിച്ചു.

യേശുക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിച്ച് അനീതിക്കെതിരെ ആഞ്ഞടിക്കുകയും നീതിക്കു വേണ്ടി നിലകൊള്ളുകയും പാവങ്ങളെ താങ്ങിനിറുത്തുകയുമാണ് ഫാ തോമസും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലുമെല്ലാം ചെയ്യുന്നത്. സഭയെ നേര്‍വഴി നടത്താന്‍ സാധിക്കുമെന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ പരിശ്രമത്തില്‍ ഇവര്‍ക്ക് ജീവന്‍ നഷ്ടമായാല്‍, ഇവരുടെ പേരിലും സഭ പള്ളി പണിയും, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഇവരും ഉയര്‍ത്തപ്പെടും. പിന്നെ, ഇവരുടെ പേരില്‍ പണപ്പിരിവും അഴിമതിയും നീതികേടുകളും നടത്തും. എങ്കിലും, പറയാതെ വയ്യ, നിങ്ങളെപ്പോലുള്ളവരിലാണ് നീതി നിഷേധിക്കപ്പെട്ട സകലരും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. സധൈര്യം മുന്നേറുക ഫാ തോമസ്! നിങ്ങളെപ്പോലുള്ളവര്‍ക്കൊപ്പമാണ് ജീസസ് ക്രൈസ്റ്റ്!!



#JesusChrist #FrAjiputhiyaparambil #FrThomasputhiyaparambil #BishopRemijiosInchananayil #SyroMalabarCatholicChurch #Synod #Thamarasserydiocese


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു