സാക്ഷരര്‍ തന്നെ, പക്ഷേ നാട് സുന്ദരമാവാന്‍ കാലമെത്ര കാത്തിരിക്കണം??

Jess Varkey Thuruthel & D P Skariah

ജപ്പാനില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ, മനുഷ്യമനസുകളില്‍ സ്‌നേഹത്തിന്റെ ഇന്ദ്രജാലം തീര്‍ത്ത ഗോപിനാഥ് മുതുകാട് തന്റെ ഫേയ്‌സ്ബുക്കില്‍ പേജില്‍ ഇങ്ങനെ കുറിച്ചിട്ടു…..

ജപ്പാന്‍ ജനതയേ…, മാപ്പ്…..

സമയ നിഷ്ഠ, സത്യസന്ധത, പരസ്പര ബഹുമാനം, അച്ചടക്കം, വൃത്തി, നിയമപാലനം, എന്നിങ്ങനെ ഒരു മനുഷ്യനെ സംസ്‌കാര സമ്പന്നരും ആ മനുഷ്യര്‍ വസിക്കുന്ന നാടിനെ സുന്ദരവുമാക്കുന്ന ഇത്തരം അനേക കാര്യങ്ങള്‍ വിട്ടുവീഴ്ചകളേതുമില്ലാതെ പാലിക്കുന്ന ജപ്പാന്‍ ജനതയോടു ഞാന്‍ മാപ്പു ചോദിക്കുന്നു……

ഒരു വാഹനം പോലും മുന്നിലില്ലാത്തപ്പോഴും കാല്‍നടക്കാര്‍ക്കുള്ള പച്ച സിഗ്നല്‍ തെളിയാതെ ഒരടി പോലും മുന്നോട്ടു നടക്കില്ലെന്ന വാശിയോടെ കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നോട്ടു നടന്നതിന്…..

കോവിഡ് കാര്യമായിട്ടില്ലെങ്കിലും മാസ്‌കു ധരിക്കാത്ത ഒരാള്‍ പോലും അവിടെയില്ല. അവര്‍ക്കിടയിലൂടെ ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ മറന്നതിന്……

എത്ര നേരം വരിയില്‍ നില്‍ക്കേണ്ടി വന്നാലും വരി തെറ്റിക്കാതെ കാത്തുനില്‍ക്കുന്നവര്‍ക്കിടയില്‍ പലപ്പോഴും വരി തെറ്റിച്ചതിന്…..

എവിടെച്ചെന്നാലും ‘അരിഗാതോ ഗുസായിമസ്’ എന്നുപറഞ്ഞ് മുന്നില്‍ സാംഷ്ടാംഗം തലകുനിക്കുന്നവരുടെ മുന്നില്‍, ആരുടെ മുന്നിലും തല കുനിക്കരുത് എന്ന ബോധം ഉള്ളില്‍ വച്ച് തലയുയര്‍ത്തി പിടിച്ചുനിന്നതിന്…..

അങ്ങനെയങ്ങനെ അനവധി നിരവധി പെരുമാറ്റപ്പിഴവുകളുടെ പേരില്‍…..

ഇതൊന്നും നമ്മുടെ കുറ്റമല്ല… നാമിതൊന്നും ഒരിടത്തും പഠിക്കുന്നില്ല…. നമ്മളെ ആരും പഠിപ്പിക്കുന്നില്ല….. അഥവാ ഇത്തരത്തിലൊരു ശീലം പാലിച്ചാല്‍ തന്നെ, അവര്‍ പരിഹാസ പാത്രങ്ങളായി മാറുന്നു. അതുമല്ലെങ്കില്‍ ക്ഷമയില്ലാത്തവരുടെ ശകാരങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നു….

പക്ഷേ, ജപ്പാനെന്ന രാജ്യവും അവിടുത്തെ മുഴുവന്‍ ജനങ്ങളും കാണിക്കുന്ന അച്ചടക്കബോധം എത്രയോ ഉയരെയാണ്….!

സാമ്പത്തികമായി താഴെ നില്‍ക്കുന്നവരോട്, തന്നെക്കാള്‍ ചെറിയ ശമ്പളം പറ്റുന്നവരോട്, തൂപ്പുകാരോട്, മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരോട് ഇവരോടെല്ലാം നാം കേരളീയര്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നൊന്നു ചിന്തിച്ചു നോക്കൂ…. ഈ ഭൂഗോളത്തിന്റെ ഉടമ താനാണെന്നും തന്റെ അനുവാദമില്ലാതെ ഒരില പോലുമിവിടെ അനങ്ങാന്‍ പാടില്ലെന്നുമുള്ള മനോഭാവമാണ് സാമ്പത്തികമായി, ജാതീയമായി, വിദ്യാഭ്യാസപരമായി മേല്‍ത്തട്ടിലുള്ളവര്‍ക്ക്.

സീബ്ര ലൈന്‍ മറികടന്ന് അപ്പുറം എത്തിപ്പറ്റാനുള്ള മലയാളികളുടെ തിടുക്കം എത്രയോ അരോചകവും നിന്ദ്യവുമാണ്! ജനങ്ങള്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കു നേരെ ഭയാനകമായി വണ്ടി ഓടിച്ചു വരുന്നതും കേരളത്തില്‍ ഈ മലയാളികള്‍ തന്നെ.

രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ ജപ്പാന്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു ലോക രാജ്യങ്ങള്‍ക്കും മാതൃകയായി വളര്‍ന്നത് അവരുടെ ലക്ഷ്യബോധം, അര്‍പ്പണ മനോഭാവം, കഠിനാധ്വാനം, അച്ചടക്കം, ഗുണമേന്മ എന്നിവയിലധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. Manufacturing സ്ഥാപനങ്ങളില്‍ inventory management ല്‍ JIT (Just in Time), ബിസിനസ്സ് രംഗത്തെല്ലാം TQM (Total Quality Management) അതുപോലെ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത് ജപ്പാനാണ്.

നമ്മളെക്കാള്‍ വളരെ ചെറിയൊരു രാജ്യമാണ് മലേഷ്യ. പക്ഷേ, അവരുടെ വൃത്തിയും റോഡില്‍ അവര്‍ കാണിക്കുന്ന അച്ചടക്കവും വാഹനം ഓടിക്കുന്നവര്‍ പാലിക്കുന്ന നിയമങ്ങളും മലയാളികള്‍ ജീവിതത്തിലെന്നെങ്കിലും പാലിക്കുമോ….? ഹോണ്‍ അടിക്കില്ല അവര്‍. ഒരു നിശ്ചിത ദൂരത്തില്‍ മാത്രമേ അവര്‍ സ്വന്തം വാഹനം നിര്‍ത്തുകയുള്ളു. വേഗതയിലും അങ്ങനെ തന്നെ. എങ്ങിനെ റോഡുകള്‍ നിര്‍മ്മിക്കണം എന്നുമാത്രമല്ല, അവ എങ്ങനെ പരിപാലിക്കണം എന്നും അവര്‍ക്കു കൃത്യമായി അറിയാം. കഴിക്കാന്‍ മായം കലര്‍ത്താത്ത ഭക്ഷണം കൊടുക്കണമെന്നും അവര്‍ക്കറിയാം. ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്താനും പ്രകൃതിക്ക് അനുയോജ്യമായ വിധത്തില്‍ എങ്ങനെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം എന്നും അവര്‍ക്കറിയാം.

പ്രകൃതിയോട്, മണ്ണിനോട്, മനുഷ്യരോട് മറ്റു ജീവജാലങ്ങളോട്, എന്തിന് ഈ പ്രപഞ്ചത്തോടു തന്നെയും പ്രതിബദ്ധതയുള്ള ഒരു ജനതയെ ഈ കേരളത്തില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ ഭൂമിയില്‍ ഒരാളോടു പോലും കടപ്പാടുകളോ ബാധ്യതകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ മതം തിന്ന് ജീവിക്കുന്ന ഒരു ജനത….!

നാഴികയ്ക്കു നാല്പതു വട്ടം വിദേശ യാത്ര നടത്തുന്ന മന്ത്രിമാര്‍! വിദേശ രാജ്യങ്ങളിലെ മികവുകള്‍ ഇവിടെ നടപ്പാക്കാനെന്നവകാശപ്പെട്ടാണ് ഇക്കണ്ട യാത്രകളെല്ലാം നടത്തുന്നത്. പക്ഷേ, നാളിതുവരെ ഇവിടുത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും നമ്മുടെ പണം ചെലവഴിച്ച് യാത്ര ചെയ്തു മുടിച്ചതല്ലാതെ ആ യാത്രകള്‍ കൊണ്ട് ഈ നാടിനും ഇവിടുത്തെ മനുഷ്യര്‍ക്കും എന്തു പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്…??

ജനിച്ചു വീഴുന്ന കുഞ്ഞിന്റെ വരെ നാവിലേക്ക് ഇറ്റിച്ചു കൊടുക്കുന്ന മതവിഷം ജാതിയുടേയും മതത്തിന്റെയും സമ്പത്തിന്റെയും തൊലിനിറത്തിന്റെയും അടിസ്ഥാനത്തില്‍ വെറുക്കാനും പരസ്പരം പോരടിക്കാനും തമ്മില്‍ തല്ലി ചാവാനും സ്വാര്‍ത്ഥതയും മാത്രം പഠിപ്പിക്കാനേ ഉതകുന്നുള്ളു. മതങ്ങളും രാഷ്ട്രീയവും കൈകോര്‍ത്തു പിടിക്കുമ്പോള്‍ സംസ്‌കാരമെന്നത് വെറും പാഴ് വാക്കായി മാറുന്നു…. എന്നിട്ടും നമ്മള്‍ അവകാശപ്പെടുന്നു, സാക്ഷരകേരളം സുന്ദര കേരളമെന്ന്….! യാതൊരവകാശ വാദങ്ങളുമില്ലാതെ, ജീവിതം സുന്ദരമാക്കുന്നു ജപ്പാനും മലേഷ്യയും പോലുള്ള രാജ്യങ്ങള്‍. കേരള ജനത കൈവരിച്ച വിദ്യാഭ്യാസം മറ്റുള്ളവരെ എങ്ങനെ ബുദ്ധിപൂര്‍വ്വം പറ്റിക്കാമെന്നും കാലുവാരാമെന്നും നിയമം ലംഘിക്കാമെന്നും ഹൈ ടെക് ആയി എങ്ങനെ കളവുകള്‍ നടത്താമെന്നും വിവരങ്ങള്‍ ആര്‍ജ്ജിക്കുന്നതിനെക്കുറിച്ചാണ് എന്നതാണ് സത്യം.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു