Headlines

കുറഞ്ഞ പക്ഷം ഈ ‘മഹാപരാധി’യെ തൂക്കിക്കൊല്ലണം


Jess Varkey Thuruthel

അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ ‘തൊടുന്നത്’ കുറ്റകരമാണ്. പക്ഷേ, സുരേഷ് ഗോപിയെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ക്ക് അറിയാമോ സമ്മതം ചോദിച്ചു കൊണ്ടുള്ള തൊടല്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന്? ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ ദേഹത്തു സ്പര്‍ശിക്കുന്നത് ലൈംഗികതയ്ക്കു വേണ്ടി മാത്രമാണ് എന്നാണോ അതിനര്‍ത്ഥം?

‘ഞാന്‍ പോയത് എന്റെ ജോലിയുടെ ഭാഗമായിട്ടാണ്. സുരേഷ് ഗോപിയുമായി സൗഹൃദത്തിനോ അടുപ്പത്തിനോ അല്ല. തോളില്‍ തൊട്ടത് സുഖകരമായി തോന്നിയില്ല,’ മാധ്യമ പ്രവര്‍ത്തക പറയുന്നു. ശരി, പറഞ്ഞതെല്ലാം സമ്മതിച്ചു. ആ മാധ്യമപ്രവര്‍ത്തകയ്ക്ക് അത് സുഖകരമായി തോന്നിയില്ല. സ്വന്തം ഉറ്റവരല്ലാത്ത, കുടുംബക്കാരല്ലാത്ത, സുഹൃത്തുക്കളല്ലാത്ത അടുത്ത പരിചയക്കാരല്ലാത്ത ആരും തൊടുന്നത് ഇഷ്ടമല്ല. നിങ്ങളോടൊരു ചോദ്യം. ഇത്രയും കാലവും ജനസാന്ദ്രതയേറിയ ഭൂപ്രദേശമായ കേരളത്തില്‍ തന്നെയല്ലേ താങ്കള്‍ ജീവിച്ചത്? താങ്കളുടെ യാത്രകള്‍ ബസിലും ട്രെയിനിലുമൊക്കെ ആയിരുന്നോ അതോ സ്വന്തം വാഹനത്തിലായിരുന്നോ? പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ താങ്കള്‍ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ഒരാളില്‍ നിന്നുപോലും മുട്ടലും തട്ടലുമൊന്നും ഏല്‍ക്കാതെയാവും താങ്കള്‍ യാത്ര ചെയ്തിരിക്കുന്നത് എന്നു കരുതട്ടെ. ഇഷ്ടക്കേടു താങ്കള്‍ പ്രകടിപ്പിക്കുകയും ചെയ്തു. അതും നല്ലതു തന്നെ. പക്ഷേ, അതിന് ആ മനുഷ്യനെ ഒരു ആഭാസനായി ചിത്രീകരിക്കുന്നത് എന്തിന്?

ബസില്‍ യാത്ര ചെയ്തിട്ടുള്ള സകലര്‍ക്കുമറിയാം, കണ്ടക്ടര്‍ ടിക്കറ്റെടുക്കുന്നത് ഓരോ മനുഷ്യരെയും തോണ്ടിവിളിച്ചാണ്. അങ്ങനെ തോണ്ടി പണിയെടുക്കുന്ന കണ്ടക്ടര്‍മാരെയെല്ലാം തല്ലാനാണെങ്കില്‍, തല്ലുകൊള്ളാത്ത ബസ് കണ്ടക്ടര്‍ വളരെ കുറവായിരിക്കും. അതിലൊന്നും ഒരസ്വാഭാവികതയും കാണാത്തവരാണ് ഇപ്പോള്‍ സുരേഷ് ഗോപിക്കു നേരെ പാഞ്ഞടുക്കുന്നത്. സുരേഷ് ഗോപിയുടെ ആ പ്രവൃത്തി, ആ മാധ്യമപ്രവര്‍ത്തകയുടെ ജോലി തടസ്സപ്പെടുത്തുന്ന വിധത്തിലായിരുന്നില്ല. കാണുന്നവര്‍ക്ക് അരോചകമായ വിധത്തിലുമായിരുന്നില്ല. എന്നിട്ടും ആ മനുഷ്യന് പെണ്ണുപിടിയനെന്ന പേര് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു!

കേരളത്തിലുള്ള പുരുഷന്മാരെല്ലാം സ്ത്രീകളെ കാണുന്നതും സമീപിക്കുന്നതും ‘മറ്റേക്കണ്ണോടെ’യാണെന്ന ഇമേജ് ആരാണ് ഇവിടെ ഉണ്ടാക്കിയെടുത്തത്? ഏതെങ്കിലുമൊരു സ്ത്രീയും പുരുഷനും ഒരുമിച്ചോ കൈയില്‍ പിടിച്ചു കൊണ്ടോ യാത്ര ചെയ്താല്‍ അവരെ തേജോവധം ചെയ്യാനിവിടെ കുറെ സദാചാര പോലീസുകാരുണ്ട്. ഒരു സ്ത്രീ പൊതു ഇടങ്ങളിലേക്ക് ഇറങ്ങിവരികയും ജോലി ചെയ്യുകയും സ്വന്തം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍, അല്‍പം മാനസിക വളര്‍ച്ചകൂടി സ്വായത്തമാക്കേണ്ടതാണ്.

കേരളത്തിലെ ചില മനുഷ്യര്‍ക്കറിയുന്ന ഒരേയൊരു വികാരം ലൈംഗികത മാത്രമാണ്. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ സംസാരിച്ചാല്‍, ഒരുമിച്ചിരുന്നാല്‍, ഒരുമിച്ചു യാത്ര ചെയ്താല്‍, ഒരുമിച്ചു ഭക്ഷണം കഴിച്ചാല്‍ സര്‍വ്വത്ര ലൈംഗികത. എന്തേ, സ്ത്രീയും പുരുഷനും തമ്മില്‍ ഈയൊരു പരിപാടി മാത്രമേയുള്ളോ? എന്റെ വീട്ടിലെ പുരുഷന്മാരെല്ലാവരും നല്ലവരും ബാക്കിയുള്ളവരെല്ലാം സ്ത്രീകളെ പിടിക്കാന്‍ നടക്കുന്നവരുമെന്ന ചിന്ത എങ്ങനെയാണ് ചില മനുഷ്യരുടെയുള്ളില്‍ കടന്നു കൂടിയത്? എന്തിനാണ് നിങ്ങള്‍ക്ക് ഇത്രയേറെ സദാചാര ബോധം? എന്നിട്ടും നിങ്ങളെന്തിനാണ് സ്ത്രീപുരുഷ ബന്ധങ്ങളുടെ വിശാലതയെക്കുറിച്ചു പ്രസംഗിക്കുന്നത്? മലയാളിയുടെ ഇടുങ്ങിയ സദാചാര ബോധത്തില്‍ ആശങ്കപ്പെടുന്നുവെന്ന് ഘോരഘോരം പ്രസംഗിച്ചിരുന്നവര്‍ പോലും പറയുന്നു, സുരേഷ് ഗോപിയുടെ ആ തൊടല്‍ ലൈംഗികക്കണ്ണോടെ ആയിരുന്നുവെന്ന്! എത്രവൃത്തികെട്ട വിലയിരുത്തലാണിത്?

താന്‍ തൊട്ടത് ലൈംഗികതയോടെ അല്ലെന്നും ആ പെണ്‍കുട്ടിക്ക് അങ്ങനെ തോന്നിയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞ സുരേഷ് ഗോപിയുടെ മാപ്പപേക്ഷയിലും തൃപ്തയാവാതെ അവര്‍ കേസുമായി മുന്നോട്ടു പോകുന്നു. നല്ലത്, ആ മനുഷ്യനെ പൊതുജനമധ്യത്തില്‍ തോലുരിച്ചു കാണിക്കുന്നതിനുള്ള ഗൂഢതന്ത്രങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. രണ്ടുമൂന്നു ദിവസത്തെ കോലാഹലങ്ങള്‍ക്കപ്പുറം പോകാനുള്ള യാതൊരു മെറിറ്റും ഈ പ്രശ്‌നത്തിനില്ലെന്ന് സുരേഷ് ഗോപിയെ ഇപ്പോള്‍ കല്ലെറിഞ്ഞുകൊണ്ടിരിക്കുന്ന സകലര്‍ക്കും അറിയുകയും ചെയ്യാം.

എന്തിനാണ് അനുവാദം വേണ്ടത്? തൊടുന്നത് ലൈംഗികതയ്ക്ക് ആണെങ്കില്‍ മാത്രമാണത്. ആ തൊടലിലൂടെ സുരേഷ് ഗോപി ആ മാധ്യമപ്രവര്‍ത്തകയെ ലൈംഗികതയ്ക്കു ക്ഷണിക്കുകയായിരുന്നില്ല. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ തൊട്ടു എന്നതിനപ്പുറം സുരേഷ് ഗോപി അതിനു പ്രത്യേകിച്ച് ഒരര്‍ത്ഥവും കൊടുത്തിട്ടുണ്ടാവില്ല. ആ മനുഷ്യന്റെ ഇതുവരെയുള്ള ജീവിതവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മറ്റുള്ളവരോട് ഇടപെട്ടിരുന്നതും അങ്ങനെ തന്നെയാണ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയവും മത ചിന്തയും എന്തുമായിക്കൊള്ളട്ടെ. അത് ആ മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആ മനുഷ്യന്‍ ചെയ്യുന്നതെല്ലാം വൃത്തികേടാണ് എന്നു വരുത്തിത്തീര്‍ക്കുന്നത് നീചമനസുകള്‍ക്കു മാത്രം സാധിക്കുന്ന കാര്യവും.

കൊച്ചുകുട്ടിയായിരിക്കുന്ന കാലം മുതല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണമെന്നും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ വേണ്ട എന്ന് അതിഘോരം വാദിച്ചിരുന്നവര്‍ പോലും സുരേഷ് ഗോപിയുടെ തൊടലില്‍ കണ്ടത് അശ്ലീലമാണ്. ‘ആ തൊടല്‍ എനിക്ക് അരോചകമായി തോന്നി, ഞാന്‍ പ്രതികരിച്ചു’ എന്നാണ് പിന്നീടു നടത്തിയ അഭിമുഖത്തില്‍ ആ മാധ്യമപ്രവര്‍ത്തക പറഞ്ഞത്. അവരുടെ മനസിന്റെ വൈകല്യത്തിന് ഈ മനുഷ്യനെ ക്രൂശിക്കുന്നതെന്തിന്? കോളജ് തലങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്തിരിക്കണമെന്നും കൈകോര്‍ത്തു പിടിച്ചു നടക്കണമെന്നും എങ്കില്‍ മാത്രമേ ആണും പെണ്ണും തമ്മിലുള്ള അന്തരങ്ങള്‍ കുറഞ്ഞുവരികയുള്ളു എന്നും പ്രസംഗിച്ചവരും സുരേഷ് ഗോപിയെ കല്ലെറിഞ്ഞുകൊല്ലാനുള്ള തിരക്കിലാണ്.

സദസിലിരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായിട്ടുള്ള പ്രേക്ഷകര്‍ പരസ്പരം കാണാതിരിക്കാന്‍ ഒരു തുണികൊണ്ടു മറച്ച് ഒരു പൊതുപരിപാടി നടത്തിയതിനെതിരെ വമ്പന്‍ കോലാഹലങ്ങളും ചര്‍ച്ചകളുമായിരുന്നു നമ്മുടെ നാട്ടില്‍. പെണ്ണിനെ സര്‍വ്വാംഗം തുണിയുടുപ്പിച്ച്, കണ്ണുമാത്രം കാണുന്ന പരുവത്തില്‍ പൊതു ഇടങ്ങളില്‍ കൊണ്ടുനടക്കുകയും അതാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണമെന്നു വിശ്വസിക്കുകയും ചെയ്യുന്ന മുസ്ലീങ്ങള്‍ നയിക്കുന്ന മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് ഒരു പുരുഷന്‍ തന്റെ ശരീരത്തില്‍ തൊട്ടാല്‍ ലൈംഗികതയ്ക്ക് എന്നു കരുതാന്‍ തക്ക മാനസിക വളര്‍ച്ച മാത്രമേ ഉണ്ടാവുകയുള്ളു. പക്ഷേ, പുരോഗമനക്കാരായ, ഈ നാട്ടില്‍ സ്ത്രീശാക്തീകരണ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഹാലിളകി സുരേഷ് ഗോപിക്കെതിരെ തിരിയാനുള്ള കാരണം ആ മനുഷ്യന്റെ രാഷ്ട്രീയം മാത്രം.

സ്വന്തം മകളെ ഒരച്ഛന്‍ കെട്ടിപ്പിടിച്ചാല്‍ പോലും അതിലും അശ്ലീലം കാണുന്നൊരു നാടാണിത്. സദാചാരത്തിന്റെ പേരു പറഞ്ഞ് അമ്മയെയും മകനെയും വളഞ്ഞിട്ടാക്രമിക്കുന്ന നാട്. ഏതൊരു ബന്ധത്തിലും അശ്ലീലം മാത്രം തെരയുന്നവരുടെ നാട്. ഇത്തരം അശ്ലീല ചിന്തകളുടെ പൊട്ടക്കിണറ്റില്‍ കഴിയുന്നവര്‍ കേരളം വിട്ടൊന്നു പുറത്തു പോകണം. ആണുങ്ങളും പെണ്ണുങ്ങളും പരസ്പര സൗഹാര്‍ദ്ദത്തോടെയും ബഹുമാനത്തോടെയും എങ്ങനെയാണ് ജീവിക്കുന്നതെന്നു കണ്ടുപഠിക്കണം. ദേഹത്തു തൊടുന്നതെല്ലാം മറ്റേക്കാര്യത്തിനാണ് എന്ന വികൃത ചിന്തയ്ക്ക് മാറ്റമുണ്ടാകാന്‍ അതേ മാര്‍ഗ്ഗമുള്ളു. അല്ലാതെ, കുറെ വിദ്യാഭ്യാസം നേടി എന്നുകരുതി മനസിലെ മാലിന്യം മാറുമെന്ന് കരുതാനാവില്ലല്ലോ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ കേരളം.

ഇവിടെ ഒരു പെണ്ണ് എന്തു പറയുന്നുവോ അതു തൊണ്ട തൊടാതെ വിഴുങ്ങാന്‍ ധാരാളം പേരുണ്ട്. തന്റെ മനസില്‍ ലൈംഗിക ചിന്തയില്ലായിരുന്നുവെന്ന് സുരേഷ് ഗോപി. എന്നാല്‍, തനിക്കു തോന്നിയത് അങ്ങനെയായിരുന്നു എന്ന് മാധ്യമപ്രവര്‍ത്തകയും. കേരള സമൂഹത്തില്‍ ഒരു സ്ത്രീ എന്തു പറയുന്നുവോ അതു വിശ്വസിക്കാനാണ് ആളുകളുള്ളത്. ആണും പെണ്ണും അവള്‍ക്കൊപ്പം കൂടും. നിമിഷ നേരം കൊണ്ട് ഇവിടെയൊരു പുരുഷനെ ആഭാസവും പെണ്ണുപിടിയനുമാക്കി മാറ്റാന്‍ സാധിക്കും. ഇന്നു സുരേഷ് ഗോപിയാണെങ്കില്‍, നാളെ, നിങ്ങളിലാരെങ്കിലുമായിരിക്കും, തീര്‍ച്ച.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Pic Courtesy: The Hindu

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു