ക്രൂര ജന്മങ്ങള്‍ക്കു മാത്രമേ യുദ്ധം ട്രോളി രസിക്കാനാവൂ….

വിശന്നു വലയുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ….??? ഈ ലോകത്തെ യാതൊരു സുഖസൗകര്യങ്ങളും അവര്‍ക്കാവശ്യമില്ല, വേണ്ടത് ഒരിത്തിരി ആഹാരം മാത്രമെന്ന് ദയനീയമായ അവരുടെ കണ്ണുകള്‍ നമുക്കു പറഞ്ഞുതരും. യുദ്ധത്തിന്റെ പേരില്‍ പട്ടാളക്കാര്‍ ശരീരത്തില്‍ തേര്‍വാഴ്ച നടത്തിയ സ്ത്രീകളെ കണ്ടിട്ടുണ്ടോ…?? കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നിസ്സഹായ ജന്മങ്ങളെ…?? യുദ്ധക്കൊതി മൂത്ത നരാധമന്മാരില്‍ നിന്നും സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താന്‍ വേണ്ടി എവിടേക്കെന്നറിയാതെ പലായനം ചെയ്യപ്പെട്ട് മരണപ്പെട്ടുപോയ മനുഷ്യരുടെ വേദനകള്‍ നിങ്ങള്‍ക്കു മനസിലാകുമോ…?? തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും തുടയിടുക്കു ലക്ഷ്യം വച്ചവന്റെ ഇടനെഞ്ചു തകര്‍ക്കാന്‍ ത്രാണിയില്ലാത്തവന്റെ വേദന നിങ്ങളറിഞ്ഞിട്ടുണ്ടോ….??


മാധ്യമങ്ങള്‍ ജാഗ്രതയോടെ കണ്ണുതുറന്നിരിക്കുന്നതിന്റെ കൂടി ഫലമാണ് കേരളത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നത്. എന്നിരുന്നാലും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2017 ലെ കണക്കനുസരിച്ച് കേരളത്തില്‍ നടന്നിട്ടുള്ളത് 1612 കലാപങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതുപോലെ ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. കേരളം മുഴുവന്‍ പടര്‍ന്നുപിടിച്ച ഒരു കലാപമോ യുദ്ധമോ വര്‍ഗ്ഗീയ കലാപങ്ങളോ ഇന്നേവരെ നമുക്കു നേരിടേണ്ടി വന്നിട്ടില്ല. കേരള ജനത ഒന്നാകെ പട്ടിണിയിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോയിട്ടില്ല.

വിശപ്പെന്തെന്നോ ദാരിദ്ര്യമെന്തെന്നോ പട്ടിണി എന്തെന്നോ അറിയാതെ, മരിക്കാതിരിക്കാന്‍ ഒളിച്ചിരിക്കാനൊരിടം പോലുമില്ലാത്തവന്റെ വേദനയറിയാതെ, നാലു നേരവും മൂക്കുമുട്ടെ ഭക്ഷണവും കഴിച്ച്, സുഖലോലുപതയിലും ആഡംബരത്തിലും ധാരാളിത്തത്തിലും ജീവിക്കുന്ന മനുഷ്യര്‍ക്കു മാത്രമേ യുദ്ധത്തെയും കലാപങ്ങളെയും ട്രോളാനുള്ള മനസുണ്ടാവുകയുള്ളു, അതു കണ്ടു ചിരിക്കാനും കഴിയുകയുള്ളു.

ആ വേദന നെഞ്ചിലേറ്റി ഹൃദയഭാരത്തോടെ കഴിയുന്ന മനുഷ്യര്‍ക്ക് അതേക്കുറിച്ചൊന്നോര്‍ക്കാന്‍ കൂടി ത്രാണിയുണ്ടാവില്ല.

ആരു യുദ്ധം തുടങ്ങിവച്ചു എന്നതോ അവര്‍ കാണിച്ച നീതികേടുകൊണ്ടല്ലേ എന്ന ന്യായങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. യുദ്ധക്കൊതിയന്മാരായ ഭരണാധികാരികള്‍ക്ക് പട്ടാളത്തെയിറക്കി നരനായാട്ടു നടത്താനുള്ളതല്ല ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവിതവും. ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഏതൊരു മനുഷ്യന്റെയും അവകാശമാണ് സമാധാനപൂര്‍ണ്ണമായൊരു ജീവിതം. അതിനു മേല്‍ കൈവയ്ക്കുന്ന ഒരു ഭരണാധികാരിക്കും ആ സ്ഥാനത്തു തുടരുവാനുള്ള അര്‍ഹതയില്ല. വിശന്നുകേഴുന്ന കുഞ്ഞുങ്ങളോടും കാമഭ്രാന്തന്മാരാല്‍ ബലമായി തുണിയഴിക്കപ്പെട്ട അമ്മമാരോടും, ആക്രമണത്തില്‍ ചിതറിത്തെറിച്ചു പോയ മനുഷ്യരോടും കുറച്ചെങ്കിലും നീതി പുലര്‍ത്താന്‍ യുദ്ധക്കൊതിയന്മാരായ ഭരണാധികാരികളെ പൊതുജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്ത് ശിക്ഷിക്കണം.

മനുഷ്യന്റെ സഹനങ്ങളും വേദനകളും തോരാക്കണ്ണീരും മനസിലാകണമെങ്കില്‍ മനുഷ്യനായിത്തന്നെ ജനിക്കണം. മാനുഷാകാരം പൂണ്ട ചെകുത്താന്മാര്‍ക്കതു വെറും തമാശ മാത്രം.


………………………………………………………
ജെസ് വര്‍ക്കി
thamasoma.com
jessvarkey@gmail.com


Tags: Russia-Ukraine war, child sufferings in war, making trolls in war

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു