Headlines

സ്ത്രീ സംവരണം നടപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമ

Thamasoma News Desk

ഈ election പോസ്റ്റര്‍ ശ്രദ്ധിക്കൂ ഇതില്‍ എന്തെങ്കിലും വൈരുധ്യം നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, ഒരു മലയാളി എന്ന നിലയില്‍ യാതൊന്നും പറയാനില്ല. ജാതി രാഷ്ട്രീയം വേരുറച്ച തെക്കന്‍ സംസ്ഥാനങ്ങളിലോ ഗുണ്ടായിസവും തോക്കും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന വടക്കോ അല്ല ഈ തെരഞ്ഞെടുപ്പു പരസ്യത്തിന്റെ ഉത്ഭവ സ്ഥാനം. നൂറു ശതമാനം സാക്ഷരത നേടി എന്ന് അവകാശപ്പെടുന്ന Human Development Index ല്‍ ലോകത്തില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള നമ്മുടെ കേരളത്തിലെയാണ്!

ഒരു വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഒരു സ്ത്രീ നേതാവിന് അവിടുത്തെ ജനങ്ങളുടെ മുന്‍പില്‍ സ്വയം പ്രതിനിധീകരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്ന് നാം നമ്മോടു ചോദിക്കണം. ഈ തെരഞ്ഞെടുപ്പില്‍ ഇവര്‍ ജയിച്ചോ ഇല്ലയോ എന്ന് നോക്കാന്‍ പോലും തോന്നുന്നില്ല. കാരണം ഇവര്‍ ജയിച്ചാല്‍ അത് ആ ward ന്റെ തോല്‍വിയാണ്. തോറ്റുവെങ്കില്‍, ബുദ്ധിയുള്ള ഒരു ഭൂരിപക്ഷം അവിടെ ഉണ്ട് എന്നാണ് അര്‍ത്ഥം.

ഈ പോസ്റ്ററിന്റെ സോഴ്‌സ്: The New Indian Express

ജനാധിപത്യം എന്നത് പുരുഷനും സ്ത്രീയുമായി ഒത്തു ചേര്‍ന്നു പോകേണ്ട ഒരു പ്രക്രിയയാണ്. സംവരണം ഇല്ലായിരുന്നുവെങ്കില്‍ ഈ സ്ത്രീകള്‍ക്ക് പേരുകൊണ്ടുപോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുമായിരുന്നില്ല!!

ജനസംഖ്യാ അടിസ്ഥാനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യം രാഷ്ട്രീയത്തിലും, രാഷ്ട്രീയ ഇതര മേഖലകളിലും ഉറപ്പാക്കാനാണ് സംവരണം എന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള പ്രാതിനിധ്യം പോലും രാഷ്ട്രീയത്തിലില്ല. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സ്ത്രീ സംവരണം.

നമ്മുടെ രാജ്യത്ത് 50% ത്തോളം സ്ത്രീകള്‍ ആണ്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവരുടെ എണ്ണമെടുത്താല്‍ 10 പേരില്‍ ഒരു സ്ത്രീ പോലുമില്ല എന്ന സ്ഥിതിയാണ്. പല തലങ്ങളിലുള്ള പൊതു തിരഞ്ഞെടുപ്പുകളില്‍ കണക്കുകള്‍ മാറി വരുമെങ്കിലും ന്യായമായ 50-50% അനുപാദം നമ്മുടെ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ സ്വാഭാവികമായി കൈവരിക്കുക എന്നത് അപ്രാപ്യമാണ്.

ബുദ്ധിപരമായോ, കാര്യപ്രാപ്തിയിലോ സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു അടിസ്ഥാന വ്യത്യാസവുമില്ല. അതിനാല്‍, വളരെ സ്വാഭാവികമായി, രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നും അല്ലാതെയും ഒരു പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ എണ്ണത്തില്‍ സമൂഹത്തിലുള്ള സ്ത്രീ പുരുഷ അനുപാദം പ്രതിഫലിക്കണം. പക്ഷേ, നമ്മുടെ സമൂഹത്തില്‍ ഇത് ഒരുകാലത്തും പാലിക്കപ്പെടുന്നില്ല. അപ്പോള്‍ സ്ത്രീകള്‍ക്ക് മത്സരിക്കാനുള്ള അവസരം കിട്ടുന്നതില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്നു എന്നര്‍ത്ഥം. പുരുഷ മേധാവിത്തം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അത്തരം പ്രതിബന്ധങ്ങളെ എല്ലാം ദുര്‍ബലപ്പെടുത്താന്‍ സംവരണം പോലെയുള്ള നിലപാടുകള്‍ ഭരണകൂടം ഉറപ്പാക്കണം.

രാഷ്ടീയത്തിലേക്കുള്ള സ്ത്രീ സംവരണത്തിനെതിരെയുള്ള ഏറ്റവും വലിയ ആക്ഷേപം – എന്തിനാണ് ഇത്തരത്തില്‍ താല്പര്യം ഇല്ലാത്ത ആളുകളെ (സ്ത്രീകളെ) നിര്‍ബന്ധിപ്പിച്ചു പൊതുപ്രവര്‍ത്തനങ്ങളിലേക്ക് വരുത്തുന്നത്? വരാതിരിക്കുന്നതിനു കാരണം അവര്‍ക്കു താല്പര്യമില്ലാഞ്ഞിട്ടായിരിക്കും.

ഈ ചിന്ത തീര്‍ത്തും യുക്തിസഹമെന്നു തോന്നിയേക്കാം. എന്നാല്‍, വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ എന്തുകൊണ്ടാകും വിമുഖത കാണിക്കുന്നത്? സ്ത്രീകള്‍ക്കും എത്തിപ്പെടാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു ഇടമാണ് രാഷ്ട്രീയം എന്ന തോന്നല്‍ അവരില്‍ ഉണ്ടായില്ലെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ മേല്‍പ്പറഞ്ഞ താല്പര്യകുറവ് അവരുടെ ചിന്തകളുടെ ഭാഗമാകും. മുന്നോട്ട് നോക്കാനും, ആദര്‍ശമാതൃക (role model) ആകാനും സ്ത്രീ നേതാക്കള്‍ ഉണ്ടായാല്‍ ഈ ചിന്താഗതിയില്‍ മാറ്റം വരും എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

2012 ല്‍ വിഖ്യാതമായ Science ശാസ്ത്ര മാഗസിനില്‍ വന്ന ഒരു പഠനം ഉദാഹരണമായി എടുക്കാം. പശ്ചിമ ബംഗാളില്‍ 1998-2003 വരെ village council ഇലക്ഷന് സ്ത്രീ പ്രാതിനിധ്യം സംവരണം വഴി ഉറപ്പാക്കുകയും, ഈ അഞ്ചു വര്‍ഷത്തിനു ശേഷം 11 – 15 വയസ്സുവരെയുള്ള പെണ്‍കുട്ടികളിലും, അവരുടെ രക്ഷകര്‍ത്താക്കളിലും സര്‍വ്വേ നടത്തുകയുമുണ്ടായി. നേതൃസ്ഥാനങ്ങളില്‍ എത്താനുള്ള പെണ്‍കുട്ടികളുടെ ആഗ്രഹം കൂടുകയും, വീട്ടു ജോലികളില്‍ നിന്നും അകന്ന് അവര്‍ സ്‌കൂളുകളില്‍ സമയം ചിലവഴിക്കാന്‍ തുടങ്ങുകയും ചെയ്തു എന്ന് ഈ പഠനം കണ്ടെത്തി. ഈ Role model effect പോലെയുള്ള സാമൂഹിക പരിഷ്‌കരണങ്ങള്‍ സാധ്യമാവാന്‍ സംവരണം വഴിയുള്ള നിഷ്‌കര്‍ഷമായ മാറ്റങ്ങള്‍ അനിവാര്യമായിരുന്നു.

പ്രതിനിധ്യക്കുറവിന് കാരണം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പല തരത്തിലുള്ള അനീതി ആണ് എന്നുള്ളതാണ് പ്രശ്‌നം. സ്ത്രീകളുടെ പൊതു കാര്യങ്ങളിലേക്കുള്ള ഇടപെടലുകള്‍ തടയുന്നത് ഇപ്പോള്‍ അധികാരം ഉപയോഗിക്കുന്ന പുരുഷന്മാരാണ്. ഭരണഘടനയിലെ Right to opportunity ക്ക് ഈ പ്രവണത എതിരായി നില്‍ക്കുമ്പോള്‍, സംവരണത്തെ അനുകൂലിക്കുക എന്നത് ഓരോ പൗരന്റെയും കടമയായി മാറും.

കാര്യപ്രാപ്തിയോ രാഷ്ട്രീയപരമായി അനുഭവ സമ്പത്തോ ഇല്ലാത്ത സ്ത്രീകളെ അധികാരസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നാല്‍ നമ്മുടെ നാടിന്റെ മുന്നോട്ട് പോക്കിനെയും അതിന്റെ വേഗതയെയും പ്രതികൂലമായി ബാധിക്കില്ലേയെന്നാണ് മറ്റൊരു ചോദ്യം. രാഷ്ട്രീയം എന്നത് അനുഭവസമ്പത്തുകൂടി ഉപയോഗപ്പെടുത്തേണ്ടുന്ന ഒരു ഇടമാണ്. ഇവിടെ പ്രവര്‍ത്തിപരിചയവും മുഖ്യമാണ്. ഇതൊന്നുമില്ലാത്ത ഒരാളെ സംവരണത്തിന്റെ പേരില്‍ സ്ഥാനം കൊടുക്കുമ്പോള്‍ ഒരു പക്ഷെ വേഗതയ്ക് കുറച്ചു കുറവുണ്ടാകും. എന്നാല്‍ രാഷ്ട്രീയം ഒരു പൊതു ഇടം ആയതിനാലും, അവിടെ ലാഭ നഷ്ടങ്ങളേക്കാള്‍ സാമൂഹിക പ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം കൊടുക്കേണ്ടതിനാലും ഈ വേഗതക്കുറവ് (അത് സംഭവിക്കുകയാണെങ്കില്‍ തന്നെ) ഒരു വലിയ നന്മയ്ക് വേണ്ടി ഉള്‍ക്കൊള്ളാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.


#WomanReservationInPolitics #IndianPolitics #ReligionInIndianPolitics #RighttoOpportunity


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു