നിയമം എല്ലാവര്‍ക്കും ഒരുപോലെയെങ്കില്‍ ശ്രീറാമിനും ശ്രീനാഥിനും അങ്ങനെ തന്നെയാവണം


Jess Varkey Thuruthel & D P Skariah

അഭിമുഖത്തിനിടയില്‍ അവതാരികയെ തെറി വിളിച്ച ശ്രീനാഥ് ഭാസിയെ കൈയ്യോടെ അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനെ കൊന്ന ശ്രീറാമിനു രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കി….. ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനും കിട്ടി നിയമ പരിരക്ഷ. അല്ല നിയമമേ, ഇതെന്താ ശ്രീനാഥ് ഭാസിയെ തവിടുകൊടുത്തു വാങ്ങിയതാണോ….?? നിയമത്തിനു മുന്നിലെ സമത്വമെന്നത് ഇങ്ങനെയോ…?? കൊലപാതകത്തെക്കാളും ബലാത്സംഗത്തെക്കാളും വലിയ കുറ്റകൃത്യമാണോ ഈ തെറിവിളിക്കുക എന്നത്….?? 

നിയമത്തിനു മുന്നില്‍ എല്ലാ മനുഷ്യരും തുല്യരാണെന്ന് ഇന്ത്യന്‍ ഭരണഘടന നമ്മോടു പറയുന്നു. ആണ്, പെണ്ണ്, ജാതി, മതം, തൊലിയുടെ നിറം, അധികാരം, പണം, പിന്‍ബലം, തുടങ്ങി യാതൊന്നിന്റെയും പേരില്‍ മനുഷ്യനെ തരംതിരിക്കരുതെന്നും നിയമത്തിനു മുന്നില്‍ ഇന്ത്യയിലെ ഓരോ മനുഷ്യരും തുല്യരാണെന്നും ഭരണഘടന നമുക്ക് ഉറപ്പു തരുന്നു. പക്ഷേ, ഏതെങ്കിലുമൊരു കാര്യത്തിന് ഉദ്യോഗസ്ഥരെ സമീപിക്കുന്നവര്‍ക്കറിയാം, പോക്കറ്റിന്റെ കനം നോക്കി, അധികാരം നോക്കി, ആണോ പെണ്ണോ എന്നു നോക്കി, തൊലിയുടെ നിറം നോക്കി, രാഷ്ട്രീയം നോക്കി ‘നീതി’ നടപ്പാക്കിയ കഥകള്‍ എത്ര വേണമെങ്കിലുമവര്‍ പറഞ്ഞു തരും.

സത്യത്തില്‍ ശ്രീനാഥ് ഭാസി ചെയ്ത തെറ്റെന്താണ്….??

‘ശ്രീനാഥ് ഭാസീ, താങ്കള്‍ ചട്ടമ്പിയാണോ…?? താങ്കള്‍ ദേഷ്യപ്പെടാറുണ്ടോ…?? എന്നോടൊന്നു ദേഷ്യപ്പെടുമോ…?? താങ്കള്‍ക്ക് എത്രത്തോളം ദേഷ്യമുണ്ട്….?? പറയൂ… ഒരുതവണയെങ്കിലുമൊന്നു ദേഷ്യപ്പെടുമോ….??’

പൃഷ്ഠത്തില്‍ ഉറുമ്പു കടിച്ചാലെന്ന പോലെ (പൃഷ്ഠമെന്ന വാക്ക് ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക) കസേരയില്‍ ഇളകിത്തുള്ളി അഭിമുഖക്കാരി ചോദിക്കുന്നു.

പിന്നാലെ വരുന്നു അടുത്ത ചോദ്യങ്ങള്‍. നിങ്ങള്‍ ചട്ടമ്പിയല്ലെങ്കില്‍, കൂടെ അഭിനയിച്ച അഞ്ചു നടന്മാരുടെ പേരുകള്‍ ഞാന്‍ പറയാം, അവരില്‍ ചട്ടമ്പി, 1, 2, 3, 4, 5 എന്ന ക്രമത്തില്‍ പറയാമോ…..???

ഈ ചോദ്യങ്ങളൊന്നും തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് സ്വന്തം ശരീരഭാഷകൊണ്ടുതന്നെ ശ്രീനാഥ് ഭാസി വ്യക്തമാക്കുന്നുണ്ട്. ആ മനുഷ്യനെ ഒന്നു നിരീക്ഷിച്ചാല്‍ ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യമാണത്. എന്നിട്ടും ഇത്തരം ചോദ്യങ്ങളുമായി മുന്നോട്ടു പോയതിനു കാരണം ഒരുപക്ഷേ ആ മനുഷ്യനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയാവണം.

(‘You are very good at making people uncomfortable’ എന്ന് ഏഷ്യനെറ്റ് ചാനലിന്റെ അവതാരികയുടെ മുഖത്തു നോക്കി പറഞ്ഞ ബിഗ് ബോസ് താരം റിയാസിനെയും അതുകേട്ടിട്ടും മനസിലാകാത്ത പോലെ ഇളകിച്ചിരിച്ചു വീണ്ടും വഷളച്ചോദ്യങ്ങള്‍ ചോദിച്ച അവതാരകയെയും ആ പരിപാടി കണ്ടവരാരും മറക്കാനിടയില്ല.)


കടിക്കാത്ത പട്ടിയുടെ വായില്‍ കോലിട്ടു കുത്തി, ‘നീ കടിക്കാത്തതെന്തേ പട്ടീ’ എന്നു ചോദിച്ചു കടി വാങ്ങിച്ച വ്യക്തി യാതൊരു തരത്തിലും ദയ അര്‍ഹിക്കുന്നില്ല. ചോദ്യകര്‍ത്താവ് പെണ്ണാണ് എന്നത് അലവലാതി ചോദ്യം ചോദിക്കാനുള്ള ലൈസന്‍സുമല്ല. ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാകാന്‍ പാടില്ല. അതിന് ഭരണഘടനയോ ഇന്ത്യന്‍ നിയമമോ അനുവദിക്കുന്നുമില്ല. എന്നിട്ടും സ്ത്രീത്വത്തെ അപമാനിച്ചു എന്ന നിയമം ഉപയോഗിച്ച് ശ്രീനാഥ് അറസ്റ്റു ചെയ്യപ്പെട്ടു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകളും ഉടനടി നടത്തപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊന്ന കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങുമ്പോള്‍ മദ്യലഹരിയില്‍ കാലുകള്‍ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷിള്‍ പറയുന്നു. എന്നിട്ടും അയാളിലെ ലഹരി പൂര്‍ണ്ണമായും നശിച്ചു തീരും വരെ പോലീസ് കാത്തിരുന്നു. അതിനു ശേഷം മാത്രമാണ് ശരീരത്തില്‍ മദ്യത്തിന്റെ അളവു കണ്ടെത്താനുള്ള പരിശോധന നടത്തിയത്. എന്നുമാത്രമല്ല, കേസില്‍ നിന്നും രക്ഷപ്പെടാനൊരു രോഗവും കൂടി വച്ചു കൊടുത്തു, റിട്രോഗ്രേയ്ഡ് അംനേഷ്യ. ഈ മറവിരോഗിയെ വീണ്ടും കളക്ടറാക്കി ഭരണകൂടം അയാളോടു കൂറുകാണിച്ചു.

ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനും ലഭിച്ചു നിയമത്തിന്റെ എല്ലാ പരിരക്ഷയും. സിനിമ സംഘടനകളെല്ലാം വിജയ് ബാബുവിന്റെ പിന്നില്‍ സര്‍വ്വ സന്നാഹങ്ങളുമായി അണിനിരന്നു. ബലാത്സംഗക്വട്ടേഷന്‍ കൊടുത്തു എന്ന കുറ്റത്തിന് അന്വേഷണം നേരിടുന്ന നടന്‍ ദിലീപിനും കിട്ടുന്നുണ്ട് വി വി ഐ പി നിയമ പരിരക്ഷ.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്നത് ഓര്‍ത്തു പുളകം കൊള്ളാനുള്ള വരികള്‍ മാത്രമാണെന്ന് ഏവര്‍ക്കുമറിയാം. പണമില്ലാത്ത ഏതെങ്കിലുമൊരുവന്‍ നിയമാനുസൃതമായി യാത്ര ചെയ്താലും പരിശോധനയ്ക്കായി തടഞ്ഞുനിറുത്തിയാല്‍, ഏമാന്മാരുടെ ഭാഷ വേറെയാണ്….. അപ്പോള്‍ വികട സരസ്വതി മാത്രമേ നാവില്‍ വിളയൂ. വേണമെങ്കില്‍ കുനിച്ചു നിറുത്തി കൂമ്പു നോക്കി നാലു കുര്‍ബാനയും കൊടുക്കും. എന്നാല്‍ പണവും അധികാരവുമുള്ളവന്റെ മുന്നില്‍ മുട്ടിലിഴയുകയും ചെയ്യും. ശ്രീറാം വെങ്കിട്ടരാമനും വിജയ് ബാബുവിനും ദിലീപിനും മറ്റും മറ്റും ലഭിക്കുന്ന പരിഗണന ശ്രീനാഥ് ഭാസിക്കു കിട്ടാത്തതിനു കാരണവും അതുതന്നെ.

വിശന്നപ്പോള്‍ കുറച്ചാഹാരം മോഷ്ടിച്ചെന്ന പേരില്‍ മധുവിനെ സംഘം ചേര്‍ന്ന് അടിച്ചു കൊല്ലുക മാത്രമല്ല, ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുക കൂടി ചെയ്തു. അത്രയും ശക്തമായ തെളിവുകളുണ്ടായിട്ടും കൂറുമാറിയ സാക്ഷികളില്‍ ഒരുത്തനെപ്പോലും ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നേവരെ. കൂറുമാറിയതിന്റെ പേരില്‍ ഒരു സാക്ഷിയെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ പണത്തിനു വേണ്ടി സാക്ഷി പറയാനായി എത്തുന്നവര്‍ക്കു തടയിടാനാവും.

എവിടെയാണിവിടെ തുല്യത…?? തുല്യനീതിയാണ് ഈ രാജ്യത്തു നടപ്പാകുന്നതെങ്കില്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും കിട്ടുന്ന അതേനീതി ലഭിക്കാന്‍ ഇവിടെയുള്ള ദരിദ്രരില്‍ ദരിദ്രരായ മനുഷ്യര്‍ക്കും അര്‍ഹതയുണ്ട്. അങ്ങനെയെങ്കില്‍, മഹാരാജാക്കന്മാര്‍ എഴുന്നള്ളുമ്പോള്‍ പ്രജകളെ വഴിയില്‍ നിന്നും ആട്ടികയറ്റും പോലെ മന്ത്രിമാരുടെ വാഹനവ്യൂഹത്തിനു കടന്നുപോകാനായി മണിക്കൂറുകള്‍ ജനങ്ങളെ പെരുവഴിയില്‍ നരകിക്കാന്‍ വിടില്ലായിരുന്നു.

അങ്ങനെ ലഭിക്കാത്തിടത്തോളം കാലം, നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ് എന്നത് സുവര്‍ണലിപികളില്‍ എഴുതിവച്ച് ഊറ്റംകൊള്ളാന്‍ മാത്രമേ സാധിക്കുകയുള്ളു. അല്ലാതെ അതിന്റെ ഗുണഫലം കിട്ടുമെന്ന പ്രതീക്ഷ തീരെയും വേണ്ട. സപ്രമഞ്ചത്തിലേറിയവര്‍ക്കു കിട്ടുന്ന നീതി ഇഴഞ്ഞും നടന്നും നീങ്ങുന്നവര്‍ക്ക് കിട്ടുമെന്നത് വെറും ദിവാസ്വപ്‌നം മാത്രം……


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു