Headlines

ഇനിയും ഞങ്ങള്‍ അടങ്ങിയിരിക്കില്ല; വന്യമൃഗാക്രമണത്തിനെതിരെ സംഘടിച്ച് നീണ്ടപാറ നിവാസികള്‍

Jess Varkey Thuruthel & D P Skariah

‘പാറയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. സൈന്യം തന്നെ അതിനായി മുന്നിട്ടിറങ്ങി. പക്ഷേ, പെരിയാര്‍ തീരത്ത് താമസിക്കുന്ന നീണ്ടപാറ-കരിമണല്‍-കാഞ്ഞിരവേലി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സ്വസ്ഥജീവിതത്തിനും വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. നീണ്ട പ്രതിഷേധങ്ങള്‍ക്കും ചില ആത്മഹത്യാ ശ്രമങ്ങള്‍ക്കും സമരങ്ങള്‍ക്കും അധികാരികളുടെ മനസുമാറ്റാനും കഴിഞ്ഞിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് അന്ന് പീതാംബരന്‍ എന്ന കര്‍ഷകന്റെ മകന്‍ രക്ഷപ്പെട്ടത്. കഷ്ടപ്പെട്ട് അധ്വാനിച്ച കൃഷിയിടം കാട്ടാനക്കൂട്ടമെത്തി താറുമാറാക്കിയതു കണ്ടു നില്‍ക്കാനാവാതെ, തകര്‍ന്ന ഹൃദയത്തോടെ, അന്ന് പീതാംബരന്‍ ആത്മഹത്യയ്‌ക്കൊരുങ്ങി. ഞാനുള്‍പ്പടെയുള്ളവര്‍ അന്ന് അദ്ദേഹത്തിനു ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. കാട്ടാനകള്‍ ഇനിയും കൃഷി നശിപ്പിക്കാതിരിക്കാന്‍ സോളാര്‍ ഫെന്‍സിംഗ് എന്ന സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പക്ഷേ, കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെയുള്ള നാലു കിലോമീറ്റര്‍ ദൂരത്തിന്റെ ഫെന്‍സിംഗിന് ആ തുക മതിയാവില്ല. അതിനാല്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരിമണല്‍ മുതല്‍ പൂയംകുട്ടി ഉള്‍പ്പടെയുള്ള 30 കിലോമീറ്റര്‍ ഏരിയയില്‍ ഫെന്‍സിംഗിനായി ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ ഫെന്‍സിംഗ് എന്ന പദ്ധതി നീളുന്നു,’ കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗശല്യത്തിനെതിരെ കരിമണല്‍, നീണ്ടപാറ, ചെമ്പന്‍കുഴി എന്നീ പ്രദേശത്തെ ജനങ്ങള്‍ നീണ്ടപാറയില്‍ നിന്നും ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉത്ഘാടനം ചെയ്തു സംസാരിക്കവെ പഞ്ചായത്തു പ്രസിഡന്റ് സൈജന്റ് ചാക്കോ വ്യക്തമാക്കി.

തങ്ങളുടെ ജീവനോ സ്വത്തിനോ അധ്വാനത്തിനോ യാതൊരു വിലയും നല്‍കാത്ത അധികാരികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. ഈ അവഗണന ഇനിയും സഹിക്കാവുന്നതോ പൊറുക്കാവുന്നതോ അല്ലെന്നും ശക്തമായ സമര പരിപാടികളുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും സൈജന്റ് ചാക്കോ വ്യക്തമാക്കി.



‘അന്ന്, തലനാരിഴയ്ക്കാണ് പീതാംബരന്റെ മകന്‍ രക്ഷപ്പെട്ടത്. വീടുകളില്‍ ആനകളെത്തി പാത്രങ്ങള്‍ തട്ടിയെറിയുന്നു, കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു. സന്ധ്യയായാല്‍ വീടിനു പുറത്തേക്കിറങ്ങാന്‍ പോലും കഴിയാതായിരിക്കുന്നു. റോഡില്‍ പോലും ആനകള്‍ യഥേഷ്ടം വിഹരിക്കുന്നു. പരാതികളും സമരങ്ങളും അനവധി നടത്തിക്കഴിഞ്ഞു. ഇനിയും അവഗണിക്കാനാണു ഭാവമെങ്കില്‍ സമരത്തിന്റെ രീതിമാറും. പ്രതിഷേധം കൂടുതല്‍ ശക്തമാകും. കാട്ടുമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥകളോടും മല്ലിട്ടുതന്നെയാണിവിടുത്തെ ജനങ്ങള്‍ ജീവിച്ചിട്ടുള്ളത്. അതിനാല്‍, തോറ്റുപിന്മാറാന്‍ ഭീരുക്കളല്ല ഞങ്ങള്‍. ഇനിയും ഞങ്ങളെ അവഗണിക്കാനാവില്ല,’ സൈജന്റ് ചാക്കോ വ്യക്തമാക്കി.

‘പെരിയാറിന്റെ തീരത്തുള്ള കരിമണല്‍ മുതല്‍ വരെ നീളുന്ന, 3 കിലോമീറ്റര്‍ ദൂരത്ത് ഫെന്‍സിംഗ് ഇടാന്‍ തീരുമാനമായിട്ടു കാലമേറെയായി. ഇതിന് വലിയ ചെലവു വരുന്നില്ല. ഇതിനായി പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. 50 ശതമാനം തുക സി എസ് ആര്‍ സംവിധാനം വഴിയോ മറ്റോ അനുവദിക്കണം. ബാക്കി തുക നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാല്‍ ഈ പദ്ധതി വൈകിപ്പിക്കുകയാണ്. ഇതിനിയും തുടരാനാവില്ല. ഈ മണ്ണില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഞങ്ങള്‍ക്കു മനസില്ല. ഞങ്ങളുടെ പൂര്‍വ്വികര്‍ ഇവിടെയുള്ള സകല കാട്ടുമൃഗങ്ങള്‍ക്കുമെതിരെ പോരാടി നേടിയെടുത്ത മണ്ണാണിത്. അതിനാല്‍, നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്കു ഞങ്ങളെ നയിക്കരുത്,’ സൈജന്റ് ചാക്കോ മുന്നറിയിപ്പു നല്‍കി.



നീണ്ടപാറയിലെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയും കൃഷിയിടവും സ്വത്തുവകകളും ഇവിടെയുള്ള ജീവിതം തന്നെയും ഉപേക്ഷിച്ച്, വെറും കൈയ്യോടെ ഇറങ്ങിപ്പോകേണ്ട ഒരവസ്ഥയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ധര്‍ണ്ണയില്‍ സംസാരിക്കവെ നീണ്ടപാറ പള്ളി ഇടവക വികാരി ഫാ ജോര്‍ജ്ജ് ഓണേലില്‍ അഭിപ്രായപ്പെട്ടു.

‘ജനിച്ച നാട്ടില്‍ മരിക്കുവോളം ജീവിക്കാനാഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് കാട്ടുമൃഗങ്ങളെ പേടിച്ച് ഈ നാടുവിട്ട് ഓടിപ്പോകേണ്ട അവസ്ഥയാണിപ്പോള്‍. അറുപതുകളുടെ അവസാനത്തോടെയും എഴുപതുകളുടെ ആരംഭത്തോടെയും ഇവിടെ കുടിയേറിപ്പാര്‍ത്ത കര്‍ഷകരില്‍ നിരവധിപേര്‍ക്ക് ഇപ്പോഴും പട്ടയം പോലും ലഭിച്ചിട്ടില്ല. ഇവിടെ നിന്നുമിറങ്ങിയാല്‍ എങ്ങോട്ട് എന്ന് അവര്‍ക്ക് അറിയില്ല. അന്തിയായാല്‍, നേരം പുലരും വരെ വീട്ടുമുറ്റത്തു പാറാവു നില്‍ക്കുന്ന ആനകള്‍. ഓരോരോ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും പോയവര്‍ സന്ധ്യയാവും മുന്‍പേ മടങ്ങിയെത്തിയില്ലെങ്കില്‍ ഉയരുന്ന നെഞ്ചിടിപ്പുകള്‍….!! എന്തു സുരക്ഷിതത്വമാണ് ഈ മനുഷ്യര്‍ക്കുള്ളത്…?? ഒരായുസുകൊണ്ടു നട്ടുപിടിപ്പിച്ച തെങ്ങും കവുങ്ങും കൊക്കോയും കുരുമുളകുമെല്ലാം ചവിട്ടിമെതിച്ചിട്ടിരിക്കുന്ന നെഞ്ചുകീറുന്ന കാഴ്ചകള്‍….! വെട്ടാറായ വാഴക്കുലകള്‍ നാമാവശേഷമായി കിടക്കുന്നു…! സ്വന്തം വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണിങ്ങനെ നശിച്ചു കിടക്കുന്നത്. എങ്ങനെ ജീവിക്കും മനുഷ്യരിവിടെ…?? എങ്ങനെ ഇവര്‍ തങ്ങളുടെ മക്കളെ പോറ്റും…??”


“പകലന്തിയോളം പണിയെടുത്ത് ആ അധ്വാനത്തിന്റെ ഫലമെടുക്കാനെത്തുന്നത് ആനകളും പന്നിക്കൂട്ടങ്ങളുമാണ്. ഇവിടെ നിന്നും ആരെയും ഇറക്കിവിടില്ലെന്ന് അധികാരികള്‍ പറയുന്നുണ്ട്. തങ്ങള്‍ കരംകൊടുക്കുന്ന ഭൂമിയില്‍ നിന്നും അങ്ങനെ ഇറക്കിവിടാന്‍ അധികാരികള്‍ക്കു കഴിയില്ലെന്നു ഞങ്ങള്‍ക്കുമറിയാം. പക്ഷേ, ഈ മണ്ണില്‍, സ്വന്തം അധ്വാനഫലം എടുക്കാന്‍ കഴിയാതെ, ഭക്ഷണത്തിനോ ജീവിക്കാനോ മരുന്നിനോ മാര്‍ഗ്ഗമില്ലാതെ ഇനി എത്രനാള്‍ ഇവര്‍ക്കിവിടെ കഴിയാനാകും…?? ഈ ഫോറസ്റ്റ് ഓഫീസ് ആനകളും കാട്ടു പന്നികളും വളഞ്ഞാല്‍, അവയ്ക്കു നടുവിലിരുന്ന് എത്രനേരം ജോലി ചെയ്യാന്‍ കഴിയും ഉദ്യോഗസ്ഥര്‍ക്ക്…?? കപ്പയും ചേനയും ചേമ്പും തേങ്ങയുമെല്ലാം വിളയിച്ചെടുക്കേണ്ട മണ്ണ് ആനകളുടേയോ കാട്ടുപന്നികളുടേയോ പെരുമ്പാമ്പുകളേയോ മറ്റുകാട്ടു മൃഗങ്ങളുടെയോ വിഹാര ഭൂമിയാക്കി മാറ്റുവാന്‍ ഒരു കര്‍ഷകനും ആഗ്രഹിക്കുന്നില്ല. കൃഷി ചെയ്യുവാനായി കൃഷി ഭൂമിയിലേക്ക് ഇറങ്ങുവാനോ കുട്ടികള്‍ക്ക് പുറത്തിറങ്ങി കളിക്കുവാനോ പോലും പേടിയാണിന്ന്. പുറത്ത് പതിയിരിക്കുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണം ഏതു നിമിഷവുമുണ്ടായേക്കാം. മരണം പതിയിരിക്കുന്ന ഈ ഭൂമിയില്‍ ജനജീവിതം സാധ്യമാകുന്നത് എങ്ങനെ…??’ ഫാ ജോര്‍ജ്ജ് ഓണേലില്‍ ചോദിച്ചു. കര്‍ഷകന്റെ തീരാത്ത കണ്ണീരിനെയും കത്തിയെരിയുന്ന സ്വപ്നങ്ങളെയും മോഹങ്ങളെയും ഓര്‍മ്മപ്പെടുത്തുന്ന മുരുകന്‍ കാട്ടാക്കടയുടെ കണ്ണട എന്ന കവിതസമാഹാരത്തിലെ ‘ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്’ എന്ന കവിതയിലെ നാലു വരികളും അദ്ദേഹം മനോഹരമായി ചൊല്ലി.
കൃഷിഭൂമിയിലേക്ക് കാട്ടുമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ ചെയ്യേണ്ട ഫെന്‍സിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തിക്കിട്ടാനുള്ള സാങ്കേതിക വശങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയേണ്ടതില്ല. നിങ്ങളെപ്പോലെ തന്നെ ഈ ഭൂമിയില്‍ മാന്യമായി ജീവിക്കാന്‍ അവകാശമുള്ളവരാണ് ഞങ്ങളും. അധികാരികളെ അക്കാര്യം ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ നടുറോഡില്‍ ഞങ്ങള്‍ ധര്‍ണ്ണ നടത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി അവര്‍ക്കു സ്വസ്ഥമായി ജീവിക്കുവാനുള്ള അവകാശം അധികാരികള്‍ നല്‍കിയേ തീരൂ. അതല്ലെങ്കില്‍, ഈ സൂചന സമരത്തിനുമപ്പുറം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും അവകാശങ്ങള്‍ നേടിയെടുക്കാനും ശക്തരാണ് കര്‍ഷകരെന്ന കാര്യം അധികാരികള്‍ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഫാ ജോര്‍ജ്ജ് ഓണേലില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

പകലന്തിയോളം കഷ്ടപ്പെട്ടു പണിയെടുത്തതിന്റെ ഫലമായി ഉണ്ടാക്കിയെടുത്ത ഈ മണ്ണുവിട്ട് എവിടേക്കും ഇറങ്ങിപ്പോകാന്‍ കര്‍ഷകര്‍ക്കു മനസില്ലെന്നും അങ്ങനെ ഭയന്നോടുന്നവരല്ല ഇവിടെയുള്ള കര്‍ഷകരെന്നും ധര്‍ണ്ണയില്‍ സംസാരിക്കവെ ചെമ്പന്‍കുഴി പള്ളി വികാരി ഫാ സ്റ്റീഫന്‍ മാത്യു പറഞ്ഞു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആനയും കാട്ടുപന്നിയും മറ്റുമൃഗങ്ങളും വിഹരിക്കുന്ന ഈ പ്രദേശത്തേക്ക് സ്വന്തം പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘അധികാരികളെന്നാല്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്നതാണ്. ജനങ്ങള്‍ക്കാണോ മൃഗങ്ങള്‍ക്കാണോ പ്രാധാന്യം കൊടുക്കുന്നത്? നിയമം കടലാസില്‍ പോരാ, പ്രാവര്‍ത്തികമാക്കാന്‍ കഴിയണം’ ധര്‍ണ്ണയില്‍ സംസാരിക്കവെ ജോയ് എസ്‌തോസ് എന്ന പൊതുപ്രവര്‍ത്തകന്‍ അബിപ്രായപ്പെട്ടു.



മുന്‍ പഞ്ചായത്തു മെംബര്‍ ഗ്രേസി അധ്യക്ഷയായിരുന്നു. കവളങ്ങാട് വൈസ് പ്രസിഡന്റ്, മെമ്പര്‍ സന്ധ്യ ജെയ്‌സന്‍, കര്‍ഷക സമിതി നേതാക്കള്‍, ആര്‍ എസ് പി ശശി, ജോയ് എസ്‌തോസ് തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ സംസാരിക്കുകയുണ്ടായി. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും തങ്ങള്‍ക്കും തങ്ങളുടെ കൃഷിഭൂമിക്കും ആവശ്യമായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ചെമ്പന്‍കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബാലകൃഷ്ണന് സമര്‍പ്പിച്ചു. നീണ്ടപാറയില്‍ നിന്നും കാല്‍നടയായി നടത്തിയ പ്രതിഷേധ ജാഥയില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു