Headlines

ചിത്രയെപ്പോലും സ്വാധീനിക്കാനായെങ്കില്‍ ഭയക്കണം, അപകടം തൊട്ടടുത്തെത്തിക്കഴിഞ്ഞു

ജെസ് വര്‍ക്കി തുരുത്തേല്‍

‘എല്ലാവരെയും പരീക്ഷിച്ചില്ലേ, ഞങ്ങള്‍ക്കുമൊരവസരം തന്നുകൂടെ?’ എന്ന യാചനയുമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പു ഗോദയിലേക്ക് പലതവണ ഇറങ്ങിയ ബി ജെ പി ഇന്ന് എതിരാളികളില്ലാത്ത വിധം വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനമുറപ്പിക്കാന്‍ അവര്‍ക്കു സാധിച്ചെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും നാളിതുവരെയും ഈ പാര്‍ട്ടിയെ സ്വന്തം മണ്ണില്‍ കാല്‍കുത്താന്‍ അനുവദിച്ചിട്ടില്ല.

1951 ഒക്ടോബര്‍ 21 ന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ആര്‍ എസ് എസിന്‍രെ രാഷ്ട്രീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാപാര്‍ട്ടി. 1980 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍കൃഷ്ണ അദ്വാനിയും ഭൈരോണ്‍ സിംഗ് ശെഖാവത്തും ചേര്‍ന്നാണ് ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. എ ബി വാജ്‌പേയി ആയിരുന്നു ബി ജെ പിയുടെ ആദ്യപ്രസിഡന്റ് (അവലംബം വിക്കിപീഡിയ).

വാജ്‌പേയിക്ക് ഒരു മനുഷ്യമുഖമുണ്ടായിരുന്നു. വര്‍ഗ്ഗീയ കലാപങ്ങളെ അദ്ദേഹം അതിശക്തമായ രീതിയില്‍ അടിച്ചമര്‍ത്തിയിരുന്നു. ബ്ലൂസ്റ്റാര്‍ നടപടിയെ അദ്ദേഹം അതിശക്തമായി എതിര്‍ത്തിരുന്നു. 1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ കലാപത്തെ എതിരിടുന്നതിലും വാജ്‌പേയി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, വാജ്‌പേയിയുടെ സൗമ്യമുഖമായിരുന്നില്ല, ബി ജെ പിയിലെ മറ്റു നേതൃത്വങ്ങള്‍ക്ക്.

സംഘപരിവാര്‍, വിശ്വഹിന്ദു പരിഷത്, ബി ജെ പി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ത്തതോടെ, ഇന്ത്യയിലെ ഇന്ത്യയിലെ ഹിന്ദു മുസ്ലീം ബന്ധം കൂടുതല്‍ വഷളായി. ഇന്ത്യയിലെങ്ങും അതിരൂക്ഷമായ അക്രമങ്ങള്‍ അരങ്ങേറി. മതവികാരം ആളിക്കത്തിക്കുകയും മുസ്ലീം വിരോധം ജനമനസുകളില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തുകൊണ്ട് ബി ജെ പി ഇവിടെ ഇന്ത്യയുടെ പരമാധികാരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. അക്കാലം തൊട്ട് ഇന്നോളം ബി ജെ പി ശ്രമിക്കുന്നതും ഇന്ത്യയൊട്ടാകെയുള്ള സര്‍വ്വാധിപത്യത്തിനാണ്. എന്നാല്‍, എത്രയേറെ ശ്രമിച്ചിട്ടും തമിഴ്‌നാടും കേരളവും കീഴടക്കാന്‍ നാളിതുവരെ ബി ജെ പിയ്ക്കു കഴിഞ്ഞിട്ടില്ല.

മതവികാരം അതിശക്തമായി ആളിക്കത്തിച്ചിട്ടും കേരളത്തിലെ ജനങ്ങളുടെ മനസുകളിലേക്ക് വിദ്വേഷത്തിന്റെ വിത്തുമുളപ്പിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. മതത്തിനും ഭാഷയ്ക്കുമെല്ലാം അതീതമായി കേരളീയ മനസുകളില്‍ പരസ്പരമുള്ള ഐക്യവും സ്‌നേഹവും രൂഢമൂലമായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളുമെല്ലാം എല്ലാമതസ്ഥരും ഒരുമിച്ചു കൊണ്ടാടുന്ന കേരളീയ മനസുകളില്‍ വര്‍ഗ്ഗീയതയുടെ തീകോരിയിടാന്‍ ബി ജെ പി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

കേരളത്തെ പ്രളയം തകര്‍ത്തെറിഞ്ഞപ്പോള്‍, ജാതിയോ മതമോ കുലമോ നോക്കാതെ രക്ഷാദൗത്യവുമായി മുന്നിട്ടിറങ്ങിയ മലയാളിയുടെ ഐക്യം വര്‍ഗ്ഗീയ വാദികളിലുണ്ടാക്കിയ അങ്കലാപ്പ് ചെറുതായിരുന്നില്ല. കേരളത്തെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാന്‍ തക്കംപാര്‍ത്തിരുന്നവര്‍ക്കു കിട്ടിയ കനത്ത അടിയായിരുന്നു, ദുരന്തമാണെങ്കില്‍പ്പോലും പ്രളയം. അന്ന്, വര്‍ഗ്ഗീയവാദികള്‍ കേരളത്തിലെ ജനങ്ങളുടെ സംഘബലമറിഞ്ഞു.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയായിരുന്നു ബി ജെ പിയും സംഘപരിവാര്‍ ശക്തികളും. അന്ന് കേരളം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറി. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ന്നടിയുമെന്ന അവസ്ഥയുണ്ടായി. കോണ്‍ഗ്രസിന്റെ നിലപാടുകളോരോന്നും വര്‍ഗ്ഗീയ ശക്തികളെ പിന്തുണയ്ക്കുന്നവയായിരുന്നു. ഓരോ മനുഷ്യരും ജനനം മുതല്‍ അവര്‍ പിന്തുടരുന്ന ദൈവ സങ്കല്‍പ്പങ്ങളുണ്ട്. ആ ദൈവസങ്കല്‍പ്പങ്ങളെ വ്രണപ്പെടുത്തിയും വര്‍ഗ്ഗീയത അടിച്ചേല്‍പ്പിച്ചും കേരളം പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്.

ഇപ്പോഴിതാ, യാതൊരു വര്‍ഗ്ഗീയ അജണ്ടകളുമില്ലാത്ത മനുഷ്യരുടെ മനസില്‍ പോലും നിഷ്‌കളങ്കമെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ മതവികാരങ്ങള്‍ പൊന്തിവരുന്നു. കെ എസ് ചിത്ര എന്ന കേരളത്തിന്റെ വാനമ്പാടി, നിഷ്‌കളങ്ക രക്തത്തില്‍ തീര്‍ത്ത രാമരാജ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നത് എത്രത്തോളം പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിക്കടിയുള്ള കേരള സന്ദര്‍ശനം പറയാതെ പറയുന്നുണ്ട്.

ഇവിടെ, ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ ധ്രുവീകരണമുണ്ടാക്കി, തങ്ങള്‍ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നവരാണെന്നും മതേതരമൂല്യങ്ങള്‍ കാത്തുപരിപാലിക്കുന്നവരാണെന്നുമുള്ള പുകമറ സൃഷ്ടിച്ച്, കേരളത്തില്‍ സ്ഥാനമുറപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം. ഗായിക ചിത്ര നാളിതുവരെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ല. ഒരഭിപ്രായവും ഇന്നേവരെ എങ്ങും രേഖപ്പെടുത്തിയിട്ടുമില്ല. ആ ചിത്രയുടെ മനസില്‍ പോലും ചലനങ്ങളുണ്ടാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്കു കഴിഞ്ഞുവെങ്കില്‍, കേരളീയര്‍ കരുതിയിരുന്നേ തീരൂ. ഇവിടെയുള്ള മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അവര്‍ നടത്തുന്ന കുതന്ത്രങ്ങള്‍ മനസിലാക്കണം, കാരണം അപകടം തൊട്ടരികിലെത്തിക്കഴിഞ്ഞു.

……………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


………………………………………………………………………………..



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു