Headlines

ഞങ്ങള്‍ക്ക് വിവാഹം നിഷേധിക്കുന്നത് കടുത്ത നീതികേട്: സഹയാത്രിക

Jess Varkey Thuruthel

ക്വിയര്‍ കമ്മ്യൂണിറ്റിയുടെ വിവാഹം സംബന്ധിച്ച ഹര്‍ജ്ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന ദിവസമാണിന്ന്. ട്രാന്‍സ് ജന്റര്‍ വിഭാഗം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിനം. എന്നാല്‍, സ്വന്തമായി കുടുംബങ്ങളുള്ള, കുടുംബത്തിന്റെ കെട്ടുറപ്പില്‍ നിന്നും സുരക്ഷിതത്വത്തില്‍ നിന്നും കടന്നു വന്ന മനുഷ്യര്‍ പറയുന്നു, ഇവര്‍ക്ക് കുടുംബ ജീവിതം അനുവദിക്കാനാവില്ല എന്ന്! ഇതേക്കുറിച്ച് തൃശൂര്‍ സഹയാത്രികയിലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്വാതിക സംസാരിക്കുന്നു.

വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തിയുടേയും ഇഷ്ടമാണ്. ആ ഇഷ്ടത്തിനു വിലങ്ങു തടിയാകുന്നത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ക്വിയര്‍ മനുഷ്യരും തുല്യരാണ് എന്ന് വാതോരാതെ സംസാരിക്കുകയാണ് സര്‍ക്കാരും സമൂഹവും. പക്ഷേ, സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹ കാര്യം വരുമ്പോള്‍ എല്ലാവരും പിന്‍മാറുന്നു. ഇനിയുമെത്ര കാലം ഞങ്ങള്‍ പോരാടണം, ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ക്കനുവദിച്ചു കിട്ടാന്‍?

ഞങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റോ സുപ്രീം കോടതിയോ ആരുമായിക്കൊള്ളട്ടെ. പക്ഷേ, ഈ സംവിധാനങ്ങളിലെല്ലാമുള്ളത് മനുഷ്യര്‍ തന്നെയല്ലേ? അവര്‍ ഈ ഇന്ത്യയില്‍ താമസിക്കുന്നവരല്ലേ? ക്വിയര്‍ ജീവിതത്തെക്കുറിച്ചും അവര്‍ ഈ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അറിയാത്തവരല്ലല്ലോ അവര്‍? എന്നിട്ടും എന്തിനാണ് ഞങ്ങളുടെ അവകാശങ്ങള്‍ തടഞ്ഞുവയ്ക്കുന്നത്?

സ്വന്തമായി കുടുംബമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരും. ഞങ്ങളെ ചേര്‍ത്തണയ്ക്കാന്‍ ഒരു കുടുംബമുണ്ടാവണം എന്നത് ഞങ്ങളുടെ ഏറ്റവും തീവ്രമായ ആഗ്രഹമാണ്. ഞങ്ങളുടെ അവകാശമാണ് നിയമത്തിന്റെയും വ്യവസ്ഥിതിയുടേയും പേരുപറഞ്ഞ് നിഷേധിക്കുന്നത്.

പുരോഗമന ചിന്താഗതികളുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യരാണ് ഞങ്ങളുടെ അവകാശം നിഷേധിച്ചിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ ഇനിയെങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് ഞങ്ങള്‍ക്കറിയില്ല. ഈ 2023 ആയിട്ടു പോലും ഞങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി പോരാടണമെന്നത് എത്രയോ ദയനീയമാണ്!

പേരും പ്രശസ്തിയും സമ്പത്തുമുണ്ടാക്കാന്‍ ഞങ്ങളെ കരുവാക്കുന്ന നിരവധി മനുഷ്യരുണ്ട്. ഞങ്ങളെക്കുറിച്ചു പലതുമെഴുതി സോഷല്‍ മീഡിയ വഴി പ്രചരിപ്പിച്ച് പേരെടുക്കുന്നവരുമുണ്ട്. പക്ഷേ, ഞങ്ങളോടു ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുകയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ വളരെ കുറവാണ്.

ട്രാന്‍സ് മനുഷ്യരുടെ ജീവിത ശൈലിയില്‍ ഇതുവരെയും യാതൊരു മാറ്റവും വന്നിട്ടില്ല. ജീവിക്കാനായി കഴിഞ്ഞ നാലഞ്ചു വര്‍ഷം മുന്‍പ് ഞങ്ങള്‍ എന്തു തൊഴിലാണോ എടുത്തത്, അതേ തൊഴിലു തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നത്. അതിനൊരു മാറ്റവും ഇവിടെ വന്നിട്ടില്ല. ഒരു ജോലി കിട്ടുക എന്നത് ക്വിയര്‍ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇന്നും അപ്രാപ്യമാണ്. ഞങ്ങള്‍ മാറ്റുരയ്ക്കാന്‍ ആഗ്രഹിക്കുന്നതു കഴിവുകളാണ്. ഞങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍, ചെയ്യുന്ന ജോലിയുടെ മികവനുസരിച്ച്, ഞങ്ങളെ ജോലിക്കെടുക്കാന്‍ എന്താണ് ഈ സമൂഹം ഇന്നും വിമുഖത കാണിക്കുന്നത്?

സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി തീരുമാനത്തിന്റെ വാര്‍ത്തയ്ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചാല്‍ അറിയാം ഈ സമൂഹം എത്രമാത്രം പുരോഗമിച്ചിട്ടുണ്ട് എന്നത്. ഞങ്ങളുടെ വിവാഹം നിയമപരമായി സാധൂകരിച്ചിരുന്നുവെങ്കില്‍ നിരവധി ക്വിയര്‍ മനുഷ്യര്‍ രക്ഷപ്പെടുമായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഒരു സ്ഥലമില്ലാത്തതിനാലാണ് ലിവിംഗ് ടുഗതര്‍ എന്നതിലേക്ക് പോകുന്നത്. പക്ഷേ, സ്‌നേഹവും സാന്ത്വനവും ചേര്‍ത്തണയ്ക്കലും പ്രതീക്ഷിച്ച് ഒരുമിച്ചു ജീവിക്കുന്ന ഞങ്ങളെ പറ്റിച്ചിട്ടു പോകുകയാണ് ഇവര്‍ ചെയ്യുന്നത്. ഞങ്ങള്‍ കഷ്ടപ്പെട്ടു സമ്പാദിക്കുന്നതു കൂടി പിടിച്ചു പറിച്ചു കൊണ്ടു പോകുന്നു. ഇതിനെതിരെ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍, പോലീസുകാരുടെ ആദ്യത്തെ ചോദ്യം നിങ്ങള്‍ നിയമപരമായി വിവാഹം കഴിച്ചവരാണോ എന്നാണ്. അതിനിവിടെ സംവിധാനമില്ല എന്ന് എല്ലാവര്‍ക്കുമറിയാം.

നിയമപരമായി വിവാഹം കഴിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നുവെങ്കില്‍ ഞങ്ങളെ ഇങ്ങനെ കബളിപ്പിച്ചു കൊണ്ടുപോകാന്‍ ഇവര്‍ക്കു കഴിയില്ലായിരുന്നു. ഞങ്ങളുടെ അന്നവും സമ്പാദ്യവുമെല്ലാം പങ്കിട്ടു കൂടെ ജീവിച്ച മനുഷ്യന്‍ ഒരു സുപ്രഭാതത്തില്‍ ഞങ്ങളെ ചതിച്ചിട്ടു പോകുമ്പോള്‍ ഞങ്ങള്‍ ഒന്നുമില്ലാത്തവരായിപ്പോകുകയാണ്. ഈ അനീതിക്കെതിരെ പരാതിപ്പെടാന്‍ പോലും ഞങ്ങള്‍ക്കു കഴിയുന്നില്ല. ഒരുമിച്ചു ജീവിച്ചവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും ഞങ്ങള്‍ നല്‍കിയതെല്ലാം സുഹൃത്തിനു നല്‍കിയതു പോലെയാണെന്നുമാണ് അധികാരികള്‍ പറയുന്നത്. ഞങ്ങളെ പിന്തുണയ്ക്കാനും ആരുമില്ല. നിയമവും ഞങ്ങള്‍ക്കു തുണയായിട്ടില്ല. ഇപ്പോള്‍ സുപ്രീം കോടതിയും ഞങ്ങളെ കൈവിട്ടിരിക്കുന്നു, സ്വാതിക പറഞ്ഞു നിറുത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു