ഇത് സദാചാരകുഷ്ഠം ബാധിച്ചവര്‍ക്കേറ്റ കനത്ത തിരിച്ചടി….! പുതിയ തലമുറ ഇങ്ങനെയാണ് ഭായ്…..!!

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

സദാചാരമെന്ന കുഷ്ഠം ബാധിച്ച സകല മലയാളികളുടെയും ചെകിട്ടത്തേറ്റ കനത്ത അടിയാണ് ഈ ചിത്രം. നമ്മള്‍ മലയാളികളല്ലേ, അടക്കവും ഒതുക്കവും പാലിക്കേണ്ടവരല്ലേ, മാനം മര്യാദയ്ക്കു ജീവിക്കേണ്ടവരല്ലേ, നമ്മുടെ സംസ്‌കാരമെന്താണെന്ന് അറിയില്ലേ എന്ന വാദഗതികളുമായി എത്തുന്ന ആണുങ്ങളും പെണ്ണുങ്ങളും ചെകിടു പൊത്തി നില്‍ക്കുന്നുണ്ടാവും….! കിട്ടിയതിന്റെ വേദന അത്രയെളുപ്പമൊന്നും അവര്‍ക്കു മറക്കാന്‍ കഴിയില്ല. പക്ഷേ, അത്രയെളുപ്പം സദാചാര കുഷ്ഠം ഇവരുടെ മനസില്‍ നിന്നും മാറുകയില്ല. കാരണം, മരിച്ചാലും ഈ രോഗം ഇവരുടെ മജ്ജയിലും മാംസത്തിലും പടര്‍ന്നു പിടിച്ചു കിടക്കുക മാത്രമല്ല, മറ്റുള്ളവരുടെ ദേഹമൊട്ടാകെ ആ പഴുപ്പും ചലവും പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും.

എങ്കിലും, പുതിയ തലമുറയിലെ ഈ കുട്ടികള്‍ ഒരു പ്രതീക്ഷയാണ്…. മതവും ജാതിയും സദാചാരവും വഴിപിഴച്ച രാഷ്ട്രീയവും ഒരുമിച്ചെതിര്‍ത്തു നിന്നാലും നിസ്സാരമായി അതിനെ നേരിടാന്‍ തങ്ങള്‍ക്കാവുമെന്നു തെളിയിക്കുകയാണ് ഈ തലമുറ. സദാചാരം വിളമ്പുന്ന സകല കുഷ്ഠങ്ങള്‍ക്കു മുന്നിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കണം. പൊട്ടിയൊഴുകട്ടെ മനസിലെ വ്രണമത്രയും.

സംഭവം നിസ്സാരമാണ്. തിരുവനന്തപുരത്തുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവരുടെ കോളജിനടുത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡില്‍ ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയാറുണ്ട്. അവിടത്തെ സദാചാര പൊലീസിന് അത് തീരെ രുചിച്ചില്ല. അവര്‍ ഷെഡ്ഡിലെ സ്റ്റീല്‍ ബെഞ്ച് മുറിച്ച് വികൃതമാക്കി. അതോടെ രണ്ടുപേര്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ സാധിക്കില്ല എന്ന സ്ഥിതിയായി.

കുരുപൊട്ടിയ ആങ്ങളമാര്‍ക്ക് പുതിയ തലമുറയിലെ ചുണക്കുട്ടികളെ ശരിക്കറിയില്ലായിരുന്നു. അവര്‍ പരസ്പരം ആലിംഗനം ചെയ്തും മടിയിലിരുന്നും പ്രതിഷേധിച്ചു. അതുകണ്ട നേരാങ്ങളമാര്‍ ചങ്കുതല്ലി മരിച്ചിട്ടുണ്ടാവും.

സന്ദീപ് ദാസ് പറയുന്നു, ‘മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടാന്‍ എന്തിനാണ് ചിലര്‍ ഇത്ര ഉത്സാഹം കാട്ടുന്നത്? രണ്ട് വ്യക്തികള്‍ ഒന്നിച്ചിരിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യട്ടെ. അവര്‍ നമ്മുടെ നെഞ്ചത്തല്ല ഇരിക്കുന്നത്. അത് നമ്മളെ ബാധിക്കുന്ന വിഷയമേയല്ല. പിന്നെ എന്തിനാണ് ഈ അസഹിഷ്ണുത?

കേരളത്തിന് ഒരു സംസ്‌കാരമുണ്ട് എന്ന ഡയലോഗ് സദാചാരക്കമ്മിറ്റിക്കാര്‍ സ്ഥിരം ഇറക്കാറുള്ളതാണ്. അന്യരുടെ സ്വകാര്യതയെ മാനിക്കുക എന്നതാണ് ഏറ്റവും മഹത്തായ സംസ്‌കാരം. മനുഷ്യരെ തെറിവിളിക്കുന്നതും തല്ലിയോടിക്കുന്നതും നല്ല സംസ്‌കാരത്തിന്റെ പരിധിയില്‍ വരില്ല.’

 

കമിതാക്കള്‍ മാത്രമല്ല ഈ മോറല്‍ പോലീസിംഗിന് ഇരയാകുന്നത്. ഒരാണും പെണ്ണും, അത് ആരുമായിക്കൊള്ളട്ടെ, ഒരുമിച്ചിരിക്കുന്നതോ നടക്കുന്നതോ സംസാരിക്കുന്നതോ കണ്ടാല്‍ സദാചാര വ്രണം പൊട്ടിയൊഴുകും.

ഈ പ്രശ്‌നത്തിന്റെ കാതല്‍ കിടക്കുന്നത് അസംതൃപ്തിയിലാണ്. കടുത്ത മതചിന്തയിലും വിശ്വാസത്തിലും ജീവിക്കുന്ന മനുഷ്യര്‍ ആണ്‍പെണ്‍ സൗഹൃദം പോലും പാപമായി കരുതുന്നു. മരണശേഷം കിട്ടുന്ന സ്വര്‍ഗ്ഗ സൗഭാഗ്യങ്ങളും പ്രതീക്ഷിച്ച് ഭൂമിയില്‍ ജീവിതം നരകതുല്യം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യരുടെ മുന്നിലേക്കാണ് ചിരിച്ചുല്ലസിച്ച് അതീവ സന്തോഷത്തോടെ ഈ മനുഷ്യരെത്തുന്നത്. സഹിക്കുമോ ഇവര്‍ക്ക്….?? തങ്ങളിവിടെ കടുത്ത ലൈംഗിക ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച് സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള ഒരുക്കത്തില്‍ കഴിയുമ്പോള്‍ അതാ ചില സ്ത്രീകള്‍ അവരവര്‍ക്കിഷ്ടപ്പെടുന്ന വസ്ത്രങ്ങളും ധരിച്ചെത്തുന്നു….! ചുറ്റിയടിക്കുന്നു, നൃത്തമാടുന്നു. കെട്ടിപ്പിടിക്കുന്നു, ഉമ്മ വയ്ക്കുന്നു….. ചത്തു മണ്ണടിഞ്ഞ ശേഷം കിട്ടുമെന്നു പറയുന്നതെല്ലാം ഇവിടെ ഈ ഭൂമിയില്‍ അനുഭവിക്കുന്നു. സഹിക്കുമോ ഇവര്‍ക്ക്…??

സ്‌നേഹമെന്നാല്‍, പ്രണയമെന്നാല്‍, പോണ്‍സൈറ്റുകളിലെ കാമകേളികളാണെന്നു ധരിച്ചു വച്ചിരിക്കുന്ന മനുഷ്യരോട് ലൈംഗികതയുടെ മഹത്വത്തെപ്പറ്റി എന്തു പറയാനാണ്…?? ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ പരസ്പരം സംസാരിക്കുന്നതു പോലും പല സ്‌കൂളുകളിലും വിലക്കുണ്ട്. അധ്യാപകരാണ് എന്നതൊന്നും വിഷയമല്ല, മനസ് മലീമസമാണ് പലരുടെയും.

സ്‌നേഹ ബഹുമാനങ്ങളോടെ, രണ്ടു വ്യക്തികള്‍ തമ്മില്‍ ഏര്‍പ്പെടുന്ന ഒരു പ്രക്രിയയാണ് ലൈംഗികത. ഈയര്‍ത്ഥത്തില്‍ സെക്‌സിനെ സമീപിച്ചാല്‍ ഈ ലോകത്തില്‍ കിട്ടാവുന്ന സുഖ സന്തോഷങ്ങളില്‍ ഏറ്റവും മനോഹരമാണത്. പക്ഷേ, തങ്ങളത് അനുഭവിക്കില്ലെന്നും മറ്റുള്ളവരെ അതനുഭവിക്കാന്‍ അനുവദിക്കില്ലെന്നും സദാചാര മതവിശ്വാസികള്‍ ശപഥം ചെയ്തിട്ടുണ്ട്.

ആണെന്താണെന്ന്, പെണ്ണെന്താണെന്ന് പരസ്പരം ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് മനുഷ്യര്‍ പഠിച്ചേ തീരൂ. 24 മണിക്കൂറും മതം വിഴുങ്ങി നടക്കുന്നവര്‍ക്ക് അതറിയണമെന്നില്ല. ഈ ഭൂമിയില്‍ സുലഭമായി കിട്ടുന്ന സന്തോഷ നിമിഷങ്ങളെയപ്പാടെ തല്ലിക്കെടുത്തി മനുഷ്യമനസില്‍ വെറുപ്പും വൈരാഗ്യവും പകയും നിറച്ച്, പറ്റുമെങ്കില്‍ അപരന്റെ കഴുത്തില്‍ കത്തിവച്ച് സദാചാര-മതവിശ്വസ പോലീസുകള്‍ ഇവിടെ അഴിഞ്ഞാടുകയാണ്…… സ്വര്‍ഗ്ഗത്തില്‍ ഒഴുകുന്ന തേനും പാലും കുടിച്ച് അര്‍മ്മാദിക്കാന്‍….. ഈ വിഢിത്തത്തിനു കുട പിടിക്കാന്‍ ഈ തലമുറയെ കിട്ടില്ല എന്നെങ്കിലും മനസിലാക്കുക…. മനസിലെ കുഷ്ഠത്തിന്റെ പൊട്ടിയൊഴുകല്‍ അത്രമേല്‍ തീവ്രമാണെങ്കില്‍ ഒറ്റയ്‌ക്കൊരു മുറിയില്‍ സ്വയം ബന്ധിക്കുക, പുറത്തിറങ്ങരുത്….. കാരണം, പേപ്പട്ടിയെക്കാള്‍ മാരകമാണ് സദാചാര കുഷ്ഠം ബാധിച്ച മനുഷ്യജീവികള്‍.


Leave a Reply

Your email address will not be published. Required fields are marked *