നിയമാവലി അനുസരിക്കാന്‍ വയ്യാത്തവര്‍ എന്തിനാണ് നീറ്റ് പരീക്ഷ എഴുതുന്നത്….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉരിഞ്ഞു മാറ്റി പരീക്ഷ എഴുതിച്ചു എന്നു കേട്ട പാതി കേള്‍ക്കാത്ത പാതി പത്രങ്ങളുടെ ധര്‍മ്മമപ്പാടെ ഉണര്‍ന്നെഴുന്നേറ്റു. സദാചാര കേരളത്തില്‍ പെണ്‍കുട്ടികള്‍ ഇത്രമേല്‍ അപമാനിക്കപ്പെടുകയോ….?? അടിവസ്ത്രമില്ലാതെ പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുകയോ…! ഹോ, ഭയങ്കരം…!! പക്ഷേ, ആരും ഈ പെണ്‍കുട്ടികളോടു ചോദിച്ചതായി കേട്ടില്ല, നിങ്ങള്‍ നീറ്റ് പരീക്ഷയുടെ നിയമാവലി ശ്രദ്ധാ പൂര്‍വ്വം വായിച്ചിരുന്നോ എന്ന്…?? ആ നിയമാവലി പാലിച്ചു പരീക്ഷ എഴുതാന്‍ നിങ്ങള്‍ തയ്യാറാവതിരുന്നത് എന്ത് എന്ന്….??

ഇന്ത്യയില്‍ മെഡിക്കല്‍ ഡെന്റല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കാനായി നടത്തപ്പെടുന്ന പരീക്ഷയാണ് നീറ്റ് അഥവാ National Eligibility-cum-Entrance Test (NEET). ഈ പരീക്ഷയുടെ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ് (National Testing Agency-NTA). NTA യ്ക്കു മുന്‍പ് ഈ പരീക്ഷ നടത്തിയിരുന്നത് സി ബി എസ് ഇ ആയിരുന്നു. ഇന്ത്യയിലെ 90,000 മെഡിക്കല്‍ ഡന്റല്‍ സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഓരോ വര്‍ഷവും നടത്തപ്പെടുന്ന പരീക്ഷയാണിത്.

ഡോക്ടറായാല്‍ എല്ലാം തികഞ്ഞു എന്നു കരുതുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട് ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍. മെഡിക്കല്‍ സീറ്റിനായി കോടികള്‍ വാരിയെറിയാന്‍ പോലും മടിയില്ലാത്തവര്‍. ഇത്തരത്തില്‍ കാശു വാരിയെറിയാന്‍ മടിയില്ലാത്തവരില്‍ ക്രിമിനല്‍ ബുദ്ധിയുള്ളവരും ധാരാളമുണ്ട്. പരീക്ഷയില്‍ തിരിമറികള്‍ നടത്തി സര്‍ക്കാര്‍ കോളജുകളില്‍ അഡ്മിഷന്‍ നേടാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവര്‍. എത്ര കര്‍ക്കശമായി പരീക്ഷ നടത്തിയാലും പരീക്ഷ ക്രമക്കേടുകള്‍ ഉണ്ടാകാറുണ്ട്. പരീക്ഷാ പേപ്പര്‍ ചോര്‍ത്തല്‍ മുതല്‍ ആള്‍മാറാട്ടം വരെ നിരവധി ക്രമക്കേടുകള്‍.

നീറ്റ് പരീക്ഷ ആരംഭിച്ചത് 2013-ലാണ്. മെഡിക്കല്‍ ഡെന്റര്‍ പ്രവേശനത്തിനായി ഇന്ത്യയിലപ്പാടെ ഒരൊറ്റ പരീക്ഷ. പല ഓര്‍ഡറില്‍ ചോദ്യങ്ങള്‍ ഉള്ള ചോദ്യപ്പേപ്പറുകള്‍ (ഒരാള്‍ക്ക് കിട്ടുന്ന ഒന്നാമത്തെ ചോദ്യമാവില്ല മറ്റൊരാളുടെ ഒന്നാമത്തെ ചോദ്യം) തുടങ്ങി പല സുരക്ഷാസംവിധാനങ്ങളും ഈ പരീക്ഷയിലുണ്ട്. എന്നിട്ടും 2015 NEET പരീക്ഷയില്‍ വ്യാപകമായി ചീറ്റിങ് നടന്നു. രാജസ്ഥാനില്‍ 90 ചോദ്യങ്ങളുടെ ഉത്തരം പുറത്തുനിന്ന് ആള്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലൂടൂത്ത് ഡിവൈസിലൂടെയും മറ്റും പറഞ്ഞുകൊടുത്തു! അത് എഴുതിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ മുന്നിലെത്തി….!

രാജസ്ഥാനിലെ കള്ളത്തരം പിടിക്കപ്പെട്ടു എന്നേയുള്ളൂ! മറ്റൊരുപാട് ഇടങ്ങളില്‍ ചീറ്റിങ് നടന്നിട്ടുണ്ടാവണം. 2013,14 വര്‍ഷങ്ങളിലും അതിന് മുന്‍പും ഇത്തരത്തില്‍ നിരവധി കള്ളത്തരങ്ങള്‍ ഉണ്ടായിട്ടുണ്ടാവണം. ഇന്ന് ഡോക്ടര്‍മാരായി സമൂഹത്തില്‍ മാന്യന്മാരായി കഴിയുന്ന ചിലരെങ്കിലും ഒരുപക്ഷേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കള്ളത്തരം കാണിച്ച് ഒരു പാവം വിദ്യാര്‍ത്ഥിയുടെ സീറ്റ് തട്ടിയെടുത്തിട്ടുണ്ടാവാം!

എന്തായാലും 2015ലെ പ്രശ്‌നത്തെത്തുടര്‍ന്ന് NEET പരീക്ഷ സുപ്രീം കോടതി കാന്‍സല്‍ ചെയ്യുകയും പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
അതിനെത്തുടര്‍ന്നാണ് എല്ലാ പരീക്ഷ സെന്ററിലും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള സ്‌കാനിങ് നടത്തണമെന്നും വാച്ചോ, കാല്‍ക്കുലേറ്ററോ, ആഭരണങ്ങളോ, ഷൂസോ, മൊബൈല്‍ ഫോണോ പോയിട്ട് ഒരു മെറ്റല്‍ സാധനങ്ങളും പരീക്ഷാഹാളില്‍ കടത്താനാവില്ല എന്നും നിയന്ത്രണം വന്നത്. അതില്‍ ഹുക്കുള്ള ബ്രാ നിരോധനം എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഒരു മെറ്റല്‍ സാധനങ്ങളും അകത്ത് കടത്താനാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവിക ലോജിക് അനുസരിച്ച് അതില്‍ ബ്രായിലെ ഹുക്കും പെടും!

ഒരു ക്രിമിനല്‍ കോച്ചിംഗ് സെന്റര്‍ വിചാരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല. അന്താരാഷ്ട്ര ബ്ലാക്ക് മാര്‍ക്കറ്റ് ഇന്ത്യക്കാര്‍ക്ക് അത്ര അപരിചിതവുമല്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സ്‌കാനിംഗ് നടത്തുമ്പോള്‍ ബീപ്പ് ശബ്ദം കേട്ടാല്‍ ഒന്നുകില്‍ ആ വസ്തു മാറ്റി വേണം പരീക്ഷ എഴുതാന്‍. അതിനു തയ്യാറല്ലെങ്കില്‍ ആ വ്യക്തിക്കു പരീക്ഷ എഴുതാതിരിക്കാം. കുറെ വര്‍ഷങ്ങളുടെ പരിശ്രമമാണ്, മാനസികമായി പീഡിപ്പിക്കപ്പെട്ടു, എന്നെല്ലാം പറഞ്ഞു കേണിട്ട് യാതൊരു കാര്യവുമില്ല. ജീന്‍സിലെ ബട്ടനെന്നും ബ്രായുടെ ഹുക്കെന്നും പറഞ്ഞ് ഒഴിവാക്കിയാല്‍ ഒരുപക്ഷേ, അതിലൂടെയാവും വ്യാപക ക്രമക്കേടുകള്‍ നടത്തുക.

മലദ്വാരത്തിനുള്ളിലും ജനനേന്ദ്രിയത്തിനുള്ളിലും വച്ചു സ്വര്‍ണ്ണം കടത്താന്‍ മത്സരിക്കുന്ന മലയാളികളുള്ള നാട്ടില്‍ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെല്ലാം ഹരിചന്ദ്രന്റെ വംശാവലിയില്‍ പെട്ടവരാണെന്നു പറയാനാവില്ല.

അടിവസ്ത്രമുരിഞ്ഞു മാറ്റി പരിശോധിച്ചു എന്നു പറഞ്ഞ് കണ്ണീരൊഴുക്കുന്ന മാധ്യമങ്ങള്‍ നീറ്റ് പരീക്ഷയില്‍ ഇക്കാലമത്രയും കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് ഒന്നറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. അടിവസ്ത്രമൂരിമാറ്റി എന്നു കേട്ടയുടന്‍ കോളജ് തച്ചു തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കകത്ത് കുറച്ചെങ്കിലും വിവരമുണ്ടോ…?? നീറ്റ് പരീക്ഷയ്ക്കായി തങ്ങളുടെ സെന്റര്‍ വിട്ടു കൊടുത്തു എന്നതിന്റെ പേരില്‍ ഒരു കോളജ് അപ്പാടെ തല്ലിത്തകര്‍ത്തിരിക്കുന്നു….! ജനങ്ങള്‍ക്കങ്ങനെ പലരീതിയില്‍ വികാര വിക്ഷോഭമുണ്ടാകും. അതിന്റെ താളത്തിനൊത്തു തുള്ളാനുള്ളവരല്ല രാഷ്ട്രീയ നേതാക്കളും മീഡിയയും. സത്യം കണ്ടെത്തി അതിനനുസരിച്ചു വേണം പ്രതികരിക്കാന്‍.

ബി എ, എം എ പഠനകാലത്ത്, പരീക്ഷയില്‍ കോപ്പിയടിക്കാനായി ഒരു ഡി റ്റി പി സെന്റര്‍ ചെയ്തിരുന്ന ഒരു വിദ്യയുണ്ടായിരുന്നു. വലിയൊരു ടെക്സ്റ്റ് ബുക്കിനെ കൈപ്പിടിയിലൊതുങ്ങുന്നത്ര ചെറുതായി പ്രിന്റു ചെയ്തു കൊടുക്കുക എന്നത്. ഈ നിസ്സാര പരീക്ഷയ്ക്കു പോലും ഇത്തരം ക്രമക്കേടുകള്‍ ചെയ്യുന്നവരുണ്ടെങ്കില്‍ നീറ്റ് പോലുള്ള പരീക്ഷകളില്‍ നടക്കുന്നത് എത്ര വലിയ ക്രമക്കേടുകളായിരിക്കാം…??

ബെല്‍റ്റ്, വാച്ച്, പേന, കണ്ണട, നാണയം, മായ്ക്കാനുപയോഗിക്കുന്ന റബ്ബര്‍ ഇറേസര്‍, ചെവിക്കുള്ളില്‍ കടത്തിവയ്ക്കാവുന്ന ഉപകരണം എന്നിങ്ങനെ ഒരുപാട് വസ്തുക്കള്‍ കമ്യൂണിക്കേഷന്‍ ഡിവൈസുകള്‍ മറച്ചുവയ്ക്കാന്‍ അധോലോക സംഘങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഇതിനു തടയിടാന്‍ സര്‍ക്കാര്‍ ആദ്യമൊക്കെ മെറ്റല്‍ ഡിറ്റക്ടര്‍ സ്‌കാനാണ് ഉപയോഗിച്ചിരുന്നത്. കള്ളത്തരം കാണിക്കാന്‍ ശ്രമിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ നിയമമുണ്ടാക്കി. ഒരു പ്രയോജനവുമുണ്ടായില്ല! പക്ഷേ, പ്രയോജനമുണ്ടായില്ല.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാതിരിക്കാന്‍ ഫിങ്കര്‍പ്രിന്റ് സ്‌കാന്‍ സംവിധാനം കൊണ്ടുവന്നപ്പോള്‍ അതിനെ മറികടക്കാന്‍ വിരലിന്റെ തുമ്പില്‍ വ്യാജ ഫിങ്കര്‍പ്രിന്റ് ഒട്ടിച്ചുവച്ച് സ്‌കാനറിനെ പറ്റിക്കാന്‍ ക്രിമിനലുകള്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചു.

പരീക്ഷ മുന്‍ വര്‍ഷങ്ങളില്‍ പാസായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ആള്‍മാറാട്ടം നടത്താതിരിക്കാന്‍ പരീക്ഷ നടക്കുന്ന സമയത്ത് യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ ക്യാമ്പസിന് പുറത്ത് വിടാതിരിക്കാന്‍ സംവിധാനമുണ്ടാക്കി! പരീക്ഷാഹാളിലും പുറത്ത് ഹെലിക്കോപ്റ്ററും ഡ്രോണും മറ്റും ഉപയോഗിച്ചും കമ്യൂണിക്കേഷന്‍ ബ്ലോക്കിങ് സംവിധാനങ്ങളുണ്ടാക്കി! അതിനെയൊക്കെ മറികടക്കാന്‍ ക്രിമിനലുകള്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. എല്ലാ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഒരേ സമയം ബ്ലോക്ക് ചെയ്യുന്ന ജാമറുകള്‍ ഉണ്ടാക്കാന്‍ സൈന്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടാണ്. ജാമറുണ്ടെങ്കില്‍ ശരീരപരിശോധന എന്തിനാണ് എന്ന് ചോദിക്കുന്നവര്‍ ചിന്തിക്കുക, പരീക്ഷ നടക്കുന്ന ഹാളിന് അടുത്തുള്ള കെട്ടിടങ്ങളില്‍ ക്യാമ്പ് ചെയ്ത് വയര്‍ലസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നവരെ കണ്ടെത്താന്‍ റെയ്ഡ് നടക്കുന്ന സ്ഥിതി വരെ ആയിട്ടുണ്ട്….

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ യാതൊരു ക്രമക്കേടും ചെയ്യില്ലെന്നും അവര്‍ സത്യസന്ധതയ്ക്കു പേരുകേട്ടവരാണെന്നു വാദിച്ചാലും രാജ്യവ്യാപകമായി നടക്കുന്ന ഒരു പരീക്ഷയില്‍ ഒരു സംസ്ഥാനത്തിനു മാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ല. പരീക്ഷയുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട ഒരു ഡ്രസ് കോഡ് ഉണ്ടായിട്ടുണ്ടെങ്കില്‍ പരീക്ഷ എഴുതുന്ന ഓരോ വ്യക്തിയും അതു പാലിച്ചേ തീരൂ. അല്ലാത്തവര്‍ക്ക് പരീക്ഷ എഴുതാതിരിക്കാം. അതല്ലാതെ, തലയില്‍ മുണ്ടിടാന്‍ സമ്മതിച്ചില്ല, മെറ്റല്‍ ഹുക്കുള്ള അടിവത്രമിടാന്‍ സമ്മതിച്ചില്ല എന്ന പേരില്‍ പ്രശ്‌നമുണ്ടാക്കുകയല്ല വേണ്ടത്.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ഇവിടെയുള്ള മാധ്യമങ്ങളും എല്ലാം തച്ചുതകര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നവരും ഒന്നു മനസിലാക്കിയാല്‍ നന്ന്. അടിവസ്ത്രമഴിപ്പിച്ചു എന്നു വിളിച്ചു കൂവി പ്രശ്‌നത്തെ വികാരപരമായി സമീപിക്കുമ്പോള്‍ ഓര്‍ക്കുക, ക്രിമിനലുകള്‍ക്കു ക്രമക്കേടു നടത്താന്‍ നിങ്ങള്‍ വഴിയൊരുക്കുകയാണെന്ന്…! തങ്ങള്‍ക്കു ലഭിച്ച നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കുക മാത്രം ചെയ്ത നിരപരാധികളാണിപ്പോള്‍ നിയമ നടപടികള്‍ നേരിടുന്നത് എന്ന്….. നിയമം ലംഘിച്ചത് ആ പരീക്ഷ നടത്തിയവരല്ല, മറിച്ച് നിയമം പാലിക്കാതെ പരീക്ഷ എഴുതാനെത്തിയ ആ വിദ്യാര്‍ത്ഥികളാണ്……Took Inputs from Ajay Balachandran

Leave a Reply

Your email address will not be published. Required fields are marked *